TopTop
Begin typing your search above and press return to search.

ചിതറാൽ; ഒരു ധ്യാനാനുഭവം

ചിതറാൽ; ഒരു ധ്യാനാനുഭവം

ഏറെ കാലത്തേ ആഗ്രഹ സാഫല്യത്തിന്റെ നിർവൃതിയിലാണ് ചിതറാൽ എന്ന പുരാതന സ്ഥലത്തേക്ക് യാത്ര പോകാൻ തീരുമാനിച്ചത്. ഒട്ടും പ്രീ പ്ലാൻഡ് അല്ലാത്ത ഒരു യാത്ര. സുഹൃത്തുക്കളിലൊരാളുടെ വാട്സാപ്പ് സ്റ്റാറ്റസിൽ ഉടനീളം കണ്ട ഫോട്ടോകൾക്ക് ഒരു സംസ്കാരത്തിന്റെ കഥ പറയാനുള്ള പോലെ തോന്നി. ആഗ്രഹങ്ങളുടെ ഒരു കോണിൽ ലേറ്റസ്റ്റ് ആഗ്രഹമായി അതങ്ങ് പ്രതിഷ്ഠിച്ചു. വര്‍ഷം ഒന്ന് കഴിഞ്ഞപ്പോൾ, ലേറ്റസ്റ്റ് ആഗ്രഹം ഏറെക്കുറെ നടക്കുമെന്ന് ഉറപ്പായി. കണവന്റെ കൈയും പിടിച്ചു ചിത്രറാൽ ലക്ഷ്യമാക്കി വെച്ച് വിട്ടു. കെ എസ് ആര്‍ ടി സി ബസിൽ തമിഴ് നാട്ടുവഴികളുടെ കാറ്റേറ്റ് പോകണമെന്നുണ്ടായിരുന്നു. അത് നടന്നില്ല. എന്തെന്നാൽ, ഞങ്ങൾക്ക് സ്ഥലം എവിടെയാണെന്നോ എങ്ങനെ ആണെന്നോ ഒരു രൂപവും ഇല്ലായിരുന്നു. പോരാത്തതിന് പച്ച മലയാളിത്തനിമ ചേർന്ന് നിൽക്കുന്നതിനാൽ പറ്റിക്കപ്പെടാനുള്ള സാധ്യതയുടെ തോത് വളരെ കൂടുതൽ! ഇത്യാദി കാരണങ്ങൾ കൊണ്ട് തന്നെ യാത്ര സ്വയം മതി എന്ന തീരുമാനം എടുത്തു. നമ്മുടെ തിരോന്തോരത്തു നിന്ന് ഏകദേശം രണ്ടു മണിക്കൂർ യാത്ര. ഗൂഗിൾ ചേച്ചിയുടെ സഹായം എടുത്തു പറയേണ്ടുന്ന ഒന്ന് തന്നെ ആണ്. നാഞ്ചിനാടിന്റെ കാറ്റേറ്റ്, കഥകളിലൂടെ പരിചിതമായ വഴികളിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ മനസ്സ് നിറയെ ചിതറാൽ ആണ്. അങ്ങനെ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന വഴികളോരോന്നും വകഞ്ഞു മാറ്റി ജൈന സംസ്കാരത്തിന്റെ മാറ്റൊലികൾ കേൾക്കുവാൻ മലൈ കോവിലിൽ എത്തി.

തികച്ചും വിജനമായ പ്രദേശം. കണ്ടപ്പോൾ തന്നെ എന്റെ സപ്ത നാഡികളും തളർന്നു. ഫോട്ടോഗ്രാഫർമാർ വെറുതെ എഡിറ്റ് ചെയ്തിട്ട ഫോട്ടോസും കണ്ട്, വിക്കിപീഡിയ വഴി ആർജിച്ചെടുത്ത അറിവും സ്വായത്തമാക്കി ആരംഭിച്ച യാത്ര ചളം കൊളമായതിന്റെ ഫീൽ എന്റെ മുഖത്ത് നിന്നും അതിവേഗം വായിച്ചെടുക്കാമായിരുന്നു. വരുന്ന വഴി മുഴോനും ചരിത്രം കേൾപ്പിച്ചു ബോർ അടിപ്പിച്ചു കൊണ്ടുവന്ന ഭർത്താവ് ഊറിയൂറി ചിരിക്കുന്നു. ആഹഹാ എത്ര സുന്ദരം !!! ദാറ്റ് വിജ്രംഭിച്ച മോമെന്റ്റ് !!!

ഏതായാലും വന്നില്ലേ ഒന്ന് പോയി നോക്കാം. എങ്ങാനും വല്ല തുമ്പും കിട്ടിയാലോ എന്നോർത്തു ഞാൻ നടന്നു. മലയാണ്, കയറാതെ ഒരു രക്ഷയും ഇല്ല. നടന്നു തുടങ്ങി അങ്ങിങ്ങായി മനുഷ്യ ജീവികളെ കാണുന്നുണ്ട്. പക്ഷെ ആരുടെ മുഖത്തും ഒരു പ്രസന്നത കാണുന്നില്ല. എന്ത് വേണേലും ആയിക്കോട്ടെ. മുന്നോട് വെച്ച കാൽ മുന്നോട്ട് തന്നെ എന്നോണം ഞാൻ നടന്നു. ശിലാ ലിഖിതങ്ങളും ജൈന വിഗ്രഹങ്ങളുടെ ബാക്കി പത്രവും അന്വേഷിച്ചു വന്ന എന്റെ കാഴ്ചയിലുടനീളം മരങ്ങളും ചെടികളും പിന്നെ ആകാശവും മാത്രം. നിരാശയോട് നിരാശ. ഒടുവിൽ അവിടെ കണ്ട ഒരു പാതി മലയാളി ചേച്ചിയോട് ഞാൻ ചോദിച്ചു ..."ഈ ജൈന ക്ഷേത്രം??"

"ഇത്തിരി ദൂരം പോയി പാത്താൽ കാണാനാകും ..അന എനക്ക് പോക വയ്യ ...റൊമ്പ ദൂരം ഇരുക്ക് എന്ന സൊല്ലിയത്‌. പോക മുടിയാലെന ഇവിടെ ഇറുക്കലാമേ".

പിന്നെ ...ചേച്ചിയെ കാണാനല്ലിയോ ഇത്രേം ദൂരം മെനക്കെട്ട് വന്നത് എന്ന് മനസ്സിൽ ആലോചിച്ച് വീണ്ടും നടന്നു..."ഡോണ്ട് ഗിവ് അപ്പ് യൂ ക്യാൻ യൂ ക്യാൻ എന്ന് സ്വയം മോട്ടിവേറ്റ് ചെയ്ത് മുന്നോട്ട് ചെന്നപ്പോൾ ...അതാ അവിടെ കാണുന്നു ഒരു ലിഖിതം. അമേരിഗോ വെസ്പൂച്ചി അമേരിക്ക കണ്ടെത്തിയ അതെ ആവേശത്തോടെ ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു. തേടി വന്നതെന്തോ കണ്ടെത്തി എന്നുള്ള ഒരു ആത്മനിർവൃതി!

"ഡീ അപ്പോ നീ പറഞ്ഞ സ്തൂല ബാഹുവോ ഭദ്ര ബാഹുവോ വർദ്ധമാന മഹാവീരനോ അങ്ങനെ ആരൊക്കെയോ ഇവിടെ വന്നിട്ടുണ്ടാവും. അതല്ലേ ഇവിടെ ഇങ്ങനെ ഒരു ബാക്കി പത്രം" (വാൽക്കഷ്ണം: നമുക്കും ഏതാണ്ടൊക്കെ അറിയാമെന്ന് ബോധിപ്പിക്കണമല്ലോ അതിനായി നിരത്തിയ പേരുകളാണ് ഇവയൊക്കെയും). തലയുയർത്തിപ്പിടിച് വിജയശ്രീലാളിതയായി ഞാൻ പിന്നേം നടന്നു. ഇപ്പൊ നടത്തത്തിനു ഒരു ആവേശം കൂടിയിട്ടുണ്ട്. എന്നാലും എന്റെ മനസ്സിലെ ചിതറാൽ കണ്ണിൽ പെട്ടാലേ നേരത്തെ പറഞ്ഞ ആ നിർവൃതി അങ്ങ് പൂർണമാകൂ. അത് ഇപ്പോളും സാധ്യമായിട്ടില്ല. ഒടുവിൽ ഫോട്ടോകളിൽ നിറഞ്ഞു നിന്ന ആ പടിക്കെട്ടുകൾ എന്റെ കണ്മുന്നിലെത്തി. പിന്നൊന്നും ആലോചിച്ചില്ല ഓടിച്ചാടി അങ്ങ് കയറി പടവുകൾ ഓരോന്നും കയറുമ്പോൾ മനസ്സിലാകെ ഒരു കുളിർമ തോന്നി. പാറക്കെട്ടുകൾക്കിടയിലൂടെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് കാലെടുത്തു വെയ്ക്കുകയാണെന്ന് ഞാൻ എന്ന് മനസ്സിലാക്കുകയായിരുന്നു.

ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളിൽ ഒന്നാണ് ചിതറാൽ. ജൈനിസം ദക്ഷിണേന്ത്യയിലോട്ട് വേരുറപ്പിക്കാൻ ശ്രമിക്കുമ്പോൾ രൂപം കൊണ്ടതാവണം. പ്രസിദ്ധമായ തീർത്ഥങ്കരന്മാരുടെ കൊത്തിവെച്ച ശിലകൾ ആണ് അധികവും. ജൈനിസം തന്നെ ശ്വേതാംബരരുടെയും ദിഗംബരരുടെയും കഥയാണല്ലോ. അവരിൽ ദിഗംബരരാണ് ശ്രാവണ ബലഗൊളയ്ക്കടുത്തു കാണപ്പെട്ടത്. ആയതു കൊണ്ട് തന്നെ ആ ഒരു വഴിയാകണം ജൈനിസം കേരളത്തിന്റെ ഇങ്ങേ അറ്റത്തും തലയുയർത്തിയത്. പാറക്കെട്ടുകൾക്കിടയിലൂടെ താഴോട്ടുള്ള വഴികളിലൂടെ ഞങ്ങൾ നടന്നു. പുറമെ നിന്ന് നോക്കിയാൽ ഇത്രയധികം ചരിത്രം ഒളിപ്പിച്ചു വെച്ചിട്ടുള്ള മണ്ണാണെന്ന് പറയില്ല. അത്രമാത്രം വൈവിധ്യങ്ങൾ ആണ് അകക്കാഴ്ചകൾ. പ്രധാന അമ്പലത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ നമ്മെ വരവേൽക്കുന്നത് ചിത്രങ്ങളും കൊത്തുപണികളോടും കൂടിയ പാറക്കെട്ടുകളും കൽത്തൂണുകളും ആണ്. പാർശ്വനാഥനും മഹാവീരനുമാണ് ശിലകളിൽ അധികവും. തമിഴ് 'വട്ടെഴുത്ത്' ലിഖിതങ്ങളാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.സംസ്കൃതവും മലയാളവും വളരെ കുറവെങ്കിലും ഉണ്ട്. ചരിത്രകാരന്മാർ അവകാശപ്പെടുന്നത്, ശിലകളും ലിഖിതങ്ങളും വിക്രമാദിത്യ രാജാവിന്റെ ഭരണകാലത്തെ പ്രതിനിധാനം ചെയ്യുന്നവയാണെന്നാണ്.

തീർത്ഥങ്കരമാരുടെ ധ്യാന സ്ഥലമായിരുന്നിരിക്കണം ഇത്. പടവുകൾ ഇറങ്ങിയിറങ്ങി വീണ്ടും താഴേക്ക് പോകുമ്പോൾ ചെറിയ ഒരു കുളമുണ്ട്. കുളവും ഗുഹാക്ഷേത്രവും പാറക്കെട്ടുമൊക്കെ ചേര്‍ന്ന് ല്ലാത്തൊരു മെഡിറ്റേഷൻ ഫീൽ നമുക്ക് ലഭിക്കും.


Next Story

Related Stories