TopTop
Begin typing your search above and press return to search.

ഒരു യാത്രയ്ക്കൊരുങ്ങിക്കോളൂ; കംബോഡിയന്‍ വിസ്മയങ്ങള്‍

ഒരു യാത്രയ്ക്കൊരുങ്ങിക്കോളൂ; കംബോഡിയന്‍ വിസ്മയങ്ങള്‍

കേരളവുമായി വളരെ സാമ്യമുള്ള നാടാണ് കംബോഡിയ. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം. ഇടക്കിടെ തല പൊക്കി നോക്കുന്ന തെങ്ങുകള്‍. ധാരാളം നെല്‍പ്പാടങ്ങളും കാണാം. ഒറ്റ നോട്ടത്തില്‍ നമ്മുടെ കേരളത്തിലെ ഒരു കൊച്ചു നാട്ടിന്‍പുറം ആണെന്നേ തോന്നൂ. ഇവിടെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഞാനും സുഹൃത്ത് ഷൈജുവും വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ നിന്ന് തായ്ലന്‍ഡിലെ ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റ് പിടിച്ചാണ് കംബോഡിയയിലെ സിയെംറീപ്പ് എന്ന സിറ്റിയില്‍ ഞങ്ങള്‍ എത്തിയത്. മൂന്നു ദിവസം ഇവിടെ താമസിച്ച ശേഷം തിരിച്ചു തായ്ലാഡിലേക്ക് പോയി അവിടെ നാല് ദിവസം ചിലവിടാനാണ് ഉദ്ദേശം. അടുത്ത സുഹൃത്തായ ഷൈജുവും ഞാനും കുറെ കാലമായി ഒരു ബാക്ക് പാക്കിങ് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നെങ്കിലും ഇപ്പോഴാണ് സമയവും വെക്കേഷനും എല്ലാം ഒത്തു വന്നത്.

എയര്‍പോര്‍ട്ടില്‍ കൂടുതലും അമേരിക്കക്കാരെയും യൂറോപ്യന്‍സിനെയും ആണ് കണ്ടത്. ഇന്ത്യക്കാരെ കാണാനേ ഇല്ല. നമ്മുടെ നാട്ടുകാര്‍ക്ക് കംബോഡിയയുടെ അയല്‍രാജ്യമായ തായ്ലന്‍ഡില്‍ പോകാനാണ് പൊതുവെ താല്പര്യം എന്ന് തോന്നുന്നു. ഇമിഗ്രെഷനിലെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ 5 മിനുട്ട് കൊണ്ട് തന്നെ കംബോഡിയന്‍ ട്രാവല്‍ വിസ അടിച്ചു കിട്ടി. 30 ഡോളര്‍ ആണ് വിസ ചാര്‍ജ്. ഇത് ഡോളര്‍ ആയി തന്നെ കരുതാന്‍ ശ്രദ്ധിക്കണം. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ എന്റെ പേരെഴുതിയ പ്ലക്കാര്‍ഡും കൊണ്ട് ഒരു പയ്യന്‍ നില്‍പ്പുണ്ടായിരുന്നു. ഹോട്ടല്‍ പിക്ക് അപ്പ് ആണ്. അവന്‍ ഞങ്ങളെ അവിടെ നിര്‍ത്തി പാര്‍ക്കിങ്ങില്‍ നിന്നും ഓട്ടോ റിക്ഷ പോലുള്ള ഒരു വണ്ടിയുമായി വന്നു. മുകളില്‍ ഒരു ഷീറ്റ് ഉള്ളതൊഴിച്ചാല്‍ മുഴുവന്‍ ഓപ്പണ്‍ എയര്‍ ആയ ഒരു ശകടം.

വിമാനത്തില്‍ നിന്നുള്ള സിയെം റീപ്പിന്റെ ദൃശ്യം

ടുക് ടുക് എന്നാണ് പേര്. നമ്മുടെ നാട്ടിലെ ഓട്ടോ റിക്ഷയുടെ മുന്‍ഭാഗം മുറിച്ചു കളഞ്ഞ് അതിന്റെ മുന്‍പില്‍ ഒരു സ്‌കൂട്ടര്‍ ഫിറ്റ് ചെയ്താല്‍ ടുക് ടുക് ആയി. ഇതിനായി കൂടുതലും ഉപയോഗിക്കുന്നത് മലയാളികള്‍ക്ക് വളരെ പരിചിതമായ എം80 (മീന്‍ 80 എന്നും അറിയപ്പെടുന്നു) പോലുള്ള ഒരു മോപ്പഡ് ആണ്. അടിമുടി അലങ്കരിച്ച സഞ്ചരിക്കുന്ന ഫാന്‍സി ഷോപ്പുകള്‍ പോലുള്ള പരിഷ്‌കാരി ടുക് ടുക്കുകളും ഇടക്ക് കാണാം. ടാക്‌സികളെക്കാളും വളരെ പോക്കറ്റ് ഫ്രണ്ട്ലി ആണ് ടുക് ടുക്കുകള്‍. എയര്‍പോര്‍ട്ടില്‍ നിന്ന് നാല് കിലോമീറ്ററെ ഉള്ളു ഹോട്ടലിലേക്ക്. റോഡില്‍ വണ്ടികളെല്ലാം കുറവാണ്. കൂടുതലും കാണുന്നത് ടുക് ടുക്കുകളും മോപ്പെഡുകളും മാത്രം. പക്ഷേ റോഡിന്റെ രണ്ടു വശത്തും ഭീമാകാരമായ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിരന്നു കിടക്കുന്നുമുണ്ട്. പത്തു മിനിറ്റു കൊണ്ട് ഞങ്ങള്‍ ഹോട്ടലിലെത്തി.

ലാ റെസിഡന്‍സ് ബ്ലാങ്ക് ഡി ആങ് കോര്‍ എന്ന ഒരു എമണ്ടന്‍ പേരുള്ള എന്ന ഒരു ചെറിയ റിസോര്‍ട്ട് ആണ്. ഈ റിസോര്‍ട്ടിലെ ജീവനക്കാരുടെ സ്‌നേഹവും ആഥിത്യമര്യാദയും റിസോര്‍ട്ടിന്റെ വൃത്തിയും എല്ലാം എടുത്തു പറയേണ്ടതാണ്. കംബോഡിയന്‍ ട്രിപ്പ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഈ റിസോര്‍ട്ട് മിസ് ചെയ്യുകയുണ്ടായി. യാത്രാക്ഷീണം കാരണം കുറച്ചു നേരം വിശ്രമിച്ച ശേഷം ഞങ്ങള്‍ കുളിച്ചു ഫ്രഷ് ആയി ഹോട്ടലിനു പുറത്തിറങ്ങി. സിയെം റീപ്പിന്റെ സിറ്റി സെന്ററിലേക്കാണ് പോവേണ്ടത്. നേരത്തെ ഞങ്ങളെ കൊണ്ട് വിട്ട പയ്യന്‍ പുറത്തു തന്നെ ഉണ്ട്. സെയ്ഹ എന്നാണ് അവന്റെ പേര്.

സിയെം റീപ്പ് താരതമ്യേന ഒരു ചെറിയ സിറ്റി ആണ്. ആങ് കോര്‍ വാട്ട്, ബയോണ്‍ തുടങ്ങിയ ബുദ്ധ, ഹിന്ദു ക്ഷേത്രങ്ങളിലെ ടൂറിസം ആണ് ഈ പട്ടണത്തിന്റെ പ്രധാന വരുമാനം. തായ്‌ലാന്‍ഡിലെ പട്ടായ വാക്കിങ് സ്ട്രീറ്റിന്റെ ഒരു വകഭേദമായ പബ് സ്ട്രീറ്റ് ആണ് സിറ്റിക്ക് അകത്തെ പ്രധാന ആകര്‍ഷണം. അമേരിക്കന്‍സും യൂറോപ്യന്‍സും മറ്റു വെസ്റ്റെണേഴ്‌സും തിങ്ങി നിറഞ്ഞ ഈ സ്ട്രീറ്റുകള്‍ നൈറ്റ് ലൈഫിന് പേര് കേട്ടതാണ്.

സിറ്റിയില്‍ നിന്നും 8 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആങ് കോര്‍ വാട്ടില്‍ എത്താം. 400 ഏക്കറില്‍ പറന്നു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിലെ പ്രധാന ക്ഷേത്രം ആണ് ആങ് കോര്‍ വാട്ട്. 'തോമ്പ് റൈഡര്‍' സിനിമ ചിത്രീകരിച്ച ടാ പ്രോം, ബയോണ്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ടെംപിള്‍സ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഖമേര്‍ രാജവംശം പണി കഴിപ്പിച്ചതാണ് ആങ് കോര്‍ വാട്ട്. തുടക്കത്തില്‍ ഇത് ഒരു ഹിന്ദു ടെമ്പിള്‍ ആയിരുന്നെങ്കിലും പിന്നീട് അത് ഒരു ബുദ്ധിസ്റ്റ് ടെമ്പിള്‍ ആയി മാറുകയാണുണ്ടായത്. ഈ അമ്പലങ്ങള്‍ കംബോഡിയക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു അവരുടെ പതാക കണ്ടിട്ടുള്ളവര്‍ക്ക് മനസിലാകും. ആങ് കോര്‍ വാട്ടിന്റെ ചിത്രം ആണ് അവരുടെ പതാകയിലെ ലോഗോ ആയി കൊടുത്തിരിക്കുന്നത്.

ആദ്യമായി പോയത് ആങ് കോര്‍ തോം എന്ന ടെമ്പിള്‍ കോംപൗണ്ടിലേക്കാണ്. ഇത് ചുറ്റുമതിലും കിടങ്ങും ഒക്കെ ഉള്ള ഒരു വലിയ സമുച്ചയം ആണ്. ഇതിനുള്ളില്‍ ആണ് ബയോണും മറ്റു എട്ടോ ഒന്‍പതോ അമ്പലങ്ങളും സ്ഥിതി ചെയ്യുന്നത്. ആദ്യം ഞങ്ങള്‍ ഇതിലെ ഏറ്റവും വലിയ ടെംപിള്‍ ആയ ബയോണിലേക്ക് നീങ്ങി. ഞങ്ങളുടെ ഡ്രൈവര്‍ ആയ സെയ്ഹ എന്ന കംബോഡിയന്‍ പയ്യന്‍ ബയോണിന്റെ പ്രധാന പ്രവേശന കവാടത്തിനരികെ ഞങ്ങളെ ഇറക്കി ടെംപിളിന്റെ വെസ്റ്റ് സൈഡില്‍ കാത്തു നില്കാമെന്നു പറഞ്ഞു ടുക് ടുക് ഓടിച്ചു പോയി.

ബയോണിന്റെ മുൻഭാഗം

കരിങ്കല്ലിലും അപൂര്‍വമായി മരവും ഉപയോഗിച്ചാണ് ബയോണിന്റെ നിര്‍മിതി. കരിങ്കല്‍ ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിച്ച ബുദ്ധന്റെ കൂറ്റന്‍ തലകളാണ് ഇതിന്റെ പ്രത്യേകത. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ നില നിന്നിരുന്ന ഖ്മര്‍ രാജവംശം ആണ് ആങ് കോര്‍ വാട്ടും മറ്റു ക്ഷേത്രങ്ങളും പണി കഴിപ്പിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാവ് ജയവര്‍മന്‍ ഏഴാമന്‍ പണി കഴിപ്പിച്ചതാണ് ബയോണ്‍. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഹിന്ദു വിശ്വാസികളായിരുന്നെങ്കിലും ജയവര്‍മന്‍ ഒരു ബുദ്ധിസ്റ്റ് ആയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആങ്കോറിന്റെ ചുറ്റുപാടും ഉള്ള സ്ഥലം ലോകത്തിലെ ഏറ്റവും വലിയ നഗരം ആയിരുന്നത്രേ. പക്ഷെ പതിനഞ്ചാം നൂറ്റാണ്ടില്‍ ഖ്മര്‍ രാജവംശത്തിന്റെ തകര്‍ച്ചയോടെ ആങ്കോറും മറ്റു ക്ഷേത്രങ്ങളും വിസ്മൃതിയിലമര്‍ന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രഞ്ച് പര്യവേഷകരാണ് കാട് കയറി മൂടിക്കിടന്ന ഈ അദ്ഭുതങ്ങള്‍ വീണ്ടും ലോകശ്രദ്ധയില്‍ എത്തിച്ചത്. ഇന്ന് ആങ്കോറും ബയോണും മറ്റും വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ ഒന്നായി സ്ഥാനം നേടിയിരിക്കുന്നു.

ഇതിനിടെ ഒരു കംബോഡിയന്‍ കപ്പിള്‍ ഫോട്ടോഷൂട്ടിനു ഒരു വലിയ ഒരു ടീം ആയി എത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുകയാണ് ലക്ഷ്യം. കിട്ടിയ തക്കത്തിനു ഞാനും അതില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയി മാറി.

കംബോഡിയൻ നവദമ്പതികൾ

ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ആങ് കോര്‍ തോം നടന്നു കാണണമെങ്കില്‍ സ്റ്റാമിന കുറച്ചൊന്നും പോരെന്നു ഞങ്ങള്‍ക്ക് മനസിലായി. പോരാത്തതിന് ക്യാമറയും അതിന്റെ ഹെവി എക്വിപ്‌മെന്റ്‌സും. നടന്നു തളര്‍ന്നു ക്ഷേത്രത്തിന്റെ വെസ്റ്റ് സൈഡില്‍ എത്തിയ ഞങ്ങളെ കാത്തു സെയ്ഹ നില്പുണ്ടാവുമെന്നു കരുതിയ ഞങ്ങള്‍ക്ക് തെറ്റി. ആളെ കാണാനില്ല. ഇനി ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ വെസ്റ്റില്‍ ഉള്ള കവാടം ആണോ സെയ്ഹ ഉദ്ദേശിച്ചത് എന്ന് ഞാനൊരു സംശയം പറഞ്ഞു. ഞങ്ങള്‍ അങ്ങനെ വെസ്റ്റ് ഗേറ്റ് ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.2.5 കിലോമീറ്റര്‍ നടന്നു കവാടത്തില്‍ എത്തിയപ്പോഴാണ് ഇതിന്റെ വ്യാപ്തി പതിയെ മനസ്സിലാവാന്‍ തുടങ്ങിയത്. കോമ്പൗണ്ടിന്റെ നടുവില്‍ നിന്ന് 2.5 കിലോമീറ്റര്‍ ദൂരത്തില്‍ എല്ലാ വശങ്ങളിലും കവാടങ്ങള്‍. അതായത് ഒരു വശത്തു നിന്നും മറ്റേ വശം വരെ 5 കിലോമീറ്റര്‍! എല്ലാ കവാടങ്ങള്‍ക്കും ഓരോ ടെംപിള്‍ ആക്കാന്‍ മാത്രം ഉള്ള സൈസും ഉണ്ട്. ആടിയാടി ഗേറ്റിലെത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സെയ്ഹയെ അറിയാവുന്ന ഭാഷയിലൊക്കെ ചീത്ത വിളിച്ചു കൊണ്ട് ഞങ്ങള്‍ തിരിച്ചു നടത്തം തുടങ്ങി. ഗേറ്റ് ഒക്കെ അമ്പലത്തിന്റെ അടുത്ത് കൊണ്ട് വെച്ചൂടെ എന്നുള്ളതായി പിന്നെ ചര്‍ച്ച.

തിരിച്ചു ക്ഷേത്രത്തിലെത്തിയ ഞങ്ങളെ കാത്തു ചിരിച്ചു കൊണ്ട് സെയ്ഹ നില്‍ക്കുന്നുണ്ടായിരുന്നു. ആശാന്‍ ഞങ്ങളെയും തപ്പി കോമ്പൗണ്ട് മുഴുവന്‍ കറങ്ങുകയായിരുന്നത്രെ. വിളിച്ച ചീത്തക്കെല്ലാം മനസ്സില്‍ മാപ്പു പറഞ്ഞു കൊണ്ട് ഞങ്ങള്‍ ടുക് ടുക്കില്‍ കയറി. ഞങ്ങളുടെ പ്രധാന ലക്ഷ്യവും കംബോഡിയയിലെ ഏറ്റവും പ്രസിദ്ധവും ആയ ആംഗ് കോര്‍ ടെംപിള്‍ ലക്ഷ്യം വെച്ചു ടുക് ടുക് നീങ്ങിത്തുടങ്ങി. നെല്‍പ്പാടങ്ങളുടെ ഇടയിലൂടെ ഉള്ള ഒരു ചെറിയ റോഡിലൂടെ ഞങ്ങളെയും കൊണ്ട് ടുക് ടുക് ചലിച്ചു.

ആങ് കോര്‍ തോമില്‍ വഴി തെറ്റി അലഞ്ഞ് ക്ഷീണിച്ച ഞങ്ങള്‍ വണ്ടിയുടെ മുന്‍ഭാഗത്ത് കാല്‍ കയറ്റി വെച്ചു പാടങ്ങളിലൂടെ വരുന്ന ഇളം കാറ്റും കൊണ്ടാണ് യാത്ര. വട്ടത്തിലുള്ള വലിയ പരന്ന തൊപ്പികള്‍ വച്ച് കൃഷിക്കാര്‍ പാടത്തു ജോലി ചെയ്യുന്നു. അതിന്റെ ഇടയില്‍ ചില ടൂറിസ്റ്റുകള്‍ കൃഷിക്കാരോടൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമത്തിലാണ്. ആങ് കോറിലേക്കുള്ള വഴിയില്‍ മറ്റൊരു വലിയ ക്ഷേത്രത്തിന്റെ മുമ്പില്‍ സെയ്ഹ വണ്ടി നിര്‍ത്തി. ഒരു പടു കൂറ്റന്‍ കരിങ്കല്‍ കെട്ടിടം. അതിന്റെ മുറ്റത്തു നിന്ന് തുടങ്ങി മുകള്‍ ഭാഗം വരെ കുത്തനെ കിടക്കുന്ന പടികള്‍ കണ്ടതോടെ ഞാന്‍ വണ്ടിയില്‍ ഒന്ന് കൂടെ വലിഞ്ഞു നിവര്‍ന്ന് കിടന്ന് ഇനി അനങ്ങാന്‍ വയ്യെന്ന് പ്രഖ്യാപിച്ചു.

ഷൈജു എന്നെയും സെയ്ഹയെയും അവിടെ ഉപേക്ഷിച്ചു പേരറിയാത്ത ആ ടെംപിളിലേക്ക് കാമറയും തൂക്കി നടന്നു. ഒരു വലിയ ജനക്കൂട്ടം തന്നെ അതിന്റെ മുകളില്‍ ക്ഷമയോടെ കാത്തിരിക്കുന്നുണ്ട്. സൂര്യാസ്തമയം ക്യാമെറയില്‍ പകര്‍ത്താനുള്ള ഇരിപ്പാണത്രെ. ഞങ്ങള്‍ സൂര്യാസ്തമയത്തിനു കാത്തിരുന്നാല്‍ ആങ് കോര്‍ മിസ് ആവും എന്ന് കാരണം കണ്ടെത്തി ഞാന്‍ സ്വയം സമാധാനിച്ചു.

സെയ്ഹ സിയെം റീപ്പ് കാരനല്ല. ദൂരെ ഏതോ ഗ്രാമത്തില്‍ നിന്ന് ഉപജീവനത്തിനായി വന്നതാണ്. അവന്‍ ധരിച്ചിരുന്ന ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ജേഴ്സി ചൂണിക്കാണിച്ചു ചെല്‍സി ഫാന്‍ ആണോന്നു ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് തലയാട്ടി. പക്ഷെ സെയ്ഹയുടെ അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു. മെസ്സിയും റൊണാള്‍ഡോയും ചെല്‍സിയില്‍ അല്ലെ കളിക്കുന്നതെന്ന്. അത് കേട്ട് ചിരിച്ചു കൊണ്ടിരുന്ന എന്നോട് അവന്റെ വീട്ടില്‍ ടീവി ഇല്ലെന്നും കടകളുടെ പുറത്തു നിന്നാണ് കളി കാണാറെന്നും പറഞ്ഞപ്പോള്‍ എന്റെ ചിരി നിന്നു. പാവം. ഹോട്ടലില്‍ എന്റെ ബാഗില്‍ ഉണ്ടായിരുന്ന ചെല്‍സി വിസിറ്റര്‍ ബാഡ്ജ് അവനു കൊടുക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയത് ബാഗില്‍ തന്നെ ഉണ്ടായിരുന്നു.

സെയ്ഹ ക്ഷേത്രങ്ങളുടെയും കംബോഡിയയിലെ ബുദ്ധ മതത്തിന്റെ ഉദ്ഭവത്തെ കുറിച്ചുമെല്ലാം വിശദമായി വിവരിച്ചു തന്നു.

തുടരും..

(ട്രാവല്‍ ഫോട്ടോഗ്രാഫറും യുഎക്‌സ് ഡിസൈനറുമാണ് റഫീഖ് മണലോടി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories