TopTop
Begin typing your search above and press return to search.

മാജുളി: ലോകത്തെ ഏറ്റവും വലിയ നദീദ്വീപ്

മാജുളി: ലോകത്തെ ഏറ്റവും വലിയ നദീദ്വീപ്
ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപാണ് അസമിലെ മാജുളി. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്‍ മാജുളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. ലക്ഷ്വറി ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകാം. എന്നാല്‍ ഇവിടുത്തെ പ്രാദേശിക ജീവിതങ്ങളെ കുറിച്ച് മനസിലാക്കണമെങ്കില്‍ നിങ്ങള്‍ സാധാരണ മോട്ടര്‍ ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകുന്നതായിരിക്കും അനുയോജ്യം. ഈ ബോട്ടില്‍ കാര്‍, ബൈക്ക് തുടങ്ങിയവ കൊണ്ടുപോകാം. ആദ്യമായി ഇതില്‍ പോകുന്നവര്‍ക്ക് ഭയമുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഒരു പൊതുഗതാഗതം മാത്രമായിരിക്കും. ചിലര്‍ ഈ സമയത്ത് ചീട്ട് കളികളിലും മുഴുകാറുണ്ട്.

അരമണിക്കൂര്‍ നേരത്തെ ബോട്ട് യാത്രയാണ് ദ്വീപിലേയ്ക്കുള്ളത്. അസമിലെ പ്രധാനനഗരമായ ഗുവാഹത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ മാജുളി ദ്വീപ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായ കാര്‍ഷികസംസ്‌കൃതിയുടെ ഈറ്റില്ലം കൂടിയാണ് മാജുളി. രണ്ട് ലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപില്‍ ബ്രാഹ്മണര്‍, കാലിത്താസ്, മിഷിങ്‌സ്, ഡിയോറി എന്നിങ്ങനെ പല ജാതിയിലും മതത്തിലും പെട്ട ആളുകളുണ്ട്. ഹോസ്റ്റല്‍ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന താമസസൗകര്യമാണ് ഇവിടെ കാത്തിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളേ ഉണ്ടാകൂ.

താമസം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ വഴിയരികില്‍ നെല്‍വയലുകള്‍, കടുക് വയലുകള്‍, മുളന്തോട്ടങ്ങള്‍ എന്നിവയും കാണാം. മിഷിന്‍ ഗോത്രത്തിന്റെ മുള വീടുകള്‍ ആകര്‍ഷകമാണ്. ഈ മുള വീടിന്റെ നടുക്ക് തീ കായാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ മുള കൊണ്ട് പലതരം നിര്‍മ്മിതികളും ചെയ്യുന്നതും ഇവിടെ കാണാം. മിഷിന്‍സ് ''മെക്കേല ചാര്‍ഡറും'' (ആസാമിലെ പാരമ്പര്യ വസ്ത്രങ്ങള്‍) മറ്റ് പാരമ്പര്യ വസ്ത്രങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചെടുക്കും. കൃഷി പണി കഴിഞ്ഞാല്‍ ഇവിടുത്തെ പുരുഷന്മാര്‍ മുള കൊണ്ടുള്ള കട്ടിലും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിക്കും.

അസമിലെ നവ-വൈഷ്ണവ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ മജുളിയില്‍ നിരവധി സത്രങ്ങള്‍ (മത-സംസ്‌കാര സ്ഥാപനങ്ങള്‍) ഉണ്ട്. ''മുന്‍പ് 60 സത്രങ്ങള്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ വന്നപ്പോള്‍ അത് 32 ആയി കുറഞ്ഞു. ഔന്യാതി സത്രം ഇവിടുത്തെ സത്രങ്ങളില്‍ ഏറ്റവും വലിയ സത്രമാണ് '' - സത്ര മ്യൂസിയം ഗൈഡായ അനന്ത് കലിത പറഞ്ഞു. ഞങ്ങള്‍ ഞങ്ങളെ തന്നെ സ്വാമികളെന്നോ പണ്ഡിറ്റുകളെന്നോ വിളിക്കാറില്ല. സത്രങ്ങളില്‍ താമസിക്കുന്നവരെ വൈഷ്ണവ് എന്നാണ് അറിയപ്പെടുന്നത്. കൃഷ്ണനെ ആണ് ഞങ്ങള്‍ ആരാധിക്കുന്നത്. ശങ്കര്‍ എന്ന പണ്ഡിതന്‍ ആവിഷ്‌കരിച്ച നൃത്തങ്ങളും, നാടകങ്ങളും തങ്ങള്‍ പരിശീലിക്കാറുണ്ടെന്ന് അനന്ത് കലിത കൂട്ടിച്ചേര്‍ത്തു.

സത്രീകള്‍ക്കുള്ള താമസസൗകര്യം സത്രയില്‍ ഇല്ല. വിവാഹം കഴിഞ്ഞവര്‍ക്ക് സത്രയില്‍ പ്രവേശനമില്ല. 350 ആളുകള്‍ സത്രയിലുണ്ട്. വൈഷ്ണവും, ഭക്്ട്സും സത്രയില്‍ താമസിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ ശിഷ്യന്മാരെന്നാണ് അറിയിപ്പെടുന്നതെന്ന് 18 വര്‍ഷമായി ഇവിടെ താമസിക്കുന്ന കലിത പറയുന്നു. സമഗുരി സത്ര, മുഖംമൂടി നിര്‍മ്മിക്കുന്ന ഇവരുടെ പാരമ്പര്യം ഇപ്പോഴും തുടരുന്നു. അവരുടെ തൊഴില്‍ശാലകളില്‍ നരസിംഹം, രാമന്‍, ലക്ഷ്മണന്‍ എന്നിവരുടെ മുഖം മൂടികള്‍ കാണാം. ഇത് ഉത്സവങ്ങളിലും മതങ്ങളെ കുറിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വിനോദപരിപാടിയായ ബവോനയിലും ഉപയോഗിക്കാറുണ്ട്.

മണ്ണ്, കോട്ടണ്‍തുണി, ചാണകം, പച്ചക്കറികളുടെ നിറം എന്നിവ കൊണ്ടാണ് മുഖംമൂടി നിര്‍മ്മിക്കുന്നത്. ഒരു മുഖംമൂടി നിര്‍മ്മിക്കാന്‍ 15 മുതല്‍ 20 ദിവസങ്ങള്‍ വരെ എടുക്കുമെന്ന് പ്രശസ്ത മുഖംമൂടി കലാകാരന്‍ ഹേമ ചന്ദ്ര ഗോസ്വാമിയുടെ സഹോദരന്‍ തിലക് ഗോസ്വാമി പറഞ്ഞു. കഴിഞ്ഞ ആറ് തലമുറകളായി ഞങ്ങള്‍ മുഖംമൂടി നിര്‍മ്മിക്കുന്നു, ഞങ്ങളുടെ എല്ലാ കുടുംബാങ്ങള്‍ക്കും ഈ തൊഴില്‍ അറിയാം. മുഖംമൂടി നിര്‍മ്മാണം പഠിച്ചു കഴിഞ്ഞ് ചില ആളുകള്‍ ദിബ്രുഗറിലേക്കോ ഗുവാഹട്ടിലേക്കോ പോകുമെന്ന് 65 കാരനായ തിലക് ഗോസ്വാമി പറയുന്നു.

ഇവിടുത്തെ കുട്ടികള്‍ ക്യാമറകളുമായി വരുന്ന ആളുകളെ കണ്ടാല്‍ തുള്ളിച്ചാടി അവരുടെ ഒപ്പം കൂടും. ഫോട്ടോയ്ക്ക് പോസ് ചെയ്യാനാണ്. ഇംഗ്ലീഷും, ഹിന്ദിയും അറിയാത്തതുകൊണ്ട് ഇവിടെയുള്ള ആളുകളുമായി സംവദിക്കാന്‍ ആംഗ്യഭാഷയല്ലാതെ മറ്റ് മാര്‍ഗമില്ല. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളുകളാണ് ഇവിടുള്ളതെങ്കിലും അവര്‍ നിങ്ങളെ വെറും കയ്യോടെ മടക്കി അയക്കില്ല. ഏറ്റവും കുറഞ്ഞത് ഒരു കപ്പ് ചായയും വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും നല്‍കും. കൂടെ ഒരു അപേക്ഷയും....''വീണ്ടും വരണം''.

Next Story

Related Stories