TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രീ, താങ്കള്‍ പറയുന്നതാണ് ജനത്തിന് അറിയേണ്ടത്; ഏതാണാ പട്ടിക?

മുഖ്യമന്ത്രീ, താങ്കള്‍ പറയുന്നതാണ് ജനത്തിന് അറിയേണ്ടത്; ഏതാണാ പട്ടിക?

ടിപി വധക്കേസ് പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, പികെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സിജിത്ത്, ട്രൗസര്‍ മനോജ് തുടങ്ങിയ 11 പേര്‍, ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍, ഗുണ്ടാനേതാവ് ഓം പ്രകാശ് തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടവരുടെ ശിക്ഷയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയുണ്ടാക്കിയ രാഷ്ട്രീയ-നിയമ പ്രശ്നങ്ങളുടെ അലയൊലികള്‍ ഒടുങ്ങിയിട്ടില്ല. മാധ്യമ വാര്‍ത്തയ്ക്ക് ചുവടുപിടിച്ച് പിണറായി സര്‍ക്കാര്‍ കൊടുംക്രിമിനലുകളെ തുറന്നു വിടാന്‍ പോവുകയാണ് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അലമുറ ചില്ലറ അസ്വസ്ഥതയല്ല പൊതുസമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും മഞ്ചേശ്വരം മുതല്‍ പാറശാല വരെ കൊച്ചുകൂട്ടികളെന്നോ വൃദ്ധകളെന്നോ ഭേദമില്ലാതെ നിരവധി സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സമയത്ത്. ഒരു മാസത്തിനിടയില്‍ പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്റെയോ പ്രതികളെ സഹായിച്ചതിന്റെയോ പേരില്‍ ശിക്ഷാ നടപടികള്‍ നേരിട്ട സാഹചര്യത്തില്‍ പോലീസ് സംവിധാനത്തിലുള്ള പൊതുജന വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. കൂടാതെ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ജാമ്യ കേസില്‍ ജഡ്ജിക്കെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു.

അതുകൊണ്ടു തന്നെ കൊടുംക്രിമിനലുകള്‍ ഉള്‍പ്പെട്ട പട്ടിക സംബന്ധിച്ച വാര്‍ത്തയുടെ നിജ സ്ഥിതിയെ കുറിച്ചുയര്‍ന്ന സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. അത് ജനാധിപത്യത്തെയും നിയമ സംവിധാനത്തെയും ശക്തിപ്പെടുത്തുകയെ ഉള്ളൂ.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പട്ടികയില്‍ വിവാദ കുറ്റവാളികള്‍ എങ്ങനെ ഉള്‍പ്പെട്ടു എന്നതും അത് ഏത് ഗവണ്‍മെന്റിന്റെ കാലത്ത് തയ്യാറാക്കി എന്നുള്ളതും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍. അതിനുള്ള ഉത്തരമാണ് ഗവണ്‍മെന്റില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.

മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് യുഡിഎഫ് ഭരണകാലത്ത് 2015 ഓഗസ്റ്റ് മാസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പട്ടിക തയ്യാറാക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് അപ്പോള്‍ അത് നടപ്പിലാക്കാന്‍ സാധിച്ചില്ല. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറോട് മുന്‍കൂര്‍ അനുമതി തേടിയെങ്കിലും ശിക്ഷാ വിധിയുടെ പകര്‍പ്പ് അടക്കം തടവുകാരുടെ പട്ടിക സമര്‍പ്പിക്കാനാണ് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചത്. അതേ തുടര്‍ന്ന് പട്ടിക തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ജയില്‍ ഡിജിപിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ തയ്യാറാക്കി അയച്ച പട്ടികയില്‍ മൂന്ന് ടിപി കേസ് പ്രതികളും സന്തോഷ് മാധവനും ഉള്‍പ്പെട്ടിരുന്നു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ജയില്‍ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. അതേസമയം ടിപി കേസ് പ്രതികള്‍ എല്ലാവരും കൂട്ടത്തോടെ പട്ടികയില്‍ ഇടം പിടിച്ചത് എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയതോടെയാണ് എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതായത് ഇപ്പോള്‍ പുറത്തുവന്ന 2262 പേരുടെ പട്ടിക യുഡിഎഫ് കാലത്ത് തയ്യാറാക്കിയ പട്ടികയല്ല മറിച്ച് എല്‍ ഡി എഫ് കാലത്ത് തയ്യാറാക്കിയ പട്ടികയാണ് എന്നാണ് മനോരമ ഉറപ്പിച്ച് പറയുന്നത്. അതേസമയം യുഡിഎഫ് കാലത്ത് ജയില്‍ വകുപ്പ് സമര്‍പ്പിച്ച പട്ടിക എവിടെ എന്ന ചോദ്യവും അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും പ്രസക്തമാണ്. അക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം മനോരമ റിപ്പോര്‍ട്ടില്‍ ഇല്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ പട്ടികയാണ് പുറത്തുവന്നത് എന്നതാണ് മറ്റൊരു വാദം. എന്നാൽ ജയിൽ സൂപ്രണ്ടുമാര്‍ ലിസ്റ്റ് തയ്യാറാക്കുകമാത്രമാണ് ചെയ്തതെന്നും മന്ത്രിസഭായോഗം പോലും ലിസ്റ്റ് കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 16 നാണ് ലിസ്റ്റ് കിട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതുകൊണ്ടാണ് പരിഗണിക്കാന്‍ സാധിക്കാതിരുന്നത് എന്നും ചെന്നിത്തല വിശദീകരിക്കുന്നുണ്ട്.

