Top

'എന്‍ഫീല്‍ഡില്‍ ഒരു ഹിമാലയന്‍ യാത്ര'

ചെറുപ്പം മുതലുള്ള ഒരാഗ്രഹമാണ് ഹിമാലയം കാണുക എന്നത്. എന്‍ഫീല്‍ഡ് വാങ്ങിയപ്പോള്‍ ആഗ്രഹം അതില്‍ ഹിമാലയത്തിലേക് പോകണം എന്നായി. വണ്ടിയെടുത്തു മൂന്നാം ദിവസം ട്രയലായിട്ട് ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും ഹരിദ്വാര്‍ വഴി ഋഷികേശിനു ഒരു വണ്‍ ഡേ ട്രിപ്പ് നടത്തി, അടിപൊളി എന്നല്ലാതെ എന്ത് പറയാനാ! ഇതിനെ കുറിച്ച് പിന്നീടു പറയാം. ഇപ്പോള്‍ ഹിമാലയന്‍ യാത്ര കുറിച്ച് ആവട്ടേ..

യമുനോത്രി !

അങ്ങനെ ഞാനും എന്റെ സുഹൃത്തും കൂടെ ഹിമാലയം കാണാന്‍ ഡല്‍ഹിയില്‍ നിന്നും യമുനോത്രിക്ക് 2017 ജനുവരി ഒന്നിന് യാത്ര പുറപ്പെട്ടു. യാത്രയുടെ പ്ലാന്‍ യമുനോത്രി ആയിരുന്നേലും പെട്ടന്നാണ് പ്ലാന്‍ മാറ്റിയത്. ഞങ്ങള്‍ അങ്ങനാണ് എപ്പോള്‍ വേണേലും പ്ലാന്‍ മാറ്റികൊണ്ടിരിക്കും. ഡെറാഡൂണ്‍ വഴി മസ്സൂറിക്ക് ആണ് ആദ്യം പോയത്. രാവിലെ 6 മണിക്ക് ഇറങ്ങി, പ്ലാന്‍ അനുസരിച്ച് 290കി.മീ, 7 മണിക്കൂര്‍ റൈഡ്. പക്ഷെ ഡെറാഡൂണില്‍ നിന്നും മുസ്സൂറിക്ക് ഉള്ള 34 കി.മീ എത്താന്‍ തന്നെ എടുത്തു 4 മണിക്കൂര്‍. ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞു ആളുകള്‍ മല ഇറങ്ങുന്നതിന്റെ ട്രാഫിക് ബ്ലോക്ക്, അല്ല ടെറിഫിക് ബ്ലോക്ക്! ബൈക്ക് ആയതുകൊണ്ടാണ് എത്തിയത് കാര്‍ ആയിരുന്നേല്‍ പിന്നെയും നാലു മണികൂര്‍ കൂടി എടുത്തേനെ. കൂടെ ഉള്ള ആള്‍ വണ്ടി ഓടിക്കാന്‍ പഠിച്ചതെ ഉള്ളു, പിന്നെ കോണ്‍ഫിഡന്‍സും കുറവാണെന്ന് പറഞ്ഞത് കാരണം, മുഴുവന്‍ ട്രിപ്പും ഞാന്‍ ഒരു ഡ്രൈവര്‍ ആയിരുന്നു. പക്ഷേ എല്ലാരും പറഞ്ഞു മാത്രം കേട്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡ് റൈഡിങ് ഞാന്‍ ആസ്വദിക്കുകയായിരുന്നു.

മസൂറി.. 'കുന്നുകളുടെ രാജകുമാരി'ശരിക്കും അങ്ങനെ തന്നെ തോന്നി..' Musosorie 'The Queen of Hills' . റൂം എടുത്തു ഫ്രഷ് ആയി. ഒരു ചായ കുടിക്കണം, വല്ലതും കഴിക്കണം, നല്ല വിശപ്പും തണുപ്പാണെല്‍ -3°C. അങ്ങനെ പുറത്തോട്ടു ഇറങ്ങിയപ്പോള്‍ ദാണ്ടേ.... ജീവിതത്തിലെ ഞങ്ങളുടെ ആദ്യത്തെ മഞ്ഞ് മഴ.. ഹൂയോ! ഹെല്‍മെറ്റ് വച്ചോണ്ടാണ് ഇറങ്ങിയത്, അതുകൊണ്ട് ക്യാപ് എടുത്തില്ലാരുന്ന. ഹെല്‍മെറ്റ് വച്ചോണ്ട് വഴിയില്‍ കൂടെ നടക്കാന്‍ പറ്റില്ലല്ലോ. പിന്നെ ഞങ്ങള്‍ രണ്ടു ക്യാപ് വാങ്ങി അങ്ങ് നടന്നു. മഞ്ഞ് മഴ കുറച്ചേ ഉണ്ടാരുന്നുള്ളു പക്ഷെ ഞങ്ങള്‍ക്ക് അത് ഒരുപാട് ആയിരുന്നു. മുസ്സൂറിയില്‍ നിന്നാല്‍ ഡെറാഡൂണ്‍ മുഴുവനും കാണാം, രാത്രിയില്‍ ഇത് കാണാന്‍ ഭയങ്കര രസമാണ്, ട്രൈപോഡ് എടുക്കാതെ പോയത് കൊണ്ട് ആ ഫോട്ടോ നല്ലതായി കിട്ടിയില്ല.

പിറ്റേന്ന് രാവിലെ തന്നെ യമുനോത്രിക്ക് വിട്ടു, 134KM എത്താന്‍ 8മണിക്കൂറോളം വേണ്ടി വന്നു. ഹോ അത് ഞാന്‍ എങ്ങനെ എഴുതി വിവരിക്കും എന്നറിയില്ല. യാത്ര തികച്ചും സാഹസികം ആയിരുന്നു. യാത്രയിലുടനീളം മലയിടുക്കിലൂടെ ഒഴുകുന്ന യമുനാ നദിയെ ഞങ്ങള്‍ പിന്തുടര്‍ന്നു. കൊടും തണുപ്പായിരുന്നു, യമുനോത്രി അടുക്കുംതോറും തണുപ്പ് കൂടി വന്നു -13°C. പല സ്ഥലങ്ങളിലും മല ഇടിച്ചിലും, മുകളീന്ന് കല്ലുരുണ്ട് വീഴുന്നും ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഉരുണ്ടു വീണ കല്ലില്‍ ഇടിച്ചു ആക്‌സിഡന്റ്ഉം ഉണ്ടായി. ഭാഗ്യം കൊണ്ടും വണ്ടി എന്‍ഫീല്‍ഡ് ആയതു കൊണ്ടും രക്ഷ പെട്ടു.കെപംറ്റി വെള്ളച്ചാട്ടം (KEMPTY FALLS) പോകുന്ന വഴിയിലാരുന്നു. അവിടെ വെള്ളച്ചാട്ടത്തിന്റെ താഴോട്ട് പോകാന്‍ കേബിള്‍ കാറും, മുകളിലൊട്ടു പോകാന്‍ പടികളും ഉണ്ട്. പടികളിലൂടെ മുകളിലോട്ടു പോകാനാണ് തീരുമാനിച്ചത്. ചെറിയ ഒരു ട്രെക്കിംഗ്. കുറച്ചു ദൂരമേ പടികള്‍ ഉള്ളു പിന്നെ കാടാണ്. മുകളില്‍ ചായക്കട ഒക്കെ ഉണ്ട്. അവിടുന്ന് ചായയും മാഗിയും കഴിച്ചു. ഇവിടുത്തെ പ്രധാന ഭക്ഷണം ആണ് മാഗ്ഗി, എല്ലാ കടയിലും കിട്ടും. ഇവിടെ എത്ര നേരം ഇരുന്നാലും മടുക്കില്ല, വെള്ളച്ചാട്ടത്തിലിരുന്നു ചായകുടിച്ചത് ഒരു പുതിയ അനുഭവം ആയിരുന്നു. പക്ഷെ ലക്ഷ്യത്തിലെത്താന്‍ ഇനിയും പോകാനുള്ളതുകൊണ്ട് വീണ്ടും വരാം എന്ന് പറഞ്ഞു ഇറങ്ങി. മുസ്സൂറി വന്നപ്പോള്‍ മുതല്‍ കാണുന്നതാ ഇവിടെ പണിതിട്ടുള്ള കെട്ടിടങ്ങള്‍ റോഡില്‍ നിന്നും നോക്കുമ്പോള്‍ ഒരു നിലയെ ഉള്ളു. പക്ഷെ താഴോട്ട് 5ഉം 6ഉം നിലകള്‍ ഉണ്ട്. മലഞ്ചെരുവുകള്‍ മുഴുവനും ഇങ്ങനെയുള്ള കെട്ടിടങ്ങള്‍ ആണ്. എല്ലാം ഞങ്ങള്‍ക്ക് പുതിയ കാഴ്ചകളായിരുന്നു. ശരിക്ക് കണ്ടും, ഫോട്ടോ എടുത്തും, മൊബൈല്‍ ഫോണില്‍ വീഡിയോ പിടിച്ചും ആയിരുന്നു യാത്ര.

അങ്ങനെ കാഴ്ചകള്‍ കണ്ട് കുറേ മുന്‍പോട്ട് പോയി. BARKOT കഴിഞ്ഞുള്ള ഏതോ ഒരു സ്ഥലത്തു ഒന്ന് റസ്റ്റ് എടുക്കാം എന്ന് കരുതി വണ്ടി നിര്‍ത്തി. താഴെ യമുനാ നദി ഒഴുകുന്നു. ഞങ്ങളെ കൊതിപ്പിച്ചുകൊണ്ട് ഒഴുകുന്ന യമുനാ നദിയിലേക്ക് കുത്തനെ താഴോട്ട് ഇറങ്ങി. വീണ്ടും ഒരു ചെറിയ ട്രെക്കിംഗ്. ഏകദേശം 350 Hm 400Hm മീറ്റര്‍ താഴോട്ട് ഇറങ്ങിക്കാണും, മുകളീന്ന് കാണുന്നപോലേ അല്ല. ഇവിടെ ആള്‍ താമസമൊക്കെയുണ്ട്, ആട് വളര്‍ത്തലും എന്തോ കൃഷിയും ആണ് ഇവരുടെ പണി എന്ന് തോന്നുന്നു. ഞങ്ങളെ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങള്‍ മലയിടുക്കിലൂടെ ഒഴുകുന്ന യമുനാ നദിയിലുള്ള വലിയ പാറക്കല്ലുകള്‍ക്ക് മുകളില്‍ കയറി ഫോട്ടോ പിടിത്തം തുടങ്ങിയിരുന്നു. ഇറങ്ങുമ്പോളെ ഞങ്ങള്‍ പറഞ്ഞിരുന്നു എങ്ങനെ തിരിച്ചു കയറും എന്ന്. ഉള്ളത് പറഞ്ഞാല്‍ തിരിച്ചുള്ള കയറ്റത്തിന്റെ ക്ഷീണം മാറ്റാന്‍ പിന്നെയും ഒരു മണിക്കൂര്‍ റസ്റ്റ് എടുക്കേണ്ടി വന്നു.മുസ്സൂറി മുതല്‍ യമുനോത്രി വരെ റോഡ് ഉള്ളിടത്തെല്ലാം നല്ല ടാറിംഗ് ആണ് ചെയ്തിട്ടുള്ളത്. മുഴുവന്‍ യാത്രയും മല മുകളിലൂടെ ആയിരുന്നു. 'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ അപ്പൊ വീഴും കൊക്കയിലേക്ക്, പടച്ചോനേ കാത്തോളീന്‍ എന്നും പറഞ്ഞു ഒറ്റ വിടീലാരുന്നു ' ഞങ്ങള്‍ക്ക് മാര്‍ഗം അല്ലാരുന്നു പ്രധാനം ലക്ഷ്യം ആയിരുന്നു.

യാത്രയുടെ ഇടയ്ക്കു എപ്പോഴോ തമ്മിലുള്ള സംസാരം നിന്നു. യാത്രയിലുടനീളം ഭയങ്കര മൂകത, 'ഞാന്‍' മാത്രമേ ഈ ലോകത്തില്‍ ഉള്ളു എന്ന് തോന്നി. കാരണം പോകുന്ന വഴിയിലൊന്നും ഒറ്റ മനുഷ്യരെയും കാണുന്നില്ല. ചില സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ ഉണ്ട് പക്ഷേ ആളുകളെ കാണുന്നില്ല. അവിടേം ഇവിടേം കുറെ പട്ടികളെ കാണാം. നല്ല വലുപ്പം, നിറയെ രോമം. ടിബറ്റിയന്‍ മസ്റ്റിഫ് പിറ്റ്ബുള്‍ ക്രോസ് ആണെന്ന് തോന്നും. വെറുതെ, ഒരാവശ്യവുമില്ലാതെ THE BREED മൂവി കണ്ണിലൂടെ കയറി വരുന്നു. ഇതൊന്നും പോരാത്തതിനു വഴിയില്‍ ഒരു ജീവിയുടെ അസ്ഥികൂടം, കുതിരയുടെയോ കഴുതയുടെയോ ആയിരിക്കും. കാക്കകള്‍ അതില്‍ നിന്നും മിച്ചമുള്ള ഇറച്ചി കൊത്തി പറിക്കുന്നു. ഫോട്ടോ എടുക്കണം എന്നുണ്ട്, പേടിച്ചിട്ടു വണ്ടി നിര്‍ത്താന്‍ പറ്റിയില്ല. മനസ്സില്‍ പ്രാര്‍ഥന തുടങ്ങി, അപ്പോള്‍ പുറകിന്നു ചെറിയ ശബ്ദം കേള്‍ക്കാം. ശ്രദ്ധിച്ചപ്പോള്‍, പുറകിലിരുന്നു പുള്ളി ഉച്ചത്തില്‍ പ്രാര്‍ഥന തുടങ്ങി. അപ്പോളാണ് എനിക്ക് ആശ്വാസമായത്, ഒറ്റക്കല്ലെന്നു, പിന്നെ വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോള്‍ പേടി മാറി.
തണുപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കാം ആളുകള്‍ പുറത്തിറങ്ങാത്തത് എന്ന് തോന്നുന്നു. പിന്നെ ഞങ്ങള്‍ പോയത് ഓഫ് സീസണും. അങ്ങനെ ഞങ്ങള്‍ യാത്രയുടെ പ്രധാന ഉദ്ദേശമായ ഹിമാലയത്തില്‍ എത്തി. മഞ്ഞ് മലകള്‍ കണ്ടപ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്, കണ്ണില്‍ നിന്നും ഇപ്പോളും മാഞ്ഞിട്ടില്ല.തിരിച്ചു ഡല്‍ഹിക്ക് പോകാന്‍ തോന്നുന്നില്ല, വീണ്ടും പ്ലാന്‍ മാറ്റി. മുസ്സൂറിയില്‍ ഉള്ള ബാക്കി സ്ഥലങ്ങളും കാണാം, പിന്നെ ധനോള്‍ട്ടിക്കും പോകാം എന്ന് പറഞ്ഞപ്പോള്‍, എന്നാല്‍ പോട്ടെയെന്നു ചങ്ക് ഫ്രണ്ട്. അങ്ങനെ വീണ്ടും മുസ്സൂറിക്ക് വിട്ടു. നേരം ഇരുട്ടി തുടങ്ങി തണുപ്പിന്റെ കാഠിന്യം കൂടി കൂടി വരുന്നു, വിശക്കാനും തുടങ്ങി. NAINBAGH അടുക്കാറായപ്പോള്‍ ഒരു ചെറിയ കട കണ്ടു. ചായയും ബ്രെഡ് ഓംലെറ്റും കഴിച്ചോണ്ടിരുന്നപ്പോള്‍ കടക്കാരന്‍ പറഞ്ഞു ഇവിടെ ഒരു സ്‌പെഷ്യല്‍ ഫുഡ് ഐറ്റം ഉണ്ട് വേറെ എങ്ങും കിട്ടില്ല എന്ന്.. ആഹാ കൊള്ളാല്ലോ ഒരു പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തു. ഫിഷ് പക്കോട ആണ് സംഭവം. യമുനാ നദിയില്‍ നിന്നും പിടിക്കുന്ന ഫിഷ് വെട്ടി ചെറിയ പീസ് ആക്കി, ഏതോ മാവും, ഏതൊക്കെയോ മസാലകളും ചേര്‍ത്തു ഡീപ് ഫ്രൈ ചെയ്തു തന്നു, സംഭവം അടിപൊളി!

അങ്ങനെ ഇരുന്നപ്പോള്‍ രണ്ടു ഡല്‍ഹിക്കാരെ പരിചയപ്പെട്ടു, അവര്‍ കേദാര്‍നാഥ് ട്രെക്കിംഗ് കഴിഞ്ഞു വരുന്ന വഴിയാണ്. അവരോടു കേദാര്‍നാഥ് ട്രെക്കിംഗ് പ്രോസെസ്സും റൂട്ടും ചോദിച്ചു മനസിലാക്കി. കാരണം ഞങ്ങള്‍ എപ്പോളാണ് പ്ലാന്‍ മാറ്റുന്നത് എന്ന് പറയാന്‍ പറ്റില്ല. രാത്രി ഹോട്ടലില്‍ എത്തി നല്ല ക്ഷീണം ഉണ്ട്, പക്ഷെ ഉറക്കം വന്നില്ല, കഴിഞ്ഞ യാത്രയും, നാളെ പോകാനുള്ള യാത്രയുമായിരുന്നു മനസ്സ് നിറയെ..


രാവിലത്തെ തണുപ്പത്തു എണിക്കാന്‍ ശരിക്കും പാടുപെട്ടു. കാപ്പിയും കുടിച്ചു നേരെ പോയത്, LAL TIBBA കാണാന്‍. ഹോട്ടെലില്‍ ഉണ്ടായിരുന്ന ഗൈഡിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, സാധാരണ പോലെ നാച്ചുറല്‍ ബ്യൂട്ടി! വല്യ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് പോയത്, പക്ഷെ ലാല്‍ ടിബ്ബയിലോട്ടുള്ള 4KM കുത്തനെ കയറി ചെന്നപ്പോള്‍ കണ്ട കാഴ്ച്ച അതിമനോഹരം. അവിടെ കണ്ട ഒരു റെസ്റ്റാറ്റാന്റില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു ടെറസ്സിലോട് ഓടി കയറി. ഭക്ഷണം ആയിരുന്നില്ല പ്രധാനം അവിടെ നിന്നുള്ള കാഴ്ച കാണാനായിരുന്നു ധൃതി. അവിടെ നിന്നാല്‍ ഹിമാലയത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം അങ്ങ് ദൂരെ.. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ് തുടങ്ങി എല്ലാ മഞ്ഞ് മലകളും കാണാം. ഇത് ഹോട്ടല്‍ ഗൈഡ് പറഞ്ഞപോലെ സിമ്പിള്‍ നാച്ചുറല്‍ ബ്യൂട്ടി അല്ല, അതുക്കും മേലെ! ഇവിടെ ഹൈ പവര്‍ ബൈനോക്കുലര്‍ വച്ചിട്ടുണ്ട്, ഇതിലൂടെ നോക്കിയാല്‍ ഹിമാലയം അടുത്തു കാണാം. ഫുഡ് ഓര്‍ഡര്‍ ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് ഫ്രീയായിരുന്നു, അല്ലെങ്കില്‍ ഓപ്പണ്‍ ടെറസ്സിലോട്ട് എന്‍ട്രി ഫീ ഉണ്ട്. ആ നാച്ചുറല്‍ ബ്യൂട്ടി മുഴുവനും ആവാഹിച്ചെടുത്തുകൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


വഴിയില്‍ വീണ്ടും ഞങ്ങള്‍ ചായ കുടിക്കാന്‍ നിര്‍ത്തി. ഒരു ചെറിയ കട, നാട്ടിലെ മാട കട പോലത്തെ, ചായ കുടിച്ചോണ്ടിരുന്നപ്പോള്‍ ഭൈയ്യാ പറയുവാ, ധനോള്‍ട്ടിയില്‍ ഇന്നലെ മഞ്ഞ് പെയ്തു എന്ന്. ഭൈയ്യക്ക് താങ്ക്‌സും പറഞ്ഞു, മനോഹരമായ ആ കാഴ്ച്ച കാണാന്‍ കൊതിച്ചു വണ്ടി വിട്ടു. പോകുന്ന വഴിയിലെല്ലാം ലാല്‍ ടിബ്ബയില്‍ കണ്ടപോലെ ഹിമാലയം മുഴുവനും കാണുന്നുണ്ട്. കുറേ കഴിഞ്ഞിട്ടും മഞ്ഞ് പെയ്ത ലക്ഷണം ഒന്നും കാണുന്നില്ല, അപ്പോള്‍ ഓര്‍ത്തു ഭൈയ്യ ചിലപ്പോള്‍ ചുമ്മാ പറഞ്ഞതാണെന്ന്. പെട്ടന്ന് കുറച്ചകലെ വെള്ള നിറത്തിലുള്ള മല, ആദ്യം ഓര്‍ത്തു വെള്ള കല്ലാരിക്കും എന്ന്. അടുക്കുംതോറും മനസിലായി അത് കല്ലല്ല മഞ്ഞില്‍ പൊതിഞ്ഞ മലകള്‍ ആണെന്ന്. പിന്നെ അങ്ങോട്ട് ഫോട്ടോ പിടുത്തതിന്റെ അങ്ങേയറ്റം ആയിരുന്നു. കുറച്ചു കടകളുള്ള സ്ഥലത്തിനടുത്തു വണ്ടി നിര്‍ത്തി മഞ്ഞിലൂടെ നടക്കാന്‍ തുടങ്ങി. തണുപ്പിന്റെ കാഠിന്യം കാരണം തൊണ്ട വേദന തുടങ്ങി. അടുത്തുള്ള കടയില്‍ കയറി രണ്ടു ചായ വാങ്ങി കുടിച്ചു, സൂപ്പര്‍ ചായ!!

ഞങ്ങളുടെ അടുത്തിരുന്നു കുറച്ചുപേര്‍ TEHRI DAM നെ കുറിച്ച് സംസാരിക്കുന്നു, ഞങ്ങളും അവരുടെ കൂടെ കൂടി. അപ്പോളാണു ഞങ്ങള്‍ അറിയുന്നത ഭാഗീരഥി നദിയിലുള്ള ടെഹ്രി ഡാം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം ആണെന്നും, ലോകത്തിലെ തന്നെ ഉയരം കൂടിയ ഡാമുകളില്‍ ഒന്നാണെന്നും.! വീണ്ടും പ്ലാന്‍ മാറ്റി, അവരോടു നന്ദിയും പറഞ്ഞു ഞങ്ങള്‍ ടെഹ്രി ഡാം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 54KM ഫ്രം ധനോള്‍ട്ടി.അങ്ങനെ ഞങ്ങള്‍ ടെഹ്രി ഡാമിന്റെ ചെക്കിംഗ് പൊയന്റില്‍ എത്തിയപ്പോള്‍ പോലീസുകാര്‍ അകത്തോട്ടു വിടുന്നില്ല. കാരണം പാസ് വേണം. പാസ് ഇല്ലാതെ കാണാന്‍ പറ്റില്ല. പോലീസുകാരനോട് എത്ര ചോദിച്ചിട്ടും നടന്നു പൊക്കോളാമെന്നു പറഞ്ഞിട്ട് പോലും സമ്മതിച്ചില്ല. അവസാനം ഗതികെട്ട് പോലീസുകാരന്‍ പറഞ്ഞു, മുകളില്‍ ഡാം വ്യൂ പോയിന്റ് ഉണ്ട് അങ്ങോട്ട് വിട്ടോളാന്‍. അങ്ങോട്ട് പോകാന്‍ വണ്ടി എടുത്തപ്പോള്‍ ഫ്രണ്ട് പറഞ്ഞു വരുന്ന വഴിക്ക് ബോട്ടിംഗ് കണ്ടു അങ്ങോട്ട് പോകാന്നു ;അങ്ങനെ ഞങ്ങള്‍ ഭാഗീരഥി നദിയുടെ കരക്കിരുന്നു അടുത്തത് എങ്ങോട്ടാണ് പോകണ്ടേ എന്ന് ചോദിച്ചപ്പോള്‍ ചങ്ക് ഫ്രണ്ട് പറയുവാ; ഇനിയും ലീവ് എക്സ്റ്റന്റ് ചെയ്താല്‍, ഉള്ള പണിപോകും, പിന്നെ യാത്രപോക്ക് നടക്കില്ല, അതുകൊണ്ട് ഇപ്പൊ നമുക്ക് പോകാം എന്ന്, അത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ അവിടുന്ന് മുസ്സൂറിക്ക് വണ്ടി വിട്ടു അവിടുന്ന് ഡല്‍ഹിക്കും..

(*ചിത്രങ്ങള്‍- നിഷാദ്‌ )

Travelling mode : Royal Enfield Classic 350
Total distance Delhi - Delhi = 1100km
Total Days 5 Day 4 night
Route : Delhi - Gaziabad - Meerut - Rorkee - Dheradun - Musosori - Kempty - Nainbagh- Barkot- janakichatti- Yamunotri - Musosori - Dhanolti - Tehri - Musosori - Delhi


Next Story

Related Stories