TopTop

2018-ഏഷ്യന്‍ ഗെയിംസില്‍ തങ്കമെഡല്‍ സ്വപ്‌നവുമായി അറുപതുകാരി തങ്കമ്മ

2018-ഏഷ്യന്‍ ഗെയിംസില്‍ തങ്കമെഡല്‍ സ്വപ്‌നവുമായി അറുപതുകാരി തങ്കമ്മ

അഴിമുഖം പ്രതിനിധി

ഇന്‍ഡോനേഷ്യയില്‍ 2018-ല്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ തങ്കമെഡല്‍ നേടണമെന്നാണ് അറുപതുകാരിയായ ടി ആര്‍ തങ്കമ്മയുടെ സ്വപ്നം. ടി ആര്‍ തങ്കമ്മ എന്ന പേര് നമ്മുക്ക് അധികം പരിചയമില്ല എന്നാല്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഈ പേര് ഇപ്പോഴും സജീവമാണ്. വെറ്ററന്‍ അത്‌ലറ്റിക്‌സില്‍ രാജ്യാന്തര മത്സരങ്ങളില്‍ ടി ആര്‍ തങ്കമ്മ വാരികൂട്ടിയ മെഡലുകള്‍ക്ക് കണക്കില്ല. 30 വയസുമുതല്‍ 110 വയസുള്ളവര്‍ വരെ പങ്കെടുക്കുന്ന വെറ്ററന്‍ അത്‌ലറ്റിക്‌സില്‍ 100, 400, 800 ഓട്ടം, മാരത്തണ്‍, ലോങ്ങ് ജമ്പ് തുടങ്ങിയ മേഖലകളിലാണ് തങ്കമ്മ നേട്ടങ്ങള്‍ കൊയ്ത്തിരിക്കുന്നത്.

കൊല്ലം ചെറിയഴീക്കല്‍ സ്വദേശിയായ തങ്കമ്മ 14 വര്‍ഷം മത്സ്യഫെഡില്‍ ക്ലാര്‍ക്കായിരുന്നു. കരുനാഗപ്പള്ളി കോഴിക്കോട് താഴ്ചയില്‍ സുനാമി കോളനിയിലാണ് 59 വയസ് പിന്നിട്ട തങ്കമ്മ താമസിക്കുന്നത്. 1998-ലെ ജപ്പാനിലെ ഒക്കിനോവയില്‍ നടന്ന വെറ്ററന്‍ മീറ്റില്‍ 41-ആം വയസിലാണ് തങ്കമ്മ അത്‌ലറ്റിക്‌സില്‍ തന്റെ വരവറിയിച്ചത്. അന്ന് 400-മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും 21 കി.മീ മാരത്തണില്‍ മൂന്നാം സ്ഥാനവും നേടി തങ്കമ്മ താരമായി. 2008-ല്‍ മലേഷ്യയില്‍ ലോങ്ങ് ജമ്പില്‍ ഒന്നാം സ്ഥാനവും 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും നേടി. 2009-ല്‍ സിംഗപ്പൂരിലെ മീറ്റില്‍ ലോങ്ങ്ജമ്പില്‍ ഒന്നാം സ്ഥാനവും 100 മീറ്ററില്‍ രണ്ടാം സ്ഥാനവും 400 മീറ്ററില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. 2010-ല്‍ ക്വലാലംപൂരില്‍ നടന്ന മീറ്റിലും പങ്കെടുത്തിട്ടുള്ള തങ്കമ്മ ഈ വര്‍ഷം മലേഷ്യയില്‍ നടന്ന മീറ്റില്‍ 400 മീറ്റര്‍ ഓട്ടത്തിലും ലോങ്ങ്ജമ്പിലും രണ്ടാം സ്ഥാനവും നേടി.ഇന്ത്യയെ പ്രതിനിധീകരിച്ച് ഒട്ടേറെ മെഡല്‍ വാരികൂട്ടിയ തങ്കമ്മയ്ക്ക് ആദ്യ സമ്മാനം കിട്ടുന്നത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. ഒരു ഗ്ലാസ്സായിരുന്നു സമ്മാനമായി ലഭിച്ചത്. സമ്മാനം അമ്മ രത്‌നമ്മയെ കാണിച്ചപ്പോള്‍ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന മാടക്കടയിലെ മിഠായി ഭരണിയില്‍ നിന്നും ഒരു പിടി നാരങ്ങാ മിഠായി വാരി നല്‍കിയതാണ് തങ്കമ്മയുടെ ജീവിതത്തിലെ ആദ്യ പ്രോത്സാഹനം. പിന്നീട് കിട്ടുന്ന അവസരങ്ങളിലെല്ലാം എല്ലായിടങ്ങളിലും തങ്കമ്മ ഓടി. ക്ലബ്ബുകളുടെയും വായനശാലകളുടെയും ഓണ-വാര്‍ഷികാഘോഷവേളകളിലും എന്തിന് ചിലയിടത്ത് ആണ്‍ കുട്ടികള്‍ക്കൊപ്പവും ഓടി. ചെറിയഴീക്കലിലെ കരിമണലില്‍ ഓടി വളര്‍ന്ന തങ്കമ്മയുടെ ശ്വാസവും ജീവിതവും ഭക്ഷണവും എല്ലാം ഓട്ടമായിരുന്നു. ഓട്ടവും ചാട്ടവും പാട്ടുമൊക്കെയായി മുന്നേറിയിരുന്ന സ്‌ക്കുള്‍ ജീവിതം പത്താം ക്ലാസ്സ് പരീക്ഷയോടെ തീര്‍ന്നു. അച്ഛന്‍ തങ്കപ്പന്റെ മരണത്തോടെ തങ്കമ്മയ്ക്ക് കൂലിപണിക്കിറങ്ങേണ്ടി വന്നു.

പിന്നീട് ഒരാളുമായി പ്രണയത്തിലാവുകയും അയാളെ വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ വിവാഹം കഴിക്കുകയും ചെയ്തു. ഒടുവില്‍ ഗര്‍ഭിണിയായാണ് തിരികെ വീട്ടില്‍ എത്തിയ ഭര്‍ത്താവും തങ്കമ്മയും വീടിനു മുന്നില്‍ ഒന്നര സെന്റ് സ്ഥലത്ത് കുടിലിലായി താമസം. ഒരു മകളും ഒരു മകനും ഉണ്ടായത് ആ സമയത്താണ്. കുഞ്ഞുങ്ങള്‍ വളര്‍ന്നതോടെ വീണ്ടും പ്രാക്ടീസ് ആരംഭിച്ചു. പക്ഷെ ഭര്‍ത്താവ് അതിനെ എതിര്‍ത്തു. തങ്കമയുടെ ജേഴ്‌സിയും ട്രാക്ക് സ്യൂട്ടും കത്തിക്കുകയും മെഡലുകള്‍ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. പിന്നെ ശാരീരിക പീഡനം കൂടിയായപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു.പിന്നെ വീണ്ടും പണിക്കിറങ്ങിയ തങ്കമ്മയോട് ഒരിക്കല്‍ സഹപ്രവര്‍ത്തകര്‍ കൊല്ലത്ത് മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരത്തിന്റെ വിവരം പറഞ്ഞു. അതില്‍ പങ്കെടുത്തത് ട്രാക്കിലോട്ടുള്ള മടങ്ങി വരവിന് കാരണമായി. തുടര്‍ന്ന് നിരവധി വെറ്ററന്‍ മീറ്റുകളില്‍ തകര്‍ത്തോടി. ജില്ലാ-സംസ്ഥാന-ദേശീയ മത്സരങ്ങള്‍ കഴിഞ്ഞ് 1998-ല്‍ ജപ്പാനിലെ ഒക്കിനോവയില്‍ നടന്ന ലോക വെറ്ററന്‍ മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടി. മീറ്റില്‍ പങ്കെടുക്കണമെങ്കില്‍ ചെലവിന് പണം സ്വയം കണ്ടെത്തണം. മത്സ്യഫെഡില്‍ ക്ലാര്‍ക്കായിരുന്ന തങ്കമ്മക്ക് ജപ്പാനില്‍ പോകാന്‍ മത്സ്യഫെഡ് 1,30,000 രൂപ നല്‍കി. ചെറിയഴീക്കല്‍ കരയോഗം 10000 രൂപയും കൊടുത്തു. അങ്ങനെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.അത്‌ലറ്റിക്‌സില്‍ തങ്കമ്മക്ക് ഗുരുക്കന്‍മാരില്ല. എല്ലാം തനിയെ കണ്ട് പഠിച്ചതാണ്. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ചെറിയ വാതിലിലൂടെ ആരും കാണാതെ അകത്ത് കടന്ന് അവിടെ ആളുകള്‍ പരിശീലിക്കുന്നത് കണ്ട് പഠിച്ചാണ് തങ്കമ്മ ഓട്ടത്തിന് ഇറങ്ങിയത്. 2016 ഫെബ്രുവരി 28-ന് കോഴിക്കോട് ഐ.ഐ.എം-ലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുക്കുന്നതിനായി പോയിരുന്ന തങ്കമ്മയ്ക്ക് ഒരപകടമുണ്ടായി തുടര്‍ന്ന കുറെ നാള്‍ വിശ്രമത്തിലായിരുന്നു. ഇന് തങ്കമ്മയുടെ അടുത്ത ലക്ഷ്യം 2018-ലെ ഏഷ്യന്‍ ഗെയിംസാണ്. പിന്നെ കരുനാഗപ്പള്ളിയിലെ കുരുന്നുകള്‍ക്കായി ഒരു നല്ല ഗ്രൗണ്ട് ഉണ്ടാക്കണെന്നുമാണ്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ക്ക് തനിക്കറിയാവുന്നത് പഠിപ്പിക്കാനുള്ള ആഗ്രഹമാണ് തങ്കമ്മയുടെ ഈ ലക്ഷ്യത്തിന് പിന്നില്‍. സര്‍ക്കാര്‍ സഹായം ലഭിക്കുകയാണെങ്കില്‍ തന്റെ ലക്ഷ്യവും സ്വപ്‌നവും നേടാമെന്ന് വിശ്വാസത്തിലാണ് തങ്കമ്മ.

മേൽവിലാസം:
ടി.ആർ. തങ്കമ്മ
താഴ്ചയിൽ (പ്രകാശ് ഭവനം)
എസ്.വി.മാർക്കറ്റ് പി.ഒ
കോഴിക്കോട്, കരുനാഗപ്പള്ളി

(ഗ്രേയ്‌സ് വാട്ടര്‍ പ്രൂഫിന്റെ ഉടമയായ അനില്‍ കുമാര്‍ അര്‍ക്കജന്റെ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചിത്രങ്ങളും കൂടി ചേര്‍ത്തത്.)Next Story

Related Stories