ഇവിടെയാണ് ഗവണ്‍മെന്‍റ് പറയുന്ന വാദം സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരുന്നത്. യുഡിഎഫ് സമര്‍പ്പിച്ച ജംബോ പട്ടികയില്‍ നിന്നു അനര്‍ഹരെ ഒഴിവാക്കി 1850 പേരുടെ ഒരു പട്ടികയാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത് എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. അത് മുഖവിലയ്ക്കെടുത്താല്‍ തന്നെ നാല് ചോദ്യങ്ങള്‍ പ്രസക്തമാണ്. 1. യു ഡി എഫ് പട്ടികയില്‍ ടിപി കേസ് പ്രതികള്‍ ഉണ്ടായിരുന്നോ? 2. യുഡിഎഫ് പട്ടികയില്‍ വെട്ടിക്കുറക്കലുകള്‍ മാത്രമല്ല കൂട്ടിച്ചേര്‍ക്കലും നടന്നോ? 3. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം അങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണോ? അതോ യുഡിഎഫ് പട്ടികയില്‍ ഉണ്ടായിരുന്നോ? 4. എല്‍ ഡി എഫ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച പുറത്തുവരാത്ത പട്ടികയില്‍ ഇപ്പോള്‍ വിവാദമായ പേരുകള്‍ ഉണ്ടോ?

ദേശാഭിമാനി പത്രത്തിന്റെ ഇന്നത്തെ ലീഡ് സ്റ്റോറി പറയുന്നത് ശുപാര്‍ശ തയ്യാറാക്കിയത് യുഡിഎഫ് സര്‍ക്കാരാണ് എന്നാണ്. 2580 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന പട്ടിക സമര്‍പ്പിച്ചത് 2015 ഡിസംബര്‍ 14നാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഫയല്‍ നംബര്‍ അടക്കം (ഡബ്ല്യു പി 1 -21357-2015) ചേര്‍ത്ത റിപ്പോര്‍ട്ട് അവിശ്വസിക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല. ഈ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതിനാല്‍ ഗവര്‍ണ്ണര്‍ തിരിച്ചയക്കുകയായിരുന്നു എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഡിഎഫ് ഭരണകാലത്ത് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ രണ്ട് ടിപി കേസ് പ്രതികള്‍, വിവാദ സന്യാസി സന്തോഷ് മാധവന്‍, മുഹമ്മദ് നിഷാം എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മുഹമ്മദ് നിഷാമിന് ശിക്ഷ വിധിച്ചത് 2016 ജനുവരിയിലാണ് എന്നതാണ്. അതായത് മനോരമയുടെ റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫ് ഗവണ്‍മെന്‍റ് പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ട് നാലുമാസങ്ങള്‍ക്ക് ശേഷം. പുറത്തുവന്നത് യുഡിഎഫ് പട്ടികയാണ് എന്ന ദേശാഭിമാനി വാദം ഇതില്‍നിന്ന് പൊളിയുകയാണ്. എന്നാല്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അനുസരിച്ചു നോക്കുകയാണെങ്കില്‍ നിഷാമിന് ശിക്ഷ വിധിച്ച് തൊട്ടടുത്തമാസം തന്നെ അതായത് ഫെബ്രുവരിയില്‍ തന്നെ ശിക്ഷ ഇളവിനും പരിഗണിച്ചു എന്നു കരുതേണ്ടി വരും. അങ്ങനെയാണെങ്കില്‍ മാര്‍ച്ച് ഒന്നിന്നും മാര്‍ച്ച് രണ്ടിനും മാത്രമല്ല ഫെബ്രുവരിയിലും ചില കടുംവെട്ട് തീരുമാനങ്ങള്‍ യുഡിഎഫ് മന്ത്രിസഭ എടുത്തിരുന്നു എന്നു കരുതേണ്ടിവരും.

മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതു പോലെ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം വെട്ടിച്ചുരുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്ത പട്ടികയാണ് പുറത്തു വന്നിരിക്കുന്നത് എങ്കില്‍ ഇനി ഗവണ്‍മെന്റിന് മുന്‍പിലുള്ള വഴി തങ്ങള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച യഥാര്‍ത്ഥ പട്ടികയും നേരത്തെ യുഡിഎഫ് തയ്യാറാക്കിയ പട്ടികയും (അതായത് ഇപ്പോള്‍ പുറത്തുവന്നു എന്നു ദേശാഭിമാനി അവകാശപ്പെടുന്ന) പുറത്തുവിടുക എന്നുള്ളതാണ്. അതിലൂടെ പട്ടികകള്‍ തമ്മിലുള്ള വ്യത്യാസം എന്തെന്ന് മനസിലാക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് കിട്ടുമല്ലോ.

എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും മൌനത്തില്‍ തന്നെയാണ്. ഗവണ്‍മെന്‍റിന് വേണ്ടി ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പറയുന്നത് വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ്. തടവുകാരെ തുറന്നു വിടുന്നു എന്ന പ്രചാരണം തെറ്റാണ് എന്നു മാത്രമാണ് ഡിജിപി പറയുന്നത്. അത് ശരിയാണ് താനും. അപ്പോഴും ഇളവ് പട്ടികയില്‍ കൊടും കുറ്റവാളികള്‍ എങ്ങനെ പെട്ടു എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എന്നതൊന്നും ഡിജിപി വിശദീകരിക്കുന്നില്ല.

ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും മൌനം ഭഞ്ജിച്ചിട്ടില്ല. പിണറായി വിജയന്‍ നിയമസഭയില്‍ നല്കിയ മറുപടിയിലും പട്ടികയില്‍ മേല്‍പ്പറഞ്ഞവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കുന്നില്ല. മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമ പ്രകാരം കൊടുക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനമുള്ളതുകൊണ്ട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്ത പട്ടിക കിട്ടാനും നിര്‍വാഹമില്ല. മാധ്യമങ്ങളും യുഡിഎഫും ബിജെപിയും കള്ള പ്രചരണം നടത്തുകയാണ് എന്നു വിലപിക്കുന്നതിന് പകരം സുതാര്യമാകുക എന്നത് മാത്രമാണു ഗവണ്‍മെന്റിന് മുന്‍പിലുള്ള ഏക വഴി. എന്നാല്‍ അതിര് കവിഞ്ഞ സുതാര്യത വേണ്ട എന്നു കരുതുന്ന മുഖ്യമന്ത്രിയില്‍ നിന്നു അത് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.

എന്തായാലും തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വിവാദ തീരുമാനം രാഷ്ട്രീയ നിയമ പ്രശ്നങ്ങളെക്കാള്‍ നീതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ തന്നെയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയമായ തിണ്ണമിടുക്കും പണചാക്കുകളുടെ പിന്‍ബലവും ഉണ്ടെങ്കില്‍ ഏത് കൊടും കുറ്റവാളികള്‍ക്കും കോടതി നല്‍കിയ ശിക്ഷ മറികടക്കാനും രക്ഷപ്പെടാനും സാധിക്കുമോ? ജനാധിപത്യത്തിലും നീതിന്യായ സംവിധാനത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന മറ്റൊരവസരമായി ഇത് മാറിക്കൂട. അത് സംരക്ഷിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories