Top

സമയമില്ലാത്ത ഒരു ദേശം; സന്ദര്‍ശിക്കൂ, ഈ നോര്‍വീജിയന്‍ ദ്വീപ്

സമയമില്ലാത്ത ഒരു ദേശം; സന്ദര്‍ശിക്കൂ, ഈ നോര്‍വീജിയന്‍ ദ്വീപ്
ലോകത്തെ ആദ്യത്തെ സമയ രഹിത മേഖലയാകാനൊരുങ്ങി നോര്‍വീജിയന്‍ ദ്വീപ്. നോര്‍വെയിലെ സൊമ്മറോയ് ദ്വീപാണ് സമയം കണക്കാക്കുന്ന പരമ്പരാഗത രീതികള്‍ അവസാനിപ്പിക്കുന്നത്.

സൂര്യന്റെ ഉച്ചനിലയെ അടിസ്ഥാനമാക്കിയാണ് പ്രാദേശിക സമയം കണക്കാക്കുന്നതെന്ന് നമുക്കറിയാം. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും നിയന്ത്രിക്കപ്പെടുന്നത് ഈ 24 മണിക്കൂര്‍ സമയത്തിന്റെ കണക്കിലാണ്. ഗ്രീനിച്ച് സമയത്തെ അടിസ്ഥാനമാക്കിയാണ് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സമയം കണക്കാക്കുന്നത്. പൂജ്യം ഡിഗ്രി രേഖാംശരേഖയാണ് ഗ്രീനിച്ച് രേഖ. രേഖാംശത്തില്‍ വ്യത്യാസം വരുന്നതിനനുസരിച്ച് പ്രാദേശിക സമയത്തില്‍ മാറ്റം വരും. ഓരോ ഡിഗ്രി രേഖാംശം മാറുമ്പോഴും ഏകദേശം നാലു മിനുട്ടിന്റെ വ്യത്യാസം അനുഭവപ്പെടുന്നു. ഇത് അനേകം രേഖാംശങ്ങള്‍ ഉള്‍പ്പെട്ട ഒരു രാജ്യത്ത് വ്യത്യസ്ഥമായ സമയമേഖലകള്‍ ഉണ്ടാക്കുകയും ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

സൊമ്മറോയില്‍ സൂര്യാസ്തമയം എന്നത് വല്ലപ്പോഴും മാത്രം നടക്കുന്ന പ്രതിഭാസമാണ്. യൂറോപ്പിന്റെ വടക്കേ നഗരമായ ട്രോംസോയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരമുണ്ട് ഈ ദ്വീപിലേക്ക്. ഇവിടെ മെയ് 18 മുതല്‍ ജൂലൈ 26 വരെ സൂര്യന്‍ അസ്തമിക്കില്ല. അത് ദ്വീപ് നിവാസികളായ 300 പേര്‍ക്ക് 69 ദിവസത്തെ തുടര്‍ച്ചയായ പകല്‍ വെളിച്ചമാണ് സമ്മാനിക്കുന്നത്. പിന്നീട് നവംബര്‍ മുതല്‍ ജനുവരി വരെ സൂര്യോദയവും ഉണ്ടാവില്ല. അതിനാല്‍,അര്‍ദ്ധരാത്രി സൂര്യപ്രകാശവും നട്ടുച്ചയ്ക്ക് ചന്ദ്രകാന്തിയുമുള്ള ഒരു സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ പരമ്പരാഗത സമയപരിപാലനത്തിന്റെ ആവശ്യമില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

'പകല്‍ വെളിച്ചത്തിനനുസരിച്ചാണ് ഞങ്ങളുടെ ജീവിതക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അര്‍ദ്ധരാത്രിയില്‍, അതായത് 'രാവിലെ 2 മണി'ക്ക്, ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളേയും, വീടുകളില്‍ പെയിന്റ് ചെയ്യുന്നവരെയും, പുല്‍ത്തകിടികള്‍ വെട്ടുന്നവരെയും, നീന്താന്‍ പോകുന്ന കൗമാരക്കാരെയുമൊക്കെ കാണാം' എന്ന് ഒരു പ്രദേശവാസി പറയുന്നു.

ഔദ്യോഗികമായി എങ്ങിനെ 'സമയരഹിത'മാകാം എന്നതു സംബന്ധിച്ച് നഗരത്തിലെ കൗണ്‍സില്‍ അംഗങ്ങള്‍ നോര്‍വീജിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സമയരഹിത മേഖല യാഥാര്‍ത്ഥ്യമാകുന്നതോടെ കടകള്‍ തുറക്കുന്നതിനോ അടയ്ക്കുന്നതിനോ ഒന്നും കൃത്യമായൊരു സമയം ഉണ്ടായിരിക്കില്ല. സ്‌കൂളുകള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം സൌകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം. എന്നാല്‍ ഇതെത്രത്തോളം പ്രാവര്‍ത്തികവല്‍ക്കരിക്കാന്‍ കഴിയും എന്നത് സംബന്ധിച്ച ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. 'ആര്‍ട്ടിക് കരീബിയന്‍' എന്നറിയപ്പെടുന്ന സൊമ്മറോയ് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടെയാണ്. വെളുത്ത ബീച്ചുകളും കടലും ആസ്വദിക്കാന്‍ വരുന്നവരെ 'സമയമില്ലായ്മ' കുഴയ്ക്കുമോ എന്നതാണ് പ്രധാന ആശങ്ക.

Read More : അവിസ്മരണീയം, ആര്‍ട്ടിക് വഴി മോസ്‌കോയില്‍ നിന്നും നോര്‍വയിലേക്കൊരു ട്രെയിന്‍ യാത്ര

Next Story

Related Stories