TopTop
Begin typing your search above and press return to search.

പൌരന്മാരെ റേറ്റ് ചെയ്തു ചൈന; 'തരംതാണവര്‍'ക്ക് വിമാനത്തിലും ട്രെയിനിലും യാത്രാ വിലക്ക്

പൌരന്മാരെ റേറ്റ് ചെയ്തു ചൈന; തരംതാണവര്‍ക്ക് വിമാനത്തിലും ട്രെയിനിലും യാത്രാ വിലക്ക്

റെയിൽ-വ്യോമയാന ടിക്കറ്റുകളുടെ വില്പനയിലുള്ള നിരോധനാജ്ഞയെ സംബന്ധിച്ച് ചൈനീസ് വികസന മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാജ്യത്ത് നടപ്പിലാക്കി വരുന്ന 'സാമൂഹ്യ അംഗീകാര സംവിധാനം' (social credit system) അനുസരിച്ച് താഴേക്കിടയിലായി റേറ്റ് ചെയ്യപ്പെട്ട പൗരന്മാരാണ് പ്രതിസന്ധിയിലാകാൻ പോകുന്നത്. ഈ വരുന്ന മേയ് മാസത്തോടെ പ്രസ്തുത നയം ചൈനയിൽ പ്രാബല്യത്തിൽ വരുമെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സാമൂഹ്യ അംഗീകാര സംവിധാനം’ പ്രകാരം ചൈനീസ് ഗവർണമെൻ്റ് തങ്ങളുടെ പൗരന്മാരെ തരംതിരിക്കുന്നത് പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ ക്രിമിനൽ സ്വാഭാവം, സാമ്പത്തിക ക്രമക്കേടുകൾ, അവർ കമ്പോളങ്ങളിൽ നിന്നും എന്ത് വാങ്ങുന്നു, പൊതുസമൂഹത്തിൽ എന്ത് പറയുന്നു, ചെയ്യുന്നു തുടങ്ങിയ സൂചകങ്ങൾ അതിലുൾപ്പെടുന്നു. ഈ ഉത്തരവ്‌ പ്രകാരം താഴെക്കിടയിലുള്ള ജനങ്ങൾക്കു മേൽ കൂടുതൽ പിഴ-ശിക്ഷാനടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. 2020-ഓടെ ഈ സംവിധാനത്തെ പൂര്‍ണ്ണരൂപത്തില്‍ സജ്ജക്കമാക്കാനുള്ള ശ്രമത്തിലാണ്‌ ചൈന; പ്രാരംഭ നടപടികളും തുടർപ്രവർത്തനങ്ങളും മുന്നേ തുടങ്ങിക്കഴിഞ്ഞു.

ഇതിനു മുൻപ് പ്രാബല്യത്തിലിരുന്ന നയപ്രകാരം, വലിയ കടബാധ്യതകളുള്ള പൗരന്മാരുടെ നിരന്തരമായ യാത്രകളെ നിയന്ത്രിക്കുകയായിരുന്നു ചൈനീസ് ഗവണ്‍മെൻ്റ് ചെയ്തിരുന്നത്. ചൈനയിലെ പരമോന്നത കോടതിയായ സുപ്രീം പീപ്പിൾസ് കോർട്ട് കഴിഞ്ഞ വർഷം ബ്ലാക്ക്‌ ലിസ്റ്റിൽ പെടുത്തിയ ലെക്കോ(LeEco), ഫാരഡെ ഫ്യുച്ചർ തുടങ്ങിയ കുത്തക കമ്പനികളുടെ സ്ഥാപകനായ ജിയ യുവാതിങ്ങിനെ പോലുള്ളവരെ ഈ നിയന്ത്രണപരിധിയിൽ പെടുത്തിയിരുന്നു.

രാജ്യത്തുടനീളം നിലവിലുള്ള സാമൂഹിക വ്യവസ്ഥകളെ ഉടച്ചുവാർക്കുന്നതിനുള്ള പദ്ധതി പരിപാടികളുടെ ഭാഗമായിട്ടു തന്നെയാണ് പുതിയ സഞ്ചാരനിയന്ത്രണ നയങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതുപ്രകാരം നിലവിൽ ഏഴുലക്ഷത്തിൽ പരം പൗരന്മാർ നിയമനടപടികളോ ശിക്ഷാനടപടികളോ നേരിട്ട് കഴിഞ്ഞു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം; തീവ്രവാദ സംബന്ധമായ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വ്യോമയാന യാത്രാമാർഗങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയോ, കാലാവധി കഴിഞ്ഞ യാത്രാ ടിക്കറ്റുകൾ ഉപയോഗിക്കുകയോ മാത്രമല്ല ട്രെയിനുകളിൽ പുകയില ഉപകരണങ്ങൾ ഉപയോഗിച്ച് പിടിക്കപ്പെട്ടവരെ വരെ മേൽപ്പറഞ്ഞ നിരോധനാജ്ഞാ പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം 'സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം' ഒരു ഇരുണ്ടനയം എന്ന രീതിയിലാണ് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെറിയ ക്രമക്കേടുകൾക്കു പോലും ജനങ്ങൾ വലിയ രീതിയിൽ വേട്ടയാടപ്പെടുന്നു. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നത് തുടങ്ങി രാജ്യത്തോട് തരിമ്പു പോലും ആത്മാർത്ഥയില്ലാത്ത വിധം സാമ്പത്തിക ക്രമക്കേടുകൾ നടത്തി മാപ്പുസാക്ഷിയാക്കപ്പെട്ട ജിയയെ പോലുള്ളവരുടെ കേസുകൾ വരെ ഇതിൽപ്പെടുന്നു. കരിമ്പട്ടികയില്‍ പെടുത്തുന്ന ഇത്തരത്തിലുള്ളവർ എത്ര വിദഗ്ദമായാണ് പ്രാരംഭഘട്ടത്തിലേ രക്ഷപ്പെടുന്നതെന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നും വ്യക്തമല്ല. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ സീനിയർ റിസേർച്ചറായ മായ വാങ് കഴിഞ്ഞ ഡിസംബറിലെ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത് പ്രകാരം; "ഭരണനിർവാഹകരുടെ ഏകാധിപത്യ സ്വരമുപയോഗിച്ച് ജനങ്ങളുടെ അവകാശങ്ങളെ പരമാവധി പരിമിതപ്പെടുത്തുന്ന സംവിധാനം നടപ്പിലാക്കുകയാണ് ചൈനീസ് ഗവണ്‍മെന്‍റ്."


Next Story

Related Stories