യാത്രാ ഉപാധി എന്നതിലുപരി, ട്രെയിന്‍ മാര്‍ഗ്ഗം യുഎഇ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയും പകരം ഇന്ത്യയില്‍ നിന്നും ശുദ്ധജലം യുഎഇ-യിലേക്കും എത്തിക്കാനും ഈ പദ്ധതിയിലുണ്ട്.
ഹൈപ്പര്‍ലൂപ്പിനും ഡ്രൈവറില്ല പറക്കുംകാറിനും ശേഷം പുതിയ പദ്ധതിക്ക് യുഎഇ ഒരുങ്ങുകയാണ്. കടലിനടിയിലൂടെ ഒരു റെയില്‍ പാത നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. ഭാവിയില്‍ മുംബൈയില്‍ നിന്നും ഫുജൈറയിലേക്ക് കടലിനടിയിലൂടെ ഒരു ട്രെയിന്‍ യാത്രയാണ് വരാന്‍ പോകുന്നത്.
കേവലം യാത്രാ ഉപാധി എന്നതിലുപരി, ട്രെയിന്‍ മാര്‍ഗ്ഗം യുഎഇ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയും പകരം ഇന്ത്യയില്‍ നിന്നും ശുദ്ധജലം യുഎഇ-യിലേക്കും എത്തിക്കാമെന്നും യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അല്‍ഷെഹി അബുദാബിയില്‍ നടന്ന ഇന്ത്യ – യുഎഇ കോണ്‍ക്ലേവില്‍ പറഞ്ഞു.
മസ്ദാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ സ്ഥാപകനാണ് അല്‍ഷെഹി. നിരവധി സംരംഭകരെ വളര്‍ത്തുന്ന ഒരു സ്ഥാപനം കൂടിയാണ് ഇത്.
‘ഇതൊരു ആശയമാണ്. മുംബൈ – ഫുജൈറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഈ അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിന്‍ പദ്ധതിയുടെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കങ്ങള്‍ക്കും ഇതേ റെയില്‍ പാത ഉപയോഗിക്കാനാണ് തീരുമാനം. ട്രെയിന്‍ മാര്‍ഗ്ഗം ഫുജൈറ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യും. പകരം മഹാരാഷ്ട്രയിലെ നര്‍മദ നദിയില്‍ നിന്നും ശുദ്ധജലം ഫുജൈറയിലേക്ക് ഇന്ത്യ എത്തിക്കും. മറ്റു ജിസിസി അംഗങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.’- അല്‍ഷെഹി വ്യക്തമാക്കി.
‘ഈ പദ്ധതിയുടെ സാധ്യത പഠനം ഞങ്ങള്‍ നടത്തും. ഇതൊരു ആശയമാണെങ്കിലും മികച്ചൊരു പദ്ധതിയാണ്’ – ‘ഫില്ലിംഗ് ദി എംറ്റി കോട്ടര്‍ ബുക്ക് ‘ ലേഖകന്‍ പറഞ്ഞു. 2000 കിലോമീറ്റര്‍ താഴെയാണ് പദ്ധതിയുടെ ആകെ നീളം.
സമാനമായ പദ്ധതികള്‍ മറ്റു രാജ്യങ്ങളിലും നടക്കുന്നുണ്ട്. റഷ്യ, കാനഡ, യുഎസ് എന്നീ സ്ഥലങ്ങള്‍ ബന്ധിപ്പിച്ച് സമുദ്രത്തിനടിയിലൂടെയുള്ള ട്രെയിന്‍ യാത്ര ഒരുക്കാന്‍ ചൈനയും പദ്ധതിയിടുന്നുണ്ട്. മുംബൈ – അഹമ്മദാബാദ് റെയില്‍ ഇടനാഴിയില്‍ കടലിനടിയിലൂടെയുള്ള റെയില്‍ പാത സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 2022 -ഓടെ ഇത് പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കാം.