Top

അത്ര പാവമല്ലാത്ത ഇരുമ്പന്‍ പുളിയും സൈഡ് ഇഫക്ടുള്ള റിസര്‍പ്പിനും

അത്ര പാവമല്ലാത്ത ഇരുമ്പന്‍ പുളിയും സൈഡ് ഇഫക്ടുള്ള റിസര്‍പ്പിനും

ഞാനറിയുന്ന ഒരാളുടെ ബന്ധു, സ്വന്തം രക്തം ടെസ്റ്റ് ചെയ്തപ്പോഴാണ് കൊളസ്‌ട്രോളും ചില കൊഴുപ്പംശങ്ങളും കൂടുതലാണ് എന്നറിയുന്നത്. കുറച്ചുനാള്‍ പഥ്യം നോക്കിയിട്ട് ശരിയാകുന്നില്ലെങ്കില്‍ മരുന്ന് കഴിക്കേണ്ടി വരും എന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴാണ് ആരോ പറഞ്ഞത്, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇരുമ്പന്‍ പുളി നല്ലതാണെന്ന്.

ദിവസവും ഒരു ഗ്ലാസ് ഇരുമ്പന്‍ പുളി ജ്യൂസ് അദ്ദേഹം അകത്താക്കാന്‍ തുടങ്ങി. നാലു ദിവസം കഴിഞ്ഞതേയുള്ളു. ഛര്‍ദി, വിശപ്പില്ലായ്മ, ക്ഷീണം... ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ക്രിയാറ്റിനില്‍ വളരെ ഉയര്‍ന്നിരിക്കുന്നു. രണ്ട് വൃക്കകളും പൂര്‍ണ്ണമായും പണിമുടക്കിയിരിക്കുന്നു. കിഡ്‌നി ബയോപ്‌സിയില്‍ വൃക്കയിലെ നേരിയ കുഴലുകളിലെല്ലാം ഓക്‌സലേറ്റ് (oxalate) പരലുകള്‍ നിറഞ്ഞിരിക്കുന്നു. ധാരാളം ഓക്‌സാലിക് ആസിഡ് ഉള്ള ഒരു പഴമാണ് ഇരുമ്പന്‍പുളി.

താല്‍ക്കാലികമായി ഡയാലിസിസ് ചെയ്ത് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ദൈവാധീനം കൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനശേഷി പതിയെ വീണ്ടെടുത്തു.

ഇതുപോലുള്ള പത്തു രോഗികള്‍ ഇരുമ്പന്‍ പുളി ജ്യൂസ് കുടിച്ച് കിഡ്‌നി ഫെയിലിയര്‍ ഉണ്ടായതായി ഇന്ത്യന്‍ വൃക്ക ജേര്‍ണലില്‍ റിപ്പോര്‍ട്ടുണ്ട്. (2013). പത്തുപേരും കേരളത്തില്‍ നിന്നുള്ളവരാണ്.

എന്റെ ചെറുപ്പത്തില്‍ അച്ഛന്റെ ഒരു പരിചയക്കാരന്‍ ആമാശയത്തില്‍ രക്തസ്രാവമുണ്ടായി മൃതപ്രായനായി. വിറ്റാമിന്‍ സി ലഭിക്കാന്‍ എല്ലാ ദിവസവും ഒരു ഗ്ലാസ് ചെറുനാരങ്ങാ ജ്യൂസ് (നാരങ്ങാ വെള്ളമല്ല, വെള്ളം ചേര്‍ക്കാത്ത പുളിയന്‍ സാധനം) കഴിക്കുമായിരുന്നത്രേ. ആമാശയത്തില്‍ അമ്ലത കൂടി അള്‍സര്‍ വന്ന് ബ്ലീഡിംഗ് ആയതാണ്.

എന്നാല്‍ ശരിക്കും ഇരുമ്പന്‍ പുളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? അതു ശരിക്കും അറിയില്ല. എന്നാല്‍ എലികളില്‍ ഇരുമ്പന്‍പുളി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനം ഉണ്ടുതാനും.

അപ്പോള്‍ ഈ നാട്ടുമരുന്നുകളെല്ലാം തട്ടിപ്പും അപകടകാരികളും ആണെന്നാണോ? ഒരിക്കലുമല്ല. അങ്ങനെ പറഞ്ഞാല്‍ ആധുനിക വൈദ്യത്തിലെ മിക്ക മരുന്നുകളേയും തള്ളിപ്പറയേണ്ടിവരും. പലതിന്റെയും ഉത്ഭവം നാട്ടുമരുന്നുകളാണ്!

