TopTop
Begin typing your search above and press return to search.

സമുദ്ര വിനോദസഞ്ചാരത്തില്‍ 140 ശതമാനം വളര്‍ച്ച

സമുദ്ര വിനോദസഞ്ചാരത്തില്‍ 140 ശതമാനം വളര്‍ച്ച

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രതലത്തില്‍ സമുദ്ര വിനോദ സഞ്ചാരത്തിന്റെ തോതില്‍ 140 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി വേള്‍ഡ് ടൂറിസം കോണ്‍ഫെഡറേഷന്റെ പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഭീകര പ്രവര്‍ത്തനം ശക്തമായതും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സുരക്ഷാ സംവിധാനത്തിന് നേരെ ഭീകരവാദികള്‍ തുടര്‍ച്ചയായി വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണ് പുതിയ സാഹചര്യത്തിന് വഴിയൊരുക്കിയത്. പൊതുവെ സമാധാനപൂര്‍ണവും ശാന്തവും ആഡംബര സൗകര്യങ്ങളോട് കൂടിയതുമായ കപ്പല്‍ യാത്ര വേറിട്ട അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ആഡംബര യാത്രാ കപ്പലുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കേറ്ററിംഗ് പ്രൊഫഷണലുകളുടെ ഒഴിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് ക്രൂയിസ് ഷിപ്പ് കേറ്ററിംഗ് പഠിതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കും.

കടല്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ റോമിംഗ് സൗകര്യം പൂര്‍ണമായും ലഭ്യമാണ്. അപ്രതീക്ഷിതായി ഉരുത്തിരിയുന്ന അടിയന്തിര ഘട്ടങ്ങളില്‍ കരയിലേക്ക് പറക്കാന്‍ ചെറുവിമാനങ്ങളുടെ സേവനം മിക്ക കപ്പല്‍ സഞ്ചാര സേവന ദാദാക്കളും ലഭ്യമാക്കുന്നുണ്ട്. താരതമ്യേന അപകടരഹിതമാണ് എന്നതും തീവ്രവാദ സംഘങ്ങളുടെ ദൃഷ്ടിപരിധിക്ക് പുറത്താണ് എന്നതുമാണ് കൂടുതല്‍ വിനോദ സഞ്ചാരികളെ കപ്പല്‍ യാത്രയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. തിരക്കുള്ള ബിസിനസുകാരെയും രാഷ്ട്ര പ്രമുഖരെയും വിനോദ യാത്രയ്ക്ക് കപ്പല്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതും മറ്റൊന്നുമല്ല. ആഡംബര വിവാഹങ്ങള്‍ക്കും ജന്മ-വിവാഹ ദിനാഘോഷങ്ങള്‍ക്കും കോടീശ്വരന്മാര്‍ കപ്പലില്‍ വേദിയൊരുക്കുന്നത് ഇന്നൊരു വാര്‍ത്തയല്ല. ബിസിനസ് മീറ്റുകളും കോണ്‍ഫ്രന്‍സുകളും ഉച്ചകോടികളും ആഡംബര കപ്പലുകളില്‍ നടക്കുക ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്.

മാറിയ അനുകൂല പരിതസ്ഥിതിയില്‍ സമുദ്ര വിനോദ യാത്രാ രംഗത്തെ ഭീമന്മാര്‍ മുന്തിയതരം ആഡംബര കപ്പലുകളുടെ രൂപകല്‍പ്പനക്കായി കോടിക്കണക്കിന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഓഷ്യാനിയ, കാര്‍ണിവല്‍, റോയല്‍ കരീബിയന്‍, ഡിസ്‌നി ക്രൂയിസ് ലൈന്‍, ഹോളണ്ട് അമേരിക്കാ ലൈന്‍, റീജന്റ് സെവന്‍സീസ്, സാഗാ, സീബോണ്‍ ലൈന്‍ തുടങ്ങിയ വമ്പന്മാരൊക്കെയും ആഡംബരത്തിന് പുതിയ നിര്‍വചനം നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പരസ്പരം മത്സരിക്കുകയാണ്. സപ്തനക്ഷത്ര പദവിയുള്ള ഹോട്ടലുകളെക്കാള്‍ സുഖ സൗകര്യങ്ങളാണ് ഇക്കൂട്ടര്‍ ഇതിനായി ഒരുക്കുന്നത്.

