TopTop
Begin typing your search above and press return to search.

ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശയാത്രികയാകാനൊരുങ്ങി ആലീസ കാര്‍സണ്‍

ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശയാത്രികയാകാനൊരുങ്ങി ആലീസ കാര്‍സണ്‍
ലൂസിയാനയിലെ ബാറ്റണ്‍ റൂജില്‍ നിന്നുള്ള ആലീസ കാര്‍സണെപ്പോലെ ഒരു കൗമാരക്കാരിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശയാത്രികയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ പതിനെട്ടുകാരി. നാസയും അലീസയും വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ സംഭവിച്ചാല്‍ 2033-ല്‍ ചൊവ്വയില്‍ കാല്‍ കുത്തുന്ന ആദ്യമനുഷ്യനായി അവള്‍ മാറും.

വെറും 3 വയസ്സുള്ളപ്പോഴാണ് കാര്‍സണ്‍ ബഹിരാകാശം സ്വപനം കാണാനും ലക്ഷ്യമാക്കാനും തുടങ്ങിയത്. അതിന് പ്രചോദനമായതാകട്ടെ ഒരു കാര്‍ട്ടൂണും. സാങ്കല്‍പ്പിക സാഹസങ്ങള്‍ നടത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കളെക്കുറിച്ചു പറയുന്ന 'ദ ബാക്യാര്‍ഡിഗന്‍സ്' കാണാന്‍ തുടങ്ങിയതോടെയാണ് അവളും സാഹസിക സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. അതില്‍ 'മിഷന്‍ ടു മാര്‍സ്' എന്നൊരു എപ്പിസോഡ് ഉണ്ടായിരുന്നു. അതു കണ്ടതോടെ ചൊവ്വയെകുറിച്ചും ബഹിരാകാശത്തെ കുറിച്ചും അവള്‍ ചോദിച്ചറിയാന്‍ തുടങ്ങി. ശാസ്ത്രത്തില്‍ വലിയ വിവരമൊന്നും ഇല്ലെങ്കിലും അവളുടെ കുടുംബം അവളുടെ ജിജ്ഞാസയെ കൂടുതല്‍ പരിപോഷിപ്പിച്ചു.

'ചൊവ്വയെകുറിച്ചും ബഹിരാകാശത്തെ കുറിച്ചും ഞാന്‍ ചോദിച്ചിരുന്നത് അച്ഛന്‍ ഓര്‍ക്കാറുണ്ട്. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയതിനെകുറിച്ചൊക്കെ അച്ഛനാണ് പറഞ്ഞുതന്നത്. അതൊക്കെയാണ് എന്നിലും അത്തരം ആഗ്രഹങ്ങള്‍ നിറച്ചത്'- ആലീസ പറയുന്നു. അവള്‍ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛനവളെയൊരു ബഹിരാകാശ ക്യാമ്പിലേക്ക് കൊണ്ടുപോയത്. തുര്‍ക്കി, കാനഡ തുടങ്ങിയ രാജ്യങ്ങളിലുള്‍പ്പടെ 19 ബഹിരാകാശ ക്യാമ്പുകളില്‍ അവള്‍ പങ്കെടുത്തു. നാസയുടെ പാസ്പോര്‍ട്ട് പ്രോഗ്രാം പൂര്‍ത്തിയാക്കിയ ഏക കുട്ടിയായിരുന്നു അവള്‍. 'ബഹിരാകാശത്തെക്കുറിച്ച് കൂടുതലറിയാനും അതില്‍ കൂടുതല്‍ ഇടപഴകാനുമുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ബഹിരാകാശ ക്യാമ്പുകളെന്ന്' അവള്‍ പറയുന്നു. അതിലൂടെ സിമുലേറ്ററുകള്‍ ഓടിക്കാനും, സിമുലേറ്റഡ് മിഷനുകള്‍ ചെയ്യാനും, മോഡല്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും, റോബോട്ടിക്‌സും വ്യോമയാനവും പഠിക്കാനും കഴിഞ്ഞു.

അലീസയുടെ ബഹിരാകഷത്തോടുള്ള അഭിനിവേശം ഫലം കണ്ടത് അവള്‍ക്ക് 12 വയസ്സുള്ളപ്പോഴാണ്. മാര്‍സ് എക്‌സ്‌പ്ലോറേഷന്‍ റോവേഴ്‌സ്‌റെഡ് പ്ലാനറ്റിലുടനീളം 10 വര്‍ഷത്തോളം റോന്തു ചുറ്റിതിന്റെ വാര്‍ഷികാഘോഷ ചര്‍ച്ചകളിലേക്ക് നാസയില്‍നിന്നും അവള്‍ക്ക് ക്ഷണംവന്നു. പതിമൂന്നാം വയസ്സില്‍ അവള്‍ ഗ്രീസില്‍വെച്ച് ആദ്യത്തെ ടെഡ്-എക്‌സ് പ്രഭാഷണം നടത്തി. പതിനഞ്ചാം വയസ്സില്‍, പ്രശസ്തമായ അഡ്വാന്‍സ്ഡ് പോസ്സം സ്‌പേസ് അക്കാദമിയിലെ (Advanced PoSSUM Space Academy) ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനിയായി അഡ്മിഷന്‍ നേടി. അവിടെ നിന്നും പ്രായോഗിക ജ്യോതിശാസ്ത്രത്തില്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

മെയ് മാസത്തില്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ആലീസ ജ്യോതിര്‍ ജീവശാസ്ത്രം പഠിക്കുന്നതിനും ചൊവ്വയിലേക്ക് കൂടുതല്‍ അടുക്കുന്നതിനുമായി ഫ്‌ലോറിഡ ടെക്കിലേക്ക് പോകുകയാണ്. 'നിങ്ങളുടെ സ്വപ്നം എന്തുതന്നെയായാലും, അത് എത്രമാത്രം ഭ്രാന്താണെങ്കിലും നിങ്ങള്‍ അത് പിന്തുടരുകതന്നെ വേണം', നക്ഷത്രങ്ങള്‍ സ്വപ്നംകാണാന്‍ അവള്‍ ചെറുപ്പക്കാരെ പ്രചോദിപ്പിക്കുകയാണ്.

Read More : ഈ ക്ഷേത്രത്തിന്റെ കാവല്‍ക്കാര്‍ 25000 വിശുദ്ധഎലികളാണ്


Next Story

Related Stories