പതിനഞ്ചാം നൂറ്റാണ്ടില്‍ ജെസ്യൂട്ട് പാതിരിമാരാണ് മലേറിയ എന്ന മഹാമാരിയെ അതിജീവിക്കാന്‍ സൗത്ത് അമേരിക്കയിലെ ഒറിജിനല്‍ നിവാസികള്‍ സിങ്കോണ എന്ന മരത്തിന്റെ തൊലി ചവച്ചു തിന്നാറുണ്ടെന്ന് കണ്ടുപിടിച്ചത്. പതിയെപ്പതിയെ അത് യൂറോപ്പു മുഴുവന്‍ മലേറിയക്കെതിരായി ഉപയോഗിക്കാന്‍ തുടങ്ങി. അന്നത്തെ യൂറോപ്യന്‍ വൈദ്യം ഇതിനെ പുച്ഛിച്ചു തള്ളി. ഈ കാടന്‍ മരുന്ന് കൊണ്ട് ഒരു കാര്യവുമില്ലെന്ന് അന്നത്തെ ഡോക്ടര്‍മാര്‍ ഒക്കെ പറഞ്ഞു. വൈദ്യം ഒരു ശാസ്ത്രമാണ് എന്ന തോന്നല്‍ ഉറച്ചത് പതിനെട്ടാം നൂറ്റാണ്ട് മുതലാണ്. അപ്പോഴാണ് ചില ശാസ്ത്രജ്ഞര്‍ സിങ്കോണ ബാര്‍ക്ക് അഥവാ മരത്തോലില്‍ നിന്ന് ക്വിനൈല്‍ എന്ന മരുന്ന് വേര്‍തിരിച്ചെടുത്തത്. ഇന്നും ക്വിനൈന്റെ വകഭേദങ്ങളാണ് മലേറിയ വന്നാല്‍ ചികിത്സിക്കുന്ന മരുന്നുകളേറെയും.

എന്നാല്‍ ക്വിനൈന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു മരുന്നല്ല. കാഴ്ച നഷ്ടം തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ ഒരു മരുന്നാണ് ക്വിനൈല്‍.നമ്മുടെ ഇന്ത്യയില്‍ നാട്ടുവൈദ്യന്‍മാര്‍ മനോരോഗത്തിന് പണ്ടേ ഉപയോഗിക്കാറുള്ളതാണ് സര്‍പ്പഗന്ധി എന്ന സസ്യത്തിന്റെ വേര്. ഇതില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഒരു മരുന്നാണ് റിസര്‍പ്പിന്‍. രക്തസമ്മര്‍ദ്ദം കുറക്കാനും ഗുരുതരമനോരോഗങ്ങളുടെ ചികിത്സയ്ക്കും വളരെ നാളുകള്‍ ആധുനിക ഡോക്ടര്‍മാര്‍ റിസര്‍പ്പിന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഇതുപയോഗിക്കുന്നത് കുറഞ്ഞു. മറ്റു മരുന്നുകള്‍ വന്നു. റിസര്‍പ്പിന്റെ പ്രധാന പ്രശ്‌നം എന്താണെന്നല്ലേ? ഗുരുതര സൈഡ് ഇഫക്ടുകള്‍!

സ്വാഭാവിക ഉറവിടകങ്ങളില്‍ നിന്ന് ഉത്ഭവിച്ച ആധുനിക മരുന്നുകള്‍ക്ക് കൈയും കണക്കുമില്ല. പെനിസിലിന്‍ എന്ന ആന്റിബയോട്ടിക്കിന്റെ കണ്ടുപിടുത്തം മനുഷ്യചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ്. പെനിസിലിയം എന്ന ഒരു പൂപ്പലില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. സ്‌ട്രെപ്‌റ്റോമൈസിന്‍, ക്ലോറംഫെനിക്കോള്‍, ടെട്രാസൈക്ലിന്‍, പോളിമിക്‌സില്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളെല്ലാം തന്നെ ബാക്ടീരിയകളില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുത്തവയാണ്. മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുതുടങ്ങിയതിനുശേഷമാണ് അണുജീവികളും അവയുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും പറ്റി നാം മനസ്സിലാക്കുന്നതു തന്നെ. അതിനുശേഷമാണല്ലോ, ബാക്ടീരിയയില്‍ നിന്ന് മരുന്നുണ്ടാക്കാം എന്ന് മനസ്സിലാക്കിയത്.