നാലായിരം മുതല്‍ പതിനാലായിരംവരെ അമേരിക്കന്‍ ഡോളറാണ് ആഡംബര കപ്പലില്‍ യാത്ര ചെയ്യുന്ന ഒരു സഞ്ചാരി ഒരു ദിവസം ശരാശരി ചിലവാക്കുന്നത്. ഇത്രയും വലിയ തുക ചിലവഴിച്ച് യാത്ര ചെയ്യുന്ന ഒരു അതിഥിക്ക് ആവിശ്യമായതൊക്കെയും യഥേഷ്ടം ഒരുക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കപ്പല്‍ കമ്പനികള്‍ക്ക് കഴിയുകയുള്ളു. യാത്രാ കപ്പലുകളില്‍ ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകള്‍ക്ക് അവസരം വര്‍ദ്ധിക്കാന്‍ ഇതാണ് കാരണം. 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുവാന്‍ മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് വിനോദ സഞ്ചാര കപ്പലുകളിലെ ഹോസ്പിറ്റാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്നത്. മറ്റെവിടത്തെയും പോലെ കപ്പലിലും എട്ട് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്നാണ് വ്യവസ്ഥ. അന്താരാഷ്ട്ര തൊഴില്‍നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നതിനാല്‍ മറ്റേതൊരു തൊഴില്‍ രംഗത്തേക്കാളും ഉയര്‍ന്ന വേതന നിരക്കാണ് കപ്പല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. വര്‍ഷത്തില്‍ ആറ് മാസം ശമ്പളത്തോടും മറ്റ് ആനുകൂല്യങ്ങളോടും കൂടിയ അവധി ലഭിക്കുന്നു എന്നതാണ് ഇക്കൂട്ടരുടെ മറ്റൊരു പ്രത്യേകത.

ആഡംബര യാത്രാ കപ്പലുകളില്‍ അസിസ്റ്റന്റ് ഷെഫ് ആകുവാന്‍ ക്രൂയിസ് ഷിപ്പ് കേറ്ററിംഗ് കോഴ്‌സുകള്‍ അവസരമൊരുക്കുന്നു. തുടക്കത്തില്‍ തന്നെ ഏറ്റവും കുറഞ്ഞത് എണ്ണൂറ് മുതല്‍ ആയിരം അമേരിക്കന്‍ ഡോളര്‍ വരെ ശമ്പളത്തില്‍ കേഡറ്റുകള്‍ക്ക് ജോലി ലഭിക്കുന്നു എന്നതാണ് ഇത്തരം കോഴ്സുകളുടെ സവിശേഷത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാനും എളുപ്പത്തില്‍ ജോലിക്കയറ്റം ലഭിക്കാനും അവസരമുണ്ട് എന്നത് ഷിപ്പ് കേറ്ററിംഗ് രംഗത്തേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

കോണ്ടിനെന്റല്‍, ചൈനീസ് , ബേക്കറി, കണ്‌ഫെക്ഷനറി വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള പരിശീലനമാണ് ക്രൂയിസ് ഷിപ്പ് കേറ്ററിംഗ് കോഴ്‌സുകളുടെ പ്രധാന പാഠ്യവിഷയം. ഇത് കൂടാതെ ഫുഡ് സയന്‍സ്, ഫുഡ് നുട്രീഷ്യന്‍, ഫുഡ്‌ഹൈജീന്‍, ഫുഡ് സേഫ്ടി എന്നിവയും പഠനവിഷയങ്ങളാണ്. ലോകത്തെ പ്രധാന യാത്രാക്കപ്പല്‍ കമ്പനികളിലൊക്കയും പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു എന്നതും മിക്ക കപ്പല്‍ കമ്പനികളും ഇന്ത്യന്‍ ജീവനക്കാരെയാണ് ഈ രംഗത്തേക്ക് പരിഗണിക്കുന്നത് എന്നതും പുതിയ വഴികളാണ് ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.


Next Story

Related Stories