TopTop
Begin typing your search above and press return to search.

മണിപ്പൂരിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര/ യാം നോവലിന്റെ യാത്രവിവരണം

മണിപ്പൂരിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര/ യാം നോവലിന്റെ യാത്രവിവരണം

നാലുപാടും മലനിരകളാല്‍ ചുറ്റപ്പെട്ട് നീര്‍ത്തടങ്ങളാല്‍ സമ്പുഷ്ടമായ മണിപ്പൂര്‍ താഴ്വരയാണ് ലക്ഷ്യം. നാഗാലാന്‍ഡിലെ ദിമാപൂര്‍ വഴി കുഴികള്‍ നിറഞ്ഞ ഇന്‍ഡോ ബര്‍മ റോഡിലൂടെ മാത്രമേ താഴ്വാരത്തിലേക്കു എളുപ്പമെത്തിച്ചേരാനാവൂ. തെക്കന്‍ അസാമില്‍ നിന്നും ബരാക്ക് ചുരം വഴി ദേശീയപാതയുണ്ടെങ്കിലും അതൊട്ടും സഞ്ചാരയോഗ്യമല്ല. അസം അതിര്‍ത്തിയില്‍ വന്നു നില്‍ക്കുന്ന തീവണ്ടിപ്പാതയെ പടിഞ്ഞാറന്‍ മലകള്‍ തുരന്ന് ഇംഫാലില്‍ എത്തിക്കാനുള്ള പദ്ധതി പ്രാരംഭദശയിലുമാണ്. വഴിയില്‍ ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന പട്ടാള ചെക്ക്‌പോസ്റ്റുകള്‍, കൈക്കൂലിക്കായി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം യാത്രയെ കൂടുതല്‍ ദീര്‍ഘിപ്പിക്കും. ഈ അസൗകര്യങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയാന്തരീക്ഷവുമാവാം സഞ്ചാരികളെ ഇവിടെനിന്നകറ്റി നിര്‍ത്തുന്നത്.

ഇന്‍ഡോ-ബര്‍മ റോഡ്

പുലര്‍വേളയില്‍ കോടമഞ്ഞു മൂടിയ മലനിരകള്‍ കടന്നു ഇംഫാലില്‍ പ്രവേശിക്കുമ്പോള്‍ മഴ പെയ്തുതോര്‍ന്നിരുന്നു. അധികം തിരക്കില്ലാത്ത ചെറുനഗരത്തില്‍ ഒട്ടേറെ പട്ടാള വാഹനങ്ങളും കവലകളില്‍ വ്യന്യസിക്കപ്പെട്ട സൈനികരും. ഈ സൈനിക വിന്യാസത്തെ പറ്റിയാണല്ലോ മണിപ്പുരിനെ നാം അടയാളപ്പെടുത്തുന്നത്. ചരിത്രമുറങ്ങുന്ന കാങ്ല കോട്ടയാണ് ഇംഫാലിലില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. നൂറ്റാണ്ടുകളായി രാജാക്കന്മാരും ബ്രിട്ടീഷുകാരും പിന്നെ 2004 വരെ അസം റൈഫിള്‍സും കിടങ്ങിനാല്‍ ചുറ്റപ്പെട്ട ഈ കോട്ടയിലിരുന്ന് താഴ്വരയെ നിയന്ത്രിച്ചു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഈ സംരക്ഷിത സ്മാരകം മണിപ്പൂരിന്റെ വിശ്വാസങ്ങളില്‍ പരിപാവനമായ ആരാധനാകേന്ദ്രംകൂടിയാണ്. വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, സംസ്‌കാരത്തിന്റെ, അധികാരത്തിന്റെയെല്ലാം മാറ്റങ്ങള്‍ക്ക് സാക്ഷിയായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളുംപേറി കാങ്ല നിലകൊള്ളുന്നു.

കെയ്ബുള്‍ ലാംജാവോ ദേശീയോദ്യാനം

കെയ്ബുള്‍ ലാംജാവോ ദേശീയോദ്യാനത്തിലെ ആള്‍ത്തിരക്കില്ലാത്ത നിരീക്ഷണഗോപുരത്തില്‍ വച്ചാണ് ബക്കറിനെ പരിചയപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന സാന്‍ഗായ് മാനുകളുടെ ഏക സ്വാഭാവിക വാസസ്ഥലം ദേശാടനപക്ഷികളുടെ ഇടത്താവളം കൂടിയാണെന്നറിഞ്ഞത് പക്ഷി നിരീക്ഷണത്തിനായെത്തിയ അന്നാട്ടുകാരനായ ആ വിദ്യാര്‍ത്ഥിയില്‍ നിന്നാണ്. പുല്‍മൂടിയ ചതുപ്പുനിലങ്ങളും തൊട്ടു കിടക്കുന്ന ലോക്-തക് തടാകവും ഹിമാലയം കടന്നെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമേകുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ലോക്-തക് ഫ്യൂമിഡ്സ് എന്ന് വിളിക്കുന്ന പൊങ്ങിക്കിടക്കുന്ന പ്രകൃതിദത്ത തുരുത്തുകള്‍ക്ക് പ്രശസ്തമാണ്. തടാകത്തിനു നടുവിലെ തുരുത്തിലേക്കുള്ള യാത്രയില്‍ മീന്‍ പിടിക്കാനായി ഉണ്ടാക്കിയെടുത്ത വര്‍ത്തുള നിര്‍മിതികള്‍ (അതമ്പംസ്) കാണാം. തടാകത്തിന്റെ ഉപരിതലം മുഴുവന്‍ വ്യാപിക്കുന്ന ഇത്തരം നിര്‍മിതികളും കൈയേറ്റങ്ങളും തടാകത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുക മാത്രമല്ല, മണിപ്പുര്‍ താഴ്വാരം ജലസേചനത്തിനും വൈദ്യുതിക്കും എല്ലാം ആശ്രയിക്കുന്ന തടാകത്തിന്റെ നിലനില്‍പിനുതന്നെ ഭീഷണിയാകുന്നു. ലോക്-തകിന്റെ നാശം മണിപ്പൂരിന്റെ പരിസ്ഥിതിക്കും സാമ്പത്തികസ്ഥിതിക്കും നല്‍കിയേക്കാവുന്ന ആഘാതം അളവറ്റതായിരിക്കും. ഫ്യുമിഡ്‌സും സാന്‍ഗായ് മാനുകളും നല്‍കുന്ന അസാധാരണത്വത്തിനപ്പുറം തടാകവും പുല്‍മേടും നല്‍കുന്ന പതിവ് കാഴ്ചകളില്‍ കൂടുതലൊന്നും ലോക്-തകില്‍ ഒരു വിനോദ സഞ്ചാരിയെ കാത്തിരിക്കുന്നില്ല.

ഇംഫാലിലേക്കുള്ള തിരികെ യാത്രയില്‍ ഞങ്ങളെയും ഒപ്പംകൂട്ടി ഡ്രൈവ് ചെയ്യുമ്പോള്‍ മണിപ്പൂരിനെ പറ്റി ബക്കര്‍ ഒരുപാട് വിശേഷങ്ങള്‍ പങ്കുവെച്ചു. സംസ്‌കാരവും സംഗീതവും കൃഷിയും രാഷ്ട്രീയവും എല്ലാം വിഷയമായി വന്നു. മണിപ്പൂര്‍ നിയമസഭയിലേക്ക് ദേശീയ ജനാധിപത്യസഖ്യം ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പ് ഫലം വന്നു ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. തൊണ്ണൂറ്റി ഒന്ന് വോട്ടിന്റെ കണക്ക് നാം ചര്‍ച്ച ചെയ്യുന്ന, ഇറോം ശര്‍മിള കേരളത്തില്‍ അതിഥിയായുണ്ടായിരുന്ന ദിവസങ്ങളിലൊന്ന്. പൊരുത്തപ്പെടാത്ത ആ കണക്കിന്റെ കാരണം ആശ്രിത വത്സലനായ മുന്‍മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കാനുള്ള ഇറോമിന്റെ തീരുമാനമാണത്രെ. അധികാരത്തിലിരുന്ന സമയത്ത് സ്വന്തം മണ്ഡലത്തിലെ കുടുംബങ്ങളിലെ ഒരാളെയെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ച ആ നേതാവിനെയവര്‍ ഇറോമിനെക്കാള്‍ സ്‌നേഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലുള്ള മെല്ലെപ്പോക്കും സ്വജനപക്ഷപാതവും അഴിമതിയുമെല്ലാം പുതിയ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാരണമായി. ജനാധിപത്യം തിരഞ്ഞെടുക്കാനുള്ള ചില ചോയ്സുകളെ നമുക്ക് നല്‍കുന്നുള്ളൂ, അതെപ്പോഴും ശ്രേഷ്ഠമാകണമെന്നില്ലല്ലോ.

ഇടത്തും വലത്തും തട്ടുകളായി ഉയര്‍ന്നു പോകുന്ന നെല്‍പാടങ്ങളുടെ നടുവിലൂടെയുള്ള ചെറിയ പാതയില്‍ സ്‌കൂള്‍ സമയം അവസാനിച്ചതിന്റെ തിരക്ക്. മണിപ്പൂരിന്റെ തനതു വേഷമായ ഫനേക്ക് ധരിച്ചു നീങ്ങുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, നാളത്തെ മേരി കോമും ഇറോമുമൊക്കെ ഉണ്ടാവുമതില്‍. സ്ത്രീകള്‍ മാത്രം നടത്തിപ്പുകാരായുള്ള ഇംഫാലിലെ ഇമ കെയ്ത്തെല്‍ ചന്ത വനിതകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്ന മണിപ്പൂരിന്റെ സാമൂഹികവ്യവസ്ഥയുടെ പ്രതിരൂപമാണ്. മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനു കൂടുതല്‍ വില കല്‍പിക്കുന്ന ഒരു സാമൂഹികവ്യവസ്ഥ കൂടിയാണത്.

ലോക്-തക് തടാകം

നാടന്‍ ശീലുകളും പോപ്പ് സംഗീതരീതികളും ഇഴചേരുന്ന മണിപ്പൂരി പാട്ടുകളുടെ പശ്ചാത്തലത്തില്‍ സംസാരം തുടര്‍ന്നുകൊണ്ടിരിക്കെയാണ് 'അഫ്സ്പ'യെ (പ്രത്യേക ആയുധ നിയമം) പറ്റി ആ യുവാവിനോട് ചോദിച്ചത്. വായിച്ചതും കേട്ടതുമൊക്കെ എത്രത്തോളും സത്യമാണെന്ന് പറയാന്‍ അതനുഭവിച്ചവരോളം വരില്ലലോ ആരും. ഇന്ത്യന്‍ യൂണിയനില്‍ മണിപ്പൂരിനെ ലയിപ്പിക്കാന്‍ നടത്തപ്പെട്ട വിവാദ നടപടിയെപറ്റിപ്പറഞ്ഞാണ് അവന്‍ ആ വിഷയത്തിലേക്ക് വന്നത്. രാത്രി പുറത്തിറങ്ങുമ്പോള്‍ ഉണ്ടായിട്ടുള്ള ചോദ്യം ചെയ്യലുകളെക്കുറിച്ചു അവന്‍ പറഞ്ഞവസാനിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് പണ്ട് അവര്‍ക്കു നല്‍കിയ ഉറപ്പുകളെക്കുറിച്ചാണ്. ഉപാധികളോടുകൂടിയുള്ള ഉറപ്പുകളൊന്നും ഏറെ ദൂരം പോകുകയില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി തന്നെ പറഞ്ഞിരുന്നുവല്ലോ അല്ലെ. അത്രത്തോളം മനുഷ്യത്വ രഹിതമായ ആ നിയമം ഇന്നും അവിടെ പ്രയോഗത്തിലിരിക്കുന്നു, റെയ്ഡുകള്‍, മുഷിപ്പിക്കുന്ന ചോദ്യം ചെയ്യലുകള്‍ എല്ലാം അവരിപ്പോഴും അനുഭവിക്കുന്നു. സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിച്ച ഒരു ദേശത്തിനെ നിര്‍ബന്ധിച്ചു കൂടെ കൂടിയിട്ടും നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം പോലും അവര്‍ക്കു നല്‍കാന്‍ നമുക്ക് കഴിയാത്തതെന്തുകൊണ്ടാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(ഒരു സ്വകാര്യ സ്ഥാപനത്തില്‍ സാങ്കേതികത വിദഗ്ധനായി പ്രവര്‍ത്തിക്കുകയാണ് പ്രമുഖ ബ്ലോഗ് എഴുത്തുകാരന്‍ കൂടിയായ യാം നോവല്‍)


Next Story

Related Stories