TopTop
Begin typing your search above and press return to search.

മഹൽ ഉദാസ് ഔർ ഗലിയാ സൂനി... ജയ്‌പൂര്‍; സൗഹൃദങ്ങളുടെ മരുപ്പച്ചകള്‍, യാത്രകള്‍, എഴുത്തുകള്‍

മഹൽ ഉദാസ് ഔർ ഗലിയാ സൂനി... ജയ്‌പൂര്‍; സൗഹൃദങ്ങളുടെ മരുപ്പച്ചകള്‍, യാത്രകള്‍, എഴുത്തുകള്‍

നാല് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഞങ്ങൾ. രണ്ടു പേർ എന്റെ വിദ്യാർത്ഥികൾ. ഡി സി ബുക്ക്സ് അസ്മ ടവറിൽ ആയിരുന്ന കാലത്ത്, അതായിരുന്നു ഞങ്ങളുടെ ഇടത്താവളം. ബസ് ഇറങ്ങിയാൽ നേരെ അങ്ങോട്ട് വച്ചുപിടിക്കും. അല്ലെങ്കിൽ എന്റെയോ 'ബി'യുടെയോ വീട്ടിൽ. അതിനിടക്കാണ് ഷഹബാസ് അമൻ ആണ് കോഴിക്കോട്ടെ എലെമെന്റ്സ് എന്ന മനോഹര സ്ഥലത്തെ കുറിച്ച് പറയുന്നത്. പിന്നീട് അതായി ഞങ്ങളുടെ അന്തമില്ലാത്ത ചർച്ചകളുടെയും നിർത്താതെയുള്ള ചിരികളുടെയും ഇടം. ഒരു സിനിമയിലും കാണിച്ചിട്ടില്ലാത്ത വിധം ബെല്ലും ബ്രേക്കും ഇല്ലാത്ത പെൺതമാശകളിൽ ആണ്ടു പോവുമ്പോൾ 'എ' പറയും ഇതൊക്കെ റെക്കോർഡ് ചെയ്തു വച്ച് വല്ല ആണുങ്ങളേയും കേൾപ്പിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ എന്ന്. (അന്നത് റെക്കോർഡ് ചെയ്യാമായിരുന്നു എന്ന ഖേദം ബാക്കി). അല്പനേരം അധികമിരുന്നാൽ, കൂട്ടത്തിൽ ഒരാണുണ്ടായാൽ മുഖം കറുപ്പിച്ച് തുടങ്ങിയപ്പോൾ ഞങ്ങളാ ഇടത്തോട് ബൈ പറഞ്ഞു. അപ്പോഴേക്കും കഫേ കോഫി ഡേ സംഭവിച്ചിരുന്നു കോഴിക്കോട്. ക്യാപ്പുച്ചിനോയും ചോക്ലേറ്റ് ഫാന്റസിയും മണിക്കൂറുകളോളം ഇരിക്കുന്ന ഞങ്ങളും. പിന്നീട് ഡൗൺ ടൗൺ വരുന്നു, ഒരുപാട് വിഭവങ്ങളുമായി. പേരു കേട്ട (കേൾപ്പിച്ച) അവരുടെ പാർക്കിംഗ് സ്പേസിൽ ഫ്രഞ്ച് ഫ്രൈസും ക്ലബ് സാൻഡ് വിച്ചും കഴിച്ചാണ് ഞാൻ ആദ്യം എഴുതിയ സ്ക്രിപ്റ്റ് 'എ & സി'യെ വായിച്ചു കേൾപ്പിക്കുന്നത്. അവർക്ക് ഇഷ്ടപ്പെട്ടെങ്കിലും ക്ലൈമാക്സിൽ തട്ടി നിന്നു ആ സ്ക്രിപ്റ്റ്. ഇത്രയൂം വർഷങ്ങൾക്ക് ശേഷവും അതിനൊരു നല്ല ക്ലൈമാക്സ് കിട്ടാതെ പെട്ടിയിൽ തന്നെ ഇരിക്കുന്നു. ദീർഘമായ ആമുഖം കൊണ്ട് കവി ഉദ്ദേശിച്ചത് കുറേ കാലമായി ഇതുങ്ങൾ എന്റെ ജീവിതത്തിൽ വന്നിട്ട് എന്നു പറയാനാണ്! അന്നു തൊട്ടേ 'എ'യുടെ വല്യ ആഗ്രഹമാണ് ഒരു വൺഡേ ട്രിപ്പ്. കോഫി ഷോപ്പുകളിലേക്കുള്ള യാത്ര അല്ലാതെ അതൊരിക്കലും നടന്നതുമില്ല. ചില പ്രണയപനികളും കവിതയെഴുത്തും എല്ലാം മുറയ്ക്ക് നടന്നെങ്കിലും ഏതൊക്കെയോ നാട്ടിലുള്ള മൂന്നു പേരെ അവർ കല്യാണം കഴിച്ചു, മുറയ്ക്ക് കുട്ടികളും ഉണ്ടായി. ഞങ്ങളുടെ കോഫി ഷോപ്പ് യാത്രകൾ തുടർന്നും നടന്നു കൊണ്ടിരുന്നു.

ഇതിനിടയിൽ എന്റെ ഒറ്റയ്ക്കുള്ള യാത്രകൾ ആരംഭിച്ചിരുന്നു, പിന്നെ എല്ലാ വർഷവും കസിൻസിന്റെ കൂടെയുള്ള വിദേശ യാത്രകളും. ഇത്തവണ ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പോവാമെന്ന് 'സി' നിർദ്ദേശം വച്ചപ്പോൾ 'എ' ആവേശപൂർവ്വം അതേറ്റെടുത്തു. 'എ'യ്ക്കും 'ബി'യ്ക്കും ചെറിയ കുട്ടികൾ ഉണ്ട്, അവരെ വീട്ടിലാക്കി മൂന്ന് നാല് ദിവസം മാറി നിൽക്കണം. ഇത്ര ചെറുപ്പത്തിൽ മക്കളെ വിട്ട് എനിക്കാണേ യാത്ര പോവാൻ പറ്റില്ല എന്ന തോന്നലുമുണ്ട് മനസ്സിൽ. അതുമാത്രമല്ല, 'എ'യുടെ അമ്മയ്ക്ക് അല്ലെങ്കിലേ എന്നെ അത്ര ബോധ്യമില്ല; ഞാനാണ് ഇവരെ ഫെമിനിസ്റ്റ് ആക്കുന്നത് എന്ന് 'ബി'യുടെ ഭർത്താവിനും തോന്നലുണ്ട്, അതു കൊണ്ട് ഞാൻ അത്ര പ്രോത്സാഹിപ്പിച്ചില്ല. “ഞങ്ങളുടെ കൂടെ മാത്രമേ നിങ്ങൾക്ക് വരാൻ പറ്റാത്തതുള്ളൂ, നിങ്ങളില്ലെങ്കിൽ ഞങ്ങളും ഈ യാത്ര പോവില്ല” എന്നൊക്കെ ഇമോഷണൽ ബൾബിൽ കയറി പിടിച്ചു 'എ'. എന്നാൽ പിന്നെ പോയി വരാം എന്ന തീരുമാനമായി. ടിക്കറ്റ് ബുക്ക് ചെയ്യലും, താമസിക്കാൻ ഇടം കണ്ടെത്തലും തകൃതിയായി നടന്നു. 'എ'യ്ക്കും 'ബി'ക്കും ജോലി-ലീവ്-കുട്ടികൾ പ്രശ്‌നം ഉള്ളത് കൊണ്ട് അധിക ദിവസം വിട്ടു നില്ക്കാൻ പറ്റില്ല. 'സി' ജോലിയുടെ ഭാഗമായാണ് പോവുന്നത്, ജോലിയും കൂലിയും ഇല്ലാത്ത ഞാൻ അവന്റെ കൂടെ നേരത്തേ പോവാൻ തീരുമാനിച്ചു. രാജസ്ഥാൻ മാപ്പ് നോക്കി എങ്ങോട്ടൊക്കെ തുഴയണം എന്ന അന്താളിപ്പിലായിരുന്നു ഞാൻ.

പോവുന്നതിനു തലേന്ന് എനിക്ക് ചെറിയ തുമ്മലും ചീറ്റലും തുടങ്ങി, യാത്രയിൽ കൊണ്ടുപോവാൻ പറ്റിയ സംഗതി എന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തു. രാവിലെയാണ് ഫ്ലൈറ്റ്; എയർപോർട്ടിൽ എത്തിയപ്പോൾ കൈയിൽ ഉണ്ടായിരുന്ന ഒരു ഗുളിക കഴിച്ചു. അല്പം കഴിഞ്ഞ് 'സി'യും 'ഡി'യും വന്നു. 'ഡി'യെ പരിചയമുണ്ടെങ്കിലും അടുത്ത സൗഹൃദം ഒന്നുമില്ലായിരുന്നു. മുംബൈ ഇറങ്ങിയപാടെ 'ഡി' പറഞ്ഞു. രണ്ടെണ്ണം കഴിച്ച് എഴുതാൻ ഇരിക്കണം, ഡ്യൂട്ടിയിൽ ആണെന്ന്. അവൻ ബാർ കൗണ്ടറിലേക്കും ഞങ്ങൾ കോഫി ഡേ കൗണ്ടറിലേക്കും നീങ്ങി. മൂന്നു മണിക്കൂറിലധികം സമയമുണ്ട്. നിറയെ ആളും ബഹളവും ഉള്ള ഇടത്തായിരുന്നു ഞങ്ങളുടെ ഗേറ്റ്. വിമാന കമ്പനിയിലെ സ്റ്റാഫ് ഓരോ സ്ഥലത്തെയും പേര് പറഞ്ഞ് ആളുകളെ വിളിക്കുന്നുണ്ട്. കനകാംബരം ചൂടിയ പെണ്ണുങ്ങളെയും കൂടി കണ്ടപ്പോൾ 'ഡി' പറഞ്ഞു ചെന്നൈ റെയിൽവേ സ്റ്റേഷൻ പോലെയുണ്ട് എന്ന് . ജലദോഷം പിടിച്ച് അടഞ്ഞ മൂക്കും കൊണ്ടുള്ള വിമാനയാത്ര വല്ലാതെ മടുപ്പിച്ചു. വായിക്കാൻ കൈയിൽ കരുതിയ പുസ്തകം മടിയിൽ തന്നെ ഇരുന്നു. എട്ട് മണിയോടുകൂടി ജയ്‌പ്പൂരിൽ ഇറങ്ങുമ്പോൾ നല്ല തണുപ്പാണ്. തൊപ്പി കൊണ്ട് കഴിയുന്നത്ര ചെവിയും മൂടി ഞാൻ പുറത്തിറങ്ങി 'സി & ഡി'യെ കാത്തു നിന്നു. അവരുടെ സീറ്റുകൾ പുറകിൽ ആയിരുന്നു. എല്ലാവരും ഇറങ്ങി കഴിഞ്ഞും അവരെ കാണാതെ ഞാൻ അല്പമൊന്ന് മാറി നിന്ന് നോക്കുമ്പോഴാണ് പുറകിലുള്ള എക്സിറ്റ് തുറന്നിരിക്കുന്നത് കാണുന്നത്. അവർ അതു വഴി ഇറങ്ങി ആദ്യം കിട്ടിയ ബസ്സിൽ കയറി പോയിരുന്നു. ഫോൺ ചെയ്‌തപ്പോൾ ബാഗ്ഗജ് ക്ലെയിമിൽ ഉണ്ടെന്ന മറുപടി. നല്ല കൂട്ടുകാർ എന്ന് മനസ്സിൽ കരുതി. നേരത്തേ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോവുമ്പോൾ വഴിവക്കിൽ മുഴുവൻ മെഡിക്കൽ സ്റ്റോർ പരതി, ഒന്നും തന്നെ കാണാനില്ല. നന്നായി വിശക്കുന്നുമുണ്ടായിരുന്നു. റൂമിലെത്തി ഫ്രഷ് ആയി പുറത്തെ തണുപ്പിലേക്ക് വീണ്ടും. ഭക്ഷണത്തിനു മുൻപ് 'സി & ഡി'യ്ക്ക് മദ്യപിക്കണം, അവർ കഴിഞ്ഞ തവണ വന്നപ്പോൾ പ്രശസ്തനായ സിനിമ താരത്തിന്റെ മകനുമൊന്നിച്ച് മദ്യപിച്ച ഇടം തേടി നടന്നു. ചെന്നു നോക്കുമ്പോൾ അവിടം പുതുക്കി പണിതിരിക്കുന്നു, യാതൊരു എസ്തെറ്റിക് സെൻസും ഇല്ലാതെ. ഇറ്റാലിയൻ വിഭവങ്ങൾ മാത്രമേ അവിടെയുള്ളൂ. അവർ ഡ്രിങ്ക്സ് ഓർഡർ ചെയ്ത് കഴിച്ചു തുടങ്ങി, തൊട്ടു കൂട്ടാൻ ഓംലെറ്റ് പോലും ഇല്ലാത്ത ഇടം. കടിച്ചാൽ പൊട്ടാത്ത പേരുള്ള, ചീസ് നിറച്ച ബോൾ പോലുള്ള ഒരു വിഭവം അവർ കൊണ്ടു വന്നു. വിശപ്പിന്റെ വിളി കൊണ്ടു മാത്രം ഒരു വികാരവുമില്ലാത്ത അതിനെ ഞാൻ വിഴുങ്ങിക്കൊണ്ടിരുന്നു, താരമകന്റെ ലാളിത്യം, അവന്റെ യാത്രകൾ, എന്നിങ്ങനെയുള്ള ഉപന്യസിക്കൽ കേട്ടു കേട്ട്. വല്ലതും കഴിച്ച്, പറ്റിയാൽ ജലദോഷത്തിനു ഒരു ഗുളികയും വിഴുങ്ങി പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുന്നതും ഓർത്തു നെടുവീർപ്പിട്ട് ഒരു പാവം ഞാൻ! അവസാനം അടുത്തുള്ള ധാബയിൽ എത്തുമ്പോഴേക്കും എന്റെ വിശപ്പ് കെട്ടിരുന്നു.

ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ (JLF) ജനുവരി 25-നാണ് തുടങ്ങുന്നത്. 24-നു ജയ്‌പൂർ ബുക്ക് മാർക്കും. സത്യത്തിൽ എനിക്കതിൽ ഒരു റോളും ഇല്ല, വേണമെങ്കിൽ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാവുന്നതേ ഉള്ളൂ. യാത്ര തുടങ്ങുന്നതിനും വളരെ മുൻപ് തന്നെ 'ജെബിഎമ്മിൽ പങ്കെടുക്കാം, പല സ്ഥലത്തുനിന്നുള്ള പ്രസാധകർ ഉണ്ടാവും, വല്ല ട്രാൻസ്‌ലേഷൻ ഓഫർ കിട്ടിയാലോ, കഥകളെ കുറിച്ച് ഇംഗ്ലീഷിൽ ചെറിയ ഒരു കുറിപ്പ് വേണം, ഞങ്ങളുടെ കാറ്റലോഗിൽ ചേർക്കാം" എന്നൊക്കെയുള്ള പുളിങ്കൊമ്പുകൾ കാണിച്ച് ആശിപ്പിച്ചിരുന്നു 'സി'. വരുന്ന എഴുത്തുകാരോട് കേരളത്തിൽ നടക്കാൻ പോവുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിനെ കുറിച്ച് ചോദിക്കാനും എന്നെ ഏല്പിച്ചിരുന്നു, അവൻ അത് ഷൂട്ട് ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞു. രാവിലെ നേരത്തേ തന്നെ ഡിഗ്ഗി പാലസിൽ എത്തി, പാസ്സ് എടുക്കാനുള്ള ശ്രമത്തിലായി. പ്രവേശനം സൗജന്യമാണെങ്കിലും 2500 രൂപയുടെ ജെബിഎം പാസ്സ് എടുക്കാൻ നിർദ്ദേശിച്ചു 'സി'. ഫെസ്റ്റിവൽ ബാഗ്, ബുക്ക്, ടീ ബാഗ് എന്നിവ കിട്ടി ടാഗിനൊപ്പം. ഡിഗ്ഗി പാലസിനകത്തേക്ക് കടക്കാൻ ബോഡി ചെക്കിങ്, ബാഗ് സ്കാനിംഗ്, ടാഗ് സ്കാനിംഗ് എല്ലാമുണ്ട്. കയറുന്നിടത്തു തന്നെ ജയ്‌പൂർ പോലീസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന ബോർഡുമുണ്ട്. ഹലുവയും മത്തിക്കറിയും പോലെ നല്ല കോമ്പിനേഷൻ!

പദ്മാവതി സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് കർണി സേന ഭീഷണി ഉള്ളതുകൊണ്ടാണോ ഇത്ര പോലീസ് സാന്നിധ്യം എന്നോർത്തു. ഫെസ്റ്റിന് പുറപ്പെടുന്നതിനു മുൻപ് 'ദി ഹിന്ദു'വിലെ ജോസി ജോസഫിന് മെസ്സേജ് അയച്ചിരുന്നു JLF-ൽ പങ്കെടുക്കുന്നുണ്ടോയെന്ന് ചോദിച്ച്. നേരിൽ കാണുകയാണെങ്കിൽ ഒരു ഇന്റർവ്യൂ ചെയ്യണമെന്നും മനസ്സിലുണ്ടായിരുന്നു. സി ടിവി നടത്തുന്ന ഫെസ്റ്റിവലിൽ 'ഫീസ്റ്റ് ഓഫ് വൾച്ചേഴ്സി'ന് ഇടമുണ്ടാവാൻ സാധ്യത ഇല്ലല്ലോ എന്ന് ജോസി പറയുകയും ചെയ്തു. ആറ് വേദികളിൽ ആയിട്ടാണ് പരിപാടികൾ നടക്കുന്നത്, എല്ലാം ചുറ്റി നടന്നു കണ്ടു. തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്, അതിന്റെ ബഹളങ്ങൾ നടക്കുന്നു. രാവിലെയും വൈകുന്നേരവും ചായ, ചില ദിവസങ്ങളിൽ ഹൈ ടീ, എല്ലാ വൈകുന്നേരവും കോക്‌ടെയ്ൽ പാർട്ടി എന്നിവയിൽ പങ്കെടുക്കാം എന്റെ കാർഡ് ഉപയോഗിച്ച്. രാവിലത്തെ ചായയ്ക്ക് രസികൻ ഒരു കേക്ക് കിട്ടി. വിദേശികൾ കൂടുതൽ ഉള്ളതു കൊണ്ടാവും അധികം എരിവും പുളിയും ഇല്ലാത്തതായിരുന്നു ലഞ്ചിന്റെ വിഭവങ്ങൾ എല്ലാം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ റൂമിൽ പോയി ഉച്ചമയക്കം പാസ്സാക്കിയ ശേഷം വൈകുന്നേരമാണ് തിരിച്ചു വന്നത്. പാലസിനകത്തെ മുറ്റത്തു തയ്യാറാക്കിയ പന്തലിൽ കോക്‌ടെയ്ൽ പാർട്ടി. രാജസ്ഥാനി ഫോക് ഡാൻസും പാട്ടും ഒരറ്റത്ത്, സൈഡിൽ നിറയെ ഭക്ഷണ വിഭവങ്ങൾ, കനലിൽ എരിയുന്ന കബാബുകൾ, പലതരം മദ്യങ്ങൾ. നർത്തകിയുടെ കൂടെ നൃത്ത ചുവടുകൾ വയ്ക്കുന്ന അതിഥികൾ. 'സി & ഡി' അവരുടെ ഗ്ലാസ്സുകൾ നിറച്ചു കൊണ്ടിരുന്നു. വില കൂടിയ മദ്യമാണ് എന്ന് 'സി' പറയുകയും ചെയ്തു. നിങ്ങൾ മാത്രം ഇങ്ങനെ ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞു ഒരു വൈൻ ഗ്ലാസ് എന്റെ മുൻപിൽ കൊണ്ടു വയ്ക്കുകയും ചെയ്‌തു. ഹറാം ആയതു കൊണ്ടാണോ എന്ന ചോദ്യത്തിന് ഹരം തോന്നാത്തതു കൊണ്ടാണെന്നു പറഞ്ഞു. പാട്ടു സംഘത്തിലെ ചെറിയ പയ്യന്റെ തൊണ്ടയിൽ നിന്ന് വരുന്നത് അസാധ്യമായ ശബ്ദം. ആരും ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞിട്ടും അവൻ തകർത്തു പാടിക്കൊണ്ടിരുന്നു. എനിക്കന്നേരം അവനെയോർത്ത് സങ്കടം തോന്നുകയും ചെയ്തു. സസ്യാഹാരിയായ 'ഡി' അവിടെ നിന്ന് ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലാത്തതു കൊണ്ട് ധാബയിൽ പോയി കഴിക്കാം എന്നു പറഞ്ഞു. എന്നും ഒരേ മെനു ആണ് 'ഡി'യ്ക്ക്, പ്ലെയിൻ റോട്ടി, പ്ലെയിൻ ദാൽ, തൈര്, അച്ചാറ്, ചെറുനാരങ്ങ. കള്ളു കുടിക്കാത്ത എനിക്ക് 2500 രൂപയ്ക്ക് എത്ര പുസ്തകങ്ങൾ വാങ്ങാമായിരുന്നു എന്ന സങ്കടത്തോടെയാണ് അന്ന് ഉറങ്ങാൻ കിടന്നത്.

എന്നും കാലത്ത് സംഗീതത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഞങ്ങൾ ചെന്നു കയറുമ്പോൾ മീത പണ്ഡിറ്റിന്റെ ആലാപനം നടന്നു കൊണ്ടിരിക്കുകയാണ്. 'സി & ഡി' അവരുടെ ഒഫീഷ്യൽ ഡ്യൂട്ടി തിരക്കുകളിലേക്ക് പോയതുകൊണ്ട് ഞാൻ തനിച്ചായിരുന്നു, അതൊരു കണക്കിന് നന്നായി എന്നു തോന്നി. എനിക്ക് ഇഷ്ടമുളളവ കേൾക്കാം, കേൾക്കാതിരിക്കാം . ഉദ്ഘാടന ചടങ്ങുകൾ ആയിരുന്നു ആദ്യം. പികോ അയ്യറിന്റെ നല്ലൊരു പ്രഭാഷണത്തോടെ തുടക്കം. 'ഇന്ത്യൻ വിമെൻ മിസ്റ്റിക്‌സ്' എന്ന സെഷൻ കേൾക്കാൻ കയറിയെങ്കിലും അതിൽ പങ്കെടുത്ത സ്വാമിനിയുടെ പ്രഭാഷണം മുഷിപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തിറങ്ങി വെറുതെ ചുറ്റിക്കറങ്ങി. നിറയെ അണ്ണാറക്കണ്ണന്മാരും കിളികളുമാണ് അവിടെ. ഓരോ മരത്തിലും ഞാത്തിയിട്ട മരപ്പാത്രങ്ങളിൽ അവർക്കുള്ള ധാന്യങ്ങളാണ്. ഇതുപോലെ ഒരെണ്ണം വീട്ടിലും വയ്ക്കാവുന്നതാണല്ലോ എന്നോർത്തു, അണ്ണാനെയൊന്നും ഇപ്പോൾ കാണാനേ ഇല്ലെങ്കിലും. വസന്തം പോലെ ചുറ്റിലും പെൺകുട്ടികൾ, പല വേഷങ്ങളിൽ, പല നിറങ്ങളിൽ. ആ തണുപ്പിലും കുഞ്ഞുടുപ്പ് ധരിച്ച് ചിലർ നടക്കുന്നത് കണ്ടപ്പോൾ പെണ്ണുങ്ങളുടെ കഷ്ടപ്പാടുകൾ ഓർത്തു, എപ്പോഴും അഴകളവുകൾ പ്രദർശിപ്പിച്ച് നടക്കേണ്ടി വരുന്നതിന്റെ.

സൂകി കിമ്മിനെ കേൾക്കാൻ പോയി, 'അണ്ടർ കവർ ഇൻ നോർത്ത് കൊറിയ' ആയിരുന്നു വിഷയം. അവരുടെ ആ പുസ്തകം വാങ്ങണം എന്നും ഓർത്തു. അവസാന ദിവസം ചെല്ലുമ്പോഴേക്കും അവരുടെ പുസ്തകങ്ങൾ ഒക്കെ വിറ്റു പോയിരുന്നു. അന്ന് വൈകുന്നേരം കാണുമ്പോൾ 'ഡി' പറയുകയും ചെയ്തു, കേരളത്തിലെ സഖാക്കൾ ഇവരെ വായിക്കേണ്ടതാണ് എന്ന്. ഹിമാലയം തലയ്ക്ക് പിടിച്ചു നടക്കുന്ന 'സി'ക്ക് 'ഓഫ് മെൻ ആൻഡ് മൗണ്ടൈൻസ്' എന്ന സെഷൻ കേൾക്കണം എന്നായി, ഹ്യൂഗ് തോംസൺ പങ്കെടുക്കുന്നുണ്ട് എന്ന ആവേശത്തിൽ. ഞാനും കുറച്ചു നേരം കേട്ടിരുന്നു. ഹ്യൂഗ് നന്നായി സംസാരിക്കുന്നുമുണ്ടായിരുന്നു. കേരളത്തിൽ നിന്ന് സേതു മാത്രമാണ് ഫെസ്റ്റിവലിൽ ഉള്ളത്, ജൂത സാഹിത്യത്തെ കുറിച്ചാണ് സേതു സംസാരിക്കുന്നത്. സൂകി കിമ്മിന് വേണ്ടി മാറ്റി വച്ച സമയം ആയതുകൊണ്ട് അത് കേൾക്കാനും സാധിച്ചില്ല. പ്രശസ്തരായ എഴുത്തുകാർ, വലിയ പുരസ്‌കാരങ്ങൾ - നോബൽ വരെ - നേടിയവർ ആൾക്കൂട്ടത്തിൽ ഒരാളായി നടക്കുന്നു, യാതൊരു ജാഡയുമില്ലാതെ. വലിയ സെൽഫി പ്രാന്തുകളും ഇല്ലാത്തതു കൊണ്ട് മൊത്തത്തിൽ സ്വസ്ഥം. കേരളത്തിലെ ചില എഴുത്തുകാരെ ഇവിടെ കൊണ്ടു വരണം, ഒരു റൗണ്ട് നടക്കുമ്പോഴേക്കും ആരും ശ്രദ്ധിക്കുന്നില്ല, സെൽഫി എടുക്കുന്നില്ല എന്ന ഞെട്ടലിൽ മുറിവേറ്റ ഈഗോ കാരണം അവർ ഹൃദയം പൊട്ടി മരിച്ചിട്ടുണ്ടാവും എന്ന് ഞങ്ങൾ തമാശ പറയുകയും ചെയ്തു. Brigitte Uttar Kornetzky സംവിധാനം ചെയ്ത 'Where the Elephant Sleeps' എന്ന ഡോക്യുമെന്ററി കാണാനിരുന്നു പിന്നീട്. സംവിധായിക ചുറുചുറുക്കോടെ ഓടി നടന്ന് സ്ക്രീനിംഗ് ദൃശ്യങ്ങൾ എല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഇത്തിരി പോന്ന മനുഷ്യൻ കരയിലെ ഏറ്റവും വലിയ ജീവിയെ അങ്ങേയറ്റം പീഡിപ്പിക്കുന്ന ഡോക്യൂമെന്ററികളും എൻ.എ നസീറിന്റെ ഫോട്ടോ ഫീച്ചറും മുൻപ് കണ്ടിട്ടുള്ളതു കൊണ്ട് പുതുമയൊന്നും തോന്നിയില്ല. മുറിപ്പെടുത്തുന്ന കാഴ്ചകൾ കണ്ടു മുഴുമിക്കാതെ എഴുന്നേറ്റു പോന്നു. പ്രധാന വേദിയായ ഫ്രണ്ട് ലോണിൽ അടുത്ത സെഷൻ സാകിർ ഹുസൈൻ ആണ്, 'എ ലൈഫ് ഇൻ മ്യൂസിക്' എന്നു പേരിട്ടിട്ടുള്ള ചർച്ചയിൽ സാകിറിനെ കുറിച്ച് പുസ്തകം രചിച്ച നസ്രീൻ മുന്നി കബീറും പങ്കെടുക്കുന്നുണ്ട്. എയർപോർട്ടിൽ വച്ച് 'ഡി' ആ പുസ്തകം വാങ്ങിയിരുന്നു. മലയാളത്തിൽ സ്ഥിരമായി അഭിമുഖങ്ങൾ ചെയ്യുന്ന ഒരാളുടെ പേരു പറഞ്ഞ്, അതു പോലെയാണ് അവിടെ നസ്രീൻ എന്ന കമന്റ് പാസ്സാക്കിക്കൊണ്ട്. പരിപാടി തുടങ്ങുന്നതിനു മുൻപേ അവിടം നിറഞ്ഞു കവിഞ്ഞിരുന്നു. സാകിറിനെ നിറഞ്ഞ കൈയടിയോടെയാണ് ആൾക്കൂട്ടം സ്വീകരിച്ചത്. അല്ലാ രാഖയുടെ ശിക്ഷണത്തിൽ വളർന്ന കുട്ടിക്കാലത്തെക്കുറിച്ചും സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും തന്റെ സംഗീതത്തെക്കുറിച്ചുമെല്ലാം സാകിർ വാചാലനായി. ഇടയ്ക്ക് ആ മാന്ത്രിക വിരലുകൾ താളമിടുകയും ചെയ്തു. ഒരുപാടിഷ്ടം തോന്നിപ്പോവുന്ന ഒരു മനുഷ്യൻ.

ലോണിന് പുറകിൽ പരമ്പരാഗത വേഷത്തിൽ മൺ കോപ്പയിൽ ചൂട് ചായ വില്ക്കുന്ന ആളുകൾ. അവരുടെ തനത് വിഭവങ്ങളും ലഭ്യമാണ്. ചൂർമ ലഡ്ഡു വാങ്ങി കഴിച്ചു നോക്കി, അസ്സൽ രുചി. ഇടയ്ക്ക് പാട്ടും ഡാൻസും വാദ്യങ്ങളുമായി രാജസ്ഥാൻ കലാകാരന്മാർ. ഫോട്ടോ എടുക്കുമ്പോൾ കൂട്ടത്തിലെ കൊമ്പൻ മീശക്കാരൻ ഗാംഭീര്യത്തോടെ പോസ് ചെയ്ത് തന്നു. നിറപ്പകിട്ടാർന്ന ഗാഗ്രയും നെറ്റിയിൽ പതക്കം പോലെയുള്ള ആഭരണവും ധരിച്ച് ഓഡിനി തലയിലൂടെയിട്ട് അവിടെയെല്ലാം കണ്ട സ്ത്രീ ഈ കലാകാരന്മാരുടെ കൂട്ടത്തിൽ ഒരുവളാവാം എന്നായിരുന്നു ഞാൻ ധരിച്ചത്. പിന്നീടാണ് അവർ ഥാക്കൂറാണി ജ്യോതികകുമാരി ഡിഗ്ഗി ആണെന്ന് മനസ്സിലായത്, കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശികളിൽ ഒരാൾ. കൊട്ടാരത്തിന്റെ ഒരു ഭാഗത്താണ് അവർ താമസിക്കുന്നത്, ബാക്കിയുള്ളത് ഹെറിറ്റേജ് ഹോട്ടൽ ആക്കി മാറ്റിയിരിക്കുന്നു. അവിടെയാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത്.

സഞ്ജന കപൂറും ടോം സ്റ്റോപ്പർഡും ആയിട്ടുള്ള സെഷൻ ആയിരുന്നു അടുത്തത്. എംഎ ക്ലാസ്സുകളിൽ എത്രയോ തവണ പറഞ്ഞിട്ടുള്ള ആളെ നേരിൽ കാണുന്ന കൗതുകം. നാടക കൃത്തും തിരക്കഥാകൃത്തും ഒക്കെ ആയിട്ടുള്ള സ്റ്റോപ്പർഡ് ഡാർജിലിംഗിൽ ഏതാനും വർഷങ്ങൾ പഠിച്ചിട്ടുണ്ട്, ചെക്കൊസ്ലാവിയയിലെ നാസി അധിനിവേശ കാലത്ത്. ശശി കപൂറിന്റെ മകളായ സഞ്ജനയും നാടക പ്രവർത്തകയാണ്, പൃഥ്വി തിയേറ്റർ ഒരുപാടുകാലം കൊണ്ടു നടന്നതും അവരായിരുന്നു.

നിരോധിച്ച പുസ്തകങ്ങളെ കുറിച്ചുള്ള അടുത്ത ചർച്ചയും കൂടി കേട്ടു കഴിയുമ്പോഴേക്കും ക്ഷീണിച്ചിരുന്നു. അന്നത്തെ കോക്‌ടെയ്ൽ പാർട്ടി ഹവേലിയിൽ ആയിരുന്നു, പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ഇടുങ്ങിയ ഒരിടം. അവിടെ നിറച്ചും ആളുകളും. 'സി & ഡി'യ്ക്ക് ആ തിരക്കും ബഹളവും ഇഷ്ട്ടപ്പെടാത്തതു കൊണ്ട് അന്നത്തെ ഫ്രീ മദ്യ സേവ അവർ വേണ്ടെന്ന് വച്ചു. പകരം ഹോട്ടൽ ക്ലാർക്‌സ് അമറിൽ വച്ചു നടക്കുന്ന സംഗീത പരിപാടിക്ക് പോകാമെന്ന തീരുമാനമായി. അതിനു വേറെ പാസ്സ് എടുക്കണം, 600 രൂപയ്ക്ക്. നല്ല ദൂരമുണ്ടായിരുന്നു അങ്ങോട്ടേക്ക്. യാത്രയിൽ മുഴുവൻ 'ഡി'യുടെ ആശങ്ക റിപ്പബ്ലിക്ക് ദിനം ആയതു കൊണ്ട് പിറ്റേ ദിവസം സാധനം കിട്ടില്ല, പരിപാടി കഴിഞ്ഞു വരുമ്പോഴേക്ക് കടകളെല്ലാം അടച്ചിട്ടുണ്ടാവും എന്നതായിരുന്നു. വലിയ ആൾക്കൂട്ടത്തിന്റെ ആരവത്തിലേക്കാണ് ചെന്നു കയറുന്നത്. അവിടെയും ഉണ്ട് ചെക്കിങ്. അന്നേരമാണ് 'സി' പറയുന്നത്, നിങ്ങൾക്ക് പാസ് എടുക്കേണ്ട ആവശ്യമില്ലായിരുന്നു, ഡെലിഗേറ്റ് പാസ് ഉണ്ടല്ലോ എന്ന്! ബരാമെർ ബോയ്സും കൈലാഷ് ഖേറും ആയിരുന്നു അന്നത്തെ സായാഹ്നം മനോഹരമാക്കാൻ എത്തിയവർ. സൈഡിൽ നിറയെ പലതരം വിഭവങ്ങളുടെ സ്റ്റാളുകൾ. സ്റ്റാർ ഹോട്ടലിനു അനുസരിച്ചുള്ള വിലയാണെന്ന് മാത്രം. ചൂടോടെ പൊരിക്കുന്ന ജിലേബിയും ആവി പറക്കുന്ന ആലു ടിക്കിയും കഴിച്ച് കൈലാസയുടെ പരിപാടികൾ കേട്ടു. "നമ്മുടെ നാട്ടിലെ കുട്ടിച്ചാത്തൻ ആവാൻ പറ്റും കൈലാഷ് ഖേറിന്, അതേ കോലം. പിന്നെന്താ, ദൈവം അയാളുടെ തൊണ്ടയിൽ ഒരു കഴിവ് കൊടുത്തു, അത്രന്നേ" എന്ന് 'ഡി'. തണുപ്പ് കൂടി കൂടി വന്നപ്പോൾ ഞങ്ങൾ തിരിച്ചു പോരാൻ തീരുമാനിച്ചു. അന്നേരമാണ് സേതുവിനെ കാണുന്നത്. കെ.ജി ജോർജിനെ കുറിച്ച് ഞാനും ലിജിനും ചെയ്ത ഡോക്യൂമെന്ററിയിൽ സേതു സംസാരിച്ചിരുന്നു. 'ആദാമിന്റെ വാരിയെല്ല്' അല്ലാതെ ജോർജ് കാര്യമായി ഒന്നും ചെയ്തില്ല, എവിടെയോ ചിതറി പോയി എന്ന സേതുവിൻറെ അഭിപ്രായത്തോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും അന്നേരം വെറുതെ തലയാട്ടുക മാത്രം ചെയ്തു. ഞങ്ങൾ ബുക്ക് ചെയ്ത ഊബർ ഒരുപാട് നേരം കാത്തു നിന്നിട്ടും വരാതായപ്പോൾ ആദ്യം കിട്ടിയ ഓട്ടോയിൽ ആയി മടക്കയാത്ര. എല്ലാ സൈഡിൽ നിന്നും തണുത്ത കാറ്റടിച്ചു കൈയും കാലും മരവിച്ച മട്ടായി. എന്നെ നേരെ അടുപ്പിൽ കൊണ്ടു വയ്‌ക്കേണ്ടി വരും എന്നു തോന്നി. കടകളൊക്കെ അടച്ച ആ നേരത്ത് കുപ്പി എങ്ങനെ കിട്ടും എന്ന ധർമ്മസങ്കടത്തിൽ ഉഴറുന്ന 'ഡി'യെ ഓട്ടോക്കാരൻ പയ്യൻ ആരിഫ് ഷട്ടർ താഴ്ത്തിയിട്ട ഒരു കടയുടെ മുൻപിൽ കൊണ്ടിറക്കി. അകത്ത് ലൈറ്റ് ഉണ്ട്, സാധനം കിട്ടും എന്നു പറഞ്ഞ് അവൻ 'സി &ഡി'യെ കൂട്ടി അങ്ങോട്ടു പോയി, മാഡം ഓട്ടോയിൽ ഇരുന്നാൽ മതി എന്നും പറഞ്ഞു. ഹോട്ടലിൽ എത്തിയപ്പോൾ, "എനിക്ക് വിശപ്പില്ല, കഴിക്കാൻ പോവുമ്പോൾ വിളിക്കണ്ട" എന്നും പറഞ്ഞ് ഞാൻ പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി.

സന്തോഷത്തിലേക്കാണ് പിറ്റേ ദിവസം കണ്ണു തുറക്കുന്നത്, എന്റെ പെൺകൂട്ട് വരുന്ന ദിവസം. പാഠപുസ്തകങ്ങളിൽ വായിച്ചും പഠിപ്പിച്ചും കൊണ്ടിരുന്ന ഹോമി ബാബയുടെ സെഷൻ ആയിരുന്നു ആദ്യം തന്നെ. തുടർന്ന് ഒരേ സമയത്ത് വിശാൽ ഭരദ്വാജൂം അനുരാഗ് കാശ്യപും രണ്ടു വേദികളിൽ. ഹിന്ദി സിനിമയിലെ പ്രിയപ്പെട്ട സംവിധായകർ, ഏതിനു പോവും എന്ന കൺഫ്യൂഷൻ. വിശാൽ ഭരദ്വാജിന് ഒരു സെഷൻ കൂടിയുള്ളതു കൊണ്ട് കാശ്യപിനെ കേൾക്കാം എന്ന് തീരുമാനിച്ച് ഡിഗ്ഗി പാലസിന് പുറത്തുള്ള വേദിയിൽ എത്തുമ്പോഴേക്കും അവിടെ ഹൗസ് ഫുൾ ആയി ഗേറ്റ് അടച്ചിരുന്നു. തിരികെ വന്ന് ഷേക്‌സ്‌പിയറിന്റെ 'ഹാംലറ്റ്' വിശാൽ ഭരദ്വാജിന്റെ 'ഹൈദർ' ആയ കഥകൾ കേട്ടു. കാശ്മീരിന്റെ രാഷ്ട്രീയത്തിലേക്ക് വളരെ മനോഹരമായി വിളക്കി ചേർത്തെടുത്ത ഹൈദർ എനിക്ക് പ്രിയപ്പെട്ട സിനിമയാണ്, അതിലെ വിശാലിന്റെ മ്യൂസിക് എടുത്തു പറയേണ്ടതാണ്. മികച്ച തിരക്കഥയ്ക്കും സംഗീത സംവിധാനത്തിനും ഉള്ള നാഷണൽ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ. മലയാളത്തിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് അദ്ദേഹം, വേണുവിന്റെ 'ദയ'യിലും 'കാർബണി'ലും.

ഉച്ചയ്ക്ക് 1. 40 നു തുടങ്ങുന്ന സെഷനിൽ നവാസുദീൻ സിദ്ദിഖി പങ്കെടുക്കുന്നുണ്ട്, അതിനു നല്ല തിരക്കുണ്ടാവാൻ സാധ്യതയുണ്ടെന്ന് കണ്ട് ഞാൻ അതിനു മുൻപുള്ള ചർച്ച സ്കിപ് ചെയ്ത് ഭക്ഷണവും കഴിച്ചു നേരത്തെ ഇടം പിടിക്കാം എന്നു കരുതി എത്തിയപ്പോൾ എനിക്ക് മുൻപേ ഇങ്ങനെ ചിന്തിച്ചവർ അപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സെഷൻ കഴിഞ്ഞപ്പോഴും സീറ്റിൽ നിന്ന് എഴുന്നേറ്റില്ല. എന്നു മാത്രമല്ല വേദിയുടെ മൂന്ന് ഭാഗത്തും മധ്യത്തിലെ നടവഴിയിൽ പോലും ആൾക്കൂട്ടം തിക്കി തിരക്കാൻ തുടങ്ങി. 'ഡ്രീമേഴ്സ്: ലുക്കിങ് അറ്റ് യങ് ഇന്ത്യ' എന്ന വിഷയമായിരുന്നു അപ്പോൾ അവിടെ അവിടെ ചർച്ച നടന്നത്. നെഹ്രുവിനെ കുറിച്ചുള്ള പരാമർശത്തിനിടയിൽ ഒരു ആഭാസ (ആർഷ ഭാരത സംസ്കാരം)ക്കാരൻ പാശ്ചാത്യ സംസ്കാരം എന്നൊക്കെ പുച്ഛിക്കാൻ തുടങ്ങുമ്പോൾ അടുത്തു നിന്ന ആൾ കാമസൂത്ര ഏതു നാട്ടിലാ സുഹൃത്തേ എന്ന് തർക്കിക്കാൻ മുതിരുന്നതും കണ്ടു. ആ തർക്കത്തിൽ പങ്കു ചേരണം എന്നുണ്ടായിരുന്നെങ്കിലും എങ്ങനെയെങ്കിലും ഒരു സീറ്റ് സംഘടിപ്പിക്കുക എന്നുള്ള വിചാരത്തിൽ ഉന്തി തള്ളി മുന്നേറിക്കൊണ്ടിരിക്കുന്നതു കൊണ്ട് തല്ക്കാലം വേണ്ടന്ന് വച്ചു. നന്നായി മറുപടി കൊടുത്തു കൊണ്ടിരുന്ന ആളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർക്കുകയും ചെയ്തു. (പിന്നീട് ബുക്ക് സ്റ്റാളിൽ വച്ച് വീണ്ടും കണ്ടപ്പോഴാണ് ഫിലിം അപ്രീസിയേഷൻ കോഴ്‌സിന് കൂടെയുണ്ടായിരുന്ന സഹപാഠി ആണെന്ന് ഓർത്തെടുക്കാനായത്. വർഷങ്ങൾക്ക് ശേഷം ഒരു പരിചയം പുതുക്കൽ). വഴിയിൽ നിന്ന് ആളുകൾ മാറിയാൽ മാത്രമേ സെഷൻ തുടങ്ങുകയുള്ളൂ എന്ന അറിയിപ്പുകൾ ഏറെ വേണ്ടിവന്നു ഒരു ഓർഡർ ഉണ്ടാക്കാൻ. വളണ്ടിയേഴ്‌സ് കുറേ ഓടി നടന്നിട്ടും ഒന്നും ചെയ്യാനാവാതെ പകച്ചു നില്ക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ തിക്കി തിരക്കി ഞാൻ സ്റ്റേജിന്റെ സൈഡിൽ എത്തിയിരുന്നു. ബാക്കിയുള്ളവരെ ഓടിച്ചു വിട്ടെങ്കിലും എനിക്ക് അവിടെ ഒതുങ്ങി നിൽക്കാനുള്ള അനുവാദം കിട്ടി പോലീസുകാരന്റെ പക്കൽ നിന്ന്. താര രാജാക്കന്മാരെ കാണാൻ തിരക്ക് കൂട്ടുന്നത് പോലെ സിദ്ദിഖിയെ കാണാൻ ആൾക്കൂട്ടം ആർത്തിരമ്പുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. അതയാളുടെ അഭിനയമികവിനുള്ള അംഗീകാരം തന്നെയായിരുന്നു. നന്ദിത ദാസിന്റെ 'മന്റോ' എന്ന സിനിമയെ അധികരിച്ചായിരുന്നു ചർച്ച, സിദ്ദിഖിയുടെ ഓരോ വാചകവും ആൾക്കൂട്ടം ആരവത്തോടെ ഏറ്റെടുത്തപ്പോൾ നന്ദിത അവഗണിക്കപ്പെട്ടതു പോലെ തോന്നി സ്റ്റേജിൽ. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് മന്റോയിൽ സിദ്ധിഖി അഭിനയിച്ചത് എന്ന് നന്ദിത പറഞ്ഞു. ചെയ്യാൻ ആഗ്രഹമുള്ള വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഗൾ - ഇ - അസമിൽ ദിലീപ് കുമാർ ചെയ്ത വേഷം ചെയ്യണം, 'രമൺ രാഘവ്' മാത്രമല്ല തനിക്ക് ഇണങ്ങുക എന്ന ഉത്തരത്തിൽ ആൾക്കൂട്ടത്തെ ഇളക്കി മറിക്കുകയും ചെയ്തു.

അടുത്തത് ഹമീദ് കർസായിയുമായി വില്യം ഡാല്‍റിംപിൾ സംസാരിക്കുന്നതായിരുന്നു. വിരലിൽ എണ്ണാവുന്നവർ ഒഴിച്ച് ആരും എഴുന്നേറ്റ് പോവുന്നുമില്ല. ആർക്കോ വേണ്ടി പിടിച്ചു വച്ച സീറ്റിന് ഒരു സ്ത്രീയുമായി അടിയുണ്ടാക്കി ഞാൻ അവിടെ കയറി ഇരുന്നു. കർസായി ആയിരുന്നു ശരിക്കും ഫെസ്റ്റിവലിലെ താരം, അത്രയും ഭംഗിയായി അദ്ദേഹം സംസാരിച്ചു, അഫ്ഘാനിസ്താനെ കുറിച്ച്, താലിബാനെ കുറിച്ച്, അവർ നശിപ്പിച്ച ബാമിയൻ ബുദ്ധനെ പുനർ നിർമ്മിക്കണോ, ആ ശൂന്യതയിൽ ആ സാന്നിധ്യം നിലനിർത്തണോ തുടങ്ങി ഇന്ത്യയിൽ പഠിച്ചതും, ഇന്ത്യക്കാരേക്കാൾ കൂടുതൽ അവരായിരിക്കും ഹിന്ദി സിനിമ കണ്ടിട്ടുണ്ടാവുക എന്നതുമെല്ലാം. ഹിന്ദി പാട്ടിന്റെ വരികൾ മൂളി, ടാഗോറിനെ മുഴുവൻ വായിച്ചതിനെക്കുറിച്ചു പറഞ്ഞ്, കാളിദാസനെ വായിക്കാൻ ഉപദേശിച്ച്, ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുമൊക്കെ ഒരു മണിക്കൂർ പോയതറിഞ്ഞില്ല.

തൊട്ടു പിന്നാലെ വിശാൽ ഭരദ്വാജിന്റെ ശായരി കേട്ടു, അദ്ദേഹത്തിന്റെ കവിതാ സമാഹാരം ‘ന്യൂഡ്’-ൽ നിന്നുള്ള വരികൾ. രാവിലേ തൊട്ടുള്ള ഇരിപ്പായതു കൊണ്ട് കണ്ണുകൾ അടഞ്ഞു പോവുന്നുണ്ട്. പക്ഷേ അടുത്ത സെഷൻ കൂടി കേൾക്കാനുണ്ട്, ഗൗരി ലങ്കേഷിനെ കുറിച്ചുള്ളത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എനിക്ക് ആ വിഷയത്തിൽ ഒരു സെഷൻ ചെയ്യാനുള്ളതുമാണ്. പ്രതീക്ഷിച്ച പോലെ ചൂട് പിടിച്ച ഒരു ചർച്ചയൊന്നുമായില്ല അത്, ആകെ അര മണിക്കൂർ സമയവും. ചോദ്യോത്തര വേളയിൽ ഗൗരിയുടെ മരണത്തെ അപലപിക്കുന്നവർ കേരളത്തിൽ ബിജെപി അനുഭാവികളെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് മൗനം പാലിക്കുന്നതെന്താണ് എന്ന ചോദ്യവുമായി ഒരാൾ. ദേശീയ മാധ്യമങ്ങൾ മുട്ടിലിഴയുന്നതിന്റെ ദൃഷ്ടാന്തം. ഗൗരി ലങ്കേഷ് റീഡർ എഡിറ്റ് ചെയ്ത ചന്ദൻ ഗൗഡയെ പരിചയപ്പെട്ടു, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു പറഞ്ഞു അദ്ദേഹം ഫോൺ നമ്പർ തരുമ്പോൾ.

രാത്രിയാണ് 'എ & ബി' വരുന്നത്, അതിനു മുൻപ് ഇപ്പോൾ താമസിക്കുന്ന റൂം വെക്കേറ്റ് ചെയ്യണം, കെട്ടും ഭാണ്ഡവും എടുത്ത് പുതിയ ഇടത്തേക്ക് മാറണം. 'സി'യും ഞാനും യാത്ര പറയാൻ ചെല്ലുമ്പോൾ ആദ്യം ശ്രദ്ധിച്ചത് 'ഡി'യുടെ മേശപ്പുറത്തിരിക്കുന്ന പുസ്തക കൂമ്പാരമാണ്. ആ വായന തന്നെയാവും അവന്റെ എഴുത്തിനെ ഇങ്ങനെ സമ്പുഷ്ടമാക്കുന്നതും. പുതിയ ഇടം അല്പം ദൂരമുണ്ടെങ്കിലും ശാന്തമായ അന്തരീക്ഷം, കയറി ചെല്ലുമ്പോൾ തന്നെ വരവേൽക്കുന്നത് പതിഞ്ഞ താളത്തിലുള്ള സംഗീതം. ബഹളം നിറഞ്ഞ പഴയ ഇടത്തുനിന്ന് ഇങ്ങോട്ടു മാറിയപ്പോൾ ആശ്വാസം തോന്നി. കുളിച്ചു ഫ്രഷ് ആയി പുറത്തെ വരാന്തയിലെ ചായകുടി ഇടത്തിൽ കട്ടൻ ചായയും സ്‌നാക്‌സും ഓർഡർ ചെയ്ത് അവരെ കാത്തിരുന്നു. ഗൂഗിൾ മാപ്പും ഊബറും ഉള്ളതുകൊണ്ട് വഴി പറഞ്ഞു കൊടുക്കലും കണ്ടുപിടിക്കലും എല്ലാം എത്ര എളുപ്പമാണ്. എട്ടരയോടെ അവരെത്തുമ്പോൾ എന്റെ പെൺകൂട്ട് വന്ന സന്തോഷത്തിലായിരുന്നു ഞാൻ. ഒരാൾ വിപ്ലവവും മറ്റേ ആൾ മൈഗ്രേയ്‌നും ആയിട്ടാണ് വരവ്. വിപ്ലവ പാർട്ടിക്ക് പക്ഷേ യാതൊരു പ്രശ്നവുമില്ലായിരുന്നു. 'എ' വന്നപാടെ ഷവറിനടിയിൽ കുറേനേരം നിന്നു, എന്നിട്ടും കുറയുന്നില്ല തലവേദന എന്നു പറഞ്ഞ് എന്റെ മടിയിൽ തലവച്ചു കിടന്ന് അവളുടെ മുടി പിടിച്ചു വലിക്കാൻ ആവശ്യപ്പെട്ടു, എന്നാലേ മൈഗ്രേയ്ൻ കുറയുകയുള്ളൂ എന്നു പറഞ്ഞ്. ഭക്ഷണം കഴിക്കാൻ പോവാൻ 'ഡി' വിളിച്ചപ്പോൾ ഞങ്ങൾ എല്ലാവരും കൂടി പുറത്തിറങ്ങി. വീണ്ടും ധാബയിലേക്ക്. പുറത്തെ തുറന്ന അടുപ്പിൽ വലിയ താലത്തിൽ പാൽ കുറുക്കി കൊണ്ടിരിക്കുന്നു, അതിനു താഴെ വീണു കിടക്കുന്ന പാത്രങ്ങൾ. ഇതിലാണോ നമുക്ക് ഭക്ഷണം വിളമ്പുന്നത് എന്ന് 'എ'! പോളിയോ ബാധിച്ചാവണം മുട്ടിനു താഴെ കുഴഞ്ഞു പോയ കാലുകളുമായി കസേരയിൽ കയറി നിന്ന് പാത്രം കഴുകുന്ന ആളെക്കൂടി കണ്ടപ്പോൾ 'എ' പറഞ്ഞു, ഇനി ഇവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ട എന്ന്. ഇത്ര നല്ല ഫുഡ് വേറെ എവിടേയും കിട്ടില്ല എന്നൊക്കെ പറഞ്ഞ് 'ഡി' ഓർഡർ ചെയ്ത വിഭവങ്ങളൊന്നും 'എ'യ്ക്ക് ഇഷ്ടപ്പെട്ടതുമില്ല. നാളെ നമുക്ക് വേറെ എവിടെയെങ്കിലും പോവാമെന്ന് ഞങ്ങൾ പിന്നീട് തീരുമാനിക്കുകയും ചെയ്തു. മൂന്നു പേർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും രാവേറെ ചെല്ലുവോളം സംസാരിച്ചിരുന്നിട്ടാണ് ഞങ്ങൾ ഉറങ്ങാൻ പോയത്.

തലേന്നു വരെ തണുത്തു വിറച്ച് മുഴുവൻ സമയവും ജാക്കറ്റും ഇട്ടു നടന്നിരുന്നതാണ്, ഇവർ വന്നപ്പോഴേക്കും തണുപ്പ് അല്പം കുറഞ്ഞ പോലെ. മൂന്ന് ദിവസത്തെ സീനിയോറിറ്റി ഉള്ളതു കൊണ്ട് എല്ലാം അറിയുന്ന ആളെപ്പോലെ വഴിനീളെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടായിരുന്നു എന്റെ നടത്തം. ആദ്യം തന്നെ 'എ & ബി'ക്ക് പാസ് എടുത്തു, അവരെ ഡിഗ്ഗി പാലസ് ചുറ്റി നടന്നു കാണിച്ചു. കുറേ ഫോട്ടോസ് എടുത്തു. പുസ്തകശാലയിൽ കറങ്ങി നടന്ന് അവസാന ദിവസം വാങ്ങാനുള്ള പുസ്തകങ്ങൾ കണ്ടുവച്ചു.

