Top

മരണത്തെ മുഖാമുഖം കണ്ട് അബ്ദുള്‍ നാസറിന്റെ സ്വപ്‌നയാത്ര ; കുറിച്ചത് ചരിത്രം, എവറസ്റ്റിലെത്തുന്ന രണ്ടാമത്തെ മലയാളി

മരണത്തെ മുഖാമുഖം കണ്ട് അബ്ദുള്‍ നാസറിന്റെ സ്വപ്‌നയാത്ര ; കുറിച്ചത് ചരിത്രം, എവറസ്റ്റിലെത്തുന്ന രണ്ടാമത്തെ മലയാളി
യാത്രയിഷ്ടപ്പെടുന്നവരുടെയെല്ലാം സ്വപ്‌നമാണ് എവറസ്റ്റ്. ഏറെ സാഹസികത നിറഞ്ഞ യാത്ര....ശരീരം തളരുമ്പോഴും തളരാത്ത മനസ്സുമായി സ്വപ്‌നകണ്ടയിടത്തേക്കുള്ള കുതിപ്പ്.. പലപ്പോഴും മരണത്തിന്റെ മണിമുഴക്കം കാതില്‍ കേട്ടെന്നിരിക്കും, കൂടെയുള്ളവര്‍ എവറസ്റ്റിലെ മഞ്ഞുതാഴ്വാരത്തിലേക്ക് മറഞ്ഞെന്നിരിക്കും അപ്പോഴും ഉറച്ച കാല്‍വയ്പ്പുകള്‍ക്ക് ഇളക്കം തട്ടരുത്. കാരണം ഈ യാത്ര ചെന്നവസാനിക്കുനത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്കാണ്... മറ്റൊരു ചരിത്രത്തിലേക്കാണ്.

ഹവില്‍ദാര്‍ സുരേഷ്‌കുമാറിനു ശേഷം എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളിയാണ് പാലക്കാട് പട്ടാമ്പി സ്വദേശിയായ അബ്ദുള്‍ നാസര്‍. ചാര്‍ട്ടഡ് അക്കൗണ്ടന്റ് ആയ അബ്ദുള്‍ ഖത്തറിലാണ് ജോലി ചെയ്യുന്നത്. പല രാജ്യക്കാരായ 26 പേര്‍ക്കൊപ്പം മെയ് 16 നാണ് അബ്ദുള്‍ എവറസ്റ്റ് കീഴടക്കിയത്. യാത്രയെക്കുറിച്ച് അബ്ദുള്‍ പറയുന്നു.

ജീവിതം മുഴുവന്‍ ഒരു എക്‌സ്പീരിയന്‍സ് ആണെന്നു പറഞ്ഞ പൗലോ കൗലൊയുടെ വാക്കുകളില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നെ ഏറെ സ്വാധീനിച്ചിട്ടുളളതും ആ വാക്കുകള്‍ തന്നെ. മാരത്തോണ്‍ ഓട്ടങ്ങള്‍, സൈക്‌ളിങ്, സ്വിമ്മിങ്ങ് ഇവന്റ്‌സ് എന്നിവയെല്ലാം ഞാന്‍ സ്ഥിരം ചെയ്യുന്നവയാണ്. എന്നാല്‍ ഇനി എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് മൗണ്ട് ക്ലൈമിങ്ങിലേക്കെത്തുനതും സ്വപ്‌നമായ എവറസ്റ്റിനെ തന്നെ ലക്ഷ്യം വച്ചതും.ഐറണ്‍ മാന്‍ ചലഞ്ച് ചെയ്തുരുന്നതിനാല്‍ തന്നെ എനിക്ക് ബോഡി ഫിറ്റ്‌നസ് നല്ല രീതിയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ബോഡി ഫിറ്റ്‌നസ്സിനുവേണ്ടി കൂടുതല്‍ പ്രിപ്പ്‌റേഷന്‍ ഒന്നും വേണ്ടി വന്നില്ല. ഐറണ്‍ മാനു വേണ്ടി ചെയ്തുരുന്ന അതേ എക്‌സസൈസുകള്‍ പിന്നീടും തുടര്‍ന്നു. അങ്ങനെ ഒരു ആക്ടീവ് ലൈഫ്‌സ്റ്റൈല്‍ തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. അതിനോടൊപ്പം എട്ടാനത്തെ ഫ്‌ളോറിലുള്ള ഓഫീസിലേക്ക് പോകുന്നതും വരുന്നതും സ്‌റ്റെയര്‍ കെയ്‌സ് വഴിയാക്കി. വാള്‍ ക്ലൈബിങ്ങിനുള്ള ഒരു ബേസിക്ക് കോഴ്‌സിനു ചേരുകയും അത് പഠിക്കുകയും ചെയ്തു. ഫിസിക്കല്‍ ഫിറ്റ്‌നസിനുവേണ്ടി ഇതൊക്കെയാണ് ചെയ്തത്. മാനസികമായും തയ്യാറെടുപ്പുകള്‍ വേറെ നടത്തിയിരുന്നു.

അങ്ങനെ യാത്രയുടെ ഒരുക്കങ്ങള്‍ അവസാനിച്ചു. യാത്രയില്‍ ആദ്യം ഡല്‍ഹി വഴി കാഠ്മണ്ഡു വിലേക്കു പോകുന്നു, അവിടെ നിന്നും ലുക്‌ല എന്ന സ്ഥലത്തേക്ക് ചെറിയ ഫ്‌ളെറ്റിലാണ് പോകുന്നത്. പര്‍വ്വതങ്ങള്‍ക്കിടയിലാണ് ലുക്‌ല എയര്‍പ്പോര്‍ട്ടുള്ളത്. പിന്നീട് 7 ദിവസത്തോളമുള്ള ട്രക്കിങ്ങിലൂടെ എവറസ്റ്റ് ബേസ് ക്യാമ്പില്‍ എത്തുന്നത്. ഏപ്രില്‍ ആദ്യത്തോടെ തുടങ്ങി ജൂണ്‍ വരെയാണ് എവറസ്റ്റിലേക്കു പോകാന്‍ സാധിക്കയുള്ളൂ. ആ സമയത്താണ് അന്തരീക്ഷം അനുകൂലമായുള്ളത്.

ഒരു മാസവും ഒരാഴ്ചയുമെടുത്തുകൊണ്ടുള്ളതായിരുന്നു എന്റെ യാത്ര. ആകാംക്ഷയും വെല്ലുവിളിയും നിറഞേഞ യാത്ര... ബേസ്‌ക്യാമ്പില്‍ എത്തുന്നതിനു മുന്‍പ് തന്നെ തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ എന്റെ ശരീരം കാണിച്ചു തുടങ്ങിയിരുന്നു. കഠിനമായ തല വേദനയും ചര്‍ദ്ദിയും എന്റെ ശരീരത്തെ തളര്‍ത്തിക്കളഞ്ഞു. എന്നാല്‍ അതിനെയെല്ലാം കൂടുതല്‍ വെള്ളം കുടിച്ചും വിശ്രമിച്ചും ഞാന്‍ നേരിട്ടു.

ബേസ്‌ക്യാമ്പില്‍ നിന്നും മുകളിലേക്ക് പോകുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു വരികയായിരുന്നു. അതിനാല്‍ തന്നെ കയറ്റത്തിന് വളരെയേറെ ബുദ്ധിമുട്ട് നേരിട്ടു. ഓക്‌സിജന്‍ കുറയുന്ന സമയത്തും ക്ലൈബ് ചെയ്യാന്‍ സാധിക്കുക എന്നതായിരുന്നു ഞാന്‍ നേരിട്ട പ്രധാനവെല്ലുവിളി. ഇതിനു മുന്‍പ് മൗണ്ട് ക്ലൈബിങ്ങിന് പോകാത്തതിനാലും അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ചെയ്യാത്തതിനാലുമെല്ലാം ക്ലൈബിങ്ങിനു വേണ്ട ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എനിക്കറിയില്ലായിരുന്നു. എന്റെ ഗൈഡ് അതെനിക്ക് ബ്രീഫ് ചെയ്തു തരിക മാത്രമാണ് ചെയ്തത്. അതിനാല്‍ തന്നെ അവ പെട്ടന്നുപയോഗിക്കാനും എനിക്ക് ബുദ്ധിമുട്ടുണ്ടായി.ഞാന്‍ മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭവും ഉണ്ടായിരുന്നു. സബ്മിറ്റ് പോയന്റില്‍ എത്തിക്കഴിഞ്ഞ് നാലാമത്തെ ക്യാമ്പിലേക്ക് പോകുന്ന വഴി ശക്തമായി മഞ്ഞു കാറ്റടിക്കുന്ന സാഹചര്യമുണ്ടാവുകയും ആ സമയത്ത് എന്റെ ഓക്‌സിജന്‍ തീര്‍ന്നു പോവുകയും ചെയ്തു. എക്‌സ്ട്രാ ഓക്‌സിജന്‍ സിലിണ്ടര്‍ കൈയ്യിലുള്ള ഗൈഡാകട്ടെ എന്നെക്കാള്‍ എത്രയോ മുന്നിലും. ആ സമയത്ത് വളരെ പിന്നിലായിരുന്ന ഞാന്‍ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലും. പിന്നീട് കട്രോള്‍ റൂമുമായി ബന്ധപ്പെട്ട് ഏകദേശം അര മണിക്കൂറിനു ശേഷമാണ് ഓക്‌സിജന്‍ എത്തിയത്. ആ അരമണിക്കൂര്‍ ശരിക്കും പറഞ്ഞാല്‍ നിര്‍ണ്ണായകമായിരുന്നു. മരണത്തിനും ജീവിതത്തിനു മിടയിലുള്ള പോരാട്ടത്തിന്റെ നിമിഷമെന്നൊക്കെ പറയില്ലെ അതു തന്നെ. യാത്രയിലുടനീളം ഐസ് ചൂടാക്കി വെള്ളമാക്കിയാണ് ഉപയോഗിച്ചിരുന്നത്. യാത്രയില്‍ ഇടയ്ക്കു വച്ച് ചൂടാക്കാനുള്ള ഇന്ധനം തീര്‍ന്നു പോവുകയും വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു.

കുംബു ഐസ്‌വാള്‍ ക്രോസ്‌ചെയ്യുന്നത് വലിയ സാഹസങ്ങളില്‍ ഒന്നായിരുന്നു. ഏത് നിമിഷം വേണമെങ്കിലും ഐസ് വാള്‍ തകരുകയും നമ്മള്‍ അതില്‍ പെട്ട് പോവുകയും ചെയ്യാം. അതിനാല്‍ തന്നെ ആ സ്ഥലത്ത് റെസ്‌റ്റെടുക്കാന്‍ പോയിട്ട് വെള്ളം കുടിക്കാന്‍ പോലും നില്‍ക്കാന്‍ ഗൈഡ് സമ്മതിക്കില്ലായിരുന്നു. എന്നാല്‍ വല്ലാതെ ദാഹിച്ചൊരു നിമിഷത്തില്‍ മരിച്ചാലും വെള്ളം കുടിച്ച് മരിക്കാമല്ലൊ എന്നു കരുതി ഞാന്‍ വെള്ളം കുടിക്കാന്‍ നിന്ന സന്ദര്‍ഭം വരെയുണ്ടായിട്ടുണ്ട്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ യാത്രയ്ക്കിടയില്‍ മരണപ്പെടുകയുമുണ്ടായി.

ഇത്തരത്തിലുള്ളയാത്രകള്‍ നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് അബ്ദുളിന്റെ അഭിപ്രായം. ജീവിതത്തില്‍ ഇങ്ങനെയുള്ള യാത്രകള്‍ ചെയ്യേണ്ടതുണ്ടെന്നും ഓരോ യാത്രയും നമുക്ക് ഓരോ പാഠങ്ങളാണെന്നും അബ്ദുള്‍ പറയുന്നു.

Read More : കെടുതികളോട് മല്ലിടാൻ കൈവേഗം കൊണ്ടൊരു ഉസൈൻ ബോൾട്ട് കളി; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബീഡി ഗ്രാമങ്ങളിലൂടെ

Next Story

Related Stories