Top

1400 കിമീ; 106 മണിക്കൂര്‍; ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് ഒരു സൈക്കിളില്‍ യാത്ര; അപൂര്‍വ്വ നേട്ടവുമായി മൂന്നു മലയാളികള്‍

1400 കിമീ; 106 മണിക്കൂര്‍; ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് ഒരു സൈക്കിളില്‍ യാത്ര; അപൂര്‍വ്വ നേട്ടവുമായി മൂന്നു മലയാളികള്‍
ഫ്രാന്‍സിലെ ഒഡാക്‌സ് ക്ലബ് നടത്തിയ ദീര്‍ഘ ദൂര സൈക്ലിംഗ് മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളികളായ മൂവര്‍ സംഘം. എറണാകുളം പറവൂര്‍ ബൈക്കേഴ്‌സ് ക്ലബ് അംഗങ്ങളായ കെ.ഡി ലെജു(ലെനിന്‍), ഗലിന്‍ അബ്രഹാം, ആര്‍ രഘുറാം എന്നിവരാണ് ഈ നേട്ടത്തിന് അര്‍ഹരായത്. ഡല്‍ഹിയില്‍ നിന്ന് നേപ്പാളിലേക്ക്, അവിടെ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്ക്. ആകെ 1400 കിലോമീറ്റര്‍ 106 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ഈ അപൂര്‍വ നേട്ടം ഇവര്‍ സ്വന്തമാക്കിയത്.

പറവൂര്‍ സ്വദേശിയായ ലെജു(ലെനിന്‍) യാത്രാനുവഭങ്ങള്‍ അഴിമുഖത്തോട് പങ്കുവെയ്ക്കുന്നു;

ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ജനുവരി 26നായിരുന്നു മത്സരം. രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്ന് 23 സൈക്കിള്‍ കമ്പക്കാര്‍ വേറെയുമുണ്ടായിരുന്നു. ജനുവരി 26നു രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിവസം തലസ്ഥാന നഗരിയിലെ തിരക്ക് മുന്നില്‍ കണ്ടാകും അര്‍ധരാത്രി തന്നെ മത്സരം ആരംഭിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. നേരത്തെ അറിയിച്ചതനുസരിച്ച് രാത്രി ഒരു മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 12 മണിക്ക് മത്സരം ആരംഭിക്കുമെന്ന് പിന്നീട് അറിയിപ്പ് ലഭിക്കുകയായിരുന്നു. നാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഫ്‌ളൈറ്റിനാണ് ഞാനും കൂട്ടുകാരും പുറപ്പെട്ടത്. അതുകൊണ്ട് തന്നെ തെല്ലും ക്ഷീണമില്ലായിരുന്നു. ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സ്റ്റാര്‍ട്ടിംഗ് പോയിന്‍റ്. കൃത്യം 12 മണിക്കു തന്നെ മത്സരം, അല്ല രസകരമായ യാത്ര ആരംഭിച്ചു.

ഡല്‍ഹിയില്‍ 12 മണി സമയത്തെ കിടുകിടാ വിറയ്ക്കുന്ന തണുപ്പിലും കാണാന്‍ പോകുന്ന വിസ്മയ കാഴ്ചകളെകുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെയായിരുന്നു മനസില്‍ നിറഞ്ഞാടിയത്. വലിയ ദൂരം താണ്ടി ഇതേ പാതയില്‍ തന്നെ തിരിച്ചെത്തണമെന്നുള്ളതിനാല്‍ വളരെ റിലാക്‌സേഷനോടെയാണ് പെഡല്‍ ചവിട്ടിയത്. അര്‍ധരാത്രി സമയമാണെങ്കിലും ഉറക്കച്ചടവൊന്നുമില്ല. ഒരു നിശ്ചിത വേഗതയില്‍ തന്നെ എല്ലാവരും സൈക്കിള്‍ ചവിട്ടി തുടങ്ങി. സൈക്കിള്‍ ചലിക്കുമ്പോഴുണ്ടാകുന്ന മര്‍മ്മരം യാത്രയുടെ താളമാക്കി. പുറകോട്ട് ഒന്നു നോക്കാന്‍ തോന്നിയില്ല. മത്സരം ആണെന്നത് മറന്നുകൂടല്ലോ. എങ്കിലും ഒപ്പമുള്ളവര്‍ എവിടെയാണെന്ന് ഒന്നു കണ്ണോടിച്ചു. കൈയ്യും കാലുകളും നന്നായി വിറയ്ക്കുന്നുണ്ട്. 800 കിലോമീറ്റര്‍ കൊടും തണുപ്പത്തുകൂടി തന്നെ സഞ്ചരിക്കണം. അതില്‍ 400 കിലോമീറ്റര്‍ നേപ്പാളിന്റെ തണുപ്പു കൊള്ളണം. യാത്രക്ക് മുമ്പ് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു. 108 മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നെങ്കിലും സഹയാത്രികന്‍ തളര്‍ന്ന് വീണാല്‍ അവനെ പരിചരിക്കാനും നമുക്കാവും. കൂടെയുള്ള ആളെ പരിചരിക്കാന്‍ എത്രസമയമണോ എടുക്കുന്നത് ആ സമയം നമുക്ക് കൂടുതല്‍ അനുവദിച്ചു തരും. നമ്മുടെ നാട്ടിലെ സാധാരണ മത്സരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതി. മറ്റ് മത്സരാര്‍ഥികളോടുള്ള കരുതല്‍, സ്‌നേഹം, സംഘാടകരോടുള്ള ബഹുമാനം, അവരുടെ സംഘാടന മികവ് എല്ലാത്തിനെ കുറിച്ചും ചിന്തിച്ചുകൊണ്ട് സൈക്കിള്‍ ചവിട്ടി.മൊറാദാബാദ് എത്തിയപ്പോള്‍ കൊടും തണുപ്പാണനുഭവപ്പെട്ടത്. കൂറ്റാകൂരിരുട്ട്, ഭയങ്കര മൂടല്‍ മഞ്ഞ്, സൈക്കിള്‍ വെട്ടത്തില്‍ റോഡിന്റെ നടുവിലുള്ള വര മാത്രം കണ്ട് ഉറക്കച്ചടവില്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചത്. 26 ന് പകല്‍ ഡല്‍ഹിയും, യുപിയും, ഉത്തരാഖണ്ഡും കടന്നു. തണുപ്പിന് അല്‍പം ശമനം ഉണ്ടായത് 28 ന് നേപ്പാളിലേക്ക് ബോര്‍ഡര്‍ കടന്നപ്പോഴാണ്. അപ്പോള്‍ എകദേശം പുലര്‍ന്ന് കഴിഞ്ഞിരുന്നു. അല്‍പ വെളിച്ചത്തിലൂടെ ആഞ്ഞുചവിട്ടി. ഇതിനിടെ അല്പനേരം വിശ്രമിച്ചു. മത്സരത്തില്‍ ചെക്ക്‌പോയന്റുകളുണ്ടായിരുന്നു. ചില പ്രത്യേക സ്ഥലങ്ങളില്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ എത്തണമായിരുന്നു. അതുകൊണ്ട് തന്നെ അവിടങ്ങളില്ലെല്ലാം ഒരോരുത്തര്‍ക്കും പഞ്ചിംഗും ഉണ്ടായിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കടന്ന് 386 കിലോമീറ്ററാണ് നേപ്പാളിലേക്ക് കടക്കുന്ന അതിര്‍ത്തിയിലേക്ക്. ബെന്‍ബാസ എന്നാണ് ആ സ്ഥലത്തിന്റെ പേര്. ബെന്‍ബാസയിലായിരുന്നു ആദ്യ പഞ്ചിംഗ്. സമയമുള്ളതിനാല്‍ അവിടെ കുറച്ചധികം നേരം വിശ്രമിച്ചു. നേപ്പാളിലെ റോഡുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. നല്ല ഉരുളന്‍ കല്ലുകള്‍ പാകിയ റോഡുകള്‍. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചത്. പരുക്കന്‍ മൊസൈക്ക് പ്രതലങ്ങള്‍, ഒരിക്കലും സ്‌കിഡാകില്ലെന്നുറപ്പ്. സൈക്കിള്‍ ഈ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മനസിനും ശരീരത്തിനും വ്യത്യസ്തമായൊരനുഭവം. റോഡിലെ ചെറിയ കുഴികളിലൂടെ സൈക്കിള്‍ ചക്രം തുടര്‍ച്ചയായി കയറുമ്പോള്‍ സൈക്കിള്‍ വൈബ്രേഷനിലായിരുന്നു.

ബോര്‍ഡറില്‍ നിന്ന് വീണ്ടും 320 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിച്ചേരുന്നത് അടുത്ത ചെക്ക്‌പോയിന്‍റായ ലമാഹിയില്‍. 28ന് വെളുപ്പിന് 2.30 നോടടുത്ത് അവിടെ പഞ്ച് ചെയ്തു. ഇതിനിടെ നേപ്പാളിലെ മൂന്ന് ദേശീയോദ്യാനങ്ങള്‍ കണ്ടു. മാന്‍സിയ, ബാര്‍സിയ,പേരോര്‍മ്മയില്ലാത്ത മറ്റൊരെണ്ണവും. നേപ്പാളില്‍ നിന്ന് തിരികെ പോരുമ്പോഴാണ് അവിടത്തെ ജനങ്ങളുടെ വേഷവിധാനങ്ങള്‍, കൃഷിരീതികള്‍, കാലിവളര്‍ത്തല്‍, കച്ചവട സ്ഥാപനങ്ങള്‍ എല്ലാം കണ്ടത്. അവര്‍ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ, സൈക്കിള്‍ നിര്‍ത്തി സംസാരിക്കാന്‍ സമയമില്ലായിരുന്നു. എല്ലാം ഓടിച്ചൊരു വീക്ഷണം. മൂന്നു ദേശിയോദ്യാനങ്ങളിലൂടെയുള്ള യാത്ര ഭയാനകമായിരുന്നു. അവിടെ ജനവാസമോ കച്ചവടസ്ഥാപനങ്ങളോ ഒന്നും ഇല്ലായിരുന്നു. വെളളം പോലും കിട്ടില്ല. ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു. പുലി, കടുവ തുടങ്ങിയ മൃഗങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡുകളും കാണാമായിരുന്നു. ഈ യാത്രയില്‍ മാന്‍, കരടി, മയില്‍ എന്നിവയെയും കണ്ടു. റൂട്ട് മാപ് ഉപയോഗിച്ചാണ് വഴി കണ്ടെത്തിയത്.

നേപ്പാളിലെ ജനങ്ങള്‍ സ്ത്രീകളായാലും കുട്ടികളായാലും മുതിര്‍ന്നവരായാലും സൈക്കിള്‍ കൂടുതലായി ഉപയോഗിക്കുന്നവരായിരുന്നു. മാത്രമല്ല സൈക്കിള്‍ യാത്രികരെ മറ്റ് വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബഹുമാനിക്കുന്നു. നാട്ടിലെ പോലെ പുറകില്‍ നിന്ന് വന്ന് ഹോണ്‍ അടിച്ച് പേടിപ്പിക്കുക, തുറിച്ച് നോക്കുക, അങ്ങനെയൊന്നുമില്ല. സൈക്കിള്‍ യാത്രികരെ കണ്ടാല്‍ അവര്‍ക്ക് വഴിയൊരുക്കി കൊടുക്കുന്ന മറ്റ് ഡ്രൈവര്‍മാര്‍. സൈക്കിളിന് അവിടെ മികച്ച പരിഗണന ഉണ്ട്.

ലമാഹിയില്‍ തിരിച്ച് 27 മണിക്കൂര്‍ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയെത്തുന്നതിന് മുമ്പ് പിറകിലുണ്ടായിരുന്ന് രഘുറാമിന്റെ സൈക്കിളില്‍ ചെന്നെ സ്വദേശിയുടെ സൈക്കിള്‍ തട്ടി അപകടമുണ്ടായി. സൈക്കിള്‍ സമീപത്തെ കടയില്‍ ഏല്‍പിച്ച്. ഇരുവരെയും വഴിയിലുള്ള ആശുപത്രിയില്‍ ആക്കി പരുക്ക് മാറിയശേഷം യാത്ര തുടര്‍ന്നു. ഇവര്‍ക്കായി ചെലവഴിച്ച സമയം കൂടുതുല്‍ അനുവദിച്ചു കിട്ടി. യാത്രക്കായി 106 മണിക്കൂര്‍ എടുത്തതില്‍ ആറു മണിക്കൂറാണ് വിശ്രമിക്കാന്‍ ചിലവിട്ടത്. 200 കിലോമീറ്റര്‍ പോയാല്‍ അഞ്ച് മിനിട്ട് വെള്ളം കുടിക്കാനും മറ്റും ചിലവിടാം.നിരന്തരമായ പരിശീലനം നേടിയവര്‍ക്കും അത് തെളിയിച്ചവര്‍ക്കും മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കന്‍ സാധിക്കുകയുള്ളു. പറവൂര്‍ ബൈക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ പഴനി, കൊഡൈക്കനാല്‍, ഊട്ടി, വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, എന്നിവിടങ്ങളില്‍ സൈക്കിള്‍ റൈഡ് നടത്താറുണ്ട്. മഴയുള്ള സമയങ്ങളില്‍ കൊച്ചിയില്‍ നിന്ന് കന്യകുമാരി വരെ താന്‍ സൈക്കിള്‍ ചവിട്ടിയിട്ടുണ്ടെന്ന് പറവൂരില്‍ ഹോട്ടല്‍ നടത്തുന്ന കെ.ഡി ലെജിന്‍ പറയുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഏകദേശം 30,000 രൂപയാണ് ചിലവിട്ടത്. മുന്‍പ് ഒഡാക്‌സ് ക്ലബ് നടത്തിയ 200,300,400,600 കിലോ സൈക്ലിംഗ് മത്സരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുന്നവരാണിവര്‍. ലെജിനും ഗലിന്‍ എബ്രഹാമും ഇതിന് മുമ്പ് 1000 കിലോമീറ്റര്‍ മത്സരത്തില്‍ വിജയിച്ചിട്ടുണ്ട്.

Next Story

Related Stories