ഫ്രണ്ട് ലോണിൽ വന്നിരുന്ന് ഹെലൻ ഫീൽഡിങിനെ കേൾക്കാൻ ശ്രമിച്ചെങ്കിലും (അവർ നല്ല രസകരമായി സംസാരിക്കുന്നുണ്ടായിരുന്നു, എഴുത്തിലെ സെൻസ് ഓഫ് ഹ്യൂമർ സംഭാഷണത്തിലുമുണ്ട്) ഞങ്ങളുടേതായ വർത്തമാനങ്ങളിലേക്ക് തെന്നിവീണു ശ്രദ്ധ. എന്നാൽ പിന്നെ കറങ്ങാൻ പോവാം എന്നു തീരുമാനിച്ചു. ജയ്‌സാൽമീർ കാണണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും യാത്രയ്ക്ക് തന്നെ ഒരുപാട് സമയം പിടിക്കും എന്നുള്ളതുകൊണ്ട് ആ ആഗ്രഹം ആദ്യമേ മാറ്റിവച്ചിരുന്നു. ഇവർക്കാണെങ്കിൽ ആകെയുള്ളത് രണ്ടു ദിവസം. പഴയ ഓട്ടോക്കാരൻ ആരിഫിനെ വിളിക്കാൻ തീരുമാനമായി, കറങ്ങാൻ പോവാൻ. ഫോൺ ചെയ്ത് അല്‍പ്പസമയം കൊണ്ടുതന്നെ അവൻ വന്നു. അടുത്തുള്ള സ്ഥലങ്ങളൊക്കെ കാണാൻ പോവാം എന്ന തീരുമാനമായി. ആദ്യം ലഞ്ച് കഴിക്കണം, ആരിഫ് ഞങ്ങളെ പോവുന്ന വഴിക്കുള്ള ഒരു റെസ്റ്ററന്റിൽ ഇറക്കി, അവനെ ഒരുപാട് നിർബന്ധിച്ചെങ്കിലും ഊണ് കഴിക്കാൻ വന്നില്ല. ദാൽ ബാട്ടി ചുർമ ആണ് പ്രധാനപ്പെട്ട ഒരിനം എങ്കിലും അന്നത്തെ പരീക്ഷണം രാജസ്ഥാൻ താലി ആയിരുന്നു, പിന്നെ രസഗുളയും.

പിങ്ക് സിറ്റിയുടെ തിരക്കുകളിലൂടെ സിറ്റി പാലസിലേക്ക്. കുറേ നടന്നു കാണാനുണ്ടായിരുന്നു, വലിയ നടുമുറ്റങ്ങളും മ്യൂസിയവും, അലങ്കാര പണികളും ഒക്കെയായി കഴിഞ്ഞു പോയ കാലത്തിന്റെ ശേഷിപ്പുകൾ. പല കഥകൾ. ചന്ദ്ര മഹലിൽ വച്ച് രാജ ജയ് സിങിന്റെ മകൻ ഇഷാവ്രി സിങ് മറാത്താ സേനയെ നേരിടാൻ മടിച്ച് പാമ്പിനെ കൊണ്ട് കൊത്തിച്ച് മരണം വരിച്ചതും, അതേ തുടർന്ന് അയാളുടെ ഇരുപത്തി ഒന്ന് ഭാര്യമാരും വെപ്പാട്ടികളും സതി അനുഷ്ഠിച്ചതും അതിൽ ഒന്ന്. ഇംഗ്ലണ്ടിലേക്ക് പോയ രാജാവിന് ഇംഗ്ലീഷ് വെള്ളം കുടിക്കാതിരിക്കാനായി ഗംഗാജലം നിറച്ചു വയ്ക്കാൻ നിർമ്മിച്ച, ഗിന്നസ് ബുക്കിൽ ഇടം പിടിച്ച കൂറ്റൻ വെള്ളി ഭരണിയാണ് മറ്റൊന്ന്. വൃത്താകൃതിയിൽ നിരത്തിവച്ച തോക്കുകൾക്ക് മുൻപിലെത്തിയപ്പോൾ 'എ' പഴയൊരു കോളേജ് തമാശ പറഞ്ഞു ചിരിച്ചു, തോക്കുകൾക്ക് മുൻപിലൊരു വെടി! അത്യാവശ്യം ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞു ബോറടിച്ചപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. ഉന്തുവണ്ടിയിൽ നിരത്തിവച്ച പേരക്ക വാങ്ങാനായി ഞാനും, കുട്ടികൾക്ക് തലപ്പാവ് വാങ്ങാൻ 'എ & ബി'യും നീങ്ങി. തൊട്ടപ്പുറത്തുള്ള ജന്തർ മന്തർ കാണാൻ ആർക്കും ഉത്സാഹം ഉണ്ടായതുമില്ല.

വീണ്ടും ആരിഫിന്റെ ഓട്ടോ ഞങ്ങളെ വഹിച്ച് നഗര തിരക്കുകൾ പിന്നിട്ട് ആംബർ ഫോർട്ടിലേക്കുള്ള കുന്നു കയറാൻ തുടങ്ങി, ഇടയ്‌ക്കൊക്കെ കിതച്ചും വീണ്ടും കുതിച്ചും. നല്ല ട്രാഫിക് ആയിരുന്നു ശനിയാഴ്ച ആയതുകൊണ്ട്. ഒരുപാട് സമയം എടുത്താണ് ഞങ്ങൾ കൊട്ടാരത്തിൽ എത്തുന്നത്. അതിനു ചുറ്റുമുണ്ട് വേറെയും കോട്ട കൊത്തളങ്ങൾ. നീണ്ട വരാന്തയും നിരനിരയായി ഒരുപാട് മുറികളും ഒക്കെ കണ്ടപ്പോൾ ഞങ്ങൾ ഓർത്തത് രാജാവിന്റെ സംതൃപ്തിക്കായി ആ മുറികളിൽ ജീവിച്ചു തീർന്ന പെൺജീവിതങ്ങളെക്കുറിച്ചാണ്. അത്ര സഭ്യമല്ലാത്ത ഭാഷയിൽ ഞങ്ങളതിനെ വിശകലനം ചെയ്യുകയും ചെയ്തു. യന്ത്ര സഹായമൊന്നുമില്ലാതിരുന്ന ആ കാലത്ത് എത്രയോ മനുഷ്യരുടെ വിയർപ്പിനു മുകളിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ!

മടങ്ങി വരുന്ന വഴി ജൽ മഹൽ കാണാനും ഫോട്ടോ എടുക്കാനുമായി ആരിഫ് വണ്ടി നിർത്തി തന്നു. തടാകത്തിനു നടുവിലെ കൊട്ടാരത്തിന്റെ ഒരു നില മാത്രമേ പുറത്തേക്ക് കാണാനാവൂ, വെള്ളത്തിനടിയിൽ നാല് നിലകളുണ്ട്. മുൻപ് തോണിയിൽ ജൽമഹലിനു ചുറ്റും പോവാൻ സാധിക്കുമായിരുന്നു, ഇപ്പോഴതില്ല എന്ന് ആരിഫ്. ഒരു രാത്രി തോണി തുഴഞ്ഞ് ആരും കാണാതെ ജൽ മഹലിന്റെ ആഴങ്ങളിലേക്ക് പോവുന്നതും ആ കാഴ്ചകൾ കാണുന്നതുമൊക്കെ സങ്കല്പിച്ചു നോക്കി.

വണ്ടി നിർത്തി ഇറങ്ങിയ ഇടത്ത് മുഴുവൻ വഴിവാണിഭക്കാരാണ്. പരമ്പരാഗത രാജസ്ഥാനി കുപ്പായം അണിഞ്ഞ് ഫോട്ടോ എടുക്കാനുള്ള ഏർപ്പാടുമുണ്ട്. 'എ & ബി' മൂക്കുത്തിയും കുട്ടികൾക്ക് വളകളും വാങ്ങി അവിടെ നിന്ന്. 'ബി' പേശി വാങ്ങുന്നത് കണ്ട് 'എ' അവളെ കളിയാക്കുകയും ചെയ്തു, വലിയ വില കൊടുത്ത് ഷോപ്പിംഗ് മാളിൽ നിന്ന് വാങ്ങുമ്പോൾ വില പേശില്ലാലോ, ഇവിടെ പത്തുരൂപയ്ക്ക് പേശുന്നു എന്ന്. 'ബി'ക്ക് അത് ഇഷ്ടപ്പെട്ടതുമില്ല. അഞ്ചു മണിക്ക് ശശി തരൂരിന്റെ സെഷൻ ഉണ്ടെന്ന് പറഞ്ഞു ഞാൻ തിരക്ക് കൂട്ടി. തിരിച്ചെത്തിയപ്പോഴാണ് തമാശ, ആരിഫ് എത്ര തന്നെ നിർബന്ധിച്ചിട്ടും പൈസ പറയുന്നില്ല, എന്തെങ്കിലും തന്നാൽ മതി എന്ന നിലപാടിൽ നിൽക്കുകയാണ്. അവിടെ വണ്ടി പാർക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ട് പോലീസുകാരൻ വിസിലടിക്കുന്നുമുണ്ട്. കുറച്ചു നേരത്തെ കൺഫ്യൂഷന് ശേഷം ഞങ്ങൾക്ക് ശരിയെന്ന് തോന്നിയ ഒരു സംഖ്യ കൊടുത്തു. അവനതും വാങ്ങി ചിരിച്ചു കൊണ്ട് പോയി. ഇവനെ നമുക്ക് നാട്ടിലേക്ക് കൊണ്ടുപോവാമായിരുന്നു പറഞ്ഞു ഞങ്ങൾ.

ശശി തരൂരിന്റെ 'വൈ ഐ ആം എ ഹിന്ദു' കേൾക്കാൻ തിങ്ങി നിറഞ്ഞ് ആൾക്കൂട്ടം. മൺകോപ്പയിൽ ചായയും വാങ്ങി ഞങ്ങൾ പുറത്തെ നടവഴിയിൽ നിന്ന് കേൾക്കാൻ ശ്രമിച്ചു, ആൾക്കൂട്ട ബഹളത്തിൽ അത് നടക്കില്ലെന്ന് ബോധ്യം വന്നപ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ഷോപ്പിംഗിനു പോയാലോ എന്നൊരാൾ. എന്റെ പാസിൽ ഫ്രീ ആയി മദ്യം കിട്ടും എന്നറിഞ്ഞപ്പോൾ പിന്നെ അതിനെക്കുറിച്ചായി. ഹവേലിയിൽ നിന്ന് കുപ്പിയെടുത്ത് താഴേക്ക് എറിഞ്ഞാൽ മതി എന്നൊക്കെയുള്ള തമാശകൾ. അപ്പോഴേക്കും 'സി & ഡി' എത്തി. ഓട്ടോ പിടിക്കാൻ ഇറങ്ങി നടന്നു തുടങ്ങിയപ്പോൾ തന്നെ 'എ'യ്ക്ക് മതിയായി, അവൾക്ക് കാലു വേദനിക്കുന്നുണ്ട് എന്നു പറഞ്ഞ്. ഞങ്ങൾ മലയാളത്തിൽ സംസാരിച്ചു നടക്കുന്നത് കേട്ട് ഒരാൾ ഇങ്ങോട്ടു കയറി വന്നു സംസാരിച്ചു. കുറെ വർഷങ്ങളായി അവിടെ താമസിക്കുന്ന ആളാണ്, മലയാളം കേട്ട സന്തോഷത്തിൽ മിണ്ടാൻ വന്നതായിരുന്നു. ഷോപ്പിംഗിന് ബാപ്പു ബസാറും ജോഹ്‌രി ബസാറും ആണ് നല്ലത് എന്നൊക്കെ പറഞ്ഞു തന്നു അയാൾ. ഷോപ്പിംഗിനു നാളെ പോവാമെന്നും തത്ക്കാലം റൂമിലേക്ക് പോവാമെന്നും തീരുമാനമായി. 'സി & ഡി' കുപ്പി വാങ്ങാനായി വേറെ വഴിക്കും പോയി. ഒരു മൂളിപ്പാട്ടൊക്കെ പാടി, ഫ്രഷ് ആയി ബാത്‌റൂമിന്റെ കതക് തുറക്കുമ്പോൾ മുറിയിൽ 'സി &ഡി'യെ കണ്ട് ഒന്നമ്പരന്നു. അതുകണ്ട് 'എ' ചോദിച്ചു, ഇവിടെത്തെ ബഹളം ഒന്നും കേട്ടില്ലായിരുന്നോ എന്ന്. ഞാൻ 'മഹൽ ഉദാസ് ഔർ ഗലിയാ സൂനി…' പാടുകയല്ലായിരുന്നോ, അതുകൊണ്ട് കേട്ടില്ല, ഭാഗ്യം മര്യാദയ്ക്കുള്ള വേഷത്തിൽ ആയത്, അല്ലങ്കിൽ എന്റെ മഹൽ ഉദാസ് ആയേനെ എന്നു പറഞ്ഞു. പിന്നെ ഞങ്ങളുടെ പെൺ കുശുകുശുപ്പിൽ മഹൽ ഉദാസ് ആയി തമാശ. ഓറഞ്ച് ഫ്ലേവർ ഉള്ള വോഡ്കയുമായാണ് 'സി & ഡി' വന്നത്. എനിക്ക് വേണ്ടി എന്നുപറഞ്ഞ് ഒരു ബിയർ ക്യാനും കൊണ്ടുവന്നിരുന്നു. ഓറഞ്ച് ഫ്ലേവർ അല്ലാതെ ഒന്നും കിട്ടിയില്ലേ എന്ന് 'എ & ബി' അപ്പോൾ തന്നെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. കമ്പനിക്ക് കൂടുന്നില്ല, മോശമാണ്, ടേസ്റ്റ് നോക്ക് എന്നൊക്കെ പറഞ്ഞ് 'എ' കുറെ നിർബന്ധിച്ചെങ്കിലും എനിക്ക് താല്പര്യമില്ലാത്ത വിഷയമാണെന്ന് പറഞ്ഞു. മാത്രവുമല്ല ട്രാവലോഗ് എഴുതുമ്പോൾ നിങ്ങളുടെ ഫോട്ടോ ഇട്ട് ഞാൻ മാത്രം നല്ല കുട്ടി ആവുകയും ചെയ്യും എന്നു പറഞ്ഞു. ഗ്ലാസും പൊക്കി പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു തന്നിട്ട് അവർ പറഞ്ഞു അവരുടെ വേർഷൻ വേറെ എഴുതുന്നതായിരിക്കുമെന്ന്. അല്പമൊന്ന് തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ 'ഡി' പഴയ പാട്ടുകൾ ഫോണിൽ വയ്ക്കാൻ തുടങ്ങി. ബാബുരാജിന്റെ പാട്ടുകൾ കേട്ട് സങ്കടത്തോടെ പറയുകയും ചെയ്തു, ഇവരോട് നമ്മൾ എന്തു തെറ്റു ചെയ്തു, ഇവരെന്തിനാണ് നമ്മെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്നൊക്കെ. പ്രസിദ്ധനായ കവിയും ഗാനരചയിതാവുമായ വ്യക്തി റിസർവേഷൻ കിട്ടാതെ ട്രെയിനിൽ കയറിയ കഥയും പറഞ്ഞു. ടിടിയോട് ഞാൻ ആരാണെന്ന് അറിയുമോ, വേണമെങ്കിൽ ഒരു ട്രെയിൻ തന്നെ വാങ്ങിക്കും എന്നു പറഞ്ഞപ്പോൾ, ട്രെയിൻ ഒക്കെ വാങ്ങിക്കോളൂ പക്ഷേ എവിടെ പാർക്ക് ചെയ്യും എന്ന് ടിടി തിരിച്ചു ചോദിച്ചെന്നും ആ നർമ്മത്തിൽ വീണ് ടിടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചതുമായ കഥ. ഭക്ഷണത്തിനായി വീണ്ടും ധാബയിലേക്ക്. അപ്പോഴേക്കും ഫിറ്റ് ആയ 'ഡി' കുറെ മദ്യപാന കഥകൾ പറഞ്ഞു തുടങ്ങി. "ഞാൻ വല്യ സ്ഥലത്തു നിന്നും റോഡ് സൈഡിലെ പൈപ്പ് വെള്ളം ഒഴിച്ചും അടിച്ചിട്ടുണ്ട്. വളാഞ്ചേരി ബാറിലെ…” എന്നും പറഞ്ഞു പൈപ്പ് തിരിക്കാനായി ഓട്ടോയിൽ നിന്ന് കൈ പുറത്തേക്കിടും. ഞങ്ങൾക്ക് നല്ല തമാശയായിരുന്നു ഇത്, പിന്നീട് കുറെ ദിവസത്തേക്ക് പറഞ്ഞു ചിരിക്കാനുള്ള വകയും. വീഡിയോ എടുത്ത് വച്ചു അന്നത്തെ 'ഡി'യുടെ പ്രകടനങ്ങൾ. ഇനി ധാബയിലേക്കില്ല എന്ന ശക്തമായ പ്രതിഷേധം 'എ' അറിയിക്കുകയും ചെയ്തു ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ.

അവസാന ദിവസമാണ് ഇന്ന്, നാളെ ഉച്ചയ്ക്കാണ് തിരിച്ചുള്ള ഫ്ലൈറ്റ്. രാവിലെ ഡിഗ്ഗി പാലസിലേക്ക് പോയെങ്കിലും കാര്യമായി ഒന്നും ശ്രദ്ധിക്കാനായില്ല. എവിടെയൊക്കെ പോവണം എന്നുള്ള ചർച്ചകളായിരുന്നു. 'എ'യ്ക്ക് ആണെങ്കിൽ മൊത്തത്തിൽ നിരാശ, ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല, ഇവിടുന്നെങ്കിലും എന്തെങ്കിലും നടക്കുമെന്ന് കരുതി വന്നപ്പോൾ കാണാൻ കൊള്ളാവുന്ന ഒരാളുമില്ല. അവൾ ആ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു, പെൺകുട്ടികളെ വായ്‌നോക്കാമെന്നല്ലാതെ കൺകുളിർപ്പിക്കുന്ന ആൺ കാഴ്ചകൾ വിരളം, ശരിക്കും ശോകം സീൻ. പാലസിന്റെ ഒരു വശം മുഴുവനും വിവിധ ഷോപ്പുകളും ഭക്ഷണശാലകളുമായിരുന്നു. മധുരമുള്ളത് എന്തെങ്കിലും കഴിക്കാം എന്നു പറഞ്ഞ് അതിലൂടെയൊക്കെ കറങ്ങി നടന്നു. ഒടുക്കത്തെ വിലയാണ് മിക്ക സാധനങ്ങൾക്കും. അതിനിടയിലാണ് വന്നിട്ട് ആദ്യമായി സുന്ദരനായ ഒരാളെ കാണുന്നത്. നല്ലൊരു ചൊങ്കൻ സായിപ്പ്! അയാളുടെ മുൻപിൽ കുറ്റിയടിച്ചുള്ള ഞങ്ങളുടെ വായ്‌നോട്ടം കണ്ട് ഇതൊന്നും കാണാൻ വയ്യ, താങ്ക മുടിയാത് എന്ന മട്ടിൽ 'ബി' സ്ഥലം വിട്ടു. കടകൾക്കുള്ളിൽ നിന്ന് അവളെ കണ്ടെടുത്ത് ഞങ്ങൾ പുറത്തിറങ്ങി. ഇന്ന് സൈക്കിൾ റിക്ഷയിലായിരുന്നു യാത്ര. ആദ്യം ആൽബർട്ട് ഹാളിലേക്ക്, മുറ്റം നിറയെ പ്രാവിൻ കൂട്ടങ്ങളാണ്, അവയ്ക്ക് ധാന്യ മണികൾ വിതറിക്കൊടുക്കുന്നവർ. നടക്കുമ്പോൾ നമുക്ക് ചുറ്റിലും മുകളിലും പ്രാവിൻ പന്തൽ. പന്ത്രണ്ടു മണി നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്, നാളെ കാലത്ത് ഒന്നുടെ വരണം എന്ന് തീരുമാനിക്കുകയും ചെയ്തു.

ഹവാ മഹൽ ആയിരുന്നു അടുത്ത ലക്ഷ്യം. എൻട്രി ടിക്കറ്റ് എടുക്കാൻ എന്നെ ക്യൂവിൽ നിർത്തി അവർ രണ്ടുപേരും അതിനകത്തുള്ള ചെരിപ്പ് കടയിലേക്ക് പോയി, ആണുങ്ങളുടെ ക്യൂവിൽ നിന്നാ മതി എന്ന ഉപദേശവും തന്ന്! ഇവിടെ എഴുതാൻ വയ്യാത്ത, തക്കതായ മറുപടിയും പറഞ്ഞു ഞാൻ പെൺ വരിയിൽ പോയി സ്ഥലം പിടിച്ചു. ഞായർ ആയതുകൊണ്ട് നിറയെ ആളുകളായിരുന്നു ഹവാ മഹലിൽ. സ്ത്രീകൾക്ക് പുറം കാഴ്ചകൾക്കായി ഒരുക്കിയ നിരവധി കുഞ്ഞു ജാലകങ്ങൾ നിറഞ്ഞ (തേനീച്ചക്കൂട് പോലെ 953 കിളി വാതിലുകൾ എന്ന് ഗൂഗ്ൾ) അഞ്ചു നിലകളിലായി പിങ്ക് കല്ലുകൾ കൊണ്ട് പണിത ഇടം. കിളിവാതിൽ വലിപ്പമുള്ള പെൺസ്വാതന്ത്ര്യം!

ഫോട്ടോ എടുക്കലും മറ്റും കഴിഞ്ഞ് അതിനുള്ളിൽ തന്നെയുള്ള കോഫി ഡേയിൽ നിന്ന് സാൻഡ്‌വിച്ചും കഴിച്ച് പുറത്തിറങ്ങി. ഇന്നത്തെ ദിവസം ഷോപ്പിംഗ് എന്നു പറഞ്ഞപ്പോൾ ഞാൻ മടിച്ചതാണ്, വരുന്നില്ല എന്നും പറഞ്ഞു നോക്കിയതാണ്, ഒരു ഒഴിവുകഴിവും ഇല്ല എന്നു പറഞ്ഞ് 'എ' എന്നെ പിടിച്ചു വച്ചു. സാധാരണ യാത്രകളിൽ ഒരു ഫ്രിഡ്ജ് മാഗ്നെറ്റിന് അപ്പുറത്തേക്ക് ഷോപ്പിംഗ് നീളാറില്ല. ഇന്ന് ജോഹ്‌റ ബസാറിന്റെ തിരക്കുകളിലേക്ക്. റോഡിനിരുവശവും നിരനിരയായി കടകളാണ്, എന്തു വേണമെങ്കിലും കിട്ടുന്ന ഇടം. ഒരു വശത്തു നിന്ന് ഞങ്ങൾ നടപ്പ് തുടങ്ങി, ആദ്യം തന്നെ മാഗ്നെറ്റ് വാങ്ങി വച്ചു. പിന്നെയാണ് ഹാറൂണിന്റെ കടയിൽ എത്തുന്നത്, എന്തു വേണമെങ്കിലും എടുത്തു തരാൻ തയ്യാറായി, വളരെ മര്യാദയുള്ള ചെറുപ്പക്കാരൻ. കണ്ണാടി പതിപ്പിച്ച ഷാളും ഒരു ഇൻഡിഗോ ബാഗും ഞാൻ വാങ്ങുകയും ചെയ്തു. ഇൻഡിഗോ പ്രിന്റ് എന്റെ ഒരു ദൗർബല്യം ആണെന്ന് പറയാം, വല്ലാത്തൊരു ഭംഗിയാണതിന്. ആ പ്രിന്റിലുള്ള ക്വിൽറ്റ് കണ്ടപ്പോൾ ഓർത്തു വായനാമുറിയുടെ ജനൽപ്പടിയിൽ വിരിച്ചിട്ടാൽ നല്ല ഭംഗിയായിരിക്കുമെന്ന്. അത്രയും വലിയ സാധനം ചുമന്നുകൊണ്ട് വരാനുള്ള മടി കൊണ്ട് വാങ്ങിയില്ല. 'എ' അവളുടെ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന വീട്ടിലേക്ക് വേണ്ടി ചുമരലങ്കാരങ്ങളും ഇരിപ്പിട വിരിപ്പുകളും ഒക്കെ വാങ്ങി. നന്നായി ഹിന്ദി അറിയുന്ന അവൾ, "അതല്ല മോനേ, ഈ ടൈപ്പ് കാണിക്ക്" എന്നൊക്കെ മലയാളത്തിൽ പറയുമ്പോൾ എല്ലാം കൃത്യമായി മനസ്സിലാക്കിയ പോലെ ഹാറൂൺ അവൾക്ക് വേണ്ടത് തപ്പിയെടുത്തു കൊണ്ടു വന്നു. രസകരമായിരുന്നു ഈ ഷോപ്പിംഗ്. അവരുടെ തന്നെ ജ്വല്ലറിയിൽ നിന്ന് 'എ' ഒരു മോതിരവും വാങ്ങി. വെളളിയിൽ തീർത്ത വലിയ കല്ലുകൾ വച്ച ആഭരണങ്ങളാണ് അവളുടെ ഇഷ്ടങ്ങളിൽ ഒന്ന്. സഹപ്രവർത്തകർക്ക്, കൂട്ടുകാർക്ക്, വീട്ടുകാർക്ക് ഒക്കെയായി അവർ രണ്ടുപേരും ഓരോരോ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം മനോഹരമായ ആചാരങ്ങൾ ഒന്നും പാലിക്കാത്ത ഞാൻ കൈയും വീശി നടന്നു. പല കടകൾ കയറി നടക്കുമ്പോഴാണ് സെറാമിക് പോട്ടുകളും പലതരം അലങ്കാര വിളക്കുകളും വില്‍ക്കുന്ന ഒരു കടയിൽ കയറുന്നത്. ഭംഗിയില്ലാത്ത ഒന്നും തന്നെയില്ല ആ കടയിൽ. കടക്കാരിയാണെങ്കിൽ പ്രൗഢയായ സ്ത്രീ, എന്തൊരു ഐശ്വര്യമാണ് അവരുടെ മുഖത്ത്, ശരിക്കും ആ വിളക്ക് കടയ്ക്ക് അനുയോജ്യമായ പ്രകാശം പരത്തുന്ന സ്ത്രീ. കടയും നിങ്ങളും സുന്ദരം എന്നവരോട് ഞങ്ങൾ പറയുകയും ചെയ്തു. സെറാമിക്കിന്റെ ഓരോ സ്‌പൈസ് ബോക്സ് ഞാനും 'എ'യും വാങ്ങി, ബബ്ൾ വ്രാപ് ഒക്കെ വച്ച് അവരതിനെ ഉടഞ്ഞു പോവാത്ത വണ്ണം പാക്ക് ചെയ്ത് തന്നു. വെളിച്ചത്തിന്റെ പല പാറ്റേൺ സൃഷ്ടിക്കുന്ന ഷെയ്‌ഡുകൾ വാങ്ങണമെന്ന് 'എ'യ്ക്ക് അതിയായ മോഹം ഉണ്ടായിരുന്നെങ്കിലും നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് കാരണം ആ ആഗ്രഹം ഉപേക്ഷിച്ചു. നമുക്ക് ഒരു ലോറി വിളിച്ചു വരാം അടുത്ത തവണ, എന്നിട്ട് തിരിച്ചു പോവുമ്പോൾ ആരിഫിനെയും, ഹാറൂണിനെയും, ഇവരെയും, ഈ കട മൊത്തമായും കൊണ്ടു പോവാം എന്നും തീരുമാനിച്ചു!

വൈകുന്നേരത്തോടെ ഞങ്ങൾ റൂമിൽ തിരിച്ചെത്തി. കട്ടൻ ചായയും സ്‌നാക്‌സും പറഞ്ഞു കണക്കുകൾ കൂട്ടാൻ തുടങ്ങി, ഓരോരുത്തർ ചിലവാക്കിയതും, കൊടുക്കാനും വാങ്ങാനും ഉള്ളതൊക്കെ കൂട്ടിയും കുറച്ചും സെറ്റിൽ ചെയ്തു. വരുമ്പോൾ കൊണ്ടുവന്ന പതിനായിരം രൂപ ഇപ്പോൾ തന്നെ തീർന്നു, നിങ്ങൾക്ക് തരാനുള്ളത് നാട്ടിലെത്തിയിട്ട് തരാമെന്ന് 'ബി'. അപ്പോഴേക്കും 'സി' വന്നു. അവനും വീട്ടിലേക്ക് എന്തൊക്കെയോ വാങ്ങാനുണ്ട്. വീണ്ടും ഷോപ്പിംഗ്. ഇത്തവണ ബാപ്പു ബസാറിലേക്കാണ് പോയത്. കുറച്ചു കഴിഞ്ഞ് 'ഡി'യും എത്തി. അല്പം കഴിച്ചിട്ടാണ് വരവ്, സെലക്ഷൻ ഒക്കെ ഞങ്ങളെ ഏല്പിച്ചു. കടകൾ അടക്കുവോളം ആ തെരുവിൽ അലഞ്ഞു നടന്നു. അപ്പോഴാണ് സ്വീറ്റ്സ് വാങ്ങിയില്ല എന്ന് 'ബി' ഓർമ്മപ്പെടുത്തുന്നത്. വന്നപ്പോൾ തൊട്ടേ അവൾ സ്വീറ്റ്‌സ് വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഗൂഗിൾ സഹായത്തോടെ അവിടത്തെ പേരുകേട്ട കട കണ്ടു പിടിച്ചു അങ്ങോട്ടേക്ക് പോയി, ലക്ഷ്മി മിശ്താൻ ഭണ്ഡാർ (LMB). മദ്യപിക്കണം എന്ന പല്ലവി 'ഡി' അപ്പോഴേക്കും തുടങ്ങിയിരുന്നു. ഇന്നലെ വാങ്ങിയത് ബാക്കിയുണ്ടല്ലോ, അത് തീർക്കണ്ടേ എന്നും. 'സി'യോട്, അവനെയും കൂട്ടി മുറിയിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞു, ഞങ്ങളുടെ മുറിയിലിരുന്ന് മദ്യപിക്കണ്ട എന്നും കൂടി പറഞ്ഞ് ഞങ്ങൾ മധുരപ്പുരയിലേക്ക് കയറി. 'എ & ബി' ഓരോരോ തരം മധുരങ്ങൾ വാങ്ങാൻ തുടങ്ങി. കണ്ണാടിക്കൂട്ടിൽ വച്ച അരികു മൊരിഞ്ഞ, വലിയ വെള്ളപ്പത്തിന്റെ ആകൃതിയിൽ തേൻ നിറത്തിലുള്ള വിഭവം അപ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്. അതിന്റെ ഉള്ളിൽ നിറയെ നട്സ് വിതറിയിട്ടുമുണ്ട്. രുചി നോക്കാൻ അവർ ‘ഘേവറി’ന്റെ ഓരോ കുഞ്ഞു കഷ്ണം തന്നു. കഴിച്ചു നോക്കിയപ്പോൾ കൊള്ളാം എന്നു തോന്നി ഞങ്ങൾ മൂന്ന് പേരും ഓരോ പാക്കറ്റ് വാങ്ങുകയും ചെയ്തു. അവർ എല്ലാം അളന്നു തൂക്കി പാക്ക് ചെയ്ത് എടുക്കുന്ന നേരത്ത് കഴിക്കാൻ ഓരോ രസഗുള ഓർഡർ ചെയ്തു. നന്നായി വിശക്കുന്നതു കൊണ്ടാണോ അറിയില്ല, ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. ഒരെണ്ണം കൂടി വാങ്ങി കഴിച്ച ശേഷവും അടുത്ത ടേബിളിൽ ആരോ കഴിച്ചു മുഴുവനാക്കാതെ വച്ച രസഗുളയിലേക്ക് ഞങ്ങളുടെ നോട്ടം പാറുകയും ചെയ്തു, "വേണ്ടാല്ലേ" എന്നു പരസ്പരം നോക്കി തലയാട്ടി ആത്മസംയമനം പാലിക്കുകയും ചെയ്തു.

തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും സീൻ മൊത്തം കോൺട്ര! 'സി' തിളച്ചു തൂവി നിൽക്കുകയാണ്, ഞങ്ങൾ അവനെ മനഃപൂർവം ഒഴിവാക്കി എന്ന ആരോപണവുമായി! "റിലാക്സ് ചെയ്യാനും നമ്മൾ ഒന്നിച്ച് കൂടാനുമല്ലേ വന്നത്, എന്നിട്ട് എന്നെ നൈസ് ആയി ഒഴിവാക്കി, നിങ്ങളുടെ റൂമിൽ ഇരിക്കരുത് എന്ന് ഫോൺ ചെയ്ത് പറഞ്ഞു, ഇത്രയ്‌ക്കൊക്കെ എന്നോട് കാണിക്കാൻ ഞാൻ എന്താണ് നിങ്ങളോട് ചെയ്തത്…” എന്നൊക്കെ പറഞ്ഞു ഭയങ്കര ഇമോഷണൽ പൊട്ടിത്തെറി. ഞാൻ കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും അവൻ കുറ്റപ്പെടുത്തിയത് മുഴുവൻ 'എ'യെ ആയിരുന്നു. സത്യത്തിൽ ഞാനാണ് ഫോൺ ചെയ്ത് ഞങ്ങളുടെ മുറിയിൽ ഇരിക്കണ്ട എന്നു പറഞ്ഞത്, തിരിച്ചെത്തി ഫ്രഷ് ആവാനും മറ്റും പ്രൈവസി വേണം എന്നുള്ളത് കൊണ്ടും, തലേ ദിവസത്തെ മഹൽ ഉദാസും ഒക്കെ ഓർത്ത്. ഞാനത് പറയാൻ ശ്രമിച്ചെങ്കിലും അവൻ 'എ'യോട് കത്തിക്കയറി. പിന്നെ അവിടെ നടന്ന വാക് പൂരം ഒന്നും എഴുതാൻ പറ്റില്ല, ആ ഹോട്ടൽ മുഴുവൻ കേട്ടിട്ടുണ്ടാവും ബഹളം. 'ബി' ആകെ പേടിച്ചരണ്ട മട്ടിൽ ഒരു മൂലയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇതുവരെ ഉണ്ടായിരുന്ന എല്ലാ രസവും കെടുത്തിക്കളഞ്ഞ ഒരടി. വാക്കുകൾക്കിടയിൽ തീപ്പൊരി പാറുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, നേരിൽ കണ്ടു! 'സി' ഇറങ്ങിപ്പോയ മൂകതയിൽ ഞങ്ങൾ പാക്കിങ് തുടങ്ങി. പൊതുവെ യാത്രയിൽ ഒരു ബാക് പാക് മാത്രമാണ് എന്റെ പതിവ്, കഴിയുന്നത്ര ലഗേജ് കുറയ്ക്കും, എടുത്ത് നടക്കാനും, എയർപോർട്ടിലെ ബാഗേജ് ക്ലെയിമിൽ കാത്തിരിക്കുന്നത് ഒഴിവാക്കാനും വേണ്ടി. ഇവർ രണ്ടുമൂന്ന് ദിവസത്തേക്കാണ് വന്നതെങ്കിലും ലഗേജ് ഒരുപാടുണ്ടായിരുന്നു. പിന്നെ വാങ്ങിയ സാധനങ്ങളും. എല്ലാം കൂടെ കുത്തി നിറയ്ക്കൽ ഒരു കടമ്പ തന്നെയായിരുന്നു. അതിനിടയ്ക്ക് ഞാനും 'എ'യും പതം പറച്ചിൽ തുടങ്ങി, എന്തിനാണ് 'സി' ഇങ്ങനെ ഒരു സീൻ ഉണ്ടാക്കിയത്, എല്ലാ സന്തോഷവും നശിപ്പിച്ചത് എന്നൊക്കെ. "നിങ്ങൾ ഇഷ്ടം പോലെ യാത്ര പോവുന്നുണ്ട്, അവനും പോവുന്നുണ്ട്, എനിക്കിത് ആദ്യത്തെ യാത്രയാണ്, അതാണ് ആ --- മോൻ നശിപ്പിച്ചത്" എന്നൊക്കെ 'എ' സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു. 'ഡി'യെ കുറെ തമാശയാക്കി ചിരിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഞങ്ങൾക്ക് അവനോട് വല്ലാത്ത പാവം തോന്നി. ഒരുപക്ഷേ ഇവിടെ നടന്ന ബഹളം രണ്ടു മുറികൾക്കപ്പുറത്തുള്ള 'സി'യുടെ റൂമിലിരുന്ന് അവൻ കേട്ടിട്ടു പോലും ഉണ്ടാവാം എന്നോർത്തു. ഇന്നു ഞങ്ങൾക്ക് അവൻ ഓരോ പുസ്തകങ്ങളും സമ്മാനിച്ചിരുന്നു, അതും കൂടെ ഓർത്ത് സെന്റി അടിച്ചു. പേർത്തും പേർത്തും ഞങ്ങൾ ഇതു തന്നെ അയവിറക്കുന്നത് കേട്ട് 'ബി' പതിവ് പോലെ അവളുടെ ഫോണിലേക്ക് മുഖം പൂഴ്ത്തി. വിശപ്പിന്റെ വിളി കലശലായപ്പോൾ റെസ്റ്ററൻറ്റിൽ പോയി ഭക്ഷണം ഓർഡർ ചെയ്തു. മറ്റേ റൂമിൽ പോയി നോക്കുമ്പോൾ 'ഡി' പതിവ് ഗ്ലാസ്സുമായി ഇരിപ്പാണ്, 'സി' ഇറങ്ങിപ്പോയിരിക്കുന്നു! ഭക്ഷണം വന്ന ശേഷം 'ബി' പോയി പുറത്തു നിന്ന് 'സി'യെ അനുനയിപ്പിച്ച് കൊണ്ടു വന്നു. അവൻ വരുന്നതിനു മുൻപുള്ള ഇടവേളയിൽ, ഫ്രസ്ട്രേഷൻ അടിച്ച് 'എ' പറഞ്ഞു അവൾക്ക് അടിച്ചു ഫിറ്റ് ആവണം, റം വേണമെന്ന്. റൂമിലുണ്ട്, പക്ഷേ ഭക്ഷണത്തിനു മുൻപാണ് കഴിക്കേണ്ടത് എന്ന് 'ഡി'. മൂഡ് ഓഫ് ആയാൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ശീലമുണ്ട് 'എ'യ്ക്ക്, ഞങ്ങൾ അവളെ സ്ഥിരമായി കളിയാക്കുന്നതുമാണ്, ഒരു പഫ്‌സ് കഴിച്ചാൽ തീരില്ലേ നിന്റെ സങ്കടം എന്ന് പറഞ്ഞ്. വന്നിട്ട് ആദ്യമായി വൃത്തിയുള്ളതും രുചിയുള്ളതുമായ ഭക്ഷണം കഴിച്ചു, ആരും ഒന്നും മിണ്ടാതെ!

റൂമിൽ തിരിച്ചെത്തി ഞാനും 'എ'യും വീണ്ടും സങ്കടം പറഞ്ഞു തുടങ്ങി, സ്വയം ആശ്വസിക്കാനെന്നവണ്ണം. പെട്ടന്ന് 'എ' പറഞ്ഞു, എനിക്കിപ്പോ ആരെയെങ്കിലും കിട്ടണം, നിങ്ങൾ 'ഡി'യെ വിളിക്ക്, അവനെങ്കിൽ അവൻ എന്ന്! ഞാൻ പറഞ്ഞു, "എടോ അവനൊന്ന് തിരിഞ്ഞു കിടക്കണമെങ്കിൽ ദോശ മറിച്ചിടും പോലെ മറിക്കേണ്ടി വരും, അതാണ് ഇപ്പോഴത്തെ അവസ്ഥ" എന്ന്. ദോശ തമാശയിൽ ഇത്തിരി അയഞ്ഞെങ്കിലും ഒരു കാണാസങ്കടം അപ്പോഴും ബാക്കിയുണ്ടായിരുന്നു മനസ്സിൽ.

തിരിച്ചു പോവാനുള്ള ദിവസമാണ്, രാവിലെ വലിഞ്ഞുമുറുകിയ അന്തരീക്ഷം, നിശബ്ദമായ ഭക്ഷണവേള. 'സി'യുടെ മുഖത്തു പോലും നോക്കാതെ ഇരുന്നു. പിന്നെ ഞങ്ങൾ മൂന്ന് പേരും ഡിഗ്ഗി പാലസിലേക്ക് വന്നു, ആൽബർട്ട് ഹാളിൽ ചെന്ന് പ്രാവിനെ പറത്തിയ ശേഷം. അവിടെ കല്യാണ വീഡിയോ ഷൂട്ടും നടക്കുന്നുണ്ടായിരുന്നു. ത്രിതയും മാർട്ടിനും കൂടിയുള്ള സംഗീത വേളയായിരുന്നു ഫ്രണ്ട് ലോണിൽ. 'എ & ബി' വന്നിട്ട് രാവിലത്തെ മ്യൂസിക് സെഷൻ കേട്ടിട്ടില്ലായിരുന്നു. ത്രിത സിൻഹ കൊൽക്കൊത്തക്കാരിയാണ്, ഒരു ചൈൽഡ് പ്രോഡിജി. അവരുടെ മനോഹരമായ ആലാപനത്തിന് മാറ്റു കൂട്ടിക്കൊണ്ട് മാർട്ടിൻ (Martin Dubois) ഫ്ലൂട്ടും, വീണയും, UFO യുടെ ആകൃതിയിലുള്ള, ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മ്യൂസിക് ഇൻസ്ട്രുമെന്റും (ഹാൻഡ് ഡ്രം) മീട്ടിക്കൊണ്ട് ആ പകലിനു പറഞ്ഞറിയിക്കാനാകാത്ത മാധുര്യം പകർന്നു. നേരത്തെ വന്നത് നന്നായി എന്നു തോന്നി ഞങ്ങൾക്ക്.

മാര്‍ട്ടിന്‍

'ഡി'യ്ക്ക് ഒരു ബുക്ക് വാങ്ങാം എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. ഞങ്ങൾ ബുക്ക് വാങ്ങുന്ന കൂട്ടത്തിൽ അവനും ഒരെണ്ണം വാങ്ങി. ലാസ്റ്റ് മിനിറ്റ് കറങ്ങി നടക്കലിനിടയിൽ 'ബി'യും ഞാനും ഓരോ കുർത്തയും വാങ്ങി. 'ബി' അവളുടെ കെട്ട്യോന് സമ്മാനമായി എന്ത്‌ വാങ്ങും എന്നാലോചിച്ചു ഉഴറി നടന്ന് അവസാനം സൂഫി മ്യൂസിക്കിന്റെ സിഡിയിൽ ചെന്നെത്തി നിന്നു. പിന്നെ തിരിച്ച് വരുംവഴി 'ഡി' താമസിക്കുന്നിടത്തേക്ക് പോയി പുസ്തകം കൊടുത്തു. യാത്ര പറയുമ്പോൾ 'എ & ബി' ചോദിച്ചു, അവരുടെ പേരറിയുമോ എന്ന്? 'ഡി'ക്ക് അറിയില്ലായിരുന്നു! റൂമിലെത്തി ബാഗും എടുത്ത് ഊബർ വിളിച്ച് എയർപോർട്ടിലേക്ക്, വാക്കുകളില്ലാതെ നിശബ്ദമായ യാത്രപറച്ചിൽ 'സി'യോട്.

രണ്ടു മണിക്കാണ് ഞങ്ങളുടെ ഫ്ലൈറ്റ്, പന്ത്രണ്ട് മണിക്ക് മുൻപേ ഞങ്ങൾ അവിടെ എത്തി, ചെക്ക്- ഇൻ ചെയ്ത് ഗേറ്റ് നമ്പർ നോക്കുമ്പോഴാണ് ഫ്ലൈറ്റ് ഡിലെയ് എന്ന് കാണിക്കുന്നത്. ഉച്ചയ്ക്ക് അറ്റകുറ്റ പണികൾക്കായി റൺവേ അടച്ചിടുന്നത് കൊണ്ട് ആ നേരത്തുള്ള വിമാനങ്ങൾ എല്ലാം വൈകിയാണ് പോവുന്നത്. ഞങ്ങളുടെ കണക്ഷൻ ഫ്ലൈറ്റിന് അഞ്ചു മണിക്കൂർ ഇടവേളയുണ്ട്, മുംബൈ എയർപോർട്ടിൽ നിന്നാണ് കോഴിക്കോട്ടേക്കുള്ള വിമാനം. അത്രയും നേരം അവിടെ വായ്‌നോക്കിയും വിൻഡോ ഷോപ്പിംഗ് നടത്തിയും അർമാദിക്കാം എന്നു വിചാരിച്ചിരുന്ന ഞങ്ങൾ ജയ്‌പൂർ വിമാനത്താവളത്തിലെ ശുഷ്കമായ കാഴ്ചകൾ കണ്ടു മടുത്ത് ഇരിക്കേണ്ടി വന്നു. എയർ ഇന്ത്യയുടെ വക വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണവും ഉണ്ടായിരുന്നു കാത്തിരിക്കുന്ന വകയിൽ. ഞാനും 'എ'യും ഇടയ്ക്കിടയ്ക്ക് "...ന്നാലും" എന്നു തുടങ്ങും, തലേ ദിവസത്തെ അടിയെക്കുറിച്ച്. പറഞ്ഞിട്ടും പറഞ്ഞിട്ടും മനസ്സിൽ നിന്ന് ആ കനം പോവുന്നില്ലായിരുന്നു. 'ബി' മിക്ക സമയവും ഫോണിൽ തന്നെ ആയിരുന്നു, നിങ്ങൾക്ക് ഇത് പറഞ്ഞു മടുക്കുന്നില്ലേ എന്നുചോദിച്ച്. അവൾ മുംബൈയിലുള്ള ബന്ധുക്കളെ വിളിച്ച് വിമാനം ലേറ്റ് ആവുന്നതിനെക്കുറിച്ചും എന്ത് ചെയ്യണം എന്നുള്ളതിനെക്കുറിച്ചും ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞപ്പോൾ രണ്ടു ദിവസം മുംബൈയിൽ നിന്നിട്ട് വന്നോ, രണ്ടു ദിവസം കൂടി സ്വസ്ഥത ഉണ്ടാവുമല്ലോ എന്ന മറുപടി. മൂന്നര കഴിയുന്നു, നാലര കഴിയുന്നു, അഞ്ചര കഴിയുന്നു, ഞങ്ങളുടെ വിമാനം മാത്രമില്ല! ടെൻഷൻ ഇങ്ങനെ കുതിച്ചു കയറുന്നതിനിടയിലും ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു നിർത്താതെ ചിരിക്കുന്നുമുണ്ട്, നമ്മുടെയൊരു കാര്യം എന്നു പറഞ്ഞ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ എയർ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫിലെ സാരിക്കാരി പെണ്ണിനെ പോയി ശല്യപ്പെടുത്തുന്നുണ്ട്, ഞങ്ങളുടെ കണക്ഷൻ ഫ്ലൈറ്റ് ഇന്റർനാഷണൽ ടെർമിനലിൽ നിന്നാണ്, ഇൻടേണൽ ട്രാൻസിറ്റ് ഉണ്ടാവോ, ലഗേജ് പെട്ടന്ന് കിട്ടാൻ വല്ലതും ചെയ്യാമോ എന്നൊക്കെ ചോദിച്ച്. രണ്ടു വ്യത്യസ്ത എയർലൈൻ ആയതു കൊണ്ട് വൈകിയാൽ ഇവർക്കൊന്നും ചെയ്യാനും പറ്റില്ല. അവസാനം ലഗേജ് പ്രിയോറിറ്റി പറയാം എന്നവർ ഉറപ്പ് തന്നു. ഈ ബഹളങ്ങൾക്കിടയിൽ 'എ' വന്നു പറഞ്ഞു വിശാൽ - ശേഖർ (സംഗീത സംവിധായകർ) കൂട്ടുകെട്ടിലെ ശേഖർ സ്‌മോക്ക് റൂമിൽ ഉണ്ടെന്ന്. ടോയ്‌ലെറ്റിൽ പോവാനെന്ന നാട്യത്തിൽ പോയി നോക്കി, ഒടുക്കത്തെ ലുക്ക് ആണല്ലോ എന്നൊക്കെ കമന്റും അടിച്ചു വന്നെങ്കിലും ബോർഡ് ചെയ്യാൻ നേരത്ത് ക്യൂവിൽ നിൽക്കുമ്പോൾ 'എന്നെ എല്ലാവരും കാണുന്നില്ലേ' എന്ന ഭാവത്തിൽ ജാടയോടെ നടന്നു വരുന്ന അയാളെ കണ്ടതോടെ ഞങ്ങൾക്ക് മടുത്തു. ആ നേരത്ത് ശോഭ ഡേ പത്രവും വായിച്ച് ഒരു സൈഡിൽ ഇരിപ്പുണ്ടായിരുന്നു. ആറു മണി കഴിഞ്ഞാണ് അവസാനം വിമാനത്തിൽ കയറിയതെങ്കിലും ടേക്ക് ഓഫിന് പിന്നെയും നേരമെടുത്തു. അല്പം പുറകിലായിരുന്നു ഞങ്ങളുടെ സീറ്റ്, ബാക്കിലെ എക്സിറ്റ് തുറക്കില്ല എന്ന് എയർഹോസ്റ്റസ് പറയുകയും ചെയ്തു. ശരിക്കും മിനിട്ടും സെക്കൻഡും എണ്ണിയുള്ള യാത്ര! ലാൻഡ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ബാഗ് എടുത്ത് ട്രെയിനിലും ബസ്സിലും തിരക്കുന്ന പോലെ ഞങ്ങൾ മുൻപിലേക്ക് നീങ്ങി, ചിലരൊക്കെ നീരസത്തോടെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ഒടുക്കം ബാഗേജ് ക്ലെയിമിൽ നിൽക്കുമ്പോൾ 'എ'യുടെ ബാഗുകൾ കാണുന്നില്ല. എന്നാൽ നിങ്ങൾ പൊയ്‌ക്കോ എന്നവൾ! ഞാൻ ഇതിനിടയ്ക്ക് ഓടിപ്പോയി പ്രീപെയ്ഡ് ടാക്സി ബുക്ക് ചെയ്തു. കീറിപ്പറിഞ്ഞ നിലയിൽ 'എ'യുടെ ബാഗുകൾ പിന്നീട് വന്നു. ട്രോളിയിൽ എല്ലാം കയറ്റി വച്ച് പുറത്തേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ 'ബി' ട്രോളി തള്ളിക്കൊണ്ടു പോയത് ചില്ലുവാതിലിനു നേരെ. ഒരു പ്രിയദർശൻ ക്ലൈമാക്സ് ആവുമായിരുന്നത് 'എ'യുടെ സമയോചിതമായ ഇടപെടൽ കാരണം നടന്നില്ല. ട്രാഫിക് ബ്ലോക്കിൽ പെടല്ലേ എന്ന പ്രാർത്ഥനയോടെ ടാക്സിയിൽ കയറി ഇരുന്നു. അങ്ങനെ അതിസാഹസികമായി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുമ്പോൾ ലാസ്റ്റ് ചെക് ഇൻ ടൈം ഏകദേശം കഴിഞ്ഞിരുന്നു. ഓൺലൈൻ ചെക് ഇൻ ചെയ്തതു കൊണ്ട് മാത്രം സെക്യൂരിറ്റി കടത്തിവിടാൻ തയ്യാറായി. അപ്പോഴാണ് അടുത്ത തമാശ, 'ബി'യുടെ കൈയിൽ ഒറിജിനൽ ഐഡി ഇല്ല, അതവൾ ബാഗിൽ ഭദ്രമായി പൂട്ടിവച്ചിരിക്കുന്നു! ഭയ്യാ എന്നൊക്കെ വിളിച്ച് താണു കേണു അകത്തു കയറി. ക്യൂവിൽ നില്ക്കാൻ നേരമില്ലാത്തതു കൊണ്ട് അടുത്ത കാലുപിടുത്തം. ഒടുവിൽ ഓടിത്തളർന്ന് വിമാനത്തിൽ കയറി ഇരുന്നിട്ടാണ് ശ്വാസം വിടുന്നത്.

എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം രണ്ടു രണ്ടര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്, മുംബൈ വിമാനത്താവളത്തിലെ കനത്ത ട്രാഫിക് കാരണം. ഞങ്ങൾ ഓടിയ ഓട്ടം ഒക്കെ വെറുതെ! തിരിച്ചിറങ്ങി കറങ്ങി നടക്കാനും പറ്റാത്തത് കൊണ്ട് ഞങ്ങൾ അവിടെ ഇരുന്ന് ലാവിഷായി കത്തിയടിച്ച് ചിരിച്ചു ചിരിച്ചു ഒരുവിധമായി. മുൻപിൽ ഒറ്റയ്ക്കിരുന്ന പയ്യൻ പ്രാന്തായി മയ്യത്തായോ, അതോ ചെവിയിൽ പഞ്ഞി വച്ചോ എന്നറിയില്ല. അവസാനം ടേക്ക് ഓഫിന്റെ നേരത്ത്…

ഞാൻ : "എന്നാ ഞാനൊരു സത്യം പറയട്ടേ?"

എന്റെ നേരെ തിരിയുന്ന രണ്ടു മുഖങ്ങൾ, നാല് കണ്ണുകൾ

ഞാൻ : "എന്റെ എല്ലാ യാത്രകളുടെയും തിരിച്ചു വരവ് കട്ടപ്പൊകയായിരുന്നു. വണ്ടി കിട്ടാതെയും മറ്റും കഷ്ടപ്പെട്ടാണ് എല്ലാ തവണയും മടങ്ങി വന്നിട്ടുള്ളത്. രണ്ടു തവണ നേരെ പോയത് ആശുപത്രിയിലേക്ക്, അസുഖം, അപകടം ഒക്കെയായി വീട്ടിൽ ആരെങ്കിലും അഡ്മിറ്റ് ആയിട്ടുണ്ടാവും. ഇനി എവിടെയും പോവരുത് എന്ന ഉമ്മയുടെ കല്പനയും ഉണ്ട്."

ഇതിന്റെയൊക്കെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ എന്റെ നേരെ സാകൂതം നോക്കുന്ന രണ്ടു മുഖങ്ങൾ, നാല് കണ്ണുകൾ.

ഫ്രീസ്!

PS : ഇതു വായിക്കുമ്പോൾ എന്താണ് ആളുകൾക്ക് എ, ബി, സി, ഡി എന്ന് പേരിട്ടിരിക്കുന്നത് എന്നു തോന്നാം, വായനയിൽ ചെറിയ കല്ലുകടിയും അനുഭവപ്പെട്ടേക്കാം. സംഗതി എന്താന്നുവച്ചാൽ, ഇവർ നാല് പേരും എന്നെ പോലെ തെണ്ടി മൈസ്രേട്ടുകൾ അല്ല, മാന്യമായ ജോലിയും സമൂഹത്തിൽ സ്ഥാനവും ഒക്കെയുള്ള നല്ല ആളുകളാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ യാത്രക്കുറിപ്പ് വായിക്കുമ്പോൾ ഞാൻ എത്ര ഡീസന്റ് എന്ന് തോന്നിയേക്കാം. എന്താന്നറീല, ഞാൻ ജന്മനാ അങ്ങനെ ആയിപ്പോയി!!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories