TopTop
Begin typing your search above and press return to search.

'യൂറോപ്പിന്റെ മേല്‍ക്കൂര'യിലേക്കുള്ള റോഡുകള്‍ അടയ്ക്കുന്നു; മോണ്ട് ബ്ലാങ്കിലെ ഹിമാനി തകരുമെന്ന് മുന്നറിയിപ്പ്

യൂറോപ്പിന്റെ മേല്‍ക്കൂരയിലേക്കുള്ള റോഡുകള്‍ അടയ്ക്കുന്നു; മോണ്ട് ബ്ലാങ്കിലെ ഹിമാനി തകരുമെന്ന് മുന്നറിയിപ്പ്

'യൂറോപ്പിന്റെ മേല്‍ക്കൂര' എന്നാണ് ആല്‍പ്‌സിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ മോണ്ട് ബ്ലാങ്ക് അറിയപ്പെടുന്നത്. ഇത് ഇറ്റലിയിലും ഫ്രാന്‍സിലുമായി വ്യാപിച്ചുകിടക്കുന്നു. മോണ്ട് ബ്ലാങ്കിലെ ഹിമാനിയുടെ ഒരു ഭാഗം തകരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. അതോടെ അങ്ങോട്ടേക്കുള്ള റോഡുകള്‍ അടക്കാനും പര്‍വത കുടിലുകള്‍ ഒഴിപ്പിക്കാനും ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.

ഹിമാനിയുടെ ഒരു ഭാഗം പ്രതിദിനം 50-60 സെന്റിമീറ്റര്‍ തെന്നിനീങ്ങുന്നുവെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്. തുടര്‍ന്ന് സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ കോര്‍മയൂര്‍ മേയര്‍ സ്റ്റെഫാനോ മിസെറോച്ചി ഉത്തരവിടുകയായിരുന്നു. ആഗോളതാപനമാണ് പര്‍വതത്തെ അസ്ഥിരപ്പെടുത്തുന്നതെന്ന് മിസെറോച്ചി പറഞ്ഞു. 'കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയ മാറ്റത്തിന്റെ ഒരു കാലഘട്ടത്തിലൂടെ ദുര്‍ബലമായ മോണ്ട് ബ്ലാങ്ക് എങ്ങനെയാണ് കടന്നുപോകുന്നതെന്ന് ഈ പ്രതിഭാസങ്ങള്‍ വീണ്ടും കാണിച്ചു തരികയാണ്' എന്ന് അദ്ദേഹം ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാന്‍ഡെസ് ജോറാസസ് കൊടുമുടിയിലെ പ്ലാന്‍പിന്‍സിയക്‌സ് ഹിമാനിയില്‍ നിന്ന് 250,000 ക്യുബിക് മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഐസ് പൊട്ടിവീഴാനുള്ള സാധ്യതയുണ്ട്.

4,000 മീറ്ററിനു മുകളില്‍ 11 കൊടുമുടികളുള്ള ആല്‍പ്‌സിലേക്ക് പ്രതിവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം ലോക സമുദ്രങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ രൂപരേഖ തയ്യാറാക്കിക്കൊണ്ട് യു.എന്‍ പുതിയൊരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. തീരദേശത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ അത് നേരിട്ടു ബാധിക്കുമെന്ന് പറയപ്പെടുന്നു. ആഗോളതാപനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. അതിനു ശേഷമാണ് ഇന്റര്‍ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സമുദ്ര തീരദേശ ധ്രുവ-പര്‍വത വ്യവസ്ഥകളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവയെ ആശ്രയിക്കുന്ന മനുഷ്യ സമൂഹങ്ങളെക്കുറിച്ചും ലോകത്തെമ്പാടുമുള്ള നൂറിലധികം ശാസ്ത്രജ്ഞര്‍ വിശദമായ വിലയിരുത്തലുകള്‍ നടത്തിയിരുന്നു. കടലിലെ മത്സ്യ സമ്പത്തിനും മറ്റു സമുദ്രോല്‍പ്പന്നങ്ങള്‍ക്കും നാശനഷ്ടമുണ്ടാകുമെന്ന് അവരുടെ അന്തിമ കരടു രേഖ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പസഫിക്കിലെ കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ അഭൂതപൂര്‍വമായി വര്‍ദ്ധിക്കുന്നത് അന്തരീക്ഷ താപനില ഉയര്‍ത്തുകയും ഉഷ്ണക്കാറ്റിനും കാട്ടുതീക്കും കാരണമാവുകയും ചെയ്യുന്നു. അതൊക്കെത്തന്നെയാണ് 'യൂറോപ്പിന്റെ മേല്‍ക്കൂര' തകരാനുള്ള പ്രധാന കാരണം.

Read More : എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ താത്കാലിക സ്‌പെഷ്യല്‍ഫെയര്‍ തീവണ്ടി


Next Story

Related Stories