TopTop
Begin typing your search above and press return to search.

വിഐപികള്‍ ഒരുദിവസം കഴിഞ്ഞെത്തിയിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം?

വിഐപികള്‍ ഒരുദിവസം കഴിഞ്ഞെത്തിയിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം?

കെ എ ആന്റണി

ദുരന്തങ്ങള്‍ ചിലര്‍ക്കൊക്കെ ആഘോഷമാണെന്ന കവിവാക്യം വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏപ്രിലിന്റെ ക്രൂരതയെ കുറിച്ച് പറഞ്ഞ ടി എസ് എലിയട്ടിനു പോലും ഭാവന ചെയ്യാന്‍ കഴിയാതെ പോയ ദുരന്തങ്ങളിലൊന്നാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലം പരവൂരിലെ പുറ്റിങ്ങലില്‍ അരങ്ങേറിയത്. മരണസംഖ്യ നൂറു കവിഞ്ഞു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ 200-ലേറെ വരുമെന്നാണ് ഔദ്യോഗിക കണക്ക്. മരിച്ചവരെ എടുക്കാനും മരണത്തോട് മല്ലടിക്കുന്നവരെ ആശുപത്രികളില്‍ എത്തിക്കാനും നാട്ടുകാര്‍ കൈയും മെയ്യും മറന്ന് മേടച്ചൂടില്‍ എരിപിരികൊള്ളുന്നതിനിടയിലേക്കാണ് നമ്മുടെ രാഷ്ട്രീയ പട പറന്നിറങ്ങുന്നത്. അരക്കില്ലത്തില്‍ പാണ്ഡവര്‍ ചുട്ടെരിഞ്ഞു എന്ന പ്രതീക്ഷയില്‍ അവിടം സന്ദര്‍ശിക്കാനെത്തിയ ദുര്യോദനന്റെ ഭാവവും മട്ടുമുണ്ട് ചിലര്‍ക്കെങ്കിലും എന്ന് ദ്യോതിപ്പിക്കുന്നതായിരുന്നു ഇന്നലെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ട്വീറ്റ് മത്സരം.

ഒരു ദുരന്തഭൂമിയില്‍ ഇത്രയേറെ രാഷ്ട്രീയ നേതാക്കള്‍ പറന്നിറങ്ങുന്നത് ഒരു പക്ഷേ ഇതാദ്യമാണെന്നത് വിദേശ മാധ്യമങ്ങള്‍ക്കും ഏറെ കൗതുകകരമാകും. നാട് ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ രാജ്യഭരണം കാംഷിക്കുന്ന കോണ്‍ഗ്രസിലെ യുവരാജാവ് രാഹുല്‍ ഗാന്ധി വരെ പറന്നിറങ്ങിയപ്പോള്‍ ഇതെഴുതുന്നയാള്‍ മാത്രമല്ല ദുരന്തം ഭൂമിയില്‍ നില്‍ക്കുന്ന ഓരോ മനുഷ്യനും അല്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടു കൊണ്ടിരിക്കുന്നവര്‍ക്കും തോന്നിയിട്ടുണ്ടാകണം വല്ലാത്തൊരു അസ്വസ്ഥത. ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങുന്ന കഴുകന്‍മാരെ ആരെങ്കിലും കണ്ടുപോയെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരളത്തില്‍ ഇത് നിയമസഭ തെരഞ്ഞെടുപ്പ് കാലമാണ്. ഓരോ മരണവും നഷ്ടപ്പെടുത്തിയ വോട്ടല്ല, അതുണ്ടാക്കിയ സഹതാപ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള കഴുകന്‍ ലാന്‍ഡിംഗുകളാണ് ഇവ.

ദുരന്തഭൂമിയില്‍ നിന്ന് കേട്ട ചില വിലാപങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇസെഡ് കാറ്റഗറിയിലുള്ളവര്‍ വന്നിറങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്ന ആളുകളുടെ അത്രയും ശ്രദ്ധ വിവിഐകളിലേക്ക് തിരിഞ്ഞു. വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലായിരുന്നു പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും ഒക്കെ ജാഗ്രത. അവരുടെ യാത്രാസൗകര്യം ഒരുക്കുന്നതിനിടയില്‍ രക്ഷാ പ്രവര്‍ത്തനം പാടേ പാളി. വിദഗ്ദ്ധ ചികിത്സ കിട്ടേണ്ട, പൊള്ളലേറ്റവരെ കൊണ്ടുപോകേണ്ട വഴികള്‍ പോലും വിവിഐപികളുടെ അകമ്പടി സേന ബന്ധനത്തിലാക്കി. ഇത് ഒരു പാവം കൊല്ലംകാരന്റെ രോദനമാണ്. ശവം കൊത്തി തിന്നുന്ന കഴുകന്‍മാരോടുള്ള പ്രതിഷേധസ്വരമായി തന്നെ വേണം ഇതിനെ കേള്‍ക്കാനും വായിക്കാനും.

പുലര്‍ച്ചെ മുതല്‍ കൊല്ലത്തേക്ക് ഒഴുകിയെത്തിയ പൊലീസുകാരടക്കമുള്ള രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന എല്ലാവരേയും അമ്പരപ്പിക്കുന്ന രീതിയിലാണ് വിവിഐപികളും അവര്‍ എത്തുമെന്ന് അറിഞ്ഞ് ഓടിയെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരും മാറിയത്. നരേന്ദ്ര മോദിക്കൊപ്പം എത്തിയ ഡോക്ടര്‍ സംഘത്തെ കുറച്ചു കാണുന്നില്ല. എങ്കിലും ഇവര്‍ക്കൊക്കെ വീഥി ഒരുക്കേണ്ടി വന്നപ്പോള്‍ കൂടുതല്‍ ജീവനുകളാണ് പൊലിഞ്ഞത് എന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കാനും വയ്യ.

ദുരന്തങ്ങള്‍ ഇതാദ്യമായല്ല കേരളത്തെ നടുക്കുന്നത്. പെരുമണ്‍ ദുരന്തത്തില്‍ ഒട്ടേറെ ജീവിതങ്ങള്‍ പൊലിഞ്ഞിരുന്നു. അതിനും മുമ്പ് തലശേരി ജഗനാഥ ക്ഷേത്രത്തിലെ കമ്പക്കെട്ട് കാണാന്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന 27 ജീവിതങ്ങള്‍ പൊലിഞ്ഞിരുന്നു. പിന്നീട് കോഴിക്കോട് കടലുണ്ടിയിലും ട്രെയിന്‍ പാളം തെറ്റി കടലുണ്ടി പുഴയിലേക്ക് മറിഞ്ഞ് ഒരു മഹാദുരന്തമുണ്ടായി. തൊട്ടുപിന്നാലെ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. 2011-ല്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ശബരിമലയ്ക്കടുത്ത പുല്‍മേട്ടിലുണ്ടായ ദുരന്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. അന്നൊന്നും ഒരു പ്രധാനമന്ത്രിയേയോ കേന്ദ്രമന്ത്രി പടയേയോ കേരളം കണ്ടില്ല. അന്ന് താനായിരുന്നില്ല ഭരണാധികാരിയെന്ന് ഒരുപക്ഷേ, നരേന്ദ്ര മോദി പറഞ്ഞ് ഒഴിയുമായിരിക്കും.തെരഞ്ഞെടുപ്പ് കാലമല്ലേ, വരാതിരിക്കാനാകില്ലല്ലോ എന്നാണ് മോദി വിരുദ്ധര്‍ പറയുന്നത്. യാഥാര്‍ത്ഥ്യം എന്തായാലും മോദി അധികാരം ഏറ്റശേഷം ദുരന്തം നടന്ന സ്ഥലങ്ങളിലൊന്നും അദ്ദേഹം ദുരന്തദിവസം തന്നെ പറന്നിറങ്ങിയില്ല. ജമ്മുവിലേയും ചെന്നൈയിലേയും പ്രളയം ആയാലും ദിവസങ്ങള്‍ക്കുശേഷമാണ് അദ്ദേഹം സാന്ത്വനവുമായി എത്തിയത്. സാന്ത്വനത്തിനും ആര്‍ത്തിക്കും രണ്ട് തലമുണ്ട്. സാന്ത്വനം മനുഷ്യന്റേതാണ്. അതില്‍ കരുണയുടെ സ്പര്‍ശമുണ്ട്. ആര്‍ത്തി കഴുകന്റേതാണ്. അതില്‍ കരുണയില്ല.

യേശുക്രിസ്തു മരിച്ചുവെന്ന കാര്യം ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം കുരിശില്‍ മരിച്ചില്ലെന്നും പിന്നീട് കശ്മീരില്‍ വന്നാണ് മരിച്ചതെന്നും അഹമ്മദിയാ വിഭാഗക്കാര്‍ വിശ്വസിക്കുന്നു. ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ എഴുതിയ പുസ്തകപ്രകാരം യേശു തമിഴ്‌നാട്ടിലെ ഒരു വിശ്വകര്‍മ്മ (ആശാരി) വിഭാഗത്തിലാണത്രേ ജനിച്ചത്. എന്തായാലും യേശുവില്‍ വിശ്വസിക്കുന്നവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ തന്നെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. ഗാഗുല്‍ത്താ മലയില്‍ പകല്‍ മൂന്നു മണി നേരത്ത് യേശു കുരിശില്‍ മരിച്ചപ്പോള്‍ ആ പ്രദേശത്ത് വലിയ ഭൂകമ്പം ഉണ്ടാകുകയും പ്രധാന ദേവാലയത്തിലെ തിരശീല രണ്ടായി പിളര്‍ന്നുമെന്നാണ് ബൈബിള്‍ വാക്യം.

പരവൂര്‍ പുറ്റിങ്ങലിലെ മഹാദുരന്തത്തിനും യേശുവിന്റെ മരണവുമായി ഒരു ചെറിയ സാദൃശ്യം തോന്നുന്നത് തികച്ചും സ്വാഭാവികം. ദുരന്ത ഭൂമിയില്‍ കമ്പപ്പുരയ്ക്ക് അടുത്തുണ്ടായിരുന്ന ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള ഗുരുമന്ദിരം പാടെ തകര്‍ന്നു പോകുകയും ഗുരുപ്രതിമ നാലായി ചീന്തിപ്പോകുകയും ചെയ്തു. കേസില്‍പ്പെട്ട് വഴിമുട്ടിയ വെള്ളാപ്പള്ളി നടേശന്‍ ഗുരുവിന്റെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇറങ്ങുമ്പോള്‍ ഗുരു തന്നെ സ്വയം പിളര്‍ന്ന് ബിഡിജെഎസിനുള്ളത് ബിഡിജെഎസിനും ജെ എസ് എസിനുള്ളത് ജെ എസ് എസിനും കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത് കമ്മ്യൂണിസ്റ്റിനും കോണ്‍ഗ്രസിനുള്ളത് കോണ്‍ഗ്രസിനും എന്ന് ചിന്തിച്ചുപോയാല്‍ കുറ്റം പറയരുത് എന്ന് അപേക്ഷ. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന് പറഞ്ഞ ഗുരുദേവനെ ആളുകള്‍ പങ്കിട്ടെടുക്കുന്നത് കണ്ട് മനംനൊന്ത് ആ ശില തന്നെ നാലായി ചിതറിയോ എന്നും ശങ്കിക്കേണ്ടിയിരിക്കുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories