TopTop
Begin typing your search above and press return to search.

കുന്നുകള്‍ക്കിടയിലെ ഓന്താണ് ഉലുരു; നിരോധനത്തിനൊരുങ്ങുമ്പോഴും സഞ്ചാരികളുടെ വന്‍ തിരക്ക്

കുന്നുകള്‍ക്കിടയിലെ ഓന്താണ് ഉലുരു; നിരോധനത്തിനൊരുങ്ങുമ്പോഴും സഞ്ചാരികളുടെ വന്‍ തിരക്ക്
ആസ്‌ട്രേലിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള സംരക്ഷിത മേഖലയില്‍ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഉലുരു-കറ്റ ദേശീയോദ്യാനം. 2017 നവംബറില്‍ ഇവിടേക്കുള്ള വിനോദസഞ്ചാരം നിരോധിക്കുന്നതിനായി പാര്‍ക്കിന്റെ മാനേജ്‌മെന്റ് ബോര്‍ഡ് ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഉലുരുപാറ കയറാന്‍ ഇപ്പോഴും സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. ലോക പൈതൃക പട്ടികയിലുള്ള ഈ പ്രദേശം സന്ദര്‍ശിക്കുന്നവരുടെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

കുന്നുകള്‍ക്കിടയിലെ ഓന്താണ് ഉലുരു. മൗണ്ട് ഓള്‍ഗാ ദേശീയ പാര്‍ക്കിന് സമീപമുള്ള ഈ വലിയ അയേഴ്സ് പാറ (ഉലുരു എന്നും വിളിക്കും) എല്ലാ ദിവസവും എല്ലാ സീസണിലും നിറം മാറാറുണ്ട്. കോഴിമുട്ടയുടെ ആകൃതിയിലുള്ള കുന്നിന് സാധാരണയായി ചുവപ്പ് നിറമാണ്. സൂര്യോദയ സമയത്തും അസ്തമയ സമയത്തും ഇതിന്റെ വര്‍ണങ്ങളില്‍ കൗതുകകരമായ മാറ്റങ്ങളുണ്ടാകുന്നു. പ്രഭാത സമയത്ത് കുന്നിന് തീപിടിച്ചതുപോലുള്ള ചുവപ്പുനിറമാണ്. കടും ചുവപ്പു നിറത്തിലുള്ള തീജ്വാലകള്‍ ആ സമയം പുറത്തേക്കുവരുന്നതായി നമുക്കു തോന്നും. സായാഹ്നങ്ങളിലാവട്ടെ കുന്നിനുമേല്‍ വയലറ്റ് നിറത്തിലുള്ള നിഴലുകള്‍ പ്രത്യക്ഷപ്പെടുന്നതായി തോന്നും. പ്രദേശത്തെ മണല്‍ കല്ലുകളില്‍ സൂര്യരശ്മികള്‍ പതിക്കുമ്പോഴാണ് നിറംമാറ്റം അനുഭവപ്പെടുന്നത്.

ഉലുരു ഔദ്യോഗികമായി അടച്ചുപൂട്ടുന്നതിന് മുന്‍പുതന്നെ അവിടേക്ക് അതിക്രമിച്ചു കയറുന്ന സഞ്ചാരികള്‍ അവിടെ നിയമവിരുദ്ധമായി ക്യാമ്പ് ചെയ്യുകയും മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നുണ്ടെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉലുരുവിന്റെ പരമ്പരാഗത ഉടമകളായ അനാംഗു ഗിരിവര്‍ഗ്ഗക്കാര്‍ സന്ദര്‍ശകര്‍ അങ്ങോട്ടു പോകരുതെന്ന് വളരെക്കാലമായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ പുണ്യാത്മാക്കളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണാണത്. അവിടെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകട മരണങ്ങളും പരിക്കുകളും ഇല്ലാതാക്കുക എന്നത് ഒരു സാംസ്‌കാരിക കടമയായാണ് അനാംഗു വിഭാഗം കരുതുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 76 കാരനായ ജാപ്പനീസ് വിനോദ സഞ്ചാരി അവിടെ മരണപ്പെട്ടിരുന്നു.

പാറയില്‍ കയറാന്‍ എത്തുന്നവരുടെ എണ്ണം 20 ശതമാനത്തില്‍ താഴെയായാല്‍ മലകയറ്റം അവസാനിപ്പിക്കുമെന്ന് ബോര്‍ഡ് 2010 ല്‍ പ്രഖ്യാപിച്ചിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും 87 ശതമാനം സന്ദര്‍ശകരും ഉലുരു കയറാതിരിക്കാന്‍ തീരുമാനിച്ചതായി 'പാര്‍ക്ക്‌സ് ഓസ്ട്രേലിയ'-യുടെ വക്താവ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 395,338 പേരാണ് ഉലുരു സന്ദര്‍ശിച്ചത്. അത് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 20 ശതമാനം കൂടുതലായിരുന്നു. ഒക്ടോബര്‍ 26-നാണ് പാര്‍ക്ക് ഔദ്യോഗികമായി അടച്ചുപൂട്ടുന്നത്. ഇനി അത് പരമ്പരാഗത ഉടമകളായ അനാംഗു ഗിരിവര്‍ഗ്ഗക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതാകും.

Read More : നാടന്‍ രുചിയറിയാന്‍ ഇനി വിദേശികള്‍ വീട്ടിലും

Next Story

Related Stories