TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് സുല്‍ത്താനില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് ബാന്‍ഡിന്റെ ഗാനം ഉള്‍പ്പെടുത്തി?

എന്തുകൊണ്ട് സുല്‍ത്താനില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് ബാന്‍ഡിന്റെ ഗാനം ഉള്‍പ്പെടുത്തി?

റീന ചന്ദ്രന്‍

ഇന്ത്യയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്സ് പൊതുവേ ഒതുങ്ങിക്കഴിയുന്ന ന്യൂനപക്ഷമാണ്. ട്രാഫിക് സിഗ്നലുകളില്‍ ഭിക്ഷയാചിക്കുകയും നവദമ്പതികളെയും നവജാതശിശുക്കളെയും അനുഗ്രഹിച്ചു പണം വാങ്ങുകയും ചെയ്യുന്നിടത്തേ ഇവരെ കാണാറുള്ളൂ.

എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് മാത്രമടങ്ങിയ ഒരു പോപ് ബാന്‍ഡിന്റെ ഗാനം ബോളിവുഡ് സിനിമയില്‍ ഉപയോഗിക്കപ്പെട്ടത് ഇവര്‍ സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നതിന്റെ സൂചനയാണ്. ഭിന്നലിംഗക്കാര്‍ക്ക് തുല്യ അവകാശം നല്‍കിക്കൊണ്ട് കോടതിവിധി വന്നിട്ട് രണ്ടുവര്‍ഷത്തോളമാകുമ്പോഴും മുന്‍വിധികള്‍ നിലനില്‍ക്കുന്നുവെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുന്നുവെന്നത് ഈ വിഭാഗത്തിനു പ്രതീക്ഷനല്‍കുന്നു.

ആറ് ട്രാന്‍സ്‌ജെന്‍ഡേഴ്സ് അടങ്ങിയ സിക്‌സ് പാക്ക് ബാന്‍ഡിന്റെ ഗാനം സല്‍മാന്‍ ഖാന്‍ നായകനായ 'സുല്‍ത്താന്‍' എന്ന സിനിമയിലാണ് ഉപയോഗിച്ചത്. ഇവരുടെ മറ്റുഗാനങ്ങളുടെ വിഡിയോകളിലും ഹിന്ദി സിനിമാതാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഇവയ്ക്ക് യുട്യൂബില്‍ ലക്ഷക്കണക്കിനു കാഴ്ചക്കാരുമുണ്ട്.

'ട്രാന്‍സ്‌ജെന്‍ഡേഴ്സ് മറ്റ് ന്യൂനപക്ഷങ്ങളെക്കാള്‍ മോശമായ അവസ്ഥയിലാണ്. അവര്‍ ശ്രദ്ധിക്കപ്പെടുന്നേയില്ല,' യഷ് രാജ് ഫിലിംസ് വിഭാഗമായ വൈ ഫിലിംസിന്റെ തലവന്‍ ആശിഷ് പാട്ടീല്‍ പറയുന്നു. വൈ ഫിലിംസാണ് ഈ ബാന്‍ഡിനു രൂപം നല്‍കിയത്.

'ഈ സമൂഹത്തെ മുന്നിലേക്കു കൊണ്ടുവരാനും ചര്‍ച്ചാവിഷയമാക്കാനുമുള്ള ശ്രമമാണിത്. എന്തുകൊണ്ട് അത് പാട്ടിലും നൃത്തത്തിലുംകൂടിയായിക്കൂടാ എന്നു ഞാന്‍ ചിന്തിച്ചു.'ഇന്ത്യയില്‍ ഏകദേശം ഇരുപതുലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡേഴ്സുണ്ടെന്നാണു കണക്ക്. നിയമത്തിനു മുന്നില്‍ ഇവര്‍ക്ക് തുല്യ അവകാശമുണ്ടെന്നും അവരെ മൂന്നാംലിംഗക്കാരായി കണക്കാക്കുമെന്നും അംഗീകരിച്ച് സുപ്രിം കോടതി വിധി പ്രഖ്യാപിച്ചത് 2014ലാണ്. പൈതൃകസ്വത്തിനുള്ള അവകാശം, വിവാഹം കഴിക്കാനുള്ള അവകാശം എന്നിവയ്ക്കു പുറമെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ക്വോട്ടയും ഇവര്‍ക്കുണ്ട്.

ഹിജഡകളെന്നറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്സായ സ്ത്രീകള്‍ ഉത്തരേന്ത്യയില്‍ ശുഭസൂചകമായി കരുതപ്പെടുന്നു. വിവാഹ, ശിശുജനന വേളകളില്‍ ഇവരുടെ അനുഗ്രഹം തേടുന്നതും ഇവിടെ പതിവാണ്. എങ്കിലും ഇവരെ ചൂഷണം ചെയ്യുന്നത് വിരളമല്ല.

