TopTop

ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി ഇ-വിസ ഫീസ് വര്‍ധനവ്

ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി ഇ-വിസ ഫീസ് വര്‍ധനവ്
വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിപ്പിച്ച് 20 മില്യണിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള ഇ-വിസയുടെ ഫീസ് 60 ശതമാനം ഉയര്‍ത്തിയ നടപടിയാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കുന്നതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിസ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നും ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടു.

ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കുള്ള ഇ-വിസ ഫീസ് 50 ഡോളര്‍ മുതല്‍ 80 ഡോളര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഉയര്‍ത്തിയത്. യുഎസിലെയും ബ്രിട്ടണിലെയും സഞ്ചാരികളുടെ ഇ-വിസാ ഫീസ് 75 ഡോളറില്‍ നിന്ന് 100 ഡോളറിലേക്കാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

''നമുക്ക് എങ്ങനെയാണ് വിസ നിരക്കുകള്‍ ഉയര്‍ത്തിയാല്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാകുന്നത് ? പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു കളയുന്നതു പോലെയാണ് ഇത്.'' - അസോചം ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ സുഭാഷ് ഗോയല്‍ പറയുന്നു.

''ട്രാവല്‍ വ്യവസായത്തിന്റെ പ്രതിനിധികളില്‍ നിന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയില്ല. ഒരു രാത്രി കൊണ്ടാണ് വിസ ഫീസില്‍ വര്‍ദ്ധനവ് ഉണ്ടായത്. വിദേശ രാജ്യങ്ങള്‍ വിസാ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുകയും ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്ള ചാര്‍ജുകള്‍ കുറയ്ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ അതിന് വിപരീതമായ നടപടികളാണ് സ്വീകരിക്കുന്നത്'' - ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് മുന്‍ വൈസ് പ്രസിഡന്റ് രാജീവ് കോഹ്ലി പറയുന്നു.

നിരക്കുകളിലെ വര്‍ധനവിനെ കുറിച്ച് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്‍പ് ടൂറിസം മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കഴമ്പുണ്ടെന്നും പ്രശ്‌നം സര്‍ക്കാരിന്റെ മുന്നിലെത്തിക്കുമെന്നും ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല വ്യക്തമാക്കി.

ഇ-വിസ സംവിധാനം 2014 നവംബര്‍ മുതലാണ് ഇന്ത്യ ആരംഭിച്ചത്. 43 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇ-വിസ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നതെങ്കിലും പിന്നീട് 163 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഇ-വിസകള്‍ നിലവില്‍ ലഭ്യമാകുന്നത്.

ടൂറിസം മിനിസ്ട്രിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2017-ല്‍ 10.18 മില്യണ്‍ വിദേശ സഞ്ചാരികളാണ് ഇന്ത്യയിലേക്കെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.6 ശതമാനം വര്‍ധനവാണിത്. ഇ-വിസയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1.7 മില്യണാണ്. 2016-നെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവാണിത്.

ട്രാവല്‍ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ഫീസ് വര്‍ധിക്കുന്നത് ഗ്രൂപ്പ് ബുക്കിംഗിനെ ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിദേശ വിനിമയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധിച്ച ഫീസില്‍ നിന്ന് ശേഖരിക്കുന്ന തുക വളരെ നിസാരമാണെന്നും അവര്‍ പറയുന്നു.

''ഇന്ത്യയില്‍ ഇ-വിസ സംവിധാനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയും ടൂറിസത്തില്‍ വളര്‍ച്ചയും ഉണ്ടായിക്കൊണ്ടിരുന്ന ഈ സമയത്താണ് ഇ-വിസ ഫീസ് വര്‍ദ്ധിപ്പിച്ചത്. മറ്റ് രാജ്യങ്ങളില്‍ ടൂറിസം വളര്‍ച്ച പ്രാപിക്കുന്നത് ലക്ഷ്യമിട്ട് ഇ-വിസ ഫീസുകള്‍ കുറച്ചു കൊണ്ടിരിക്കുകയാണ്. ''ഗവണ്‍മെന്റിന്റെ ഈ തീരുമാനം കൊണ്ട് ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറയില്ല. എന്നാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ചിലവുകള്‍ വര്‍ദ്ധിക്കും'' - തോമസ് കൂക്ക് ഗ്രൂപ്പിന്റെ ട്രാവല്‍ വിഭാഗമായ ടിസിഐയുടെ മാനേജിംഗ് ഡയറക്ടര്‍ ദീപക് ദേവ പറഞ്ഞു.

Next Story

Related Stories