കൂടെ കൂടെയുള്ള ഹെയര്‍ പിന് തിരിവുകള്‍ കാണുമ്പോള്‍ ഒരേ സമയം ഭയവും ജിജ്ഞാസയും അരിച്ച് കയറുന്നുണ്ടായിരുന്നു..
‘കാലുകളും കൈകളും മരവിച്ച അവസ്ഥയായിരുന്നു. തണുപ്പുകൊണ്ട് ബുള്ളറ്റിന്റെ ഗിയര്‍ ഷിഫ്റ്റിംഗ് വരെ ബുദ്ധിമുട്ടായി. കൂടെ കൂടെയുള്ള ഹെയര്‍ പിന് തിരിവുകള്‍ കാണുമ്പോള്‍ ഒരേ സമയം ഭയവും ജിജ്ഞാസയും അരിച്ച് കയറുന്നുണ്ടായിരുന്നു. റോഡിലെ കുണ്ടിലും കുഴിയിലുമെല്ലാം ഐസാണ്. വലിയ കുഴികളില്‍ ഐസ് ഉരുകി നിറഞ്ഞിരിക്കുന്നു. അതിലൂടെ വേണം പോകാന്‍ ഒരു നിമിഷം എന്തെന്നറിയാതെ നിന്നു പോയി. വെള്ളം നിറഞ്ഞ വലിയ കുഴികളില്‍ ഉരുളന്‍ കല്ലുകള്‍ ഉണ്ടായിരുന്നു. ഐസ് ഉരുകിയുണ്ടായ വെളളത്തിലേക്ക് ബുള്ളറ്റ് ഇറക്കി. ബുള്ളറ്റിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതു പോലെ തോന്നി. ടയറിന് ഗ്രിപ്പും കിട്ടുന്നില്ല. വഴുവഴുപ്പ് കാരണം കാലു ഒരിടത്തു കുത്താന്‍ പറ്റുന്നില്ല. ഒരു വിധത്തില്‍ അവിടുന്ന് രക്ഷപ്പെട്ടു. പക്ഷെ രണ്ടാമത്തെ കുഴി ആദ്യത്തേതില്‍ നിന്ന് അപകടം കൂടിയതായിരുന്നു. ഞങ്ങള്‍ രണ്ട് പേരുടെയും ബുള്ളറ്റ് മറിഞ്ഞു.’
സ്ത്രീകള്‍ക്ക് സാധിക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ലെന്ന് തെളിയിക്കാനായി പതിനെട്ടുകാരായ രണ്ട് മലയാളി പെണ്‍കുട്ടികള്‍ ഹിമാലയത്തിലേക്ക് ബുള്ളറ്റ് ഓടിച്ചുപോയതിന്റെ അനുഭവമാണിത്. അപകടങ്ങളെ തൊട്ടുമുന്നില്‍ കണ്ടുകൊണ്ട് ഈ പെണ്‍കുട്ടികള്‍ നടത്തിയ യാത്രക്ക് ഒരുപ്പാട് കഷ്ടപ്പാടിന്റെ കഥകളുണ്ട്. തങ്ങള്‍ നടത്തിയ സാഹസികമായ യാത്രയെ കുറിച്ച് വിവരിക്കുകയാണ് ചാലക്കുടി സ്വദേശി ടി.എം അനഘയും മുരിങ്ങൂര്‍ സ്വദേശിയായ ആന്‍ഫി മരിയ ബേബിയും-
‘വുമണ്‍ എംപവര്‍മെന്റ് റൈഡ്‘
യാത്രകളോട് ഒരു വല്ലാത്ത ക്രേയിസായിരുന്നു ഞങ്ങള്‍ക്ക്. യാത്ര പോവുകയാണെങ്കില്‍ ബുളളറ്റിലായിരിക്കണം. ഞങ്ങള്‍ ഇരുവര്‍ക്കും യാത്രകള്‍ ഇഷ്ടമാണെങ്കിലും ആന്ഫിയാണ് ആദ്യമായി ഹിമാലയ യാത്രയെ കുറിച്ച് എന്നോട് (ടി.എം അനഘ) പറയുന്നത്. അന്ന് ഞങ്ങള്‍ക്ക് ബൈക്ക് ഓടിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കുറച്ചു നാള് ആഗ്രഹം മനസില്‍ കൊണ്ടു നടന്നു. മുമ്പ് ഹിമാലയ യാത്ര നടത്തിയവരില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിച്ചു. വളരെ അപകടം പിടിച്ച യാത്രയാണ് ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് പോകാന്‍ സാധിക്കില്ല എന്നായിരുന്നു ചോദിച്ചവരുടെ എല്ലാം അഭിപ്രായം. പക്ഷെ സ്ത്രീകള്‍ക്ക് സാധിക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ലെന്ന് ഞങ്ങള്‍ക്ക് തെളിയിക്കണമായിരുന്നു. അതുതന്നെയായി ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. ഞങ്ങള്‍ ഇരുവരും യാത്രയെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും വീട്ടില്‍ പറഞ്ഞു. മനസില്ലാ മനസോടെയാണ് ഒടുവില്‍ അവര്‍ സമ്മതിച്ചത്. പിന്നീട് ആവേശത്തോടെ യാത്രക്കുള്ള തയാറെടുപ്പുകളായിരുന്നു.
പരിഹാസവും നിരുത്സാഹപ്പെടുത്തലും കരുത്തായ് മാറുന്നു
‘നിങ്ങള്‍ ഹിമാലയത്തിലേക്ക് ബുള്ളറ്റിലാണോ? ഏത് ലോറിയില്‍ കയറ്റിയാണ് ബുള്ളറ്റ് കൊണ്ടു പോകുന്നത്? കാല് എത്തുമോ?’ മിക്കയിടത്ത് നിന്നും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇതുപോലെയുള്ള പരിഹാസങ്ങളായിരുന്നു. കൂട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പ്രോത്സാഹനങ്ങളൊന്നും കിട്ടാതായത് ഞങ്ങളെ കുറച്ച് ഒന്നുമല്ല നിരാശപ്പെടുത്തിയത്. ചിലര്‍ ഞങ്ങള്‍ക്കെതിരെ ട്രോളുകള്‍ വരെയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമല്ല, സര്‍ക്കാരില്‍ നിന്നും യാത്രക്കായി അഞ്ചു ലക്ഷം രൂപ അനുവദിച്ചെന്നുമറ്റും പറഞ്ഞ് വിവാദങ്ങളും നേരിടേണ്ടി വന്നു. സര്‍ക്കാരില്‍ നിന്നും രൂപയൊന്നും ഞങ്ങള്‍ വാങ്ങിയിട്ടല്ല. പക്ഷെ അവരൊക്കെ കളിയാക്കുന്നത് തുടരുകയായിരുന്നു. വാസ്തവത്തില്‍ രണ്ട് വ്യകതികള്‍ മാത്രമാണ് യാത്രക്ക് ചെറുതായാണെങ്കിലും സഹായിച്ചത് (രണ്ട് ലക്ഷം രൂപയാണ് ഈ യാത്രക്കായി ചിലവ് വന്നത്).
യാത്ര വളരെ അപകടം പിടിച്ചതാണെന്ന് മനസിലാക്കി പിന്ന്തിരിയണമെന്ന മാനസികാവസ്ഥയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ വാശിയാണ് തോന്നിയത്. എന്ത് തന്നെ വന്നാലും യാത്ര ഒഴിവാക്കില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. യാത്രക്ക് ചിലവ് അധികമാണെങ്കിലും ഒപ്പം ഒരു ക്യാമറാമാനെയും കൂട്ടിയിരുന്നു. ഞങ്ങള്‍ ഹിമാലയം പോയി എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു അത്. ഞങ്ങള്‍ രണ്ട് ബുള്ളറ്റുകളിലായി മുന്നില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് പുറകില്‍ കാറിലായിരുന്നു തൃശൂര്‍ സ്വദേശിയായ ക്യാമറമാന് യദു ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് റെന്റിനെടുത്ത ബുള്ളറ്റിലാണ് എന്റെ (ആന്‍ഫി) യാത്ര. സ്വന്തം ബുള്ളറ്റിലായിരുന്നു അനഘയുടെ യത്ര.
ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും ഹിമവാന്റെ മടിത്തട്ടിലേക്ക്
ജൂണ്‍ രണ്ടിന് അതിരാവില തന്നെ ഉറക്കമുണര്‍ന്നിരുന്നു. തലേദിവസം യാത്രയ്ക്ക് കൊണ്ടു പോകാനുള്ള ലഗേജുകള്‍ എല്ലാം പാക്ക് ചെയ്ത് വെച്ചിരുന്നു. ഹിമാലയത്തിലേക്കുള്ള യാത്രയെന്നൊക്കെ പെട്ടെന്ന് പറഞ്ഞ് പോകാമെങ്കിലും ഞങ്ങള്‍ക്ക് നല്ലപോലെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. തലേന്ന് രാത്രി ഉറങ്ങിയോന്ന് തന്നെ അറിയില്ല. എന്ത് തന്നെയായാലും അതിരാവിലെ തന്നെ ഞങ്ങള്‍ എഴുന്നേറ്റു. മഞ്ഞുള്ള പ്രഭാതം ഒരു റൈഡര്‍ ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണത്. ഛണ്ഡീഗണ്ഡ് വഴി മണാലി എത്തുക അതായിരുന്നു യാത്രയിലെ ആദ്യ ലക്ഷ്യം.
മണാലിയിലേക്കുള്ള യാത്രയില്‍ നല്ല വഴികളായിരുന്നു. പരമാവധി വേഗത്തിലാണ് ബുള്ളറ്റ് ഓടിക്കുന്നത്. റൈഡ് ആരംഭിച്ച് സൂര്യന് തെളിഞ്ഞപ്പോള്‍ ചൂട് കാറ്റായിരുന്നു എതിരേറ്റത്. അതുകൊണ്ട് തന്നെ ദാഹവും അധികമായിരുന്നു. ഒപ്പം കരുതിയ വെള്ളം കുടിക്കാനായി പല തവണ റോഡരികില്‍ നിര്‍ത്തേണ്ടി വന്നു. പിന്നീട് ആ കാറ്റ് ചെറുകുളിരിലേക്കും നല്ല തണുപ്പിലേക്കും വഴിമാറി. ഏകദേശം രാത്രി പത്തരയോടെ മണാലിയില്‍ എത്തി.
മണാലിയിലെ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. വനത്തിനുള്ളില്‍ ടെന്റ് കെട്ടി അവിടെയാണ് അന്ന് സ്റ്റേ ചെയ്തത്. അവിടെ നിന്ന് കിട്ടുന്ന വെള്ളം, ഭക്ഷണം, ക്ലൈമെറ്റ് എല്ലാം പുതിയതായിരുന്നു ഞങ്ങള്‍ക്ക്. വനത്തിനുള്ളില്‍ ട്രക്കിംഗ് നടത്തുന്നവര്‍ക്കായി ക്യാമ്പ് ഉണ്ടായിരുന്നു. അവരോടൊപ്പം ഞങ്ങളും ചേര്‍ന്നു. ഐസ് ഉരുകി വരുന്ന വെള്ളത്തില്‍ കാടിനുളളില്‍ തന്നെയുള്ള കുളി.. ഹാ പറഞ്ഞറിയിക്കാന്‍ കഴിയില്ല ആ അനുഭവം. യാത്രയുടെ ക്ഷീണം ആ ഒറ്റക്കുളി കൊണ്ട് ഒഴുക്കി കളഞ്ഞു.
അന്ന് ദിവസം അവിടെ തങ്ങണമെന്ന് വിചാരിച്ചിരുന്നില്ല. ഹിമാലയ റൂട്ടുകളില്‍ ഉയരത്തിലേക്ക് യാത്ര നടത്തുന്നവര്‍ ഓക്സിജന്‍ ബോട്ടിലുകള്‍ കൈയില്‍ കരുതണമായിരുന്നു. കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി ജാക്കറ്റുകളും കൂടുതല്‍ വേണ്ടിയിരുന്നു. മണാലിയില്‍ നിന്ന് ഇവയെല്ലാം തരപ്പെടുത്തി. ഹിമാലയത്തിലേ ഉയര പ്രദേശങ്ങളിലെ റോഡില്‍ സഞ്ചരിക്കാന്‍ അനുവാദം നല്കുന്ന റൊതാങ് പാസ് സംഘടിപ്പിച്ചു. പാസിനായി ബുള്ളറ്റിന് 250 രൂപയും കാറിന് 350 രൂപയും നല്‍കിയതായാണ് ഓര്‍മ്മ. ഇതിനെല്ലാം വേണ്ടി അവിടെ നില്‍ക്കേണ്ടി വന്നു.
ഒരു രാത്രി മണാലിയില്‍ കഴിഞ്ഞ് പിറ്റേന്ന് 6.30 യോടെ വീണ്ടും യാത്ര ആരംഭിച്ചു. മുന്നോട്ട് പോയപ്പോഴാണ് അവിടെയൊക്കെ നമ്മുക്ക് പിടിക്കുന്ന ഭക്ഷണങ്ങളൊന്നുമില്ലെന്ന് മനസിലായത്. പേര് കേട്ട സാഹസിക പാതകളിലൊന്നായ മണാലി, ലേ വഴികളിലെ ജനങ്ങള്‍ ടിബറ്റ് സംസ്കാരത്തില്‍ നിന്നുള്ളവര്‍ ആയതുകൊണ്ട് തന്നെ അവരുടെ രുചിഭേദങ്ങള്‍ വ്യത്യസ്തമാണ്. കിട്ടുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കേണ്ട അവസ്ഥയായി. റൊട്ടിയും അച്ചാറും മാത്രമാണ് ഞങ്ങള്‍ കഴിച്ചത്. മറ്റൊന്നും കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല.
റോഡുകളെല്ലാം പുഴപോലെയായിരുന്നു. വശങ്ങളില് ഐസ് ഉരുകി ഒലിച്ചിറങ്ങുന്ന നല്ല തണുപ്പുള്ള ജലം ഈ വഴികളെയെല്ലാം ഒരു പുഴയുടെ പ്രതീതിയാണ് തന്നത്. മണാലിയില്‍ നിന്ന് ജിസ്പ എന്ന സ്ഥലമായിരുന്നു അടുത്ത ലക്ഷ്യം. താഴെ നിന്ന് മുകളിലേക്ക് കയറുന്ന ഒരു ഫീലാണ് ഈ യാത്രയില്‍ അനുഭവപ്പെട്ടത്. ഓരോ വളവും തിരിയുമ്പോള്‍ അടുത്തത് എന്താണെന്ന് ഒരു പിടിയും കിട്ടില്ല. അവിടേക്ക് എത്രയും പെട്ടെന്ന് എത്തണമെന്ന് തിടുക്കമായിരുന്നു ഞങ്ങള്‍ക്ക്.
അതുകൊണ്ട് അധിക സ്ഥലങ്ങളില്‍ ഒന്നും ബുള്ളറ്റ് നിര്‍ത്തിയില്ല. അവിടുത്തെ നാട്ടുകാര്‍ ഞങ്ങളോട് വഴിയില്‍ വെച്ച് എന്തോ പറഞ്ഞു. പക്ഷെ അവര്‍ എന്താണ് പറഞ്ഞതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. വളരെ അപകടം നിറഞ്ഞ യാത്ര തന്നെയായിരുന്നു ജിസ്പയിലേക്കുള്ള യാത്ര. ഉച്ചസമയത്തായിരുന്നു യാത്ര അതുകൊണ്ട് തന്നെ ഐസ് ഉരുകുന്നത് മറ്റ് സമയങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. വളരെ വീതി കുറഞ്ഞ വഴികളിലൂടെയുള്ള യാത്ര.
കൂടെ കൂടെയുള്ള ഹെയര്‍ പിന് തിരിവുകള്‍ ഒരേ സമയം ഭയവും ജിജ്ഞാസയും ഉണ്ടാക്കിയ നിമിഷങ്ങളായിരുന്നു അത്. തണുപ്പുകൊണ്ട് കാലുകളും കൈകളും മരവിച്ച അവസ്ഥയായി. ബുള്ളറ്റിന്റെ ഗിയര്‍ ഷിഫ്റ്റിംഗ് വരെ വളരെ അധികം ബുദ്ധിമുട്ടായി. റോഡിലാണെങ്കില് അരക്കൊപ്പം വെള്ളത്തില്‍ വലിയ കുഴികളില്‍ ഐസ് ഉരുകി നിറഞ്ഞിരിക്കുന്നു. അതിലൂടെ വേണം പോകാന്‍ ഒരു നിമിഷം എന്തെന്നറിയാതെ നിന്നു പോയി. അപ്പോഴാണ് അല്പം മുമ്പ് വഴിയില്‍ വെച്ച് നാട്ടുകാര്‍ പറഞ്ഞത് ഈ അപകട സൂചനയെ കുറിച്ചായി്രുന്നുവെന്ന് മനസിലായത്.
ഈ സമയം ക്യാമറമാനുള്പ്പെടെ ഞങ്ങള്‍ മൂന്നു പേര് മാത്രമാണ് ആ വഴിയില്‍ ഉണ്ടായിരുന്നത്. പക്ഷെ തിരിച്ച് പോകാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. ഏതായാലും രണ്ടുംകല്‍പ്പിച്ച് ഐസ് ഉരുകിയുണ്ടായ വെളളത്തിലേക്ക് ബുള്ളറ്റ് ഇറക്കി. ബുള്ളറ്റിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതു പോലെയാണ് ആദ്യം തോന്നിയത്. ടയറിന് ഗ്രിപ്പ് കിട്ടുന്നില്ല. പോരാതത്തിന് വെള്ളം നിറഞ്ഞ വലിയ കുഴികളില്‍ ഉരുളന്‍ കല്ലുകള്‍ ഉണ്ടായിരുന്നു. കാല് കുത്താന്‍ ശ്രമിച്ചെങ്കിലും വഴുവഴുപ്പ് കാരണം ഒരിടത്തും ചുവടുറപ്പിക്കാന്‍ പറ്റുന്നില്ല. എങ്കിലും ഒരു വിധം അവിടം കടന്നു. ആരുടെയും സഹായമില്ലാതെ ഇനിയും ഇത്തരം കുഴികളിലൂടെ ബുള്ളറ്റ് ഓടിക്കണമെന്നോ എന്നായി ചിന്ത.
റോഡുകള്‍ക്ക് അപ്പുറവും ഇപ്പുറവും മലകളും അഗാധമായ ഗര്ത്തങ്ങളുമായിരുന്നു. അവിടെ കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. പുറകില്‍ നിന്ന് മറ്റൊരു യാത്ര സംഘത്തെ കണ്ടതോടെ അല്പം കൂടി ധൈര്യം കിട്ടി. യാത്ര തുടര്‍ന്നു. പക്ഷെ അടുത്ത കുഴി ആദ്യത്തേതിനെക്കാള്‍ അപകടം കൂടിയതായിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും ബുള്ളറ്റ് മറിഞ്ഞു. പുറകിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശികളായ യാത്രാ സംഘത്തിന്റെ സഹായം ഒരിക്കലും മറക്കില്ല.
വീണ്ടും റോഡില്‍ വെള്ളം നിറഞ്ഞ വലിയ കുഴികളുണ്ടായിരുന്നെങ്കിലും അപകട സാധ്യത കുറഞ്ഞവയായിരുന്നു അവയെല്ലാം. വളഞ്ഞുപുളഞ്ഞ റോഡിലൂടെ തണുപ്പത്ത് ബുള്ളറ്റില്‍ റൈഡ് ചെയ്യുക ഇത് ഞങ്ങളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലൂടെയായിരുന്നു ഞങ്ങള്‍ അപ്പോള്‍ യാത്ര ചെയ്തുകൊണ്ടിരുന്നത്. ജിസ്പയില്‍ നിന്നും സര്ച്യൂവിലേക്കായിരുന്നു ഞങ്ങളുടെ ബുള്ളറ്റ് കുതിച്ചത്. ഹിമാചല്‍ പ്രദേശും ജമ്മുകശ്മീരും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന സര്ച്യു. സര്ച്യു കഴിഞ്ഞാല്‍ ജമ്മു-കശ്മീരിലെ ലഡാക്ക് മേഖലയാണ്. മനോഹരമായ വഴിതാരകളിലൂടെയായിരുന്നു കടന്നുപോയികൊണ്ടിരുന്നത്.
സര്ച്യുവിലേക്കുള്ള യാത്ര മധ്യേ റോഡുകളുടെ വശങ്ങളില് ആറടി പൊക്കത്തില്‍ മഞ്ഞ് മലകളായിരുന്നു അതിനിടയിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത്. ആള് പാര്പ്പിലാത്ത് കുഞ്ഞന്‍ വീടുകള്‍ അവിടെ കാണാം. കൊടിയ തണുപ്പായതിനാല്‍ അവര്‍ തല്‍ക്കാലത്തേക്ക് വീടുകള്‍ ഉപേക്ഷിച്ച് പോയതാണെന്ന് തോന്നുന്നു. സര്ച്യുവിലേക്കുള്ള യാത്രയായിരുന്നു നന്നായി പ്രയാസമായത്. ഇടതു വശത്തൂകൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തൊട്ടപ്പുറം അഗാധമായ കൊക്കളായിരുന്നു. മഞ്ഞുരുകി റോഡില്‍ തെന്നലുള്ളതിനാല്‍ വളരെ അധികം ശ്രദ്ധയോടെയാണ് ബുള്ളറ്റ് ഓടിച്ചിരുന്നത്. ഒന്ന് തെന്നിയാല്‍ എല്ലാം തീര്‍ന്നു.
അതുവഴി തിരിച്ച് വരുന്ന സമയം അത്ര അപകടകരമല്ല. കാരണം വലതു വശത്ത് മലകളായതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടാലും താഴേക്ക് പോകുമെന്ന പേടി വേണ്ട. പിന്നെ കൊക്കകള്‍ കാണുമ്പോഴുള്ള പേടിയും ഉണ്ടാവില്ല. സര്ച്യു എത്തിയപ്പോഴേക്കും മുന്നോട്ടുള്ള യാത്ര തടസ്സമാകുന്ന തരത്തില്‍ വെള്ളക്കെട്ടായിരുന്നു. വെളളക്കെട്ടുണ്ടെന്നും യാത്ര അപകടം നിറഞ്ഞതരണെന്നും ഗ്രാമവാസികള്‍ പറഞ്ഞപ്പോള്‍ ജിസ്പയിലേക്കുള്ള യാത്രയില്‍ നേരിട്ട അനുഭവം ഓര്‍ത്തപ്പോള്‍ അവിടെ ഒരു ദിവസം സ്റ്റേ ചെയ്യുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. യാത്രയില്‍ ഒമിറ്റിംഗും മറ്റുമായി അനഘ വളരെയധികം ക്ഷീണിച്ചിരുന്നതിനാല്‍ കുറച്ചു വിശ്രമം അത്യാവശ്യമാണെന്നും ഞങ്ങള്‍ക്കും തോന്നി.
കട്ടിയുള്ള തുണി ടെന്റുകളിലായിരുന്നു താമസം. ഞങ്ങളെ കൂടാതെ പതിനാറോളം യാത്രികരും അവിടെ ഉണ്ടായിരുന്നു. കനത്ത മഞ്ഞായതിനാല്‍ വെള്ളതിന് വളരെയധികം ബുദ്ധിമുട്ടിപ്പോയി. മഞ്ഞ് കട്ട പൊട്ടിച്ചും പൊടിച്ചുമാണ് വെള്ളം എടുത്തിരുന്നത്. പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ സൗകര്യങ്ങള്‍ ഇല്ലായിരുന്നു എന്നതും വലിയ ഒരു പ്രതിസന്ധിയായി. കുടിക്കാനുള്ള വെള്ളം ടെന്റില്‍ ഉണ്ടായിരുന്നത് ഭാഗ്യമായിരുന്നു. ഒരു വിധം എങ്ങനെയൊക്കെയോ അവിടെ കിടന്ന്, പിറ്റേ ദിവസം അതിരാവിലെ തന്നെ യാത്ര തുടര്‍ന്നു.
ഇപ്പോള്‍ ഇന്ത്യ – ചൈന ബോര്‍ഡറിലൂടെയാണ് യാത്ര. നിബ്രവാലി വഴി പങ്ങോംങ് ലേക്കിലെത്തി. ലേക്കിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് ഇന്ത്യയുടേതായിട്ടുള്ളത്. ബാക്കി ചൈനയുടേതാണ് (യഥാര്‍ഥത്തില്‍ തിബറ്റന്‍ ഭാഗമാണ്. പക്ഷെ തിബറ്റ്, ചൈനയാണ് ഭരിക്കുന്നത്) പണ്ട് കാലത്ത് ഹിമാലയം സമുദ്രത്തിനടിയിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു ഈ പ്രദേശമെന്നും പറയപ്പെടുന്നു. ഇവിടുത്തെ ഉപ്പ് കലര്‍ന്ന വെള്ളം അതാണ് സൂചന നല്‍കുന്നതെന്നും കൂടെയുണ്ടായിരുന്ന സഞ്ചാരികള്‍ പറഞ്ഞു തന്നു.
ഈ തടാകത്തില്‍ ഒരു കോയിന് ഇട്ടാല്‍ അത് ആഴത്തില്‍ തിളങ്ങുന്നത് വ്യക്തമായി കാണാം. അത്രക്ക് തെളിഞ്ഞതാണ് പങ്ങോംങ് ലേക്കിലെ ജലം. ഈ തടാകത്തിലേക്ക് നോക്കുന്നത് തന്നെ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്. ഹിമാലയത്തിന്റെ ഭംഗി മതിവരോളം നുകര്‍ന്നിട്ടും നിര്‍ത്താന്‍ തോന്നുന്നില്ല. ഒരുവിധത്തില്‍ മനസ്സിനെ മെരുക്കിയാണ് അവിടെ നിന്ന് യാത്ര തുടരാന്‍ തീരുമാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മോട്ടോര്‍ റൈഡ് റോഡുകളിലൊന്നായ കര്ദുങ്കല പാതയിലേക്കുള്ള റൂട്ടും ഇവിടെ തന്നെയാണ്. അവിട് നിന്ന് കാര്‍ഗിലും പിന്നെ ശ്രീനഗറും ഒടുവില്‍ നീണ്ട യാത്രയിലൂടെ ജമ്മുവിലും എത്തി. ഇനി നാട്ടിലേക്കുള്ള യാത്രയാണ്. പഞ്ചാബ്- ഹരിയാണ-ഡല്‍ഹി-മഹാരാഷ്ട്ര വഴി നാട്ടിലേക്ക്.
7000 കിലോമീറ്റര്‍.. 19 ദിവസത്തെ യാത്ര.. ഒടുവില്‍ ഞങ്ങള്‍ അത് സാധിച്ചു. ഞങ്ങളെ പരിഹസിച്ചവര്ക്ക്.. നിരുത്സാഹപ്പെടുത്തിയവര്ക്ക്.. അവര്‍ക്ക് മറുപടിയായി ഞങ്ങളത് സാധിച്ചു. ഞങ്ങളുടെ സ്വപ്നമായിരുന്ന യാത്ര.. തനിയെ ബുള്ളറ്റ് ഓടിച്ചുകൊണ്ടുള്ള യാത്ര.. തണുപ്പത്ത് ഹെയര്‍പിന്‍വളവുകള്‍ താണ്ടിയുള്ള യാത്ര.. അതെല്ലാം സാധിച്ചു. ഞങ്ങളുടെ യാത്ര അവസാനിക്കുകയല്ല, ഇതൊരു തുടക്കം മാത്രമാണിത്.
ഇഷ്ടപ്പെട്ട കാഴ്ചകള്‍
ഹിമാലയത്തിലേക്കുള്ള യാത്രയില്‍ വഴിയില്‍ മഞ്ഞ് പുകകളിലൂടെ കുറെ ആട്ടിന്‍ കൂട്ടങ്ങളെ മേയ്ച്ച് വരുന്ന മനുഷ്യര്‍.. സിനിമകളില്‍ ഒക്കെ കാണുന്നതുപോലെ റോഡിന് ഇരുവശവും കൂട്ടം തെറ്റി ഓടിയ ആട്ടിന്‍ കൂട്ടത്തിനായി വാഹനം ഒതുക്കി നിര്‍ത്തി അത് ആസ്വാദിച്ചു. കശ്മീര്‍ മേഖലയില്‍ റോഡിന് ഇരുവശവും പൂക്കളാല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള റൈഡ്.. കിലോമീറ്ററോളം മഞ്ഞ് മരുഭൂമിക്ക് നടുവിലൂടെ യാത്ര, പിന്നെ കിലോമീറ്ററോളം ടണലിനുള്ളിലൂടെയുള്ള യാത്ര, വനമേഖലയിലൂടെയുള്ള യാത്ര. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു ഇപ്പോള്‍..
ഹിമാലയത്തിലേക്കുളള സാഹസിക യാത്ര പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയപ്പോള്‍ പലരും അഭിനന്ദിച്ചെങ്കിലും തനിക്ക് ഏറെ സന്തോഷം നല്‍കിയത് മറ്റൊന്നാണ് എന്ന് ആന്‍ഫി പറയുന്നു. ഹിമാലയ യാത്ര വളരെ അധികം ബുദ്ധിമുട്ടള്ളതാണെന്നും തന്നോട് അതില്‍ നിന്ന് പിന്തിരിയണം എന്നാണ് പാലക്കാട് സ്വദേശിയായ ഒരു സുഹൃത്ത് പറഞ്ഞത്. എന്നാല്‍ യാത്ര പൂര്‍ത്തിയാക്കി തിരിച്ച് വന്നപ്പോള്‍ ആ സുഹൃത്ത് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ട് പറഞ്ഞത് അവളുടെ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ഞങ്ങളുടെ യത്ര ഗുണം ചെയ്തു എന്നാണ്. ‘വുമണ്‍ എംപവര്‍മെന്റ് റൈഡ്’ എന്ന ഞങ്ങളുടെ ലക്ഷ്യം ശരിക്കും യഥാര്‍ഥ്യമായി എന്ന് ആ വാക്കുകളിലൂടെ ഞങ്ങള്‍ അറിയുകയായിരുന്നു.
റോയല്‍ ക്യൂന്‍ റൈഡേഴ്സ് ഗ്രൂപ്പ്- സ്ത്രീകള്‍ക്കായി ബൈക്ക് റൈഡ് ഗ്രൂപ്പ്
ആന്ഫിയുടെയും അനഘയുടെയും നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു യാത്രാ ഗ്രൂപ്പ് തന്നെയുണ്ട്. റോയല്‍ ക്യൂന്‍ റൈഡേഴ്സ് എന്നാണ്
ഈ യാത്രാക്കൂട്ടത്തിന്റെ പേര്. വീട്ടമ്മമാരുള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നായി 60-ഓളം അംഗങ്ങള്‍ ഈ സംഘടനയില്‍ ഉണ്ട്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ബുള്ളറ്റില്‍ ഒരു യാത്ര ഇവര്‍ പ്ലാന്‍ ചെയ്യും. ഇത് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കും. എല്ലാവരും ചേര്‍ന്ന് ബുള്ളറ്റില്‍ തന്നെ യാത്ര നടത്തും. ഇനി ബുള്ളറ്റ് റൈഡിംഗ് അറിയാത്തവര്‍ക്ക് ആന്‍സിയും അനഘയും തന്നെ പരിശീലനം നല്‍കും.
ടി. എം അനഘ & ആന്‍ഫി മരിയ ബേബി
തൃശൂര്‍ ചാലക്കുടി സ്വദേശിയാണ് അനഘ. മാള കാരമെല്‍ കോളജില്‍ ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥിനി. തൊഴുത്തു പറമ്പില്‍ മണികുട്ടനും സജിതയും മാതാപിതാക്കള്‍. സഹോദരന് അക്ഷയ്.
തൃശൂര്‍ മുരിങ്ങൂര്‍ സ്വദേശിയാണ് ആന്‍ഫി. കോയമ്പത്തൂരില്‍ ബിബിഎ വിദ്യാര്‍ഥിനി. ആറ്റുപാടം എലവത്തിങ്കലില് ബേബി ജോസഫും മിനി ബേബിയും മാതാപിതാക്കള്‍. സഹോദരന് ആല്വിന് ബേബി.
ഇരുവരും, പ്ലസ്ടുവിന് ചാലക്കുടി എസ്.എച്ച് സ്കൂളില്‍ ഒരുമിച്ചാണ് പഠിച്ചിരുന്നെങ്കിലും സുഹൃത്തുക്കളായിരുന്നില്ല. പക്ഷെ ബുള്ളറ്റിനോടുള്ള കമ്പവും യാത്രകളോടുള്ള ഇഷ്ടവും ഇവരുടെ സുഹൃത്ത് ബന്ധത്തിന് തുടക്കമിട്ടു. സോഷ്യല്‍ മീഡികളിലെ യാത്ര ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് ഹിമാലയ യാത്രയിലേക്ക് ഇവരെ എത്തിച്ചത്.