മിക്കവരും വീടുകളില്‍നിന്നു പുറത്താക്കപ്പെട്ടവരാണ്. വിദ്യാഭ്യാസമില്ലാത്തതിനാല്‍ തൊഴിലും ലഭിക്കാറില്ല. അതിനാല്‍ ലൈംഗികത്തൊഴില്‍, ഭിക്ഷയാചിക്കല്‍, വിവാഹങ്ങളിലെ നൃത്തം തുടങ്ങിയവയിലൂടെ ജീവിതമാര്‍ഗം കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

അഭിന അഹേര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഏതാനും വര്‍ഷം മുന്‍പ് മുംബൈയില്‍ ഡാന്‍സിങ് ക്യൂന്‍സ് എന്ന നൃത്തസംഘം രൂപീകരിച്ചിരുന്നു. നൃത്തത്തിലൂടെ ബോധവല്‍ക്കരണമുണ്ടാക്കുകയും ജീവിക്കാനുള്ള വഴി കണ്ടെത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. വിവാഹങ്ങളിലും കോര്‍പറേറ്റ് ചടങ്ങുകളിലുമാണ് ഇവര്‍ നൃത്തം ചെയ്യുന്നത്.

'ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ സ്വീകാര്യത വര്‍ദ്ധിച്ചു. സമൂഹത്തില്‍ ബഹുമാന്യതയും,' പരിശീലനം നേടിയ കഥക് നര്‍ത്തകിയായ അഹേര്‍ പറയുന്നു. 'നിയമം സ്വാഗതാര്‍ഹമാണെങ്കിലും ഇന്നും യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്ഥമാണ്. ഇന്നും അക്രമങ്ങളുണ്ട്. വേണ്ടത്ര തൊഴില്‍ അവസരങ്ങളുമില്ല.'രാജ്യത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്സിന് പെന്‍ഷന്‍, വീട് തുടങ്ങിയ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം അനുവദിക്കുന്ന ആദ്യസംസ്ഥാനം ഒഡീഷയാണ്. കഴിഞ്ഞമാസമാണ് ഒഡീഷ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

രാജ്യത്ത് നിര്‍ബന്ധിത തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച പദ്ധതിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്. ഇവര്‍ക്കുവേണ്ടി മറ്റു പദ്ധതികളും നടന്നുവരുന്നു.

മുംബൈയ്ക്കടുത്ത താനെയില്‍ പൊലീസ് ആയിരത്തിലധികം ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ പരിശീലനം നല്‍കി ഗതാഗതനിയന്ത്രണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഉപയോഗിക്കുന്നു. ' ഫ്രണ്ട്‌സ് ഓഫ് പൊലീസ് ' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഇതുവരെയുള്ളവയില്‍ ഏറ്റവും പകിട്ടേറിയത് സിക്‌സ് പാക്ക് ബാന്‍ഡാണ്. ഫാറെല്‍ വില്യംസിന്റെ ഹാപ്പി സോങ്ങിന്റെ ചുവടുപിടിച്ചുള്ള 'ഹം ഹെ ഹാപ്പി' ആയിരുന്നു ആദ്യഗാനം. ജനുവരിയിലാണ് ഇതു പുറത്തുവന്നത്.

ഇന്ത്യന്‍ താളങ്ങളും ഹിജഡകളുടെ കൈയടി ആംഗ്യങ്ങളുമായി പുറത്തുവന്ന ഗാനത്തിന്റെ വിഡിയോയില്‍ ബാന്‍ഡ് അംഗങ്ങള്‍ ആഭരണങ്ങള്‍ക്കൊപ്പം നിറപ്പകിട്ടുള്ള പാവാടയും ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്. യുട്യൂബില്‍ ഇരുപതുലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.

ഭിന്നലിംഗക്കാരായ സ്ത്രീകളുടെ പ്രശ്‌നങ്ങളും സാവധാനമുള്ള സ്വീകാര്യതയും കാണിക്കുന്ന മറ്റൊരു ഗാനത്തിന് കാഴ്ചക്കാര്‍ 35 ലക്ഷം കവിഞ്ഞു.

ബാന്‍ഡിനുവേണ്ടിയുള്ള പരസ്യം കഴിഞ്ഞ മാസം കാന്‍സില്‍ ഗ്രാന്‍ഡ് പ്രീ ഗ്ലാസ് ലയണ്‍ നേടി. സാംസ്‌കാരിക മാറ്റമുണ്ടാക്കുന്ന സൃഷ്ടിപരതയ്ക്കായിരുന്നു പുരസ്‌കാരം.

'ട്രാന്‍സ്‌ജെന്‍ഡേഴ്സിനോടുള്ള നമ്മുടെ വീക്ഷണം മാറ്റാന്‍ ബാന്‍ഡിനു കഴിഞ്ഞു,' ബാന്‍ഡിനായി രാജ്യമെങ്ങും ഓഡിഷന്‍ നടത്തിയ പാട്ടീല്‍ പറയുന്നു.

'കുടുംബങ്ങളും സമൂഹവും അവരെ സ്വാഗതം ചെയ്യുന്നുവെന്നതിനാല്‍ അവര്‍ക്ക് ജീവിക്കാന്‍ മാര്‍ഗം തെളിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.'

(കടപ്പാട്: തോംസണ്‍ റോയിറ്റര്‍ ഫൌണ്ടേഷന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories