യാത്ര

സഞ്ചാരികള്‍ കാരണം നശിച്ച ‘ബോറാക്കെ’ വീണ്ടും തുറന്നു!

എല്ലാ വര്‍ഷവും പതിനായിരത്തോളം ആളുകളെ ആകര്‍ഷിക്കുന്ന മെയ് ഒന്നിന് നടക്കുന്ന ‘ലാബോറാക്കെ’ ബീച്ച് പാര്‍ട്ടിയും നിരോധിച്ചു

പതിറ്റാണ്ടുകളായുള്ള സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് മൂലം നാശം സംഭവിച്ച ഫിലിപ്പീന്‍സിലെ പ്രശസ്തമായ ദ്വീപായ ബോറാക്കെ അധികൃതര്‍ അടച്ചിട്ടിരുന്നു. ഇപ്പോള്‍ ബോറാക്കെ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഞ്ചാരികളുടെ ഒഴുക്ക് മൂലം ദ്വീപില്‍ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടായത്.

ഏപ്രില്‍ മാസമാണ് ദ്വീപ് സന്ദര്‍ശകര്‍ക്കായി അടച്ചത്. ഹോട്ടലില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് കാരണം ദ്വീപ് ഒരു മാലിന്യക്കൂമ്പാരം ആയെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടെ കുറ്റപ്പെടുത്തിയതിന് ശേഷമാണ് ദ്വീപ് അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇവിടുത്തെ റിസോര്‍ട്ടില്‍ ഇപ്പോള്‍ ചില കര്‍ശനമായ നിയമനങ്ങള്‍ ഉണ്ട്. ബീച്ചില്‍ മദ്യപാനം നിരോധിച്ചിരിക്കുകയാണ്. സഞ്ചാരികളുടെയും ഹോട്ടലുകളുടെയും എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാവും. ബീച്ചില്‍ ഇനി ഉഴിച്ചില്‍, ബോണ്‍ഫയര്‍, കച്ചോടം, നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. കെട്ടിടങ്ങളൊക്കെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ബീച്ചിന് ചുറ്റിനും 30 മീറ്റര്‍ ബഫര്‍ സോണ്‍ സൃഷ്ടിച്ചിട്ടുണ്ട്.

മറൈന്‍ ജീവശാസ്ത്രജ്ഞര്‍ ഇവിടെ പരിശോധനയും പഠനവും നടത്തുന്നതിനാല്‍ താത്കാലികാലമായി സ്‌ക്യൂബാ ഡൈവിംഗ്, ജെറ്റ് സ്‌കൈയിങ്, കിറ്റ്-ബോര്‍ഡിങ് എന്നിവ നിരോധിച്ചിരിക്കുകയാണ്. ഡ്യുറ്റര്‍ട്ടെയുടെ ആഗ്രഹപ്രകാരം ബോറാക്കെയിലെ മൂന്ന് കാസിനോകള്‍ എന്നത്തേക്കുമായി നിര്‍ത്തലാക്കി.

മുന്‍പ് ഏകദേശം 20 ലക്ഷത്തോളം സഞ്ചാരികള്‍ ഒരു വര്‍ഷം ഇവിടെ എത്താറുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള നിര്‍മ്മാണങ്ങളും മറ്റും ഈ ദ്വീപിനെ ഒരുപാട് നാശത്തിലേക്ക് എത്തിച്ചു. ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നതിന് മുന്‍പ് ബോറാക്കെയിലെ പുക്ക ബീച്ചിന്റെ ഒരു ചിത്രം സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ആറ് മാസം കൊണ്ട് വെള്ളത്തിന്റെ ഗുണവും, പവിഴപ്പുറ്റുകള്‍ കൂടൂതല്‍ മെച്ചപ്പെടുകയും ചെയ്തെന്ന് ദ്വീപിലെ ഡൈവിംഗ് അസോസിയേഷന്‍ പ്രസിഡന്റ് മൈക്കിള്‍ എ മാര്‍ട്ടിലാനോ പറഞ്ഞു. മദ്യപാനവും പുകവലിയും മാത്രമല്ല എല്ലാ വര്‍ഷവും പതിനായിരത്തോളം ആളുകളെ ആകര്‍ഷിക്കുന്ന മെയ് ഒന്നിന് നടക്കുന്ന ‘ലാബോറാക്കെ’ ബീച്ച് പാര്‍ട്ടിയും നിരോധിച്ചിട്ടുണ്ട്.

‘നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യാനും, എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി നടത്താനും ബോറാക്കെയില്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇനി കാര്യങ്ങള്‍ പഴയതുപോലെ ആയിരിക്കില്ല. അതേസമയം, ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ബീച്ചിലെ മറ്റു വിനോദങ്ങള്‍ക്ക് കുറവുണ്ടാവില്ല. ‘- മൈക്കിള്‍ പറഞ്ഞു. ബോറാക്കെയിലെ ഭാവിയെപ്പറ്റി അദ്ദേഹത്തിന് കൂടുതല്‍ പ്രതീക്ഷകളാണ് ഉള്ളത്. ‘ഇനി ബോറാക്കെയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കോ അല്ലെങ്കില്‍ ജോലിക്കാര്‍ക്കോ വേറൊരു മാനസികാവസ്ഥ ആയിരിക്കും. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.’- മൈക്കിള്‍ പറഞ്ഞു.

പൈശാചിക വേഷം കെട്ടി എത്തുന്ന ഹാലോവീന്‍ ഉത്സവത്തിന് 2000 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്!

മറ്റാരും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?

“ജീവിതത്തിലെ ‘എവറസ്റ്റു’കള്‍ ആദ്യം കീഴടക്കൂ”: ചില പെണ്‍ മല കയറ്റങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