TopTop
Begin typing your search above and press return to search.

ജെ എസ് എസ്; ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ കഥ

ജെ എസ് എസ്; ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ കഥ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസ നായിക ക്ഷുഭിതയും ദുഃഖിതയുമാണ്. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കുന്ന കെ.ആര്‍. ഗൗരിയമ്മയുടെ രാഷ്ട്രീയ പാര്‍ട്ടി ഹ്രസ്വമായ അതിന്റെ ചരിത്രത്തില്‍ നിന്നു തന്നെ മാഞ്ഞുപോകുന്നു. ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന ആ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ ഗൗരിയമ്മയ്ക്കുശേഷം കരുത്തുറ്റ കരങ്ങളില്ല. ജീവിതത്തില്‍ അനന്തരഗാമികളെ സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഈ നേതാവിന്റെ രാഷ്ട്രീയ അപധാനങ്ങള്‍ക്കും പിന്‍തുടര്‍ച്ച ഇല്ലാതായി.

തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുളച്ചുവരുകയും കൊഴിഞ്ഞു പോകുകയും ചെയ്യും. ജനങ്ങള്‍ സര്‍വാത്മനാ ഏറ്റെടുക്കുന്നവ മാത്രം നിലനില്‍ക്കും. രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ കടപ്പുറത്തു കൂടിയ പതിനായിരക്കണക്കിന് ആരാധകരുടെ ആവേശത്തിരകളില്‍ നിന്നാണ് ജെ.എസ്.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഗൗരിയമ്മ രൂപം നല്‍കിയത്. കെ.കെ. കുമാരപിള്ള പ്രസിഡന്റും കെ.ആര്‍. ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയും ആയി ഉടലെടുത്ത ആ പ്രസ്ഥാനം സി.പി.എമ്മിനു വലിയ വെല്ലുവിളിയാകുമെന്ന് പത്രങ്ങള്‍ പ്രവചിച്ചിരുന്നു. കാര്യമായ കുറ്റാരോപണങ്ങളൊന്നുമില്ലാതെ 'താന്‍പോരിമ' എന്ന അയുക്തികമായ കാരണം പറഞ്ഞ് ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയപ്പോള്‍ 'ഒരു പട്ടിപോലും' അവരുടെ പിന്നാലെ പോകില്ലെന്ന് ഇ.എം.എസ് മുതല്‍ സുശീലാ ഗോപാലന്‍ വരെയുള്ളവര്‍ നാടുനീളെ പ്രസംഗിച്ചു. പത്തുവര്‍ഷം മുമ്പ് എം.വി. രാഘവനെ സി.പി.എം പുറത്താക്കിയതിലും ഗുരുതരമായിരുന്നു 1995ലെ സ്ഥിതി വിശേഷം. രാഘവന്‍ 1985ല്‍ രൂപീകരിച്ച സി.എം.പിയില്‍ ചേരാന്‍ എല്ലാ ജില്ലകളിലും അറിയപ്പെടുന്ന നേതാക്കള്‍ ഉണ്ടായിരുന്നു. സി.പി. മൂസാകുട്ടി മുതല്‍ സി.പി. ജോണ്‍ വരെയുള്ളവര്‍. തൃശൂരിലെ കണ്ണനും ചക്രപാണിയും സി.പി.എം വിട്ട് രാഘവന്റെ കൂടെ ചേര്‍ന്നു. തിരുവനന്തപുരത്ത് ജി. സുഗുണന്‍ പോയി. ഗൗരിയമ്മയുടെ ജെ.എസ്.എസ്സില്‍ അങ്ങനെ പ്രമുഖ നേതാക്കളൊന്നും ചേര്‍ന്നില്ല. പക്ഷേ സാധാരണക്കാരും പാവപ്പെട്ടവരും ആയ അനേകം പേര്‍ സ്വമേധയാ സി.പി.എം വിട്ട് ജെ.എസ്.എസ്സിലേക്ക് പോയി. ആലപ്പുഴയിലെ പാര്‍ട്ടി രൂപീകരണ സമ്മേളനത്തിലെ വലിയ ആള്‍ക്കൂട്ടം സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ചു. അതിനു കാരണമുണ്ടായിരുന്നു.

