TopTop
Begin typing your search above and press return to search.

ഒരു ചൂട് കാപ്പിയും കുടിച്ച് ഈ 'കോഫി മ്യൂസിയം' ഒന്ന് സന്ദര്‍ശിച്ചാലോ?

ഒരു ചൂട് കാപ്പിയും കുടിച്ച് ഈ കോഫി മ്യൂസിയം ഒന്ന് സന്ദര്‍ശിച്ചാലോ?

'എത്യോപ്യയിലെ നൃത്തം ചെയ്യുന്ന ആടുകളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഞാന്‍ എന്നും ഉന്മേഷത്തോടെ ഇരിക്കാന്‍ കാരണം അവരാണ്. രാവിലെ ഒരു കപ്പ് കാപ്പി കുടിക്കാതെ ഇരുന്നാല്‍ ഉന്മേഷം നഷ്ടയാളെ പോലെയാണ് ഞാന്‍.? ദുബായിലെ കോഫി മ്യൂസിയം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള തന്റെ അനുഭവം പങ്കുവയ്ക്കുന്നു ഒരു യാത്രകാരന്‍-

ചരിത്രം അനുസരിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എത്യോപ്യയില്‍ ഖല്‍ദി എന്ന പേരില്‍ ഒരു ആട്ടിടയന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ ആടുകള്‍ ഒരു ചുവന്ന കായ കഴിച്ചപ്പോള്‍ ഉന്മേഷത്തോടെ തുള്ളിച്ചാടി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇതേ ചുവന്ന കായ കൊണ്ട് ഉണ്ടാക്കിയ പാനീയം മൊണാസ്ട്രിയിലെ സന്ന്യാസിമാര്‍ കുടിച്ചപ്പോള്‍ അവര്‍ക്ക് രാത്രി പ്രാര്‍ത്ഥനയില്‍ ഉണര്‍ന്നിരിക്കാന്‍ സാധിച്ചു. പിന്നീട് കുറേ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ യെമനിലെ മോച്ചയിലെ ആളുകള്‍ ഇതിനെ ഉണക്കി പൊടിച്ച് ഒരു പാനീയം ഉണ്ടാക്കി. ഇതാണ് ഏറ്റവും ആദ്യത്തെ കാപ്പിയെന്ന് വിശേഷിപ്പിച്ചത്.

1400 എ.ഡിയില്‍ തുടങ്ങിയ കോഫി മൂവ്മെന്റ് യെമനില്‍ നിന്നും ഈജിപ്ത്, തുര്‍ക്കി, യൂറോപ്പ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 17-ാം നൂറ്റാണ്ടില്‍ സൂഫി സന്ന്യാസി ബാബ ബുദാന്‍ വഴിയാണ് കാപ്പിക്കുരുകള്‍ ഇന്ത്യയിലേക്ക് കടന്നു വന്നതെന്ന് പറയപ്പെടുന്നു. ബാബ ബുദാന്‍ മെക്കയിലെ തീര്‍ത്ഥാടനം കഴിഞ്ഞ് മോച്ചയില്‍ നിന്നുമാണ് കാപ്പിക്കുരുകള്‍ കര്‍ണാടകയിലെ അദ്ദേഹത്തിന്റെ വസതിയായ ചിക്കമംഗലൂരില്‍ കൊണ്ടുവന്നത്.

ദുബായിലെ കോഫി മ്യൂസിയത്തില്‍ എത്തിയപ്പോഴാണ് കോഫിയെ പറ്റി ഞാന്‍ കൂടുതല്‍ അറിയുന്നത്. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കോഫി മ്യൂസിയമാണ് ഇത്. ദുബായിലെ പൈതൃകനഗരമായ അല്‍-ബസ്താക്കിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ പേള്‍ വ്യാപാരികളാണ് കഫേകളും ആര്‍ട്ട് ഗ്യാലറികളും നിറഞ്ഞ ഈ സ്ഥലം ദുബായില്‍ നിര്‍മ്മിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോഫി മ്യൂസിയം ഇവിടെ നിര്‍മ്മിച്ചത്.

മ്യൂസിയത്തില്‍ പ്രവേശിക്കുമ്പോള്‍ കോഫിയുടെ മണമാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. മ്യൂസിയത്തിലെ പബ്ലിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് മഹ്മൗദ് ബവാര്‍ദി, പ്രധാന പ്രവേശന കവാടത്തിന് അടുത്തുള്ള മജിലിസ് എന്ന മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അറബിക് കോഫികളുടെ ഉപയോഗങ്ങള്‍ ബവാര്‍ദി വിശദീകരിച്ചു. ഇരുമ്പു കൊണ്ട് നിര്‍മ്മിച്ച അല്‍ മെഹ്മാസ് എന്ന പാത്രത്തിലാണ് കാപ്പിക്കുരു വറക്കുന്നത്. അല്‍മെന്‍ഹാസ് എന്ന പാത്രത്തിലാണ് കാപ്പിക്കുരു പൊടിക്കുന്നത്. അറബിലെ പ്രധാനപ്പെട്ട ദല്ല എന്ന കാപ്പി പാത്രം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ പാത്രം ഇന്നും ഇവിടെ ഉപയോഗിക്കാറുണ്ട്. ഫെഞ്ചന്‍ എന്ന സെറാമിക് കപ്പിലാണ് ഇവിടെ കോഫി കുടിക്കുന്നത്. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴമാണ് ഉപയോഗിക്കാറ്. അറബിലെ ആതിഥേയ മര്യാദ പ്രകാരം ഫെഞ്ചന്‍ എടുത്ത് കുലുക്കുന്നത് വരെ അതില്‍ കാപ്പി നിറച്ചു കൊണ്ടിരിക്കും. കാപ്പി മതിയെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഫെഞ്ചന്‍ കുലുക്കുന്നത്. അറബില്‍ ഗഹ്വ എന്നാണ് കോഫിയ്ക്ക് പറയുന്നത്.

തൊട്ടടുത്ത മുറിയില്‍ എത്യോപ്യയില്‍ നിന്നുള്ള സലാം എന്ന വനിത എന്നെ സ്വീകരിച്ചു. അവരുടെ മുന്‍പിലുള്ള ടേബിളില്‍ ദല്ലായും ഫെഞ്ചനും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. അവര്‍ തന്ന എത്യോപ്യന്‍ കോഫിയില്‍ ഏലയ്ക്കയുടെ മണമുള്ളതിനാല്‍ വളരെ രുചിയുണ്ടായിരുന്നു. കോഫിയുടെ രുചി ബാലന്‍സ് ചെയ്യാന്‍ അരി കൊണ്ടുണ്ടാക്കിയ ഖോലോ എന്ന പലഹാരവും പോപ്കോണും ഞാന്‍ കഴിച്ചു. ''തടി കൊണ്ടുള്ള പിടിയുള്ള ഇബ്റിക്ക് എന്ന പാത്രത്തിലാണ് ഈജിപ്തില്‍ കാപ്പി ഉണ്ടാക്കുന്നത്. ഈ പാത്രം മണല്‍ പരപ്പില്‍ കരിക്കട്ട വെച്ച് ചൂടാക്കിയാണ് കാപ്പി ഉണ്ടാക്കുന്നത്.'' - ഈജിപ്തില്‍ നിന്നുള്ള അബ്ദുള്‍ഹമീദ് അവാദ് എന്നോട് വിശദീകരിച്ചു.

രണ്ട് നിലയുള്ള മ്യൂസിയത്തിന്റെ താഴത്തെ നില മൂന്ന് മുറികളായി തിരിച്ചിട്ടുണ്ട്. മിഡില്‍ഈസ്റ്റേണ്‍ ആന്റിക്സും ഇന്റര്‍നാഷണല്‍ ആന്റിക്സും ആണ് ഇവിടെയുള്ളത്. കോഫി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പലതരം പാത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ കോഫി ടിന്നുകള്‍. യെമനിലെ മണ്‍പാത്രങ്ങള്‍, തുര്‍ക്കിയിലെ ബീന്‍ റോസ്റ്ററുകള്‍ എന്നിവ ഇവിടെയുണ്ട്. ഇവിടുത്തെ ഗ്രൈന്‍ഡറുകളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഈ ഗ്രൈന്‍ഡറുകള്‍ കണ്ടപ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓര്‍മ്മ വന്നു.

മ്യൂസിയത്തിന്റെ രണ്ടാമത്തെ ഫ്ളോറിലുള്ള ഗ്യാലറിയില്‍ കോഫിയെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങളും പോസ്റ്ററുകളും വെച്ചിട്ടുണ്ട്. കോഫി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ ചെറിയ പതാകകള്‍ ഇവിടെ തൂക്കിയിട്ടിട്ടുണ്ട്. വരാന്തയുടെ അറ്റത്തുള്ള ചെറിയ കഫേയുടെ അടുത്ത് ഇന്ത്യയുടെ പതാക ഞാന്‍ കണ്ടു. എന്റെ അടുത്തുള്ള ഒരു പോസ്റ്ററില്‍ 'റോസ്റ്റിംഗ് കോഫി, ബ്രൂയിംഗ് ഹാര്‍മണി' എന്ന് എഴുതി വെച്ചിരിക്കുന്നതും കണ്ടു.


Next Story

Related Stories