യാത്ര

‘ഡാഡി! ഞാന്‍ ഒരു വാള്‍ കണ്ടെത്തി’: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാള്‍ കണ്ടെടുത്തത് എട്ടു വയസ്സുകാരി!

‘അവള്‍ ആ വാള്‍ ഉയര്‍ത്തി പിടിച്ചു എന്നിട്ട് പിപ്പി ലോങ്‌സ്റ്റോക്കിങ്ങിനെ (സ്വീഡനിലെ ഒരു കഥാപുസ്തകത്തിലെ നായിക) പോലെ ഉറക്കെ വിളിച്ചു പറഞ്ഞു- ഡാഡി! ഞാന്‍ ഒരു വാള്‍ കണ്ടെത്തി’

സ്വീഡനിലെ ഒരു കായലില്‍ തുഴഞ്ഞു പോകുമ്പോളാണ് എട്ടു വയസ്സുകാരിയായ സാഗ വനേസെക്കിന് ഒരു അമൂല്യ വസ്തു ലഭിച്ചത്. എന്നാല്‍ കൈയ്യില്‍ കിട്ടിയത് അമൂല്യവസ്തുവാണെന്ന് അപ്പോള്‍ സാഗയ്ക്ക് മനസ്സിലായില്ല. ഏതോ വടി ആണെന്നാണ് ആ എട്ട് വയസുകാരി വിചാരിച്ചത്. പുറത്തെടുത്തപ്പോളാണ് മനസിലായത് അതൊരു വാള്‍ ആണെന്ന്. 33 ഇഞ്ച് നീളവും, തുരുമ്പ് പിടിച്ചു കറുപ്പ് ബ്രൗണ്‍ നിറവുമായിരുന്നു ആ വാളിന്.

‘അവള്‍ ആ വാള്‍ ഉയര്‍ത്തി പിടിച്ചു എന്നിട്ട് പിപ്പി ലോങ്‌സ്റ്റോക്കിങ്ങിനെ (സ്വീഡനിലെ ഒരു കഥാപുസ്തകത്തിലെ നായിക) പോലെ ഉറക്കെ വിളിച്ചു പറഞ്ഞു- ഡാഡി! ഞാന്‍ ഒരു വാള്‍ കണ്ടെത്തി’- സാഗയുടെ അച്ഛന്‍ ആന്‍ഡി വനേസെക്ക് ഫേസ്ബുക്കിലൂടെ പറയുന്നു. ദി ലോക്കല്‍ എന്ന വെബ്സൈറ്റിനോടും തനിക്ക് വാള്‍ കിട്ടിയ അനുഭവത്തെ കുറിച്ച് സാഗ പങ്കുവെച്ചു.

സാഗയ്ക്ക് കിട്ടിയ വാള്‍ പിന്നീട് ജോങ്കോപിംഗ് മ്യൂസിയത്തില്‍ കൊണ്ടു പോയി. ചരിത്രത്തിലെ പ്രശസ്തരായ വൈക്കിങിന് മുമ്പുള്ളതാണ് ഈ വാള്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി. തുകല്‍ കൊണ്ടും തടി കൊണ്ടും നിര്‍മ്മിച്ച ഉറ ആയിരുന്നു ഈ വാളിനെന്നും, ഇത് അഞ്ചാം നൂറ്റാണ്ടിലെയോ ആറാം നൂറ്റാണ്ടിലെയോ വാള്‍ ആണെന്നും മ്യൂസിയം ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആന്‍ഡി വനേസെക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം ജൂലൈ 15-നാണ് വാള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാഗയോടും കുടുംബത്തോടും ഈ കണ്ടുപിടുത്തും രഹസ്യമാക്കി വെക്കണമെന്ന് മ്യൂസിയം ആവശ്യപ്പെട്ടു. പുരാവസ്തു ഗവേഷകര്‍ വാള്‍ ലഭിച്ച വിഡോസ്റ്റെണ്‍ കായല്‍ പരിശോധിച്ചു. മുങ്ങല്‍ വിദഗ്ധര്‍ മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ ഉപയോഗിച്ചായിരുന്നു തിരയല്‍.

‘വാള്‍ കണ്ടെത്തിയ ശേഷം രണ്ടു തവണ ഞങ്ങള്‍ കായലില്‍ തിരച്ചില്‍ നടത്തി. 300-400 എഡി-യിലെ ഒരു കാലിന്റെ എല്ലും ലഭിച്ചു. വാള്‍ ഏത് കാലത്തിലെ ആണെന്ന് ഇപ്പോഴും സംശയം ഉണ്ട്. കൂടുതല്‍ ശാസ്ത്രീയമായി ഇതിനെ പറ്റി അന്വേഷിക്കേണ്ടിയിരിക്കുന്നു.’- പുരാവസ്തു ഗവേഷകനായ ആന്‍ഡേര്‍സ് ക്രാഫ്റ്റ് പറഞ്ഞു.


എന്നാല്‍ ഇനി ഈ രഹസ്യം കാത്തുസൂക്ഷിക്കേണ്ട. ‘ഈ രഹസ്യം സൂക്ഷിക്കാന്‍ അവളെക്കാള്‍ കൂടുതല്‍ കഷ്ടപെട്ടത് ഞാനാണ്. ഇപ്പോള്‍ വാള്‍ മ്യൂസിയത്തിലാണ്, ‘സാഗ സോര്‍ഡ്’ എന്നും ഇത് അറിയപ്പെട്ടേക്കാം. ഇനി ഒരു ആയിരം വര്‍ഷം ഇത് മ്യൂസിയത്തില്‍ ഉണ്ടാവും.’- വനേസെക്ക് പറഞ്ഞു. എന്നാല്‍, സന്ദര്‍ശകര്‍ക്ക് ഈ വാള്‍ കാണണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും മ്യൂസിയം ദി ലോക്കലിനോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