TopTop
Begin typing your search above and press return to search.

ആരാണ് നമ്മുടെ ലൈംഗികതയെ നിശ്ചയിക്കേണ്ടത്? ശീതള്‍ ശ്യാം സംസാരിക്കുന്നു

ആരാണ് നമ്മുടെ ലൈംഗികതയെ നിശ്ചയിക്കേണ്ടത്? ശീതള്‍ ശ്യാം സംസാരിക്കുന്നു

സ്വവര്‍ഗാനുരാഗികളും ഉഭയലൈംഗികത ഉള്ളവരും മൂന്നാംലിംഗമല്ലെന്ന സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. നിര്‍ണായകമായതെന്ന് കോടതി വിധിയെ വിശേഷിപ്പിക്കുമ്പോഴും ഒരു സംശയം ബാക്കി, ആരാണ് മൂന്നാംലിംഗക്കാര്‍? അവകാശങ്ങള്‍ക്ക് തുല്യത ചാര്‍ത്തുന്നൊരു ജനാധിപത്യരാജ്യത്ത് ലിംഗനീതി തരംതിരിച്ചു നല്‍കുന്നത് ശരിയാണോ? ആണും പെണ്ണുമല്ലാത്ത ഒരു ലിംഗം ഉണ്ടോ? ആര്‍ട്ടിക്കിള്‍ 377 നിലനില്‍ക്കുന്നിടത്തോളം ഈ ലിംഗവിവേചനം നിലനില്‍ക്കുന്നതല്ലേ? ഈ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സെക്ഷ്വല്‍ മൈനോററ്റി ഫോറം, കേരളയുടെ സെക്രട്ടറി ശീതള്‍ ശ്യാം.

ആര്‍ട്ടിക്കിള്‍ 377 നിലനില്‍ക്കുന്നിടത്തോളം തുല്യനീതി എന്ന ആപ്തവാക്യം ഇന്ത്യയില്‍ എങ്ങനെ പ്രയോജനത്തില്‍ വരും? മനുഷ്യനെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ കോടതികള്‍ പോലും തയ്യാറാകുന്നൊരു സമൂഹത്തില്‍ തുല്യത എന്ന വാക്കിന് എന്താണ് അര്‍ത്ഥം?

ഇത്തരം ചോദ്യങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ആരും, ഒരു കോടതിയും ഉത്തരം പറയുന്നില്ല.

ഇപ്പോള്‍ സുപ്രീം കോടതി പറയുന്നു, സ്വവര്‍ഗാനുരാഗികളും ഉഭയലൈംഗികതയുള്ളവരും മൂന്നാംലിംഗമല്ലെന്ന്. സ്വീകാര്യമായ വിധി തന്നെയാണ്. ലൈംഗികത എന്നത് സ്വയം പ്രഖ്യാപനമാണെന്നു പറയുന്ന കോടതി തന്നെയാണ് നേരത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ മൂന്നാംലിഗക്കാരാണെന്നു പറഞ്ഞതും. വൈരുദ്ധ്യങ്ങളും അവ്യക്തതകളും ഇപ്പോഴും മാറിയിട്ടില്ലെന്നതാണ് സത്യം.

കോടതി വിധികള്‍ സമൂഹത്തിന്റെ ചില തീര്‍ച്ചപ്പെടുത്തുലുകളെ മാറ്റാന്‍ ഉതകുമോയെന്നു സംശയമാണ്. മൂന്നാംലിഗക്കാര്‍ എന്ന് ആക്ഷേപത്തിനുടമകളായവരെയെല്ലാം ലൈംഗികതയുമായി മാത്രം കൂട്ടിച്ചേര്‍ക്കുന്ന പൊതുബോധം തന്നെയാണ് ഇന്നും സമൂഹത്തില്‍ ശക്തം. പുതിയ തലമുറയില്‍പ്പെട്ട ഒരു വിഭാഗം ഒഴിച്ച്, ബാക്കിയുള്ളവര്‍ക്കെല്ലാം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ വെറും കുണ്ടന്‍മാരാണ്.

ആരാണ് നമ്മുടെ ലൈംഗികതയെ നിശ്ചയിക്കേണ്ടത്, കോടതിയോ, ഡോക്ടര്‍മാരോ, അധ്യാപകരോ, വീട്ടുകാരോ, അവരോന്നുമല്ല. ലൈംഗികത സ്വയം പ്രഖ്യാപനമാണ്. ആരുമായി സെക്‌സ് ചെയ്യണമെന്നത് എന്റെ തീരുമാനമാണ്, എന്റെ ജെന്‍ഡര്‍ ഏതാണെന്നു തീരുമാനിക്കേണ്ടതും ഞാന്‍ മാത്രമാണ്. എന്റെ അവയവങ്ങള്‍ അതിന്റെ അടിസ്ഥാനമല്ല. ആണിന്റെ അവയവങ്ങളും പെണ്ണിന്റെ മനസുമുള്ളൊരാള്‍ക്ക് ലൈംഗികബന്ധം നടത്താന്‍ താത്പര്യം തോന്നുക മറ്റൊരു ആണുമായിട്ടായിരിക്കും. അവിടെ ഒരേ ലിംഗക്കാര്‍ തമ്മിലുള്ള കൂടിച്ചേരലായി കാണേണ്ടതില്ല.

മറ്റൊന്ന്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എല്ലാവരും സ്വവര്‍ഗരതിക്കാരാണെന്ന ബോധം തിരുത്തണം. അവിടെ ഒരാള്‍ മെയിലില്‍ നിന്നും ഫീമെയില്‍ ബോഡി ക്രിയേറ്റ് ചെയ്തിട്ടുണ്ട്, തിരിച്ചും. അത്തരമൊരു അവസ്ഥയില്‍ സ്വവര്‍ഗ ലൈംഗികത എങ്ങനെയാണ് സംഭവിക്കുന്നത്. എന്നിരുന്നാലും എല്ലാത്തിനെയും ഒരേ നുകത്തില്‍ കെട്ടാമെന്ന ചിന്തയിലാണ് സമൂഹം. പെണ്‍ശരീരത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തൊരാള്‍ ആണുമായി സെക്‌സ് ചെയ്യുമ്പോള്‍ അതിലെവിടെയാണ് സ്വവര്‍ഗാനുരാഗം കടന്നുവരിക? ആരുമതിന് ഉത്തരം പറയുന്നില്ല. ഇവിടെയിപ്പോള്‍ ആണ്‍-പെണ്‍ സെക്ഷ്വാലിറ്റി മാത്രമാണ് ശരിയെന്ന ധാരണ നിലനില്‍ക്കുകയാണ്. ബാക്കിയുള്ളവരെല്ലാം കുണ്ടന്‍മാര്‍. അവര്‍ക്ക് അവകാശങ്ങളില്ല, സ്വാതന്ത്ര്യമില്ല. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ നടക്കില്ല, പലരും മറ്റു സംസ്ഥാനങ്ങളില്‍ പോയി ജീവിതം നയിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

മൂന്നാംലിംഗക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നൊക്കെയുള്ള പല്ലവികള്‍ ആവര്‍ത്തിച്ചുപയോഗിക്കുകയാണ്. മൂന്നാമതൊരു ലിംഗമുണ്ടോ? സ്ത്രീയുടേതും പുരുഷന്റെതുമല്ലാത്ത ഒരു ലിംഗം?

ജനനത്തിലൂടെയാണ് ഇവിടെ ലിംഗ നിര്‍ണയം നടക്കുന്നത്. ഞാന്‍ ജനിച്ചത് പുരുഷാവയവങ്ങളോടുകൂടിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ആണാണെന്ന് ഉറപ്പിച്ചു. എന്റെ ലിംഗനിര്‍ണയം നടന്ന് എന്റെ സമ്മതത്തോടെയല്ല എന്നോര്‍ക്കണം. പക്ഷേ എനിക്ക് വ്യക്തിപരമായ തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍ എന്റെ ലിംഗത്വം പെണ്ണിന്റെതാണന്ന് ഉറപ്പിക്കാന്‍ ആരും സമ്മതിക്കുന്നില്ല. അവിടെ എന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് യാതൊരു വിലയും തരുന്നില്ല. പക്ഷേ ഞാനഗ്രഹിക്കുന്നത് എന്നിലെ പെണ്‍മയാണ്. ഇതു തന്നെയാണ് ഇവിടെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്. ഇതു തന്നെയാണ് കോടതിയും ഇപ്പോള്‍ പറയുന്നത്, ജെന്‍ഡര്‍ എന്നാല്‍ സ്വയം പ്രഖ്യാപനമാണെന്ന്. എന്നാല്‍ സമൂഹം അതംഗീകരിക്കുമോ? ആണിന്റെ അവയവങ്ങള്‍ ഉള്ള ഞാന്‍ മനസുകൊണ്ട് പെണ്ണായി ജീവിക്കുകയും ഒരാണുമൊത്തു ജീവിക്കാനോ ലൈംഗിക ബന്ധത്തിന് ആഗ്രഹിക്കുകയോ ചെയ്താല്‍ എനിക്കെന്തു പേരു വീഴും? സമൂഹത്തിലെ ഏറ്റവും മോശപ്പെട്ടതായി മാറുകയല്ലേ ഞാന്‍.

ലൈംഗികതയ്ക്ക് വളരെ വിശാലമായൊരു ഇടം നല്‍കിയിരുന്നൊരു രാജ്യമായിരുന്നു. ഇന്ത്യ. കോളോണിയല്‍ കടന്നുകയറ്റവും ക്രിസ്ത്യന്‍ മതചിന്തയുടെ ആക്കവുമാണ് ആ ഇടം ചുരുക്കിയതും നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ടാക്കിയതും. എപ്പോള്‍ മുതല്‍ ലൈംഗികതയ്ക്ക് അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചോ അതേ ആചാരങ്ങളാണ് നാമിപ്പോഴും തുടരുന്നത്. മൂന്നാംലിഗമെന്ന പരമാര്‍ശത്തിലൂടെ കോടതികള്‍ പോലും ആ സാമ്പ്രദായികതയെ തുടരാന്‍ അനുവദിക്കുകയാണ്. കോടതികള്‍ പോലും തെറ്റു പറയുന്നിരിടത്ത് സമൂഹത്തിന് മനംമാറ്റമുണ്ടാകാത്തതിനെ എങ്ങനെ പഴിക്കാന്‍ കഴിയും?

വളരെ അപക്വമാണ് ഇന്നും നമ്മുടെ ലൈംഗിക ചിന്തകള്‍. ഇന്ത്യയില്‍ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ ഭൂരിപക്ഷവും ഈ കേരളത്തിലാണ്. അതേ സ്ഥലത്തു തന്നെയാണ് സദാചാരവാദികള്‍ കൂടുതലുള്ളതും അവര്‍ ആളുകളെ തല്ലിക്കൊല്ലുന്നതും. ഏതുതരം ലൈംഗികവൈകൃതവും ആസ്വദിക്കുന്നവര്‍ തന്നെയാണ് ലിംഗഭേദത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ ആക്രമിക്കുന്നതും. സ്വന്തം ജെന്‍ഡര്‍ ഏതാണെന്നു പ്രഖ്യാപിക്കാനും അതനുസരിച്ച് ജീവിക്കാനും സ്വന്തം കുടുംബത്തില്‍ പോലും അനുവാദമില്ലാത്തതും നമ്മുടെ കേരളത്തിലാണ്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതുപോലും പാപമായി കാണുന്നവര്‍ക്ക് ആണ്‍-പെണ്‍ മനോനിലയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നവരെ എങ്ങനെ അംഗീകരിക്കാനാകും. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ എന്താണെന്നു പോലും അറിയാതെയുള്ള പേക്കൂത്തൂകളാണ് ഇവിടെ തുടരുന്നത്.

ഇവിടെ സ്ത്രീപക്ഷ സംവാദങ്ങള്‍ സജീവമാണ്. സ്ത്രീകളുടെ പ്രശ്‌നം മാനുഷികപ്രശ്‌നമായാണ് കാണുന്നതും കൈകാര്യം ചെയ്യുന്നതും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കാര്യത്തിലോ? അവര്‍ മനുഷ്യരല്ലേ, അവരുടെ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളല്ലേ? ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ ഒരു കുടയാണ്. അതിന്റെ കീഴില്‍ വരുന്നവരാണ് ബൈ സെക്ഷ്വലും ഹോമോ സെക്ഷ്വലും ഹെട്രോസെക്ഷ്വലുമെല്ലാം. പക്ഷേ ഇവിടെ എല്ലാത്തിനും ഒരുപേരാണ്. ലിംഗബോധത്തിലെ അപാകതയാണിത് കാണിക്കുന്നത്. ഒരു ലിംഗത്തില്‍ നിന്നും മറ്റൊരു ലിംഗത്തിലേക്ക് മാറുന്നവര്‍ക്ക് അവരുടെ എതിര്‍ ലിംഗത്തോടായിരിക്കും ആഭിമുഖ്യം തോന്നുക, അത് ആണിനു പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന അതേ വൈകാരിത തന്നെയാണ്. പക്ഷേ ട്രാന്‍സിനെ ആ അര്‍ത്ഥത്തില്‍ മനസിലാക്കാതെ അവരെ അവരുടെ ജന്മനായുള്ള ലിംഗനിര്‍ണയത്തിന്റെ പേരില്‍ അവഹേളിക്കുന്ന സ്വഭാവം മാറുന്നില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എല്ലാവരും സ്വവര്‍ഗാനുരാഗികള്‍ ആണെന്ന ചിന്തയും മാറണമെന്നില്ല. അതുകൊണ്ട് തന്നെ കോടതി ഉത്തരവുകള്‍ വന്നതുകൊണ്ടു മാത്രം മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല.

ഏതൊരാളിനെപോലെയും ഈ രാജ്യത്തിനും സമൂഹത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരായിട്ടുപോലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തരംതാണവരായി കാണുന്ന സമൂഹവൈകൃതം മാറാത്തിടത്തോളം ഇന്ത്യ തുല്യത ഉറപ്പുവരുത്തുന്നൊരു രാജ്യമാണെന്ന് എനിക്ക് പറയാനാകില്ല.

(അഴിമുഖം പ്രതിനിധി ശീതളുമായി സംസാരിച്ചു തയ്യാറാക്കിയത്)

Next Story

Related Stories