എം.വി. രാഘവന്‍ പുറത്താക്കപ്പെട്ടതിന് ന്യായയുക്തമായ രാഷ്ട്രീയ വ്യാഖ്യാനം നിരത്താന്‍ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞു. പക്ഷേ ഗൗരിയമ്മയെ പുറത്താക്കിയത് ഇ.എം.എസ്സിന്റെ വ്യക്തി വിരോധം കൊണ്ടാണെന്ന തോന്നല്‍ ശക്തിപ്പെട്ടിരുന്നു. മുസ്ലീം ലീഗിനോടും കോണ്‍ഗ്രസിനോടും ഐക്യം പുലര്‍ത്തേണ്ടതിനെക്കുറിച്ച് സി.പി.എമ്മില്‍ രാഘവന്റെ നേതൃത്വത്തില്‍ ഒരു പറ്റം നേതാക്കള്‍ ബദല്‍ രേഖ അവതരിപ്പിച്ചു. റിവിഷനിസ്റ്റ് ആശയമായി അതിനെ വ്യാഖ്യാനിച്ച് 'ബൂര്‍ഷ്വാസികളുടെ കുറുവടി' എന്ന് വിളിച്ച് രാഘവനെയും ബദല്‍രേഖ അനുകൂലികളെയും വെളിയിലാക്കാന്‍ കഴിഞ്ഞു. ഗൗരിയമ്മയെക്കുറിച്ച് കുറ്റപ്പെടുത്തിപ്പറയാന്‍ ഒരു വാക്കുമാത്രമേ ഇ.എം.എസ്സിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ ഉണ്ടായിരുന്നുള്ളൂ - താന്‍പോരിമ. ഗൗരിയമ്മയുടെ താന്‍പോരിമ ഒരിക്കല്‍ സി.പി.എമ്മിന് ആവശ്യമുണ്ടായിരുന്നു. നേതാക്കളില്‍ ചിലരുടെ കന്നംതിരുവുകള്‍ ഗൗരിയമ്മ മുഖം നോക്കാതെ ചോദ്യം ചെയ്തപ്പോള്‍ 'അത്രയ്ക്കായോ, എന്നാല്‍ കാണിച്ചുതരാം' എന്ന മട്ടിലാണ് ഗൗരിയമ്മയുടെ പേരില്‍ അച്ചടക്ക നടപടി ആരംഭിച്ചത്. ആലപ്പുഴയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് ഗൗരിയമ്മ പങ്കെടുത്തു. അനുസരണയും അച്ചടക്കവും ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞാല്‍ വെല്ലുവിളിയോടെ നേരിടുന്ന നൈസര്‍ഗ്ഗിക വാസനയുള്ള ഒരു നേതാവാണ് ഗൗരിയമ്മ. സി.പി.എം നേതൃത്വത്തിലെ പ്രഭുത്വ സംസ്‌കാരം (ഫ്യൂഡല്‍) വലിയ ജീര്‍ണ്ണതയായി വളര്‍ന്നുകഴിഞ്ഞ കാലത്ത് ഗൗരിയമ്മ അതിനെതിരെ സ്വാഭാവിക റെബല്‍ ആയി മാറിയതില്‍ അത്ഭുതമില്ല. അച്ചടക്ക നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണെന്ന് കൂടെക്കൂടെ അവര്‍ പാര്‍ട്ടിയുടെ മാമൂല്‍ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. യൗവനയുക്തമായ ഒരു വിപ്ലവ വൃന്ദം അത്തരം സന്ദര്‍ഭങ്ങളില്‍ റെബലുകള്‍ക്ക് ഒപ്പം നില്‍ക്കേണ്ടതാണ്. അധികാരമോഹവും സ്ഥാപിത ലക്ഷ്യങ്ങളും താലോലിക്കുന്ന അവസരവാദികളെക്കൊണ്ടു നിറഞ്ഞ പാര്‍ട്ടി നേതൃത്വം ഗൗരിയമ്മയെപ്പോലൊരു ഇതിഹാസ നായിക പടിയിറങ്ങിപ്പോകുന്നത് ആശ്വാസപൂര്‍വം നോക്കി നിന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ ബുദ്ധി ചേതന സി.പി.എം നേതൃത്വം ഗൗരിയമ്മയെ പുറത്താക്കിയപ്പോള്‍ ഉള്ളില്‍ കരഞ്ഞു. ബി. രാജീവന്‍ എഴുതി: ''എനിക്ക് അനേകം ദിവസങ്ങളില്‍ അക്കാലത്ത് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.'' ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ഗൗരി' എന്ന കവിത എഴുതി സ്വയം പ്രതിരോധിച്ചു.ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള 'സമിതി' എന്നാണ് ഗൗരിയമ്മ തന്റെ പാര്‍ട്ടിയുടെ നാമകരണത്തിലൂടെ കേരളീയരോട് പറഞ്ഞത്. സി.പി.എമ്മില്‍ ഇല്ലാത്ത മഹത്തായ ആശയമാണ് ജനാധിപത്യമെന്ന് ധ്വനിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്. സ്വാഭാവികമായും ജെ.എസ്.എസ് കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയില്‍ ഒരു ഘടക കക്ഷിയായി കൊടി ഇറക്കിവച്ചു. സി.പി.എമ്മിനെക്കാള്‍ വലിയ ഒരു ബദല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമായി വളരാനുള്ള വിശാല ഇടം അതോടെ ഗൗരിയമ്മ കളഞ്ഞു കുളിച്ചു. രാഘവന്റെ സി.എം.പി പോലെ മറ്റൊരു കമ്യൂണിസ്റ്റ് അവശിഷ്ടം അങ്ങനെ ആലപ്പുഴ കടലോരത്ത് അടങ്ങി. എ.കെ. ആന്റണി, കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം അധികാരക്കസേര പങ്കിട്ട് ഗൗരിയമ്മ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്ന മട്ടില്‍ സ്വയം മായ്ച്ചുകളഞ്ഞു. ഇതിഹാസോജ്വലമായ ആ ജീവചരിത്രം എഴുതിയെടുക്കാന്‍ ചേര്‍ത്തലിയല്‍ ഓടിയെത്തിയ കെ. അജിത വന്നതിനേക്കാള്‍ വേഗത്തില്‍ കോഴിക്കോട്ടേക്ക് മടങ്ങിപ്പോയി.

രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം അധികാര രാഷ്ട്രീയവും വിപ്ലവ വിചാരങ്ങളും ഗൗരിയമ്മയുടെ ഏകാന്ത ജീവിത ചിന്തകളെ വിഷമിപ്പിക്കുന്നുണ്ടാകണം. ചെങ്കൊടി പുതച്ച് ഭൂമുഖത്തോട് യാത്ര പറയാന്‍ ആഗ്രഹിക്കാത്ത ഒരു ഫിഡല്‍ കാസ്‌ട്രോയും ഉണ്ടാകില്ല. എം.എ. ബേബി മുതല്‍ പിണറായി വിജയന്‍ വരെയുള്ള സി.പി.എം നേതാക്കള്‍ ഗൗരിയമ്മയെ രാഷ്ട്രീയ ഭിന്നത മറന്ന് നേരില്‍ കണ്ട് സ്മരണകള്‍ പുതുക്കി. അനീതിയാണ് ഈ മഹതിയോട് പാര്‍ട്ടി ചെയ്തതെന്ന കുറ്റബോധം മനസ്സാക്ഷിയുള്ള ഏതു നേതാവിനും ഉണ്ടാകും. രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ അതു തുറന്നു പറയാറില്ലെന്നു മാത്രം. ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവരണമെന്ന് നേതാക്കള്‍ക്ക് തോന്നി. ജെ.എസ്.എസ് ഭരണമുന്നണിയുടെ കുരുക്കിലാണ്. ഉമ്മന്‍ചാണ്ടിയും കൂട്ടരും നക്കി നക്കി ആ പാര്‍ട്ടിയെ നശിപ്പിച്ചു കളഞ്ഞെന്ന് നാട്ടുകാര്‍ക്കറിയാം. സി.പി.എമ്മിന് ഗൗരിയമ്മയെ മാത്രം മതി. ജനാധിപത്യം സംരക്ഷിക്കുന്ന സമിതിയെ അവര്‍ക്കു വേണ്ട. ഒന്നരക്കൊല്ലമായി ഗൗരിയമ്മ രാഷ്ട്രീയ ധര്‍മ്മ സങ്കടത്തിലാണ്.തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ ഏതു പാര്‍ട്ടിയും നിര്‍ബന്ധിതമാകും. യു.ഡി.എഫിനോട് പിണങ്ങിക്കഴിയുന്ന ഗൗരിയമ്മ ജെ.എസ്.എസ്സിനെ ഇടതുമുന്നണിയില്‍ ഒരു ഘടക കക്ഷിയായി മാറ്റി പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. ആര്‍.എസ്.പിയും ജനതാദള്‍-എസും വിട്ടുപോയ ശേഷം ആരെയും സ്വീകരിക്കാന്‍ വാതില്‍ തുറന്നിട്ട ഇടതുമുന്നണി ഗൗരിയമ്മയുടെ ആഗ്രഹത്തെ തടഞ്ഞില്ല. പക്ഷേ ഇരുപതു വര്‍ഷം മുമ്പ് മാര്‍ക്‌സിസ്റ്റ് വിരോധത്താല്‍ ജെ.എസ്.എസ്സില്‍ ചേര്‍ന്നവര്‍ക്ക് ഇടതുപക്ഷത്തേക്ക് മാറാന്‍ കഴിയുമോ? അവരെ സി.പി.എം സ്വീകരിക്കുകയുമില്ല. അതിനാല്‍ ജെ.എസ്.എസ് രാഷ്ട്രീയ അസ്തിത്വമില്ലാത്ത ഒരു പ്രസ്ഥാനമായി ചിതറിപ്പോയി. കേരളത്തിലെ മൂന്ന് മുന്നണികളിലും അതിലെ നേതാക്കള്‍ അഭയം തേടി. എങ്കിലും ഗൗരിയമ്മ നിലയുറപ്പിക്കുന്നിടത്താണ് ജെ.എസ്.എസ് എന്ന് ജനം കരുതി. സി.പി.എം നയിക്കുന്ന ഇടതുമുന്നണി അക്കാര്യവും നിരാകരിച്ചു. സീറ്റ് പങ്കിട്ടപ്പോള്‍ സി.എം.പിയുടെ അര വിഭാഗത്തിന് പോലും ഒരു സീറ്റ് കൊടുത്ത ഇടതുപക്ഷം ഗൗരിയമ്മയുടെ പാര്‍ട്ടിയെ പാടെ തഴഞ്ഞു. സ്‌ക്കറിയ തോമസിന് കിട്ടിയ കടുത്തുരുത്തിയേക്കാള്‍ കടുകുമണിയായിപ്പോയ ഗൗരിയമ്മ ഇങ്ങനെയാണ് പ്രതികരിച്ചത്: ''സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയപ്പോള്‍പ്പോലും ഇത്രത്തോളം വിഷമം തോന്നിയിട്ടില്ല.''

കഴിഞ്ഞ മാസം തന്റെ പേലവമായ കരങ്ങള്‍ സഹായിയെ ഏല്‍പ്പിച്ച് വേച്ച്, വേച്ച് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ കയറിച്ചെന്ന ഗൗരിയമ്മയുടെ ദയനീയ രൂപം ഓര്‍മ്മ വരുന്നു. വൈക്കം വിശ്വന്‍ തന്റെ പഴയ നേതാവിനെ മാറാത്ത മന്ദഹാസത്തോടെ വന്ന് എതിരേറ്റുകൊണ്ടുപോയി. പിണറായി വിജയനോടും വിശ്വനോടും അഞ്ച് നിയമസഭാ സീറ്റ് ഗൗരിയമ്മ ചോദിച്ചു. മൂവാറ്റുപുഴ, അരൂര്‍, ചേര്‍ത്തല, ഇരവിപുരം, വര്‍ക്കല എന്നിവ. പൂഞ്ഞാറിലെ പി.സി. ജോര്‍ജും പഴയ പടക്കുതിര കെ.ആര്‍. ഗൗരിയമ്മയും ഭഗവത്ഗീതയില്‍ ഭഗവാന്‍ പറയുംപോലെ പണിയെടുത്താല്‍ മതി, ഫലം കൊതിക്കണ്ട എന്ന് വൈക്കത്തപ്പന്‍ സീറ്റ് പങ്കിടലിനു ശേഷം ഉപദേശിച്ചു. ഗൗരിയമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജെ.എസ്.എസ്സിനെ കൊന്നു എന്ന് സാരം. ഒരു മഹായുദ്ധത്തിന്റെ പര്യവസാനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories