TopTop
Begin typing your search above and press return to search.

ജാനുവും രമയും തേടുന്ന നീതിയുടെ രാഷ്ട്രീയം

കെ എ ആന്റണി

നവകേരള സൃഷ്ടിക്കും പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ക്കും അപ്പുറത്തേക്ക് നീളുന്ന വിഷയങ്ങളില്‍ ഒന്നു തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ രണ്ട് വനിത സാന്നിദ്ധ്യങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം. പറഞ്ഞു വരുന്നത് സിപിഐഎം പടിയടച്ചു പിണ്ഡം വച്ച ശേഷം ചങ്ങാത്തം കൂടാനൊരുങ്ങുന്ന ഗൗരിയമ്മയെ കുറിച്ചോ കോണ്‍ഗ്രസിലെ സീറ്റ് വിഭജന തര്‍ക്കത്തിനിടയില്‍ ചതഞ്ഞരഞ്ഞ വനിത രത്‌നങ്ങളെ കുറിച്ചോ അല്ല. ഈ കുറിപ്പ് കേരളത്തിലെ മാത്രമല്ല ലോകത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്ന രണ്ട് വനിതകളെ കുറിച്ചാണ്. ഇതില്‍ ഒരാള്‍ 51-ാം വയസ്സില്‍ 51 വെട്ടേറ്റ് മരിച്ച ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. മറ്റൊരാള്‍ മുത്തങ്ങ സമര നായിക സി കെ ജാനു.

ജാനു വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിലൂടെ കാവി പുതയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ രമ ഭര്‍ത്താവിന്റെ അതിദാരുണമായ മരണത്തിന് ഉത്തരവാദികളെന്ന് അവര്‍ കരുതുന്ന രാഷ്ട്രീയ നേതൃത്വത്തെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇക്കുറി വടകര നിയമസഭ മണ്ഡലത്തില്‍ ജനവിധി തേടുന്നത്.

ഇരുവരുടേയും ലക്ഷ്യങ്ങള്‍ രണ്ടായിത്തോന്നാമെങ്കിലും ഒരു ജനാധിപത്യ രാജ്യമെന്ന് ആരൊക്കൊയോ അവകാശപ്പെടുന്ന ഇന്ത്യയിലെ ചീഞ്ഞ് നാറുന്ന രാഷ്ട്രീയത്തിന് ഇരുവരും എതിരിടാന്‍ ഒരുങ്ങുന്ന രീതി ശാസ്ത്രത്തിലെ വ്യത്യസ്തത തന്നെയാകണം രമയേയും ജാനുവിനേയും കോര്‍ത്തിണക്കുന്ന ഏക കണ്ണി. ഒരാള്‍ ഭര്‍ത്താവിന്റെ മരണത്തിലൂടെ നിശബ്ദരാക്കപ്പെടുന്ന വിപ്ലവകാരികളുടെ തോല്‍ക്കാത്ത മനസ്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ അടിച്ചമര്‍ത്തപ്പെട്ട ഗോത്ര വര്‍ഗ്ഗങ്ങളുടെ രോദനത്തെ കുറിച്ചാണ് പറയുന്നത്.

രാഷ്ട്രീയത്തില്‍ ഹൃദയ നിര്‍മ്മലതയ്ക്ക് വലിയ അര്‍ത്ഥമില്ലെന്ന് മാത്രമല്ല അത്തരം ചിന്തകള്‍ പോലും ഒന്നുകില്‍ നിസ്സാരവല്‍ക്കരിക്കപ്പെടുകയോ നിശൂന്യമാക്കപ്പെടുകയോ ചെയ്യപ്പെടുന്ന ഇക്കാലത്ത് രമയും ജാനുവും തേടുന്ന നീതി ആര് നല്‍കും എന്നിടത്തേക്ക് കൂടി ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ വോട്ടര്‍മാരെ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് തോന്നുന്നു.

ഒരു പക്ഷേ റോസാ ലക്‌സംബര്‍ഗും സുഹൃത്തുക്കളും ചേര്‍ന്ന് പരാജയപ്പെട്ട പാരീസ് കമ്മ്യൂണ്‍ വിപ്ലവം വീണ്ടും ആവര്‍ത്തിച്ചു കൂടായ്കയില്ല. എങ്കിലും രമയും ജാനുവും ഉയര്‍ത്തുന്ന പ്രതിഷേധ സ്വരങ്ങള്‍, അവ വ്യത്യസ്ത രൂപത്തിലുള്ളതാണെങ്കില്‍ പോലും മായാതെ മറയാതെ അവശേഷിക്കുന്നു.

അടുക്കളയില്‍ പാത്രം കഴുകുന്ന ആദിവാസി ബാലികയില്‍ നിന്നും അങ്ങ് യുഎന്നില്‍ പോലും മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു സികെ ജാനുവിന്റേത്. ജാനു ഉയര്‍ത്തിയ മണ്ണിന്റെ മക്കള്‍ വാദം കേള്‍ക്കാതെ പോയവരാണ് കേരളത്തിലെ പ്രബല പാര്‍ട്ടികള്‍ അത്രയും. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ഭേദമില്ലാതെ തങ്ങള്‍ വരച്ച വരയ്ക്കുള്ളില്‍ ആദിവാസികളേയും ദളിതരേയും തളച്ചിട്ട ആ വലിയ പാര്‍ട്ടികള്‍ക്ക് എതിരെ ജാനു സന്ധി ചെയ്തിട്ടുള്ളത് വര്‍ക്കത്തു കെട്ട മനഃസംസ്‌കാരത്തിന്റെ വക്താക്കളുമായിട്ടാണെന്നത് നടുക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. ഇത് തന്നെയാണ് ജാനുവിന്റെ സുഹൃത്തക്കളായ ഗീതാനന്ദനെ പോലുള്ളവര്‍ പങ്കുവയ്ക്കുന്നതും.

ജാനു കാവി പുതയ്ക്കുമ്പോള്‍ രമ ചുവപ്പില്‍ തന്നെയാണ് കുളിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസ്-ആര്‍എംപി കൂട്ടുകച്ചവടം എന്ന സിപിഐഎമ്മിന്റെ സ്ഥിരം പല്ലവിയെ എതിരിടാന്‍ വേണ്ടി കൂടിയാണ് രമ തന്റെ ഭര്‍ത്താവിന്റെ മരണശേഷം നടക്കുന്ന ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട് വടകരയില്‍ തന്നെ രംഗത്തിറങ്ങുന്നത്. വിജയ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് തങ്ങള്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ തന്നെയാണ് രണ്ട് വനിതകളും ഈ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടു വയ്ക്കുന്നത് എന്നതിനാല്‍ അവ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories