UPDATES

യാത്ര

ഇത്തവണ വൈല്‍ഡ്ബീസ്റ്റ് മൈഗ്രേഷന്‍ നേരത്തെ; പോകാം കെനിയയിലെ മസായ് മാറായിലേക്ക്

മൃഗങ്ങളുടെ പലായനത്തിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ സന്ദര്‍ശന കാലം മൂന്നായി തരംതിരിച്ചിട്ടുണ്ടെങ്കിലും ഇപ്രാവശ്യം എല്ലാ കണക്കുകൂട്ടലും തെറ്റിയിരിക്കുകയാണ്.

പ്രകൃതിയും വനസമ്പത്തും ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന രാജ്യമാണ് കെനിയ. വൈല്‍ഡ് ലൈഫ് ടൂറിസത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്ന രാജ്യങ്ങളില്‍ ഒന്ന്. കെനിയ ലോകത്തിനു മുന്നില്‍ കാഴ്ചവെക്കുന്ന അത്ഭുതമാണ് ‘മസായ് മാറ’. ആഫ്രിക്കയിലെ ഏറ്റവും വിഖ്യാതമായ ദേശീയോദ്യാനം. മൃഗങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് സംപ്രേക്ഷണം ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം പ്രോഗ്രാമുകളും ഷൂട്ട് ചെയ്യപ്പെടുന്ന ഇവിടം, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍മാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷനാണ്. വേനല്‍ കടുക്കുന്നതോടെ മൃഗങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യന്നതാണ് (വൈല്‍ഡ്ബീസ്റ്റ് മൈഗ്രേഷന്‍) കെനിയ സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ച. ഇടിച്ചുകുത്തി ഒഴുകുന്ന മാറാ നദി സാഹസികമായി നീന്തിക്കടന്ന് താന്‍സാനിയയിലെ സെറീന്‍ഗേറ്റി നാഷണല്‍ റിസര്‍വിന്റെ ഭാഗത്തേക്കുള്ള ഈ പലായനമാണ് മസായ് മാറായെ പ്രശസ്തമാക്കുന്നത്.

ഈ വര്‍ഷത്തെ വൈല്‍ഡ്ബീസ്റ്റ് മൈഗ്രേഷന്‍ നേരത്തെ ആരംഭിച്ചു. അതോടെ മസായ് മാറയിലെ സഫാരി ലോഡ്ജുകളിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. മൃഗങ്ങളുടെ പലായനത്തിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ സന്ദര്‍ശന കാലം മൂന്നായി തരംതിരിച്ചിട്ടുണ്ടെങ്കിലും ഇപ്രാവശ്യം എല്ലാ കണക്കുകൂട്ടലും തെറ്റിയിരിക്കുകയാണ്. അസാധാരണമായി ഒന്നരമാസം നേരത്തെയാണ് ഇത്തവണത്തെ വൈല്‍ഡ്ബീസ്റ്റ് മൈഗ്രേഷന്‍ ആരംഭിച്ചിട്ടുള്ളത്. പലായന കാലത്ത് മൃഗങ്ങളുടെ സഞ്ചാരപഥം കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും അതിന് കൃത്യമായൊരു പാറ്റേണ്‍ ഉണ്ട്. എന്നാല്‍ എല്ലാം തെറ്റിച്ച് ചില വന്യമൃഗങ്ങള്‍ ഇതിനകംതന്നെ മാറാ നദി നീന്തിക്കടന്നതായി ‘ഹെര്‍ഡ് ട്രാക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി ഓഗസ്റ്റിലാണ് ഈ പലായനം നടക്കേണ്ടത്.

വെള്ളവും പച്ചപ്പുല്ലും തേടിയുള്ള ഈ പലായനം ശ്വാസമടക്കിപിടിച്ചു മാത്രം കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്. കാട്ടുപോത്തിന് സമാനരൂപമുള്ള വൈല്‍ഡ്ബീസ്റ്റുകളും സീബ്രകളുമടക്കം നൂറു കണക്കിന് മൃഗങ്ങളുടെ കൂട്ടങ്ങള്‍ മാറാ നദിക്കരയിലെത്തും. തക്കം പാര്‍ത്ത് സിംഹക്കൂട്ടങ്ങും കടുവക്കൂട്ടങ്ങളും കാത്തിരിക്കും. അതിനെ അതിജീവിച്ച് വരുന്നവര്‍ എത്തിപ്പെടുന്നത് നദിയിലെ മുതലക്കൂട്ടങ്ങളിലേക്കാണ്. പാത്തും പതുങ്ങിയിയും ഇരയെകാത്തിരിക്കുന്ന മുതലകളുമായി ജീവന്മരണ പോരാട്ടം നടത്തി വിജയിക്കുന്നവര്‍ താന്‍സാനിയയിലെ സെറീന്‍ഗേറ്റിയിലെത്തും. വൈല്‍ഡ്ബീസ്റ്റ് മൈഗ്രേഷന്‍ എന്ന പേരിലറിയപ്പെടുന്ന ഈ കൂട്ടപ്പലായനം നടക്കുമ്പോള്‍ മാറാനദിക്ക് ചോരയുടെ മണമായിരിക്കും. കുറച്ചു ദിവസങ്ങള്‍ അവിടെ കഴിഞ്ഞതിനുശേഷം നവംബര്‍ മാസത്തില്‍ അതേ സാഹസികപഥങ്ങള്‍ താണ്ടി അവര്‍ മസൈമാറാ നാഷണല്‍ പാര്‍ക്കില്‍ തിരിച്ചെത്തും.

നൂറ്റാണ്ടുകളായി ഈ പ്രതിഭാസം എല്ലാവര്‍ഷവും മുറ തെറ്റിക്കാതെ നടക്കുന്നു എന്നത് വിസ്മയകരമാണ്. ഇത്തവണ അത് നേരത്തെ സംഭവിച്ചതുകൊണ്ട് പലായനം കണ്ടാസ്വദിക്കാനുള്ളവരുടെ തിരക്കും നേരത്തെയായി. സഫാരീ ലോഡ്ജുകള്‍ എല്ലാം തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായി ‘ഡെയ്ലി നേഷന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More : യാത്രക്ക് ഇനി ഭാഷ തടസമാവില്ല, സഞ്ചാരികളെ ആകർഷിക്കാൻ മാർഗവുമായി ജപ്പാനും കൊറിയയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