TopTop
Begin typing your search above and press return to search.

പോബ്ജിക: പ്രകൃതിസൗന്ദര്യം കൊണ്ടും, ഗ്രാമീണരുടെ നിഷ്‌കളങ്കമായ സ്‌നേഹം കൊണ്ടും എന്നെ കീഴടക്കിയ സുന്ദരി

പോബ്ജിക: പ്രകൃതിസൗന്ദര്യം കൊണ്ടും, ഗ്രാമീണരുടെ നിഷ്‌കളങ്കമായ സ്‌നേഹം കൊണ്ടും എന്നെ കീഴടക്കിയ സുന്ദരി

ഏതൊരു നാടിന്റെയും നേര്‍കാഴ്ച കാണണമെങ്കില്‍ അവരുടെ ഗ്രാമങ്ങളില്‍ തന്നെ സമയം ചിലവിടണം. അങ്ങനെയാണ് ഭൂട്ടാന്‍ സന്ദര്‍ശന വേളയില്‍ 'പോബ്ജിക' പോകാന്‍ തീരുമാനിക്കുന്നത്. പുനാഖയില്‍ നിന്ന് 65 കി.മീ ദൂരമേയുള്ളൂ എങ്കിലും ഏകദേശം മൂന്നര മണിക്കൂര്‍ യാത്ര ചെയ്‌തെങ്കില്‍ മാത്രമേ ഈ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റൂ. പുനഖയില്‍ നിന്നും വാങ്ടു വരെ വല്ല വിധേനയും ഷെയര്‍ ടാക്‌സി ഒപ്പിച്ചു എത്തി. വാങ്ടുവില്‍ നിന്നും പോബ്ജിക വരെ പോകാന്‍ ടാക്‌സി തന്നെ പിടിക്കേണ്ടി വന്നൂ. കൂട്ടിനു ഡ്രൈവറുടെ സുന്ദരി മകളും. വിജനമായ മനോഹരമായ വീതി കുറഞ്ഞ റോഡുകള്‍. മനോഹരമായ ഒരു നദി ഒരു വശത്ത് കൂടി ഒഴുകുന്നു. അതിനും അപ്പുറത്ത് കാട് പിടിച്ച മലനിരകള്‍. വളരെ വിരളമായി മാത്രം ഭൂട്ടാന്‍ വാസ്തുവിദ്യ പ്രകാരം നിര്‍മിച്ച മനോഹര ഭവനങ്ങള്‍. രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് പോബ്ജിഖ എത്തിയപ്പോള്‍ വൈകിട്ട് 6 മണിയായി.

കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ഹോം സ്റ്റേ ഉടമയുടെ മകന്‍ 'നിമാസ്' കാത്തു നില്‍പ്പുണ്ടായിരുന്നു. പുറത്ത് നല്ല തണുപ്പായിരുന്നതൂകൊണ്ട് ഞാന്‍ വേഗം മുറിയിലേക്ക് പോയി. ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് ഞാന്‍ ഇത് വരെ താമസിച്ചിട്ടില്ല. തടി പാകിയ തറയും, കൊത്ത് പണികള്‍ ചെയ്തിട്ടുള്ള നീണ്ട ജനലുകളും, മച്ചും എല്ലാം നല്ല രസമായിരുന്നു കാണാന്‍. ഡ്രസ്സ് മാറി തിരികെ എത്തിയപ്പോള്‍ എന്റെ ടാക്‌സി ഡ്രൈവര്‍ മകളുമായി അടുക്കളയില്‍ ഇരുന്നു ചായ കുടിക്കുന്ന കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. ഭൂട്ടാനിലെ ആളുകളുടെ ആതിഥേയ മര്യാദ എടുത്ത് പറയേണ്ടത് തന്നെ.

ആ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട മുറി അടുക്കള ആയിരുന്നു. അടുക്കളയുടെ ഒത്ത നടുക്ക് ഇരുമ്പിന്റെ ഒരു അടുപ്പുണ്ട്. ഈ അടുപ്പില്‍ വെച്ചാണ് വെള്ളവും മറ്റും ചൂടക്കുന്നത്. കൂട്ടത്തില്‍ അടുപ്പും ചൂടാകും. അതിനാല്‍ അ മുറിയില്‍ നിലത്ത് ഇട്ടിരുന്ന മെത്തയില്‍ ഇരുന്നു ചൂട് കായാന്‍ നല്ല സുഖമായിരുന്നു. കൂട്ടിനു അവിടുത്തെ പൂച്ച എപ്പോഴും കൂടെ ഉണ്ടാകും.

രാത്രിയില്‍ അതി കഠിനമായ തണുപ്പ് അനുഭവപ്പെട്ടു. ആദ്യമായിട്ടാണ് ഒറ്റക്ക് യാത്ര ചെയ്യുന്നത്. തിരിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു പോയി. ഞാന്‍ ആലില വിറക്കുന്ന പോലെ വിറക്കുന്നതു കണ്ട് നിമാസിന്റെ അമ്മ മൂന്നു ക്വില്‍ട് ( പഞ്ഞി നിറച്ച പുതപ്പ്) കൊണ്ട് എന്നെ പുതപ്പിച്ചു. രാവിലെ തന്നെ സ്ഥലം വിടാന്‍ ഉറപ്പിച്ച് ഞാന്‍ കിടന്നുറങ്ങി.

രാവിലെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയപ്പോള്‍ മനോഹരമായ കാഴ്ചയായിരുന്നു. കണ്ണെത്താദൂരത്തോളം പച്ച പുതച്ചു കിടക്കുന്ന പ്രകൃതി, ദൂരേ മഞ്ഞ് മൂടിയ മലനിരകള്‍, അങ്ങിങ്ങായി വീടുകള്‍. ഞാന്‍ പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറായപ്പോള്‍ നിമാസിന്റെ അമ്മ 'സുജ'യും' ആയി എത്തി. തേയില വെള്ളത്തില്‍ തിളപ്പിച്ച് വെണ്ണ ചേര്‍ത്ത് കടഞ്ഞെടുക്കുന്ന അടിപൊളി ഭൂട്ടാനീസ് ബട്ടര്‍ ടീ ആണ് സുജ. അതും കുടിച്ച് പുറത്തേക്കിറങ്ങി.

മുറ്റത്ത് ഒരു കുളി മുറിയില്‍ ഒരു ടബ്ബ് നിറയെ വലിയ കല്ലുകള്‍. അപ്പോഴാണ് നിമാസ് പറഞ്ഞത്, നല്ല തണുപ്പ് കാലത്ത് ഈ കല്ലുകള്‍ ചൂടാക്കി വെള്ളത്തില്‍ ഇടും. അങ്ങനെ ചൂടാക്കുന്ന വെള്ളത്തില്‍ ആണ് അവര്‍ കുളിക്കുന്നത്. അലഞ്ഞു നടക്കുന്ന കന്നുകാലികള്‍ അകത്തു കയറാതിരിക്കാന്‍ മര കഷ്ണം കൊണ്ടുണ്ടാക്കിയ ഗേറ്റ് എന്നും അടച്ചിടും. തൊട്ടടുത്ത് മതിലിലേക്ക് ഒരു മരപ്പലക വെച്ചിട്ടുണ്ട്. അതിലൂടെ നടന്നു, തടി കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കോണിപ്പടി കടന്നു വേണം പുറത്തിറങ്ങാന്‍. ചുറ്റും അലഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് എത്തിയപ്പോള്‍ നിമാസ് എന്നെയും കൂട്ടി നേരത്തേ തീരുമാനിച്ച പ്രകാരം അടുത്തുള്ള സ്‌ക്കൂളില്‍ കൊണ്ട് പോയി.

നിമാസ് അകത്തേക്ക് പ്രവേശിച്ചില്ല കാരണം സ്‌കൂളിന്റെ മുറ്റത്ത് ഭൂട്ടാന്റെ പതാക പാറി പറക്കുന്നു. ഈ പതാകയുടെ അടുത്ത് പോകണമെങ്കില്‍ അവരുടെ ദേശീയ വസ്ത്രമായ 'ഘോ' ധരിച്ചിരിക്കണം. കുട്ടികളുടെ യൂണിഫോം ഘോ / കീരാ യുടെ മാതൃകയില്‍ തയ്പിച്ചതാണ്. കുഞ്ഞിലെ മുതല്‍ രാഷ്ട്ര സ്‌നേഹവും, മൂല്യങ്ങളും പകര്‍ന്നു നല്‍കാനാണ് ഇത്. ഞാന്‍ പ്രിന്‍സിപ്പലിനെ കണ്ട് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ വന്നതാണ് എന്ന് അറിയിച്ചപ്പോള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. കുട്ടികള്‍ക്ക് നല്‍കാന്‍ നാട്ടില്‍ നിന്ന് കൊണ്ട് പോയ പേന ഓരോ ക്ലാസ്സിലും കയറി ഇറങ്ങി ഞങ്ങള്‍ വിതരണം ചെയ്തു.

അവരുടെ വിദ്യാഭ്യാസ പദ്ധതി വളരെ അധികം മികച്ചതായിരുന്നു. ക്ലാസ്സിലെ മൊത്തം കുട്ടികളെ 4-5 പേര് അടങ്ങുന്ന ചെറു ഗ്രൂപ്പുകളായി തിരിക്കും. ഒരോ ഗ്രൂപ്പും ഒരു മേശക്കു ചുറ്റുമിരുന്നാണ് ക്ലാസ്സ് വര്‍ക് ചെയ്യുന്നത്. ഒരു ഗ്രൂപ്പില്‍ ഒരു നന്നായിട്ട് പഠിക്കുന്ന കുട്ടി, പഠിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടി, കളികളില്‍ താല്‍പര്യമുള്ള കുട്ടി, കലാപരമായി കഴിവുള്ള കുട്ടി എന്നിവര്‍ ഉണ്ടാകും. ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാണ് ക്ലാസ്സ് ജോലികള്‍ ചെയ്യുന്നത്. ഓരോ മാസവും ഗ്രൂപ്പ് മാറും. അത് കൊണ്ട് തന്നെ എല്ലാ കുട്ടികള്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും വളരെ അധികം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെയാകും അവരെ ഭാവിയില്‍ മികച്ച് മനുഷ്യസ്‌നേഹമുള്ള പൗരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ സഹായിക്കുന്നത്.

കാര്യങ്ങളൊക്കെ മനസ്സിലാക്കി നില്‍ക്കുമ്പോഴാണ് പ്രിന്‍സിപ്പല്‍ എന്നേ അഞ്ചാം ക്ലാസ്സില്‍ കൊണ്ട് പോയി പരിചയപെടുത്തി കുട്ടികളോട് അടുത്ത ക്ലാസ്സ് ഞാന്‍ എടുക്കും എന്ന് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. കാരണം അത് അപ്രതീക്ഷിതമായി വന്ന ഇരുട്ടടി തന്നെയായിരുന്നു. കോളജില്‍ പഠിപ്പിക്കുന്ന പോലേയല്ലല്ലോ കുരുന്നുകളെ പഠിപ്പിക്കുക. അവിടന്ന് രക്ഷപ്പെടാന്‍ അവസരം നല്‍കാതെ പ്രിസിപ്പല്‍ സ്ഥലം വിട്ടു. പിന്നീട് ഒരു മണിക്കൂര്‍ ആ പാവം കുട്ടികള്‍ എന്നെ സഹിച്ചു. അവര്‍ക്ക് നമ്മുടെ നാടിനെകുറിച്ചുള്ള സംസ്‌കാരത്തെക്കുറിച്ചുമെല്ലാം പരിചയപെടുത്തി. കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതിലിനു പുറത്ത് ഒളിച്ച് നിന്ന് ക്ലാസ്സുകേട്ട പ്രിന്‍സിപ്പല്‍ പ്രത്യക്ഷപെട്ടു. കുട്ടികള്‍ ചോദ്യം ചോദിച്ച് എന്നെ വലച്ചതിലും, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതിനും പുള്ളിക്ക് വളരെ സന്തോഷം തോന്നി. വീണ്ടും ഒരു മണിക്കൂറോളം അവരുടെ പാഠ്യപദ്ധതി യെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ഏകദേശം 12 മണിക്ക് ഞാന്‍ തിരിച്ച് നിമാസിന്റെ വീട്ടിലെത്തി.

പിന്നീട് കാറില്‍ നിമാസിന്റെ അപ്പൂപ്പന്റെ വീട്ടിലേക്ക് പോയി.അവിടെ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള നിമാസിന്റെ അപ്പൂപ്പന്റെ വീട്ടിലായിരുന്നു ഉച്ചക്ക് ഊണ് ഒരുക്കിയത്. കാരണം നിമാസിന്റെ അമ്മയും ബന്ധുക്കളും അതിന്റെ ചുറ്റുമുള്ള ഉരുളകിഴങ്ങ് കൃഷിയിടത്തിലായിരുന്ന് അന്ന് ജോലി ചെയ്യുന്നത്. പോബ്ജികയില്‍ എല്ലാവരും കൂട്ടമായിട്ടാണ് പണി ചെയ്യുന്നത്. ഇന്ന് ഒരാളുടെ കൃഷിയിടത്തില്‍ ചെയ്താല്‍, അടുത്ത ദിവസം അടുത്ത ആളുടെ കൃഷിയിടത്തില്‍ ആകും ജോലി ചെയ്യുക. പുറത്ത് നിന്നും ആരെയും പണിക്ക് വെക്കില്ല.

നിമാസിന്റെ തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള അപ്പൂപ്പന്‍ രണ്ടും കൈയ്യും നീട്ടി എന്നെ സ്വീകരിച്ചു. അടുക്കളയില്‍ എല്ലാവരും വട്ടം കൂടി നിലത്തിരുന്നു ഭക്ഷണം കഴിച്ചു, എല്ലാവരും എപ്പോളും വളരെ സന്തോഷത്തിലായിരുന്നു. ചുമ്മാതല്ല ഭൂട്ടാന്‍ ജനതയെ ലോകത്തെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനതയായി വിശേഷിപ്പിക്കുന്നത്. കഴിച്ചു കഴിഞ്ഞു നിമാസിന്റെ അപ്പൂപ്പന്‍ അവരുടെ പൂജാമുറിയും വീടും ഒക്കെ കൊണ്ട് നടന്നു കാണിച്ചു. പൂജാമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന ബുദ്ധ ഭഗവാന്റെ പടം തുണി വെച്ച് മറച്ചിരിക്കും. വിശേഷ ദിവസങ്ങളില്‍ തുണി മാറ്റി പൂജ നടത്തും. വളരെ പഴക്കമുള്ള യാക് മൃഗത്തിന്റെ തോല് കൊണ്ടുണ്ടാക്കിയ കാര്‍പെറ്റ് കാണിച്ചു.

സ്ത്രീകള്‍ എല്ലാവരും വീണ്ടും പാടത്ത് പണി എടുക്കാന്‍ പോയി. ഞാന്‍ നോക്കുമ്പോള്‍ നിമാസ് പാത്രം തേച്ചു വൃത്തിയാക്കുന്നു. ഞാനും കൂടാം എന്ന് പറഞ്ഞപ്പോള്‍ വിസമ്മതിച്ചത് കൊണ്ട് ഞാന്‍ പതുക്കെ തിരികെ നടക്കാന്‍ തീരുമാനിച്ചു. വഴി ഏകദേശം പിടിത്തമുണ്ടായിരുന്നു. ഞാന്‍ അങ്ങനെ മെല്ലേ പ്രകൃതിഭംഗി നുകര്‍ന്ന് മെല്ലെ നടന്നു. ഭൂട്ടാന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് ആയിട്ടാണ് പോബ്ജിക അറിയപ്പെടുന്നത്. കുഞ്ഞു പൂക്കള്‍ കൊണ്ട് താഴ്വര അലംകൃതമായ, അവിടവിടെ ചെറിയ അരുവികളും, മനോഹരമായ വീടുകളും.

ഒരു പട്ടിയെ പോലും കാണാനില്ലല്ലോ എന്ന് മനോഗതം പറഞ്ഞു ഞാന്‍ അടഞ്ഞു കിടന്ന ഗേറ്റിനു മുമ്പിലുള്ള കല്ലില്‍ കുറച്ചു നേരം ഇരിക്കാന്‍ തീരുമാനിച്ചു. ഇരുന്നതൂം ജെറ്റ് പാഞ്ഞു വരുന്ന പോലെ വീടിന്റെ ഉള്ളില്‍ നിന്നും ഒരു പട്ടി ഓടി വരുന്നു. ഗേറ്റ് അടഞ്ഞു കിടക്കുന്നു എന്ന ധൈര്യത്തില്‍ ഞാന്‍ അനങ്ങിയില്ല. നോക്കുമ്പോള്‍ വിരുതന്‍ ഒരു ചെറിയ വിടവില്‍ കൂടി പുറത്തേക്ക് വരുന്നു. എന്തായാലും ഒടാനുള്ള ശക്തിയില്ല,ഞാന്‍ അവിടെ അനങ്ങാതെ ഇരുന്നു. ആശാന്‍ എന്റെ അടുത്ത് വന്നു കാലില്‍ മണപ്പിച്ചു താന്‍ ഇവിടത്തുകാരിയല്ലലോ എന്നൊരു നോട്ടവും പാസാക്കി എന്റെ കാല്‍ക്കല്‍ ഇരിപ്പുറപ്പിച്ചു. കുറച്ചു നേരം അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി പ്രകൃതി ഭംഗി ആസ്വദിച്ചു. പിന്നെ ഞാന്‍ മെല്ലെ അവിടന്ന് എഴുന്നേറ്റ് നടപ്പ് തുടര്‍ന്നു. ആശാന്‍ പ്രതിമ പോലെ ഇരുന്നു എന്നേ നോക്കി കൊണ്ടിരുന്നു. ഭൂട്ടാനിലെ മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും അതിഥികളോട് വളരെ കരുതല്‍ ഉള്ളത് പോലെ തോന്നി.

തിരിച്ച് വീട്ടിലെത്തിയപ്പൊഴേക്കൂം നിമാസ് കാറുമായി എത്തി. ഞങ്ങള്‍ അവിടെ അടുത്തുള്ള ഗംഗ്‌ടെയ് ഗോംബ എന്ന ബുദ്ധ മൊണാസ്റ്ററി സന്ദര്‍ശിച്ചു. വളരെ ഉയരത്തില്‍ ഉള്ള ഒരു സ്ഥലത്ത് പണിതത് കൊണ്ട് തന്നെ അവിടെ നിന്നാല്‍ മൊത്തം താഴ്വര കാണാന്‍ പറ്റും. തണുപ്പ് കൂടി കൂടി വരുന്നത് കൊണ്ട് ഞങ്ങള്‍ വേഗം തന്നെ തിരിച്ചു വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഏഴു മണിക്ക് തിമ്പൂവിലേക്ക് പുറപ്പെടുന്ന ബസില്‍ കയറി ഞാന്‍ തിരികെ യാത്രയായി.

ഭൂട്ടാന്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഏടായിരുന്നു പോബ്ജിക. പ്രകൃതി സൗന്ദര്യം കൊണ്ടും, ഗ്രാമീണരുടെ നിഷ്‌കളങ്കമായ സ്‌നേഹം കൊണ്ടും എന്നേ കീഴടക്കിയ ഭൂട്ടാന്‍ സുന്ദരി തന്നെയായിരുന്നു പോബ്ജിക.

യാത്രാ ടിപ്‌സ്

1. പോബ്ജികയില്‍ നിന്നും വാങ്ടു വരെ എന്നും രാവിലെ ഏഴു മണിക്ക് ബസ് ഉണ്ട്. ശനിയാഴ്ച ദിവസങ്ങളില്‍ ബസ് ഇല്ല.

2. വാങ്ടു നിന്നും ഈ ബസ് രണ്ടു മണിക്ക് മുമ്പ് തിരികെ പോബ്ജികക്കു പുറപ്പെടും.

3. വെള്ളിയാഴ്ച മാത്രം ബസ് തിംബു വരെ പോകും. തിമ്പുവില്‍ ഏകദേശം മൂന്നു മണിക്ക് എത്തും. 150 രൂപയാണ് ചാര്‍ജ്. ശനിയാഴ്ച രാവിലെ ഈ ബസ് പോബ്ജികക്കു പോകും.

4. പോബ്ജിഖാ സന്ദര്‍ശിക്കണം എങ്കില്‍ തിമ്പുവില്‍ നിന്നും പ്രത്യേക പെര്‍മിറ്റ് എടുക്കണം.

5. പോബ്ജികയില്‍ ധാരാളം ഹോംസ്റ്റേ ഉണ്ട്. 800-900 രൂപയാണ് വാടക. ഇതിന് പുറമേ ആഹാരം പാകം ചെയ്ത് തരുന്നതിന്നതിന് ഒരു നേരത്തേക്ക് 200-300 രൂപ വരെ വാങ്ങും.

മിത്രയുടെ ഭൂട്ടാന്‍ യാത്രയും ചിത്രങ്ങളും കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

'ഒറ്റക്ക് പോകാന്‍ ഒരു ഭയവും തോന്നിയില്ല, ഏഷ്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്' / മിത്രയുടെ യാത്രകള്‍

'യാത്രകളുടെ വിശാല ലോകം തുറന്ന് തന്ന, എന്റെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ഭൂട്ടാന്‍ യാത്ര' / ചിത്രങ്ങള്‍

Next Story

Related Stories