UPDATES

യാത്ര

സോളോ റൈഡര്‍ സന്ദീപ് എവിടെ? അവസാനം ഉണ്ടായിരുന്നത് കര്‍ണ്ണാടക കൊപ്പയിലെ മൊബൈല്‍ ടവര്‍ പരിധിയില്‍

സന്ദീപ് യാത്ര ചെയ്തിട്ടുള്ള വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് സ്വദേശിയായ സോളോ റൈഡര്‍ എസ് സന്ദീപിനെ (34) കര്‍ണാടകയില്‍ വച്ചു കാണാതായിട്ട് എട്ടു ദിവസങ്ങള്‍ പിന്നിടുന്നു. നവംബര്‍ 24 ശനിയാഴ്ച ബൈക്കില്‍ കര്‍ണാടകയിലേക്കു തിരിച്ച സന്ദീപിന്റെ തിരോധാനത്തെക്കുറിച്ച് ഒരാഴ്ചയ്ക്കു ശേഷവും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ഇടയ്ക്കിടെ യാത്രകള്‍ പോകുന്നയാളാണ് സന്ദീപെങ്കിലും, രണ്ടു ദിവസമായിട്ടും വിവരമില്ലതായതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ ആശങ്കയിലായതും പൊലീസില്‍ പരാതി നല്‍കിയതും.

സന്ദീപിന്റെ ഭാര്യ നല്‍കിയ പരാതിയിന്മേല്‍ നല്ലളം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും, പുതിയ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. കര്‍ണാടകത്തിലെത്തിയ രണ്ടംഗ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൊപ്പ ഭാഗത്തെ മൊബൈല്‍ ടവര്‍ പരിധിയിലാണ് സന്ദീപിന്റെ ഫോണ്‍ അവസാനമായി ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. പരിസരത്തുള്ള തുംഗ നദിക്കരയില്‍ നിന്നും സന്ദീപിന്റെ ബൈക്ക്, ഹെല്‍മറ്റ്, ബാഗ് എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ഥലം സി.ഐ, ഡി.വൈ.എസ്.പി എന്നിവരുടെ സഹായത്തോടെ സൈബര്‍ ടീമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് പൊലീസിന്റെ രണ്ടംഗ സംഘം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നല്ലളം സ്റ്റേഷനിലെ എസ്.ഐ രാമകൃഷ്ണന്‍ പറയുന്നു. സന്ദീപിന്റെ മൊബൈല്‍ ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മൊബൈല്‍ ഓഫായതിനാല്‍ സ്ഥലം കൃത്യമായി കണ്ടെത്താനുള്ള വഴികളും അടയുകയാണ്.

സന്ദീപ് യാത്ര ചെയ്തിട്ടുള്ള വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും എല്ലായിടത്തും സന്ദീപ് തനിച്ചുതന്നെയാണ് സഞ്ചരിച്ചതെന്ന് കണ്ടെത്താനായിട്ടുണ്ട്.


ബൈക്കും ബാഗും കണ്ടെത്തിയയിടത്തു നിന്നും ലഭിച്ച സന്ദീപിന്റെ വാച്ചും ലഭിച്ചിരുന്നു. വാച്ചിന്റെ സ്ട്രാപ്പും ഗ്ലാസ്സും പൊട്ടിയ നിലയിലായതിനാല്‍ പിടിവലി നടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇവ കണ്ടെടുത്ത പ്രദേശം നക്സല്‍ സാന്നിദ്ധ്യമുള്ളയിടമാണെന്നും കൊള്ളകള്‍ നടക്കുന്നത് ഇവിടെ സാധാരണമാണെന്നും പൊലീസ് പറയുന്നു. തനിച്ചു പോകുന്ന യാത്രക്കാരെ തടഞ്ഞുവച്ചു കൊള്ളയടിക്കുന്ന സംഘങ്ങള്‍ ഈ പ്രദേശത്ത് ധാരാളമുണ്ടെന്നും, ആ നിലയ്ക്കും അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

സംഘം ചേര്‍ന്നുള്ള ബൈക്ക് യാത്രകള്‍ സന്ദീപ് മുന്‍പും നടത്തിയിട്ടുണ്ടെങ്കിലും, ആദ്യമായാണ് തനിച്ചുള്ള യാത്രയെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ശനിയാഴ്ച രാവിലെ യാത്ര തിരിച്ച സന്ദീപ്, ഇരുപത്തിയഞ്ചാം തീയതി രാവിലെ പത്തുമണിയോടെ ഭാര്യയെ ഫോണില്‍ ബന്ധപ്പട്ടിരുന്നു. ഹൈലൈറ്റില്‍ സന്ദീപ് ജോലി ചെയ്യുന്ന ഐബേര്‍ഡ് എന്ന സ്ഥാപനത്തിലെ ബോസിനെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനമായി വിളിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

കുറ്റ്യാടി സ്വദേശിയായ സന്ദീപ് കുടുംബത്തോടൊപ്പം പാലാഴിയിലാണ് താമസം. കാണാതായി ഇത്ര നാള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് വലിയ ആശങ്കയിലായ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍പ്പോലുമല്ല. കര്‍ണാടക സൈബര്‍ സെല്ലിന്റെ സഹായത്തോടെ സന്ദീപിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും.

29 സംസ്ഥാനങ്ങള്‍, 4 യൂണിയന്‍ ടെറിറ്ററീസ്; ലക്കും ലഗാനുമില്ലാതെ ഒരുത്തന്‍ ഒറ്റയ്ക്ക് ചുറ്റിയടിച്ച കഥ

ഒറ്റക്ക് ഭ്രാന്തന്‍ യാത്രകള്‍ നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളും ചിന്തകളും

സോളോ റൈഡര്‍ പ്രവീണ; ഒറ്റയ്ക്ക് ലോകം കീഴടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ

 

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