TopTop
Begin typing your search above and press return to search.

മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം

മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം

സ്ത്രീകളെയും പുരുഷന്മാരെയും പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ജീവിക്കാനും സഞ്ചരിക്കാനും മാന്യമായ തൊഴില്‍ ചെയ്യാനും പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനുമെല്ലാം ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ക്കായി പോരാടുന്ന, നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിലൊരാളാണ് ശീതള്‍ ശ്യാം. ആ പോരാട്ടത്തിന്റെ അനന്തരഫലമായി ഇക്കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തിനിടയില്‍ അരിക് വത്കരിക്കപ്പെട്ടിരുന്ന ട്രാന്‍സ് സമൂഹത്തിന് ലഭിച്ചിരിക്കുന്നത് പൊതുയിടങ്ങളിലെ ഇത് വരെയില്ലാത്ത വിധത്തിലുളള ഒരു തരം ദൃശ്യതയാണ്. അത് ട്രാന്‍സ് സമൂഹത്തിന്റെ ഭാവിയിലേക്കുളള വലിയൊരു തരം ശുഭസൂചകമാണ്. ഇപ്പൊഴിതാ പരിഹസിക്കുവാനും അപഹസിക്കുവാനും ലൈംഗികതയെ മാത്രം അടയാളപ്പെടുത്തുവാനുമായി മലയാള സിനിമ ഉപയോഗപ്പെടുത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം ഉളളവര്‍ കാമ്പുള്ള കഥാപാത്രമായി മലയാള സിനിമയിലും സജീവമായി തുടങ്ങിയിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ബാനറിന്റെ പങ്കാളിത്തത്തോടെ ഒരുങ്ങുന്ന 'ആഭാസം' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. നവാഗതനായ ജൂബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ട്രാന്‍സ് സമൂഹത്തെ പ്രതിനിധീകരിച്ച് തന്നെയാണ് ശീതള്‍ ശ്യാം അഭിനയിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ശീതള്‍ ശ്യാമുമായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം.

അനു ചന്ദ്ര: സിനിമയില്‍ സജീവമാകുന്നു... എന്തു തോന്നുന്നു?

ശീതള്‍ ശ്യാം: ആഭാസം എന്റെ രണ്ടാമത്തെ സിനിമയാണ്. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത 'കാ ബോഡി സ്‌കേപ്പ്' ആണ് എന്റെ ആദ്യ സിനിമ. അതിലൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം തന്നെയായിരുന്നു. പക്ഷേ അത് തിയേറ്ററില്‍ റിലീസ് ചെയ്തില്ല. അതുകൊണ്ട് ഫിലിം ഫെസ്‌ററിവലുകളില്‍ മാത്രമെ ലഭിച്ചിട്ടുളളൂ. കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍,വിബ്ജിയോര്‍ ഫിലിം ഫെസ്‌ററിവല്‍, കോഴിക്കോട് ഫിലിം ഫെസറ്റിവല്‍ ഇവിടൊക്കെയേ കാണിച്ചിട്ടുള്ളൂ. അധികം ആളുകള്‍ തിരിച്ചറിഞ്ഞിട്ടുമില്ല. ചെറിയൊരു റോളായിരുന്നു. അതില്‍ ഞാനും അരുന്ധതിയുമൊക്കെ അഭിനയിച്ചിരുന്നു. ഗേ ദമ്പതികളുടെ പ്രശ്‌നങ്ങള്‍, മുസ്ലീം സമുദായത്തില്‍ പെട്ട സ്ത്രീകളുടെയും ഒക്കെ കഥയായിരുന്നു അത്. അതില്‍ പ്രശ്‌നത്തില്‍ പെടുന്ന രണ്ട് gay couples-നെ സഹായിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ റോളായിരുന്നു അതില്‍.

Also Read: രാജീവ് രവി നിര്‍മ്മിക്കുന്ന ‘ആഭാസം’ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ചുരുക്കെഴുത്താണ്: സംവിധായകന്‍ ജൂബിത്/ അഭിമുഖം

അനു: കാ ബോഡി എസ്‌കേപ്പിന് ശേഷം വേറെ ചിത്രങ്ങളില്‍ ഒന്നും ശ്രമിച്ചില്ലേ..

ശീതള്‍: ആ ചിത്രത്തിന് ശേഷം പലരും എന്നെ സമീപിച്ചു. സിനിമയായും ഡോക്യുമെന്ററിയായുമെല്ലാം.പക്ഷേ അതെല്ലാം നമ്മളെ മോശമായി അവതരിപ്പിക്കുന്നവയും സങ്കട കഥകളും ആയിരുന്നു. അത്തരമൊരു ചിത്രീകരണത്തോട് എനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ ഒഴിവാക്കി. ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിത്ത് ആണെങ്കില്‍ കുറെ കാലമായി ഇതിന്റെ പിറകെ നടക്കുന്നു. അദ്ദേഹം മൂന്ന് വര്‍ഷമായി എന്നോട് ഇതിനെപ്പററി സംസാരിക്കുന്നു. അദ്ദേഹം വ്യക്തമായി പഠിച്ച ശേഷമാണ് സമീപിക്കുന്നത്. ചിലര്‍ ട്രാന്‍സ് സമൂഹത്തെപ്പററി യാതൊരു ധാരണയുമില്ലാതെ ഓടി വന്നിട്ട് നമ്മുടെ വിഷമം ചിത്രീകരിച്ച് സിനിമ പിടിക്കാനുളള ശ്രമം നടത്താറുണ്ട്. അതിന് പകരം നമ്മളെന്താണ്, നമ്മുടെ identity എന്താണെന്ന് മനസ്സിലാക്കിയിട്ട് ജുബിത്ത് ഇറങ്ങി പുറപ്പെട്ടു. സുരാജ് ചേട്ടനും, റീമ ചേച്ചിക്കും തുല്യമായ കഥാപാത്രം എനിക്കും തന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

അനു: അഭിനയമെന്നത് ഒരു ലക്ഷ്യമായിരുന്നോ വാസ്തവത്തില്‍?

ശീതള്‍: ചെറുപ്പത്തില്‍, അഭിനയം, പാട്ട്, നൃത്തം ഇതിലൊക്കെ തന്നെ താല്പര്യമുളള ആളായിരുന്നു ഞാന്‍. അതൊന്നും ആ സമയത്ത് പ്രകടിപ്പിക്കാന്‍ എനിക്ക് സാധിച്ചില്ല. അതെന്റെ വീട്ടുകാര്‍ തടഞ്ഞിരുന്നു, സ്‌ക്കൂളില്‍ തടഞ്ഞിരുന്നു, ഞാന്‍ പോയിരുന്ന മതസ്ഥാപനങ്ങളും തടഞ്ഞിരുന്നു. എന്റെ ട്രാന്‍സ് identtiy-യില്‍ ചെയ്യരുത്, ജനിച്ച identity യില്‍ ചെയ്യണമെന്ന് പറഞ്ഞ്. അങ്ങനെ ഇപ്പോള്‍ ഈ സമയത്താണ് അവസരം വരുന്നത്. എത്രത്തോളം സക്‌സസ് ആകുമെന്നറിയില്ല. എല്ലാവര്‍ക്കുമുളള ആഗ്രഹം പോലെ സിനിമയില്‍ എനിക്കുമുണ്ട് ആഗ്രഹം. പരമാവധി നന്നാക്കാനുളള ശ്രമവുമുണ്ടാകും.

അനു: കഥാപാത്രത്തിനായുളള തയ്യാറെടുപ്പുകള്‍ എത്തരത്തിലാണ്?

ശീതള്‍: തയ്യാറെടുപ്പുണ്ട്. കഥാപാത്രത്തെ കുറിച്ചു മനസ്സിലാക്കുന്നു, സ്‌ക്രിപ്‌ററ് വായിക്കുന്നു. ഞാന്‍ ഈയൊരു കമ്മ്യൂണിററിയില്‍ തന്നെ ആയത് കൊണ്ട് എനിക്ക് വേറെ ആരെയും പോയി നോക്കണ്ട, അവരെ പഠിക്കണ്ട. എന്നെ തന്നെ മാത്രം മതി. ഞാന്‍ ഹിജഡ/ട്രാന്‍സ് കള്‍ച്ചറുമായി ബന്ധപ്പെട്ട് ജീവിച്ചത് ബാംഗ്ലൂരാണ്. ഈ സിനിമയിലെന്റെ ലൊക്കേഷന്‍ വരുന്നതും ബാംഗ്ലൂരാണ്.

അനു: കാ ബോഡി സ്‌കേപ്പില്‍ നിന്ന് ആഭാസത്തിലേക്ക് വരുമ്പോള്‍ ട്രാന്‍സ് വ്യക്തിത്വത്തെ ഉപയോഗിക്കുന്നതില്‍ പ്രകടമാകുന്ന വ്യത്യസ്തത?

ശീതള്‍: കാ കാ ബോഡി സ്‌കേപ്പ് ഒരിക്കലും കോമേഴ്‌സ്യല്‍ സിനിമ ആയിരുന്നില്ല. പ്രദര്‍ശനാനുമതി ഇല്ലാത്തത് കാരണം അത് കേരളത്തിലെ ജനങ്ങള്‍ കണ്ടതുമില്ല. മാത്രമല്ല അത് ജയന്‍ ചെറിയാന്‍ എന്ന സംവിധായകന്റെ മൂഡിലുളള ഒരു സിനിമ ആണ്. അത് വേറെ ഒരു ആംഗിളില്‍ നോക്കി കാണേണ്ട ഒരു സിനിമയാണ്. അവകാശങ്ങളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് സിനിമയില്‍ ഉന്നയിക്കുന്നത്. അതില്‍ അഭിനയിച്ചവരിലേറെ പങ്കും പുതുമുഖങ്ങളായിരുന്നു. എന്നാല്‍ ആഭാസത്തില്‍ artist level എന്നത് ഒരു സെലിബ്രിറ്റി മോഡിലാണ്. റീമ ചേച്ചി, സുരാജ് ചേട്ടന്‍, സാമൂഹിക വിമര്‍ശകനായി അലന്‍സിയര്‍ ചേട്ടന്‍ അങ്ങനെ എല്ലാവരുമുണ്ട്. അതൊരു ഭാഗ്യമാണ്. പിന്നെ രാജീവ് രവിയുടെ കളക്ടീവ് ഫേസ് ആണ് നിര്‍മ്മാണ പങ്കാളിത്തത്തിലുളളത്. റീമ ചേച്ചിയെ ഞാന്‍ മനുഷ്യസംഗമത്തല്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവര്‍ ഒരു സെലിബ്രിറ്റി എന്നതിനപ്പുറത്തോട്ട് സാമൂഹിക പ്രതിബദ്ധത ഉളള കലാക്കാരി കൂടിയാണ്. അലന്‍സിയര്‍ ചേട്ടന്റെ ഇടപെടലുകളെ കുറിച്ച് നമുക്കൊക്കെ അറിയാം. അപ്പൊ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പോകാന്‍ പറ്റിയ മേഖലയിലുളള ആളുകളാണ് എല്ലാവരും. എല്ലാം എനിക്കു പരിചിതമായ മുഖങ്ങളാണ്. പിന്നെ സംഗീതം ചെയ്യുന്ന ഊരാളി ബാന്‍ഡ്. അവര്‍ എന്റെ നാട്ടുകാരാണ്. ഊരാളി എന്റെ സുഹൃത്താണ്. ഈ ചിത്രത്തിന്റെ ഫോക്കസ് എന്ന് പറയുന്നത് സാമൂഹികപരമായി ഞാന്‍ കേരളത്തിനകത്തും പുറത്തുമായി വിമര്‍ശിക്കപ്പെടുന്ന എപ്പോഴും എന്റെ സംസാരങ്ങളില്‍, ചര്‍ച്ചകളില്‍ കടന്ന് വരുന്ന വിഷയത്തെപ്പററി തന്നെയാണ്.

അനു: സിനിമാമേഖലയിലെ ഇടപെടല്‍/അഭിനയം ട്രാന്‍സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്കുളള ഒരു ശുഭസൂചകമല്ലെ?

ശീതള്‍: ഞങ്ങളുടെ സമൂഹത്തെ അംഗീകരിക്കുന്നത് തന്നെ ഈയടുത്ത കാലത്താണ്. അതിന് ശേഷമാണ് ഞങ്ങളുടെ കലകളെ അംഗീകരിക്കുന്നത്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ പോലും ഈയടുത്ത കാലത്താണ് ഉണ്ടാകുന്നത്. അപ്പോള്‍ അത് പോലെ ട്രാന്‍സ് സമൂഹവും മുന്‍ നിരയിലോട്ട് വരുമെന്ന് കരുതുന്നു.

അനു: മലയാളസിനിമയില്‍ ഇന്നും രണ്ട് തരം അഭിനേതാക്കളെ ഉളളൂ. നായകനും/നായികയും. ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേതാക്കളെ ഇതിലേത് പദത്താല്‍ വിശേഷിപ്പിക്കാം?

ശീതള്‍: നായകന്‍ നായിക എന്നത് സ്ത്രീ പുരുഷ അടയാളപ്പെടുത്തലുകളാണ്. അതില്‍ ട്രാന്‍സ് ഉള്‍പ്പെടുന്നില്ല. അപ്പോള്‍ സിനിമയില്‍ ഞങ്ങളെ അടയാളപ്പെടുത്താന്‍ പുതിയ വാക്കുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഭിന്നലിംഗക്കാരെന്ന പദം പോലും മാറി ഇപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡറായത്. സ്ത്രീ, പുരുഷന്‍ ഇതിനിടക്ക് നില്‍ക്കുന്ന ഇന്റര്‍സെക്ടുകളെ വിളിക്കാന്‍ വേറെ പദമില്ല. ആണിനും പെണ്ണിനുമപ്പുറത്തോട്ട് എല്ലാ തരം വൈവിധ്യങ്ങളെയും ഉള്‍ക്കൊളളാനാകുന്നില്ല എന്നതാണ് സത്യം. മാത്രമല്ല ഇവിടെ സിനിമയിലെ ആണ്‍-പെണ്‍ പ്രണയങ്ങളൊക്കെ കണ്ടു മടുത്തു. ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ സിനിമകളില്‍. വൈവിധ്യങ്ങളെ അംഗീകരിക്കട്ടെ. വിദേശസിനിമകളിലൊക്കെ അത് സംഭവിച്ചു കഴിഞ്ഞു. ഇവിടെയും ഭാവിയില്‍ വരുമെന്ന് പ്രതീക്ഷിക്കാം.

അനു: അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഉളള വീട്ടുകാരുടെ പ്രതികരണം?

ശീതള്‍: വീട്ടുകാര്‍ ഇതറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഒരു ചേട്ടനാണുളളത്. അറിഞ്ഞാല്‍ ഒരു പക്ഷെ ഹാപ്പിയാകുമായിരിക്കാം. എന്റെ മേലുളള ചിന്താഗതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല. നാട്ടിന്‍പുറത്തെ ആളുകളാണ്. അതുകൊണ്ട് തന്നെ എന്നെ ഉള്‍കൊള്ളാനുള്ള ബുദ്ധിമുട്ടുണ്ടാവാം. ഇക്കാര്യത്തില്‍ എന്റെ പാര്‍ട്ടണറായ സ്മിന്റോജ് വളരെ സപ്പോട്ടീവ് ആണ്. ഒരുപാട് സുഹൃത്തുക്കള്‍ ആശംസിച്ചു. ഒരുപാട് സുഹൃത്തുക്കള്‍ സപ്പോട്ടീവാണ്. ട്രാന്‍സ് സംഘടനയായ ദയയുടെ പ്രസിഡന്റാണ് ഞാന്‍. എനിക്ക് കുടുംബമില്ല. എന്റെ കുടുംബം എന്നത് എന്റെ കമ്മ്യൂണിറ്റി ആണ്. അവര്‍ ഒരുപാട് സപ്പോട്ടീവാണ്.

അനു: സിനിമയില്‍ മാത്രമല്ല ജീവനോപാധി കൂടിയായ മെട്രോ ജോലി എന്നത് ഒരു വലിയ അംഗീകാരമല്ലെ?

ശീതള്‍: വാസ്തവത്തില്‍ ആ ജോലി കണ്ടറിഞ്ഞ് തന്നതല്ല, അത് ഒരു പ്രശ്‌നത്തില്‍ നിന്നുണ്ടായതാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ക്രൈസിസുമായി ബന്ധപ്പെട്ട് വെച്ച് നീട്ടിയ ഒരു ഓഫറാണ്. അതില്‍ പങ്കെടുത്തവര്‍ക്ക് ജോലി കിട്ടി, ഒരു സ്ഥിര വരുമാനം വന്നു. ഇനി മുമ്പോട്ടു കൊണ്ട് പോകുക എന്നത് ഒരു തരം വെല്ലുവിളി ആണ്. 2014-2017 കാലയളവിനുളളില്‍ വലിയൊരു മാറ്റം ഈ സമൂഹത്തിനിടയിലുണ്ടായിട്ടുണ്ട്. പുരുഷാധിപത്യം ഇപ്പോഴുമിവിടെ നിലനില്‍ക്കുമ്പോഴാണ് സ്ത്രീ, ട്രാന്‍സ് വിഭാഗങ്ങള്‍ മുമ്പോട്ട് വരുന്നത്. എന്തൊക്കെയായാലും ഈ ഇരുപത്തിമൂന്നു പേരെ കണ്ട് ഭാവിയില്‍ പുതിയ കൂട്ടര്‍ വരിക. അപ്പോള്‍ അവരെയും കൂടി നമ്മളിതിലുള്‍പ്പെടുത്താനായി ശ്രമിക്കും.

അനു: ഒരു സെലിബ്രിറ്റി ഇമേജ് പൊതുസമൂഹത്തിനിടയില്‍ ശീതളിനിപ്പോളില്ലെ?

ശീതള്‍: ഞാന്‍ ആക്ടിവിസ്റ്റാണ് എന്നത് ഒരു പ്രത്യേക സമൂഹത്തിനേ അറിയൂ. ആക്ടിവിസ്റ്റ്കള്‍ക്ക്, കലാകാരന്മാര്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ അങ്ങനെ. അല്ലാത്തയാളുകള്‍ നമ്മളെ ഇപ്പോഴും ട്രീറ്റ് ചെയ്യുന്ന രീതി പലപ്പോഴും നെഗററീവ് ആയിട്ടാണ്. ട്രാന്‍സ് സമൂഹത്തിന് നേരെയുളള അത്തരം സമീപനങ്ങള്‍ മാറും എന്നാണ് കരുതുന്നത്. പിന്നെ സദാചാര ബോധം പറയുന്നവര്‍ മറച്ചു വെക്കുന്നത് ഒരു വലിയ റിയാലിറ്റിയെ ആണ്. പതിനഞ്ചു ലക്ഷം ലൈംഗീക തൊഴിലാളികളുണ്ടെങ്കില്‍ അതില്‍ സ്ത്രീയും ട്രാന്‍സും ഉള്‍പ്പെടുന്നുണ്ട്. അവരെ തേടി വരുന്നത് പുരുഷന്മാരാണ്. ഭൂരിപക്ഷം പുരുഷന്മാരും ഇതിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. അത്തരം റിയാലിറ്റിയെ മറച്ച് വെച്ച് കൊണ്ടാണ് താല്‍പര്യമില്ല എന്ന് ഇവര്‍ പറയുന്നത്. എല്ലായിടങ്ങളില്‍ നിന്നും അവഗണിക്കപ്പെട്ട് പാലായനം ചെയ്യുന്നവര്‍ ബുദ്ധി, ചിന്ത, വിദ്യാഭ്യാസം, മൈന്‍ഡ് സെറ്റ് എല്ലാം വില്‍ക്കുന്ന പോലെ ജീവിക്കാനായി ശരീരവും വില്‍ക്കുന്നു. അത് ഒരു വ്യക്തിക്ക് തീരുമാനിക്കാം. പിന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊതുയിടങ്ങളില്‍ ലൈംഗിക താല്‍പര്യം വെച്ച് ഉപദ്രവിക്കുന്നു എന്ന് പറയുന്നവരുണ്ട്. അക്കാര്യത്തില്‍, സ്ത്രീയുടെ ഡ്രസ്സ് മോശമാണെന്ന് പറഞ്ഞിട്ട് പീഡനം ഉണ്ടാകുന്ന നാട്ടില്‍ എന്ത് മറുപടി പറയാനാണ്. അപ്പോള്‍ നിലവിലെ അവസ്ഥകളും സമൂഹത്തിന്റെ ചിന്താഗതികളും ഭാവിയില്‍ മാറുമെന്ന് വിശ്വസിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories