TopTop
Begin typing your search above and press return to search.

ആഞ്ഞൊന്നു നീന്തിയാൽ റഷ്യയിലെ ഇവാൻഗൊറോഡിൽ എത്താം; എന്നിട്ടും എസ്തോണിയക്കാര്‍ അങ്ങനെ ചെയ്യാത്തതെന്ത്?

ആഞ്ഞൊന്നു നീന്തിയാൽ റഷ്യയിലെ ഇവാൻഗൊറോഡിൽ എത്താം; എന്നിട്ടും എസ്തോണിയക്കാര്‍ അങ്ങനെ ചെയ്യാത്തതെന്ത്?

എസ്തോണിയൻ അതിർത്തി നഗരമായ നർവയിൽ നിന്നും ആഞ്ഞൊന്നു നീന്തിയാൽ റഷ്യയിലെ ഇവാൻഗൊറോഡിൽ എത്താം. എന്നാലും ഒരു എസ്തോണിയക്കാരനും സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ റഷ്യയിലേക്ക് നീന്തിപ്പോകാത്തതെന്ത് എന്നത് അതിന്റെ എല്ലാ ഭൗമ-രാഷ്ട്രീയ സങ്കീർണതകളും വെച്ചുകൊണ്ട് ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്.

എസ്തോണിയയുടെ അറ്റത്തുനിന്നും റഷ്യയെ നോക്കാനാണ് ഞാൻ നർവയിലേക്ക് പോയത്. റഷ്യയുടെ അതിരിൽ നിന്നും എസ്തോണിയ കാണാനായി ഒന്ന് ചുറ്റിവരാനും എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇവാൻഗോറോഡിലേക്കുള്ള പ്രവേശനം അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് പതിമൂന്നാം നൂറ്റാണ്ടിലെ ഹെർമൻ കോട്ടയുടെ തണലിൽ നിന്നുകൊണ്ട് ഇരുണ്ടു ചുഴികുത്തിയൊഴുകുന്ന നർവ നദിയുടെ മറുകരയിൽ നോക്കിനിൽക്കുന്ന പതിനാലാം നൂറ്റാണ്ടിലെ ഇവാൻഗൊറോഡ് കോട്ടയെ നോക്കി ഞാൻ തൃപ്തിയടഞ്ഞു. അതൊരു വിഷാദസാന്ദ്രമായ ദൃശ്യമായിരുന്നു.

നൂറ്റാണ്ടുകളായി റഷ്യൻ, എസ്തോണിയൻ സംസ്കാരങ്ങളുടെ പങ്കുവെപ്പിലെ അസ്വസ്ഥതകൾ നിറഞ്ഞ ചരിത്രത്തിന്റെ പ്രതീകമാണ് നർവ. 1721 മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം സോവിയറ്റുകളിൽ നിന്നും എസ്തോണിയ സ്വതന്ത്രമാകുന്നത് വരെ-ഒന്നല്ല രണ്ടു തവണ- തുടർന്ന റഷ്യൻ അധിനിവേശം നഗരത്തിനു മേൽ ആഴത്തിലുള്ള പാടുകൾ പതിപ്പിച്ചിരിക്കുന്നു. എത്രയോ നൂറ്റാണ്ടുകൾ, കത്തോലിക്കാ മേധാവിത്തമുള്ള വടക്കൻ യൂറോപ്പും ഓർത്തഡോക്സ് മേധാവിത്തമുള്ള സ്ലാവോണിക് കിഴക്കും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ മുൻനിരയായിരുന്നു നർവ. രണ്ടു ലോകങ്ങളുടെ കവാടമായിപ്പോയതിന്റെ നിർഭാഗ്യം.

ഉടനെ സ്വതന്ത്രമാക്കാൻ പോകുന്ന എസ്തോണിയയുമായി ചേരാനാണ് 1917-ൽ നർവക്കാർ തീരുമാനിച്ചത്. 1944-ൽ രണ്ടാം ലോക മഹായുദ്ധത്തിൽ, പ്രധാനമായും സോവിയറ്റ് ബോംബാക്രമണത്തിൽ നഗരം ഏതാണ്ട് പൂർണമായും തകർന്നു. 1991-ൽ യു എസ് എസ് ആർ തകർച്ചയിൽ മോസ്കോവിൽ നിന്നും എസ്തോണിയ സ്വാതന്ത്ര്യം നേടിയതോടെ നർവക്കാർ ടാലിനൊപ്പം നിന്നു. ഇന്നിപ്പോൾ ഏതാണ്ട് 80 ശതമാനത്തോളം റഷ്യൻ വംശജരായ 70,000 ആളുകൾ നർവയിൽ താമസിക്കുന്നു. ടാലിനേക്കാൾ സെയിന്റ് പീറ്റേഴ്സ്ബർഗിന് അടുത്താണ് അത്; സാംസ്കാരികമായി റഷ്യനും, ഭൂമിശാസ്ത്രപരമായി എസ്തോണിയനും.

എന്റെ അല്പം ഇടത്തുമാറിയാണ് എസ്തോണിയയേയും റഷ്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന നദിക്കു കുറുകെയുള്ള സൗഹൃദ പാലം. ഇവാൻഗൊറോഡ് ഭാഗത്തു നിന്നും ട്രക്കുകളുടെ നീണ്ട നിരയുണ്ട്. നടന്നുപോകുന്നവരേയും എനിക്ക് കാണാം. ഞാൻ വായിച്ച അതിർത്തി കടന്നുള്ള ഗതാഗതം ഇതായിരിക്കും. ‘സാധാരണ’ എസ്തോണിയക്കാരെപ്പോലെയല്ല, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതിർത്തി കടന്നുള്ള യാത്രക്ക് അനുമതിയുണ്ട്. പലരുടെയും കുടുംബങ്ങൾ അതിർത്തിക്കപ്പുറത്താണ്. സാമ്പത്തികമായി മെച്ചപ്പെട്ട നർവയിൽ ജോലിക്കും സാധനങ്ങൾ വാങ്ങാനുമൊക്കെയായി ഇവാൻഗൊറോഡുകാർ പതിവായി വരാറുണ്ടെന്നും പറയുന്നു.

റഷ്യയുമായുള്ള ഈ അടുപ്പം വിസയുടെ കാശു ലാഭിക്കുമെങ്കിലും നർവകാർക്ക് അതിനു മറ്റൊരു തരത്തിൽ വില കൊടുക്കേണ്ടി വരുന്നുണ്ട്. ന്യായമായ ചരിത്രപരമായ കാരണങ്ങളുടെ പേരിൽത്തന്നെ മോസ്‌കോയെ എക്കാലത്തും സംശയദൃഷ്ടിയിൽ കാണുന്ന എസ്തോണിയക്കാർ, ‘റഷ്യക്കാരെ’ ഒരു കയ്യകലത്തിൽ നിർത്തുന്നു. എസ്തോണിയയിലെ പൗരത്വ നിയമങ്ങൾ റഷ്യൻ വംശജരെ ഒഴിവാക്കുന്ന തരത്തിലാണ്. നർവക്കാരിൽ ഗണ്യമായൊരു വിഭാഗം അതുകൊണ്ടുതന്നെ പൗരന്മാരുമല്ല. ഒന്നുകിൽ ‘ചാര’ നിറത്തിലുള്ള രേഖയോ (എസ്തോണിയൻ അന്യദേശക്കാരൻ), അല്ലെങ്കിൽ റഷ്യൻ പാസ്പോർട്ടോ ഉള്ളവരാണ് പലരും.

ഇതൊക്കെയായാലും ‘രാഷ്ട്ര രഹിതരായ എസ്തോണിയക്കാരായി’ കഴിയാനാണ് ഇവാൻഗൊറോഡിൽ താമസിക്കുന്നതിനേക്കാളും നർവക്കാർ താത്പര്യപ്പെടുന്നത്. ഇവിടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്, സാമ്പത്തിക ഭദ്രതയുണ്ട്, റോഡിൽ കുഴികൾ കുറവാണ്, അഴിമതിയും താരതമ്യേന കുറവാണ്. ഞാൻ നടക്കുന്ന ഈ പാത തന്നെ അതിനു ഉദാഹരണമാണ്.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ നദീതീരങ്ങളിൽ ഒരു നടപ്പാത പണിയാൻ യൂറോപ്യൻ യൂണിയൻ നർവക്കും ഇവാൻഗൊറോഡിനും പണം നൽകി. അതിർത്തിയിൽ ഐക്യവും വിനോദസഞ്ചാരവും മെച്ചപ്പെടുത്തലായിരുന്നു ലക്‌ഷ്യം. നർവ നടപ്പാത ഇപ്പോൾ പണി പൂർത്തിയായി, 830000 ഡോളർ ചെലവായി-അല്ലെങ്കിൽ അങ്ങനെയാണ് ന്യൂ യോർക്ക് ടൈംസ് എന്നോട് പറയുന്നത്. ഇവാൻഗൊറോഡിൽ എന്നാൽ ഇ.യുവിന് 1.2 ദശലക്ഷം ഡോളറിന്റെ ചെലവ് രശീതി കിട്ടി, മാത്രവുമല്ല ഇവിടുത്തേതിനേക്കാളും എട്ടു മടങ്ങ് ചെറിയ നടപ്പാത നിർമ്മിക്കുക എന്ന മഹത്തരമായ നേട്ടവും കൈവരിച്ചു. ഇതിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് നിങ്ങൾ ഊഹിച്ചാൽ മതി.

നടപ്പാതയെക്കുറിച്ചുള്ള കഥ തീർന്നില്ല. തങ്ങളുടെ ഇ. യു അംഗത്വത്തിൽ അഭിമാനം കൊള്ളുന്ന എസ്തോണിയ യൂറോപ്യൻ രാഷ്ട്രങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി, 28 ഇ.യു രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന ദീപശിഖകളോട് കൂടിയ ഒരു യൂറോപ്യൻ ചത്വരം കൂടി ഉണ്ടാക്കി. അവസാനമായി അത് കാണാൻ എനിക്ക് വലിയ ആഗ്രഹമായിരുന്നു. പ്രത്യേകിച്ച് വിട്ടു പോകുന്നതിനു മുമ്പ് ബ്രിട്ടന് സൗഹാർദപൂർവം സമർപ്പിച്ച ഒന്നായതുകൊണ്ട്.

ഞാൻ നടപ്പാതയിലൂടെ ആഞ്ഞു നടന്നു-നദീതീരത്തെ സായാഹ്നസവാരിക്കാരായ ആളുകളെന്നെ കൗതുകത്തോടെ നോക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ഇരുത്തിയ ചക്രവണ്ടികൾ തള്ളുന്ന അമ്മമാർ, നീളൻ ശീതക്കുപ്പായങ്ങൾ ധരിച്ച ‘ബാബുഷ്ക്ക’-മാർ -അമ്മൂമ്മമാർ, വലിയ ജീൻസുകൾ ഇട്ട ‘ഡെദുഷ്‌ക’-ന്മാർ- അപ്പൂപ്പന്മാർ, ചെറുപ്പക്കാരും മധ്യവയസ്കരുമായ ദമ്പതികൾ, ഗൗരവം വിടാത്ത പുരുഷന്മാരുടെ സംഘങ്ങൾ, പൊന്തൻ വർണ കുപ്പായങ്ങളിട്ട കുട്ടികൾ, ഒരൊറ്റ വിനോദ സഞ്ചാരിപോലുമില്ല. കൺസേർവറ്റീവ് കക്ഷിക്കാർക്ക് സാമാന്യബുദ്ധി പോലെ, നർവക്കാർക്ക് എന്റെ ഇരുണ്ട ഇന്ത്യൻ രൂപം തികച്ചും അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ചത്വരം നടപ്പാതയുടെ തുടക്കത്തിലാണ്. സിംഹങ്ങളുടെ പ്രതിമകളുള്ള, കുട്ടികളുടെ ഒരു കളിസ്ഥലത്തു നിന്നും അല്പം മാറി. വിളക്കുകൾ വൃത്തത്തിൽ കൃത്യമായ ഒരേ അകലത്തിൽ ഓരോ രാഷ്ട്രവും ഇ.യുവിൽ ചേർന്ന വർഷക്രമത്തിൽ വെച്ചിരിക്കുന്നു. രാഷ്ട്രങ്ങളുടെ പേര് എസ്തോണിയൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. മുമ്പിലേക്കും പിന്നിലേക്കും നടന്നാണെങ്കിലും SUUP BRITANIA (1973) IIRIMAA (അയർലൻഡ് ), Prantsusmaa (ഫ്രാൻസ് ), Saksamaa (ജർമ്മനി) എന്നൊക്കെ ഞാൻ കണ്ടുപിടിച്ചു.

ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയേറെ എസ്തോണിയൻ വാക്കുകൾ പഠിച്ചതിൽ എനിക്ക് സന്തോഷം തോന്നി.(Roosti എന്നാൽ സ്വീഡൻ, Soome ഫിൻലൻഡ്‌, ഇനിയും എന്റെ എസ്തോണിയൻ പ്രാവീണ്യത്തിൽ സംശയമുള്ളവർക്കാണ്). ബ്രെക്സിറ്റ്‌ നടപ്പായാൽ നർവയിലെ ഉദ്യാനപാലകർക്ക് ഇതൊന്നു ക്രമത്തിലാക്കാൻ വീണ്ടും പണിപ്പെടേണ്ടിവരും. ഇത് കൂടാതെ 11 രാഷ്ട്രങ്ങൾക്കായുള്ള സ്ഥലം ഒഴിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും പുറത്തുകടക്കാനുള്ള വഴി അതിലവർ കരുതിയിട്ടില്ല. ചത്വരത്തിൽ ഒരു വിടവുണ്ടാക്കാതെ എങ്ങനെയാകും അവർ ബ്രിട്ടനെ ഒന്ന് പുറത്തുകടത്തുക? വിളക്കുകൾ തമ്മിൽ ഒരേ അകലം പാലിക്കണമെങ്കിൽ രാജ്യങ്ങളെയാകെ ഇളക്കിപ്രതിഷ്ഠിക്കേണ്ടിവരും.

തെരേസ മെയ്‌ക്കെതിരായ എന്റെ കുറ്റപത്രത്തിൽ ‘നർവക്കെതിരായ അക്രമവും’ കൂടി ചേർത്ത് (നയതന്ത്രത്തിനെതിരായ കുറ്റകൃത്യവും, നൃത്തത്തിനെതിരായ കുറ്റകൃത്യവുമാണ് മറ്റു രണ്ടെണ്ണം) അകലെ കാണുന്ന ചുവന്ന ഇഷ്ടികകൾ കൊണ്ടുണ്ടാക്കിയ ഒരു കെട്ടിടം ലക്‌ഷ്യം വെച്ച് ഞാൻ നടപ്പാതയിലൂടെ ദൂരേക്ക് നടന്നു.

KIA , ഹോണ്ട, കുറച്ചു ഫോർഡുകൾ ഒക്കെ നിർത്തിയിട്ട ഒരു കാർ പാർക്കിങ് കടന്ന് ഞാനാ കെട്ടിടത്തിന്റെ ഒരു വശത്തുകൂടെ അതിനടുത്തെത്തി. ‘Narua Soudebaas’ എന്നായിരുന്നു അതിന്റെ പേര്.

സോവിയറ്റ് യൂണിയൻ അട്ടിച്ചമർത്തിയ 9 രാജ്യങ്ങളിലെ 10000-ത്തോളം വരുന്ന തടവുകാരെയും ബുദ്ധിജീവികളെയും പാർപ്പിച്ചിരുന്ന, അതിലെ 1000-ത്തോളം പേര് അറിയപ്പെടാത്ത ശ്മശാനങ്ങളിൽ കുഴിച്ചുമൂടപ്പെട്ട ഒരു തടവറയായിരുന്നു ഒരിക്കലതെന്ന് ഒരു ഫലകത്തിൽ എഴുതിവെച്ചിട്ടുണ്ട്. ഫലകത്തിൽ ഇംഗ്ലീഷിലും എസ്തോണിയനിലും മാത്രമല്ല റഷ്യനിലും എഴുതിയിട്ടുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം- റഷ്യക്കാരായ താമസക്കാർക്കും സഞ്ചാരികൾക്കും മനസിലാകാതെ പോകാതിരിക്കാനായിരിക്കും. നർവക്കാർക്കിടയിലെ റഷ്യൻ സ്നേഹികൾക്ക് എന്തുതോന്നുമെന്ന് ഞാനാലോചിച്ചു. മസിലു പെരുപ്പിച്ച പുടിനെ ഇഷ്ടപ്പെടുന്ന ഒരുപാടുപേർ അക്കൂട്ടത്തിലുണ്ടുതാനും. അവരുടെ ചരിത്ര വ്യാഖ്യാനം വേറൊന്നായിരിക്കുമോ?

ഞാൻ കെട്ടിടത്തിന്റെ അറ്റത്തേക്ക് നടന്നു. എന്നിട്ട് തിരിച്ചെത്തി സൗഹാർദ്ദ പാലത്തിന്റെ മുകളിൽ കയറി. ഇപ്പോൾ ഞാൻ നഗര മതിലിന്റെ മുകളിലാണ്. പാലത്തിലെ നീണ്ട നിര ഒഴിഞ്ഞിരിക്കുന്നു. നേർത്ത മഞ്ഞുപുതച്ച കുന്നിനരികിൽ നിന്നും വേലികെട്ടിയ പ്രധാന പാതയുടെ അപ്പുറത്തുള്ള ഹെർമൻ കോട്ടയുടെ ചുറ്റുമതിലും ഗോപുരവും എനിക്കിപ്പോൾ കാണാം.

സോവിയറ്റ് കാലത്തെ ഭവനസമുച്ചയങ്ങൾക്ക് ചുറ്റുമുള്ള ഒരു ചെറിയ പാതയിലൂടെ ഞാൻ നടന്നു. ആ പ്രദേശം മുഴുവൻ വേലി കെട്ടി തിരിച്ചിട്ടുണ്ട്. പാലത്തിനപ്പുറത്തേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് എനിക്ക് ദൂരെനിന്നുതന്നെ കാണാവുന്ന എസ്തോണിയൻ അതിർത്തി പരിശോധന കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ദിശ തിരിക്കുന്നു. ആരുടെയൊക്കെയോ അടുക്കളപുറത്തു കൂടെ നടന്നും, ഒഴിഞ്ഞ ഒന്നോ രണ്ടോ തെരുവുകളിലൂടെ നടന്നുമൊക്കെ ഞാൻ പരിശോധന കേന്ദ്രത്തിനടുത്ത് വണ്ടികൾ നിർത്തിയിടുന്ന ഗുഹ പോലൊരു സ്ഥലത്തെത്തി.

അന്നാട്ടിലെ ഭക്ഷണം എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹത്തിൽ അടുത്തുകണ്ട വർണാഭമായ SHAW@RMA എഴുതിവെച്ച ഒരു കടയിൽ കയറി. (നർവയിൽ ഇന്ത്യൻ ഭക്ഷണശാലകളില്ല എന്ന് ഞാൻ മനസിലാക്കിയിരുന്നു). 'ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഒഴുക്കുള്ള റഷ്യനിൽ ഞാൻ ഒരു ഷവർമ ആവശ്യപ്പെട്ടു, പെട്ടന്ന് കഴിച്ചും തീർത്തു. വലിയൊരു ഷവർമ 6.50 യൂറോയ്ക്ക്. കഴിച്ചു തീർന്നതോടെ ലോകവുമായി ഒരല്പം സമാധാനത്തിൽ കഴിയാം എന്ന അവസ്ഥയിലായി. ഞാൻ കഴിച്ചതില്‍ വെച്ച് ഏറ്റവും രുചികരമായ ഷവർമ, സെയിന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള നല്ല ചുട്ടെടുത്ത ബ്രെഡിൽ ഇറച്ചിയൊക്കെ നിറച്ച, ധാരാളം സോസുമായി ഉറപ്പായിട്ടും ഏതോ വിശുദ്ധ കരങ്ങളുണ്ടാക്കിയതാണ്. എസ്തോണിയയും റഷ്യയും തമ്മിൽ കുറച്ചുകൂടി തുറന്ന അതിർത്തിനയത്തിനുള്ള സാധ്യതകൾ അന്വേഷിക്കാനായി ഞാൻ അതിർത്തി പരിശോധനാകേന്ദ്രത്തിലേക്ക് നടന്നു.

ഏതാണ്ട് ഒഴിഞ്ഞുകിടന്ന വണ്ടികൾ നിർത്താനുള്ള സ്ഥലം പിന്നിട്ട് ഞാൻ നടന്നു. മൂന്നു വലിയ വണ്ടികളും ചെറിയ അഞ്ചാറു വണ്ടികളും തിരക്കിട്ട് ശൗചാലയത്തിലേക്ക് പോകുന്ന ചില സഞ്ചാരികളുമൊഴിച്ചല് അവിടം വിജനമായിരുന്നു. അതിര്‍ത്തി പരിശോധന കേന്ദ്രത്തിലും വണ്ടികളുടെ നിരയുണ്ടായിരുന്നില്ല.

സാധാരണ പരിശോധന കേന്ദ്രങ്ങളിൽ കാണിക്കാവുന്നതിലും കൂടുതൽ ജിജ്ഞാസയുമായി ഞാൻ കുറച്ചുനേരം ചുറ്റിപ്പറ്റി നടന്നെങ്കിലും ആരും തോക്കും ചൂണ്ടി വരികയുണ്ടായില്ല. ആരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞുമില്ല. വാസ്തവത്തിൽ ഇവാൻഗൊറോഡ് ഭാഗത്തു നിന്നും ഒരു വണ്ടി വരുംവരെ ഞാൻ ആരെയും കണ്ടില്ല. വണ്ടി വന്നപ്പോൾ രണ്ടു കാവൽക്കാർ, ഒരു സ്ത്രീയും ഒരു പുരുഷനും, പരിശോധനകൾക്കായി ഇറങ്ങിവന്നു. ലോകത്തെ എല്ലാ അതിർത്തി പരിശോധന കാവൽക്കാരെയും പോലെ അവർ നിങ്ങളുടെ പാസ്പോർട്ടിലേക്ക് അത് വ്യാജമാണ് എന്ന മട്ടിൽ തുറിച്ചു നോക്കും.

നിങ്ങളൊരു തട്ടിപ്പുകാരനാണ് എന്നറിയാം എന്നപോലെ നിങ്ങളെയും തുറിച്ചു നോക്കും. വീണ്ടും പാസ്പോർട്ടിലേക്ക് തുറിച്ചു നോക്കും. എന്നിട്ട് ഇത്തവണ സമ്മതിച്ചിരിക്കുന്നു, ഇനിയാവർത്തിക്കരുത് എന്ന മട്ടിൽ ഒരു സൗജന്യം ചെയ്യുന്ന മട്ടിൽ പാസ്‌പോർട്ടിൽ മുദ്രയടിച്ചു തിരികെ തരും. ഞാൻ തമാശ പറഞ്ഞാണ് കേട്ടോ. എസ്തോണിയൻ കാവൽക്കാർ വളരെ ശാന്തരാണ്. അവർ വണ്ടിക്കാരനോട് വണ്ടിയുടെ പിൻഭാഗം തുറക്കാൻ പറഞ്ഞു, രേഖകൾ ചോദിച്ചു, അത്രേയുള്ളു.

റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള നിതാന്ത ഭയത്തിൽ കഴിയുന്ന ഒളിപ്പോരിൽ പരിശീലനം നേടിയ 16000 പേരുടെ സന്നദ്ധസേനയുള്ള, പ്രത്യേക ദൗത്യസേന വരെയുള്ള ( “അവർക്ക് രണ്ടു ദിവസം കൊണ്ട് റ്റാലിനിലെത്താം, പക്ഷെ ടാലിനിൽ അവരുടെ കഥ കഴിയും”) ഒരു രാജ്യത്തിന്, അതിർത്തിയിലെ പരിശോധനാകേന്ദ്രം വലിയ സംഗതിയാണ്. എന്നാലും ഞാൻ പോയിട്ടുള്ള മറ്റു പല പരിശോധന കേന്ദ്രങ്ങളേക്കാളും സുഗമമായിരുന്നു അത്.

അപ്പോഴേക്കും സന്ധ്യയാകാൻ തുടങ്ങിയിരുന്നു. ടാലിനിലെത്താൻ എനിക്കിനിയും 200 കിലോമീറ്റർ വണ്ടിയോടിക്കണം. നദീതീരത്ത് നിർത്തിയിട്ട വാടകയ്‌ക്കെടുത്ത എന്റെ കാറിനരികിലേക്ക് നടക്കുമ്പോൾ, ഇരു കൈകളിലും വാങ്ങിയ സാധനങ്ങൾ നിറച്ച സഞ്ചികളുമായി ഇവാൻഗൊറോഡുകാർ പരിശോധനാകേന്ദ്രത്തിലേക്ക് നീങ്ങുന്നുണ്ട്. ആഴ്ച തോറും സാധനങ്ങൾ വാങ്ങാനായി അതിർത്തി കടന്നുപോകേണ്ടിവരുന്ന ഒരു സ്ഥലത്തു ജീവിക്കുക എന്നത് തീർച്ചയായും അസാധാരണമായ കാര്യമാണ്.


Next Story

Related Stories