TopTop

ഇവിടെ കാണാനുള്ളത് സ്ത്രീകളുടെ മുടി മാത്രം; ലോകത്തെ ചില വിചിത്രമായ മ്യൂസിയങ്ങള്‍!

ഇവിടെ കാണാനുള്ളത് സ്ത്രീകളുടെ മുടി മാത്രം; ലോകത്തെ ചില വിചിത്രമായ മ്യൂസിയങ്ങള്‍!
ലോകത്ത് പല തരത്തിലുള്ള മ്യൂസിയങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ജന്തു-ജാലങ്ങളെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നമുക്ക് ഈ മ്യൂസിയങ്ങളിലൂടെ ലഭിക്കാറുണ്ട്. എന്നാല്‍ സന്ദര്‍ശിച്ചാല്‍ വിചിത്രവും ഭയം തോന്നുന്നതുമായ ചില മ്യൂസിയങ്ങളുണ്ട്. അവയെ നമുക്ക് ഇനി പരിചയപ്പെടാം...

കറ്റകൊമ്പേ ഡി കപ്പുസിനി, പാലെമോ, സിസിലി
ലോകത്തെ ഏറ്റവും കൂടുതല്‍ മമ്മിയുടെ ശേഖരം കറ്റകൊമ്പേയിലാണുള്ളത്. മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങള്‍ മനഃപൂര്‍വമായോ സ്വാഭാവികമായോ സംരക്ഷിച്ചിരിക്കുന്നതിനെ മമ്മി (Mummy) എന്ന് അറിയപ്പെടുന്നു. 16-ാം നൂറ്റാണ്ടില്‍ മമ്മി ആക്കപ്പെട്ട ചില കപ്പൂച്ചിന്‍ സന്യാസികളെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ദൈവത്തിന്റെ ചെയ്തി ആണെന്ന് മറ്റു സന്യാസികള്‍ വിശ്വസിച്ചു. ഈ മമ്മികള്‍ അവര്‍ ഗുഹാഗൃഹത്തില്‍ സൂക്ഷിച്ചു. പിന്നീട് സമൂഹത്തിലെ മറ്റു ആളുകളും അവരോടൊപ്പം ചേര്‍ന്നു. ഭൂമിക്കടിയില്‍ മമ്മികളുള്ള അഞ്ചു നിലവറകള്‍ സന്ദര്‍ശകര്‍ക്ക് കാണാം. അവരുടെ ജോലി, ലിംഗം, സമൂഹത്തില്‍ അവരുടെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് മമ്മികള്‍ ക്രമീകരിച്ചിരിക്കുന്നത്.

അവന്‍തോസ് മ്യൂസിയം ഓഫ് ഹെയര്‍, കപ്പാഡോഷിയാ, തുര്‍ക്കി


16000-ത്തോളം സ്ത്രീകളുടെ മുടിയാണ് അവന്‍തോസ് ഹെയര്‍ മ്യൂസിയത്തിലുള്ളത്. ചെസ് ഗല്ലിപ് എന്ന പൊട്ടറാണ് 1979-ല്‍ ഈ മ്യൂസിയം നിര്‍മ്മിച്ചത്. വിചിത്രമായ ഒരു കഥയാണ് ഈ മ്യൂസിയത്തിനുള്ളത്. ചെസ്സിന്റെ ഒരു സ്ത്രീ സുഹൃത്ത് അവരുടെ ഓര്‍മ്മയ്ക്കായി കുറച്ചു മുടി മുറിച്ചു അദ്ദേഹത്തിന് നല്‍കി. പിന്നീട്, ലോകത്തെ പല ഭാഗത്തു നിന്നും എത്തിയ സ്ത്രീകള്‍ മുടി ഇങ്ങനെ നല്‍കി. ഇപ്പോള്‍ മുടി സംഭാവന നല്‍കുന്നത് ഒരു മത്സരമാണ് ഇവിടെ.

എച്ച്ആര്‍ ജിഗര്‍ മ്യൂസിയം, സ്വിറ്റ്സര്‍ലാന്റ്
1960 മുതലുള്ള പെയിന്റിങ്ങുകള്‍, ശില്പങ്ങള്‍, ഫര്‍ണീച്ചര്‍, സിനിമകളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എന്നിവ സ്വിസ് ആര്‍ട്ടിസ്റ്റ് എച്ആര്‍ ജിഗറിന്റെ മ്യൂസിയത്തില്‍ കാണാം. 400 വര്‍ഷം പഴക്കമുള്ള ഗ്രുയേര്‍സ് നഗരത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഏലിയന്‍, ഡൂണ്‍, പോള്‍റ്റര്‍ജീസ്റ് കക തുടങ്ങിയ സിനിമകളിലെ ചില കഥാപാത്രങ്ങളെയും കാണാം. മ്യൂസിയത്തോട് ചേര്‍ന്നൊരു ബാറും സ്ഥിതി ചെയ്യുന്നു. നട്ടെലുകള്‍ രൂപത്തിലുള്ള സീറ്റുകളും ഈ ബാറിലുണ്ട്.

ടോര്‍ച്ചര്‍ മ്യൂസിയം, ആംസ്റ്റര്‍ഡാം
ഒരു കാലത്തു നടത്തിയ മൃഗീയമായ ശിക്ഷാരീതിയും അതിന് ഉപയോഗിച്ച ചില ഉപകരണങ്ങളും ടോര്‍ച്ചര്‍ മ്യൂസിയത്തില്‍ എത്തിയാല്‍ കാണാം. ഇന്‍ക്വീസിഷന്‍ ചെയര്‍, തമ്പ് സ്‌ക്ര്യൂ, സ്‌കള്‍ ക്രെഷര്‍ അങ്ങനെ പല ഉപകരണങ്ങളും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് ഈ ഡച്ച് മ്യൂസിയത്തിന്റെ ഇരുണ്ട നടവഴികളിലൂടെ നടന്ന പഴയ ശിക്ഷാ രീതികളുടെ ചരിത്രം മനസിലാക്കാവുന്നതാണ്. 1988-ലാണ് മ്യൂസിയം സ്ഥാപിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സര്‍ക്കാരേതര സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റു മനുഷ്യാവകാശ കരാറുകളെപ്പറ്റിയും മ്യൂസിയത്തില്‍ രേഖകള്‍ ഉണ്ട്.

മെഗുരോ പാരാസൈറ്റോളജിക്കല്‍ മ്യൂസിയം, ടോക്കിയോ
300-ഓളം അപൂര്‍വ്വമായ ഇഴജന്തുക്കളും ചെറുപ്രാണികളുമാണ് ഈ മ്യൂസിയത്തിലുള്ളത്. 8.8 മീറ്റര്‍ നീളമുള്ള നാടവിരയും ഇതില്‍ ഉള്‍പ്പെടുന്നു. ഗവേഷണത്തിന് ആവശ്യമായ 60,000ത്തോളം സ്പെസിമെനുകളും, 50,000പേപ്പറുകളും, 5000 പുസ്തകങ്ങളും അടങ്ങുന്ന ലൈബ്രറി മ്യൂസിയത്തില്‍ ഉണ്ട്. പ്രാണികളെ ഭയമുള്ള സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ പ്രാണികളുടെ ചിത്രങ്ങളുള്ള ടീ ഷര്‍ട്ടുകളുള്ള ഒരു ഗിഫ്റ്റ് ഷോപ്പ് ഈ മ്യൂസിയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

https://www.azhimukham.com/travel-10-strange-unique-hotels-around-the-world/

https://www.azhimukham.com/travel-must-see-museums-around-the-world/

https://www.azhimukham.com/video-world-s-weirdest-and-grossest-national-delicacies/

Next Story

Related Stories