പാക്ലിടാക്‌സെല്‍ എന്ന അതിനൂതന കാന്‍സര്‍ മരുന്ന്, ആര്‍ട്ടമെസിനില്‍ എന്ന മലേറിയ സംഹാരി, ഗാലാന്റിന്‍ എന്ന മസ്തിഷ്‌ക മരുന്ന് ഇവയെല്ലാം ചെടികളില്‍ നിന്ന് എടുത്ത മരുന്നുകള്‍ക്കുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.

എന്തെങ്കിലും ഇഫക്ടുള്ള എന്തിനും സൈഡ് ഇഫക്ടുകള്‍ ഉണ്ടാവാനാണ് സാധ്യത. ഇരുമ്പന്‍പുളി കൊളസ്‌ട്രോള്‍ കുറയ്ക്കുമോ? അറിയില്ല. സാദ്ധ്യതയുണ്ട്. ചിലപ്പോള്‍ അപകടം ഉണ്ടാക്കുന്ന ഓക്‌സാലിക് ആസിഡ് ആയിരിക്കില്ല കൊളസ്‌ട്രോള്‍ കുറക്കുന്ന ഘടകം. ചിലപ്പോള്‍ ഇരുമ്പന്‍പുളി പ്രമേഹത്തേയും പ്രതിരോധിച്ചേക്കാം. അങ്ങനെയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിന് ഏത് ഘടകമാണ് കാരണം?ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് കെമിക്കലുകള്‍ വേര്‍തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് ചികിത്സയ്ക്ക് ഉപയോഗിക്കാവൂ എന്നില്ല. എന്നാല്‍ മാത്രമേ അത് ആധുനികമാവൂ എന്നൊന്നും ഇല്ല. ഘടകം തിരിച്ചറിയാന്‍ തല്‍ക്കാലം കഴിഞ്ഞില്ലെങ്കില്‍ ജ്യൂസ് കുടിക്കാം. പക്ഷേ ഏതളവില്‍ കുടിക്കാം? എത്രത്തോളം സുരക്ഷിതമാണ് അത്? എന്തുമാത്രം ഇഫക്ട് ഉണ്ട്? ഇപ്പോഴുള്ള ചികിത്സകളേക്കാള്‍ മെച്ചമുണ്ടോ? ഉണ്ടെങ്കില്‍ എന്താണു കാരണം? സ്ഥിര ഉപയോഗം കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?

ഇതിനൊക്കെ ഉത്തരം കാണണമെങ്കില്‍ ശാസ്ത്രത്തെ ബൈപ്പാസ് ചെയ്താല്‍ പറ്റില്ല. പൂര്‍ണ്ണമായും പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു കാര്യമേയുള്ളു - പ്രാര്‍ത്ഥന.
'വിശ്വാസം - അതല്ലേ എല്ലാം.'

വിശ്വാസത്തിന്റെ എഫക്ടും പഠിച്ചിട്ടുണ്ട്. അതിന്റെ പേരാണ് പ്ലാസീബോ എഫക്ട്. ഒരു കാര്യം നമ്മുടെ അസുഖത്തെ ഭേദമാക്കും എന്നു വിശ്വസിച്ചാലും അതിനൊരു ഇഫക്ടുണ്ട്. പച്ചവെള്ളം കൊടുത്ത് അത് മരുന്നാണെന്ന് പറഞ്ഞാലും ചില അസുഖങ്ങള്‍ക്ക് ചില ആളുകളിലും ചെറിയ എഫക്ട് ഒക്കെ കാണും. അതിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

അപ്പ ദേ എന്റെ ഒരു ഫ്രണ്ട് പറയുന്നു: ചിലര്‍ക്ക് മരുന്നാണെന്ന് പറഞ്ഞ് പച്ചവെള്ളം കൊടുത്താലും സൈഡ് ഇഫക്ട് വരുമത്രെ. നെഗറ്റീവ് പ്ലാസീബോ റെസ്‌പോണ്ടേര്‍സ് എന്നു പറയും ഇവരെ.

എന്റമ്മോ. ചില കാര്യങ്ങളില്‍ സത്യങ്ങള്‍ കണ്ടെത്താന്‍ ഭയങ്കര പാടാ. അതിനര്‍ത്ഥം കുലുക്കിക്കുത്തലും കാടടച്ചു വെടിവയ്പ്പുമാണ് നല്ലതെന്നല്ല. നേരെ എതിരാണ്. ജാഗ്രത അല്ല ജാഗ്രതൈ! അതാണ് വേണ്ടത് ശാസ്ത്രീയ ജാഗ്രതൈ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories