TopTop
Begin typing your search above and press return to search.

കെടുതികളോട് മല്ലിടാൻ കൈവേഗം കൊണ്ടൊരു ഉസൈൻ ബോൾട്ട് കളി; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബീഡി ഗ്രാമങ്ങളിലൂടെ

കെടുതികളോട് മല്ലിടാൻ കൈവേഗം കൊണ്ടൊരു ഉസൈൻ ബോൾട്ട് കളി; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബീഡി ഗ്രാമങ്ങളിലൂടെ

വാർത്ത തേടിയും അല്ലാതെയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടത്തിയ സഞ്ചാരങ്ങളിൽ കണ്ടറിഞ്ഞ മനുഷ്യ പാർപ്പുകളെക്കുറിച്ചുള്ള ഓർമ്മയും വിചാരവുമാണിത്. ശമനമില്ലാതെ അലഞ്ഞ ദേശങ്ങളിൽ കണ്ട അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളുടെ അടര്. അവരുടെ സ്നേഹലാഞ്ചനകളെ, ദയാവായ്പിനെ, അഗാധവ്യസനങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം. ബംഗാളിലും നാഗാലാൻഡിലും ഉത്തർപ്രദേശിലുമെല്ലാം മാധ്യമപ്രവർത്തകനായിരുന്ന വി.എസ്. സനോജിന്റെ യാത്രാനുഭവ പരമ്പര ആരംഭിക്കുന്നു.

ഭാഗം 1

ആയിരം ബീഡി തെറുത്താൽ നൂറ് രൂപ. കയ്യിൽ കിട്ടുന്നത് 80. ബാക്കി കമ്പനികൾക്ക് ബീഡിയെടുക്കുന്ന ഇടനിലക്കാർ പിടുങ്ങും. ജീവിതം കഴിഞ്ഞുകൂടാൻ ദിനം, ആയിരം ബീഡി മാത്രം തെറുത്താൽ പോരെന്ന് സാരം. ഗതികേടുകളോട് യുദ്ധം ചെയ്ത് തളർന്ന മനുഷ്യർ പാർക്കുന്ന ചില ബംഗ്ലാ അതിർത്തി ഗ്രാമങ്ങളിലെ അവസ്ഥയാണിത്. എത്ര തെറുത്താലും തുച്ഛമായ പൈസ. അതിനാൽ വീട്ടിലുള്ളവരെല്ലാം രാപ്പകൽ ഇരുന്നും നിന്നും ബീഡിയോട് മല്ലിടും. ജീവിതം കഷ്ടിച്ച് അരിഷ്ടിച്ച് നീങ്ങും. ബീഡി തെറുപ്പ് ജീവൻമരണ പോരാട്ടമാണിവർക്ക്. പോരാട്ടത്തിൽ പെണ്ണുങ്ങളും കുട്ടികളും വൃദ്ധരായ പുരുഷൻമാരുമെല്ലാം ബീഡിയില തട്ടുമായി ഇരിക്കും. കൈവേഗം മുഖ്യവേഷം കെട്ടുന്ന ജീവിതം. കെടുതികളോട് മല്ലിടാൻ വേഗം കൊണ്ടൊരു ഉസൈൻ ബോൾട്ട് കളി. തെറുത്ത ബീഡിയുടെ എണ്ണം കൂടുന്തോറും ഇല്ലായ്മയ്ക്കിടെ ആശ്വാസം. ശ്വാസകോശം സ്പോഞ്ച് പോലെയാകുമെന്ന് പേടിപ്പിച്ചാലും ആ വലിയുടെ പ്രതീക്ഷയിൽ ഇവർക്ക് ജീവിതം. ആയിരം ബീഡി തെറുത്താൽ നൂറ് രൂപയെന്നത്, അഞ്ചുവർഷം മുമ്പത്തെ അവസ്ഥയാണ്. കേരളത്തിൽ കൂലിപ്പണിക്കാരന് 500 രൂപ കൂലിയുള്ള കാലത്തെ ബംഗാളി കഥ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് വാർത്തയ്ക്കായി പുകയില മണമുള്ള വഴികളിലൂടെ മുർഷിദാബാദിലെ ഗ്രാമങ്ങളിലേക്കും‌‌ ഗല്ലികളിലേക്കും പോകുന്നത്. നുതൻഗഞ്ചിന്റെയും ഉമർപുരിന്റേയും ഒരറ്റത്തേക്ക്. ബാലിയയും ഇല്യാസ്പുരും ഉൾപ്പെട്ട സ്ഥലങ്ങളിലേക്ക്. ഇന്ത്യൻ അതിർത്തിയിൽ ഭഗീരഥി നദി, പത്മയായി ബംഗ്ലാദേശിലേക്ക് വഴിമാറുന്ന ബെർഹാംപുരിലെ ഫരാഖായ്ക്കടുത്താണ് ഈ ദേശങ്ങൾ. വികസനം തിരിഞ്ഞുനോക്കാത്ത ഗ്രാമങ്ങൾ. ബംഗാളിലെ ഏറ്റവും ദരിദ്രവത്ക്കരിക്കപ്പെട്ട ഇടമായ മുർഷിദാബാദിന്റെ ഒരറ്റം. ദൂരമുണ്ട്. ബെർഹാംപുരിൽ നിന്ന് ജംഗിപുർ, അവിടന്ന് ലാൽഗോള. അവിടെ നിന്ന് വലത്തോട്ട് ഏറെ ദൂരം പിന്നിട്ടാൽ ബംഗാളിലെ ബീഡിത്തൊഴിലാളി ഗ്രാമങ്ങളായി. ബീഡിപ്പുകയും പുകയില ഗന്ധവുമാണ് എങ്ങും. എത്ര ആഗ്രഹിച്ചിട്ടും തിരിച്ചുപോകാത്ത അസുന്ദര ദാരിദ്ര്യത്തിന്റെ, വിവേചനങ്ങളുടെ ‘സമൃദ്ധ' ദേശങ്ങളിലൊന്നാണിത്. അച്ചടക്ക നാട്യങ്ങളില്ലാത്ത രാജ്യാർത്തിയോട് പറ്റിച്ചേർന്ന ഗ്രാമങ്ങളാണ് പലതും. മൊനിഗ്രാം, നുതൻഗഞ്ച്, ബാലിയ, രഘുനാഥ്ഗഞ്ച്, ഉമർപുർ, ഇല്യാസ്പുർ, ഗൊരശാല, ലാൽഗോള, ജയറാംപുർ, സെയ്താപുർ, ത്രിമോഹിനി എന്നിങ്ങനെ നീളുന്ന പേരിൽ ചന്തമുള്ള പ്രദേശങ്ങൾ.

റോഡിന്റെ അരികിൽ മണ്ണിടിഞ്ഞുകൊണ്ടിരുന്ന മഹാനദി വേനലിൽ ഒരു വരണ്ട മണൽപ്പരപ്പാണ്. ജീവിതത്തിന്റെ ഒരറ്റം പോലെ ഇടുങ്ങിയ വഴികൾ ഒരു ചന്തവുമില്ലാതെ, നിർവ്വികാരമായി നീളുന്നു. എല്ലാ പുഴകളേയും പോലെ പലയിടത്ത് പല സ്ഥലനാമങ്ങളാണ് ഇവിടേയും പുഴയ്ക്ക്. ഒപ്പമുണ്ടായിരുന്ന ചാനൽ സുഹൃത്ത് പത്മാനദിയെക്കുറിച്ച് ഒരു കൺക്ലൂഷൻ പറഞ്ഞ് മൈക്കുമായി തെരഞ്ഞെടുപ്പ് വാർത്ത സൈൻ ഓഫ് ചെയ്തു. നദിക്ക് മറ്റൊരു പേരാണവിടെ എന്നറിഞ്ഞ് അദ്ദേഹം പിന്നീട് തിരുത്തി. ഓരോ ദിക്കിലും ഭിന്നനാമങ്ങളിൽ പല കാലങ്ങളെ പോലെ അറിയപ്പെടുന്ന നദികളിലൊന്നാണിത്. ബെർഹാംപുരിൽ ഭഗീരഥി പത്മയായി ബംഗ്ലാദേശിലേക്കും ഗംഗ ഹുഗ്ലിയായും ബംഗാളിലും വഴിമാറി ജലസമൃദ്ധമാക്കുന്നു. മുർഷിദാബാദിന്റെ കിഴക്കൻ മേഖലയെ സമൃദ്ധമാക്കുന്നത് ഭഗീരഥിയാണ്, ഇപ്പുറം കനത്ത സാന്നിധ്യമായി ഗംഗയും. ബംഗാളിനും ബംഗ്ലാദേശിനുമിടയിലെ അതിർത്തികളെ ധിക്കരിച്ച് നദിയെ കാലവർഷം ഉഗ്രരൂപിയാക്കും. നദിയുടെ ഓരത്താണ് പല ബീഡി ഗ്രാമങ്ങളും. നദിയുടെ ഇപ്പുറം ഇന്ത്യ, അപ്പുറം ബംഗ്ലാദേശ്. ഒരു നടത്തത്തിന്റെയോ നീന്തലിന്റെയോ അധികചിഹ്നം വേണ്ടാത്ത അകലത്തിൽ മറ്റൊരു രാജ്യം, മറ്റൊരു നിയമം. തനി മൺഗ്രാമങ്ങൾ. മഴക്കാലത്ത് രൗദ്രഭാവത്തിലേക്ക് പരകായപ്രവേശം നടത്തുമെങ്കിലും മൺതിട്ടുകളും മണൽപ്പുറവും മാത്രമാണ് വേനലിലെ നദീരൂപം. മഴക്കാലത്ത് അതിർത്തിയിലെ ചെറുവഴികളേയും നദി മൊത്തമായും ചില്ലറയായും തീറെടുക്കും. ടാർ അടർന്ന്, തകർന്ന മൺറോഡുകൾ പിന്നിട്ട് ഗ്രാമത്തിൽ ചെല്ലുമ്പോൾ പ്രാചീനദേശത്ത് എത്തിപ്പെട്ട പ്രതീതിയായിരുന്നു. പരിഷ്കാര ഭാഷയിൽ കുഗ്രാമങ്ങൾ.

രാജ്യാന്തര നിയമങ്ങളെക്കുറിച്ച് ഓർക്കേണ്ടതില്ലാത്തതിനാൽ കന്നുകാലികൾ കൂട്ടത്തോടെ പുഴ കടന്നുവരുന്നത് കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും അവ അലഞ്ഞുനടക്കും മണപ്പുറത്ത്. രണ്ടിടത്തും മുഷിഞ്ഞ അല്പവേഷത്തിൽ കുട്ടികൾ കളിക്കുന്നു. പോത്തിൻ കൂട്ടങ്ങളുടെ പുറത്ത് മിക്കപ്പോഴും സഞ്ചികളോ ചാക്കുകളോ തൂക്കിയിട്ടിരിക്കും. തങ്ങൾക്ക് എന്ത് അതിർത്തിനിയമം എന്ന മട്ടിലാണ് പോത്തിന്റെ വരവ്. അതിർത്തിയിലെ ഗ്രാമീണർക്കുള്ള അവശ്യ വസ്തുക്കൾ ഇങ്ങനെ വരും പോകും. അത് പതിവാണ്. ദാരിദ്ര്യം വേണ്ടുവോളമുള്ളതിനാൽ പോത്തിൻ പുറത്തെത്തുന്ന അവശ്യവസ്തുക്കൾ ഇരുകരയിലെയും മനുഷ്യർക്ക് ആശ്വാസം. പുഴയിലൂടെ പശുങ്ങളും പോത്തുങ്ങളും രാജ്യാതിർത്തികളെ ഗൗനിക്കാതെ പുല്ലുതേടി മറുകര കടക്കും. തുണികളും കുഞ്ഞ് വസ്തുക്കളും പോത്തിന്റെ പുറത്ത് കെട്ടിവെച്ച് ബംഗാളിലെത്തും. സമീപഗ്രാമങ്ങളിലേക്ക് ചില്ലറ തുണിത്തരങ്ങളും അടുക്കള പാത്രങ്ങളുമെത്തും. അവശ്യ കള്ളക്കടത്തിന്റെ അനിവാര്യലോകം എന്ന് തോന്നും. നഗരത്തിലേക്ക് ദൂരം ഏറെയാണ്, അവിടെ പോയി സാധനങ്ങൾ മേടിക്കുക പലർക്കും അപ്രാപ്യമാണ്. ചിലപ്പോൾ നിയമം ദുർവാശി മാത്രമാണെന്ന് പല അതിർത്തി ജീവിതങ്ങളും തെളിയിക്കുന്നു. അലുമിനിയം പാത്രങ്ങളും വളകളും വില കുറഞ്ഞ വസ്ത്രങ്ങളുമായെത്തി വീടുകളിൽ വിൽപ്പന നടത്തിയിരുന്ന, കാൽനൂറ്റാണ്ട് മുമ്പത്തെ കേരളത്തിലെ ഗ്രാമക്കാഴ്ച്ച ഉത്തരേന്ത്യയിൽ ഇപ്പോഴും സർവ്വസാധാരമാണ്. ബംഗാളിൽ ഏത് ഉൾഗ്രാമത്തിൽ ചെന്നാലും ഇതെല്ലാമുണ്ട്. ബിഭൂതിഭൂഷൻ ബന്ദോപാധ്യായയുടെ ഏതോ കഥാപാത്രം അവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന് ചില ഗ്രാമങ്ങൾ തോന്നിപ്പിക്കും. കിഴക്കൻ ബംഗാളിലെ ഗ്രാമങ്ങളിൽ കണ്ടുമുട്ടുന്ന പല സ്ത്രീകളിലും ജീബനാനന്ദദാസിന്റെ ബനലതയുടെ ആത്മാംശം ഏതോ അർത്ഥത്തിൽ, ഒരു സെക്കഡലിക് ഭാവത്തിൽ ഉൾച്ചേർന്നിരിക്കും.

ബീഡി തൊഴിലാളികളുടെ ലോകം കൂടിയാണ് മുർഷിദാബാദ്. തെറുപ്പ് പ്രധാന വരുമാനമാണ് പല ഗ്രാമങ്ങളിലും. ചില വീടുകളിൽ കന്നുകാലികളും കൃഷിയും കാണും. അല്ലാത്തവർക്ക് തെറുപ്പും ഫാക്ടറി പണികളും അന്യസംസ്ഥാന കൂലിപ്പണിയും. തൊഴിലാളികളെ തുച്ഛ കൂലിയ്ക്ക് തീറെടുത്ത പതിനാലോ പതിനഞ്ചോ വമ്പൻ കമ്പനികളുണ്ടിവിടെ. ഗ്രാമത്തിലെ വീടുകളിൽ നിന്നും ഇടനിലക്കാർ ദിവസവും ബീഡി ശേഖരിച്ച് കമ്പനികളുടെ ഗോഡൗണിലെത്തിക്കും. ചെറിയ ബീഡി കമ്പനികളും ധാരാളം. പണി നൽകാൻ മുതലാളിമാരുണ്ടെങ്കിലും തൊഴിലാളിയ്ക്ക് പണി മാത്രം മിച്ചം, കൂലി തുച്ഛം. ദാരിദ്ര്യവും അഴിമതിയും തൊഴിലില്ലായ്മയുമാണ് മുർഷിദാബാദ് മേഖലയിൽ എക്കാലത്തേയും അടിസ്ഥാനഭാവം. എവിടെ ക്യാമറ വെച്ചാലും റിക്ഷാവാലകൾ ഫ്രെയിമിൽ അറിയാതെ കേറിവരുന്ന നാട്. ഹസാർ ദ്വാരാ കില എന്നറിയപ്പെടുന്ന പഴയ നവാബിന്റെ കോട്ടയാൽ പേരുകേട്ടയിടമാണ് ബെർഹാംപുർ. ആയിരം വാതിലുകളുണ്ടെന്ന് അറിയപ്പെട്ട കോട്ട. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ ശക്തികേന്ദ്രം. പ്ലാസിയുദ്ധത്തിന്റെ ഈ മണ്ണ്, ജീവിതസമൃദ്ധി അത്ര പെട്ടെന്നൊന്നും തേടിവരാനിടയില്ലാത്ത വറുതിയുടെ മനുഷ്യദേശം കൂടിയാണ്. ഇനിയും ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത മനുഷ്യരുണ്ടെന്ന് തോന്നിപ്പിക്കുന്ന അതിർത്തി ഗ്രാമങ്ങളിലേക്കാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള ആ യാത്ര ചെന്നെത്തിയത്.

ജംഗിപ്പൂരിലെ ഉമർപുർ വഴിയിലൂടെ ഒരു റെയിൽക്രോസിൽ നിന്ന് ഗ്രാമത്തിലേക്കുള്ള നീളൻ വഴി കാണാം. അത് പിന്നിടും മുമ്പ് ആ മേഖലയിലെ ഏറ്റവും വലിയ ആഭിജാത ഭവനവും കാണാം. ഒരു ബംഗാളി ഭദ്രലോക് ബ്രാഹ്മണന്റേതാണത്. പേര് പ്രണബ് മുഖർജി. ബ്രാഹ്മണ അപ്രമാദിത്വത്തിന്റെ ഊരും പേരും കൂടിയാണല്ലോ ബെർഹാംപുർ. പ്രണബ് ദായുടെ തട്ടകമായതിനാൽ ടൗണിലും ഹൈവേയിലും ധാരാളം എടിഎമ്മുകൾ കാണാം. രാഷ്ട്രപതി ആയപ്പോൾ ബാങ്കുകൾ എടിഎം കൗണ്ടറുകൾ ധാരാളമായി തുറന്നു. കയ്യിൽ കാശില്ലാത്ത ബീഡിപ്പണിക്കാരന് ഈ കാർഡ് പലപ്പോഴും ഒരു കൗതുക വസ്തുവാണ്. ലാൽഗോളയിൽ ആകെയുള്ള ഇടത്തരം കെട്ടിടം പ്രോവിഡന്റ് ഫണ്ട് ഓഫീസാണ്. പി.എഫ് ഓഫീസ് മാത്രമേയുള്ളൂ എന്നതായിരുന്നു അന്നത്തെ അവിടത്തെ വികസനാവസ്ഥ. മകൻ അഭിജിത് മുഖർജി അന്ന് എം.പിയാണ്. അദ്ദേഹത്തെ കാണാനായി അവിടെയെത്തി. പ്രചാരണം കവർ ചെയ്യാനായി അയാളുടെ വണ്ടിയ്ക്ക് പുറകേ വെച്ചുപിടിച്ചു. അവിടെയെല്ലാം അലഞ്ഞു.

സാഗർദിഗെ വഴിയും ചില അതിർത്തി ഗ്രാമങ്ങളിലെത്താം. അതിർത്തി ഗ്രാമങ്ങളിൽ കുട്ടികളും വൃദ്ധരുമൊക്കെയായി മിക്ക വീട്ടിലും നല്ല ജനസംഖ്യയാണ്. ദിവസവും ഒരാൾ മാത്രം തെറുത്താൽ ജീവിതം മുന്നോട്ടുപോകില്ല. വീട്ടിൽ മിക്കവരും ഒരുമിച്ച് ഇരുന്ന് തെറുത്ത് മിനിമം കൂലിയിലേക്ക് കഷ്ടിച്ച് ചെന്നെത്തും. മതവും പ്രാർത്ഥനാ നിർബന്ധനങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും മറ്റ് ചൂഷണങ്ങളും ഗ്രാമങ്ങളിൽ ശക്തമാണ്. കാലാവസ്ഥാ കെടുതികളും രോഗങ്ങളും അതിനിടെ കടന്നുവരികയും ചെയ്യും. ബീഡി തെറുത്ത് ജീവിതം മെച്ചപ്പെടുത്താനല്ല, നിലനിർത്താനാണ് ശ്രമം. എല്ലാവരും ചേർന്ന് ഒരു വീട്ടിൽ 2000 -3000 ബീഡി വരെ തെറുക്കുമെന്ന് ഗ്രാമത്തിലുള്ളവർ പറഞ്ഞു. ഗതികേടും കഷ്ടപ്പാടുകളും ആ വേഗതയിലേക്ക് അവരെ എത്തിക്കുവെന്നതാണ് ശരി. മിക്കതും കൂട്ടുകുടുംബങ്ങളാണ്. കുട്ടികൾ ബാലവാടിയിൽ പോയി വന്നാൽ പണിക്ക് സഹായിക്കും. സ്ത്രീകൾ വീട്ടിലെ പണികൾക്കിടയിൽ നിന്ന് ബീഡി തെറുക്കും. കൂടുതൽ തെറുപ്പുകാരും സ്ത്രീകളാണ്. തുച്ഛമായ വരുമാനം തെറുപ്പിനെ മത്സരമാക്കുന്നു. വയലിലും പറമ്പിലുമിരുന്ന് സ്ത്രീകൾ തെറുത്തുകൂട്ടി. അവിടെ ചെല്ലുമ്പോൾ വീടുകൾക്ക് പുറകിലെ കശുമാവിൻ തോപ്പിൽ മുഖംപാതിയും മറച്ച പെണ്ണുങ്ങൾ കൂട്ടമായി ഇരുന്ന് ബീഡി തെറുക്കുന്നുണ്ടായിരുന്നു.

പി.എഫിലെ സ്വന്തം പൈസ പിൻവലിക്കാൻ പി.എഫ്. ഓഫീസിലെ ജീവനക്കാർക്ക് തൊഴിലാളി കൈക്കൂലി നൽകണമെന്ന് മുസ്ലീങ്ങളും ദളിതരുമായ അവിടത്തുകാർ പറഞ്ഞു. പി.എഫ് തുക എത്ര പിൻവലിക്കണമെന്ന് കൂടി ചില ഉദ്യോഗസ്ഥർ തീരുമാനിക്കും എന്നതാണ് സ്ഥിതി. ദിനംപ്രതി ലക്ഷക്കണക്കിന് ബീഡിയാണ് ഇടനിലക്കാർ ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച് കമ്പനികൾക്ക് നൽകുക. ഇടനിലക്കാർ കമ്പനി സ്റ്റാഫല്ല. അവർ പല കമ്പനികൾക്കും ബീഡി നൽകും. രാവിലെ കമ്പനി ഗോഡൗണുകൾക്ക് മുന്നിൽ നീളൻ ക്യൂ തുടങ്ങും. തൊഴിലാളികളിൽ നിന്ന് ഇടനിലക്കാർ എടുക്കുന്ന കമ്മീഷന് പുറമേ കമ്പനിക്ക് നൽകിയ ബീഡിയിൽ നിന്ന് ഫിനിഷിങ് കുറവെന്ന് പറഞ്ഞ് നല്ലൊരു ശതമാനം ബീഡി തള്ളും. ഇത് കമ്പനി തള്ളിയാലും ഇല്ലെങ്കിലും ഇതിന്റെ കണക്ക് പറഞ്ഞും തൊഴിലാളിക്ക് നൽകുന്ന കൂലി കുറയ്ക്കും. അതായത് ആയിരം ബീഡി ഒരു സ്ത്രീ തെറുത്താൽ ചുരുങ്ങിയത് നൂറ് എണ്ണമെങ്കിലും മോശം ക്വാളിറ്റി പറഞ്ഞ് തള്ളും. തെരവ് എന്ന് പറയും. നൂറ് രൂപ കിട്ടണമെങ്കിൽ ആയിരത്തി ഒരുനൂറ് ബീഡിയില്‍ കൂടുതല് മിനിമം തെറുക്കണം എന്ന് സാരം. കമ്മീഷൻ പോകുന്നതിനാൽ 1300 ബീഡിയെങ്കിലും തെറുത്ത് കൈമാറാൻ കഴിഞ്ഞില്ലെങ്കിൽ നൂറിന്റെ നോട്ട് കയ്യിലെത്തുക വല്യ പാടാണ്. കമ്പനികൾ തൊഴിലാളികൾക്ക് നൽകാൻ ഏൽപ്പിക്കുന്ന ബീഡിയില വിതരണം ചെയ്യുന്നതിലും ഇടനിലക്കാർ പിശുക്കും. എടുത്തതിലും കുറച്ച് മാത്രമേ തൊഴിലാളികള്‍ക്ക് നല്‍കൂ. ഇതിലും പിടിച്ച് വെച്ച് ലാഭിക്കും. ഒപ്പമുള്ളവർ അതെല്ലാം നല്ല വാർത്തയാക്കി, ഒപ്പം അവികസിതാവസ്ഥയും. തെരഞ്ഞെടുപ്പ് മാത്രം കവർ ചെയ്യാനെത്തുന്നവർക്ക് അത് ധാരാളമാണ്. ഇടതുപക്ഷവും കോൺഗ്രസും ആയിരുന്ന, പിന്നീട് തൃണമൂലുകാരായി മാറിയ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണിത്. ഏറെക്കാലം സിപിഎം കൈവശം വച്ചിരുന്ന മണ്ഡലം കൂടിയാണ് ജംഗിപ്പൂര്‍. 2014-ലും 2009-ലും പ്രണബ് മുഖര്‍ജി ഇവിടെ നിന്ന് വിജയിച്ചു. അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ മകന്‍ 2012-ല്‍ ഇവിടെ നിന്ന് വിജയിച്ചു. 2014-ലും വിജയിച്ച അഭിജിത് മുഖര്‍ജിക്ക് പക്ഷേ ഇത്തവണ കാലിടറി; രണ്ടാം സ്ഥാനത്തേക്ക് ബിജെപി കയറി വരികയും തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു.

പക്ഷേ നുതൻഗഞ്ച് മേഖലയിൽ പോകുക നേരത്തെയുള്ള ഉദ്ദേശമായിരുന്നു ഒരു വാർത്ത തേടി. അതിനായി ഉമർപുരിൽ താമസിക്കുന്ന ഒരു സുഹൃത്തിനെ വിളിച്ചു, കാര്യങ്ങൾ തിരക്കി, ചില എൻജിഒകളെ സമീപിച്ചു, ചില വിവരങ്ങൾ കിട്ടി, കൊൽക്കത്തയിൽ നിന്ന് പോകാൻ ഒരുമ്പെട്ടു. പലവട്ടം പ്ലാൻ ചെയ്തെങ്കിലും പല കാരണത്താൽ മുടങ്ങി. പലവട്ടം മുർഷിദാബാദിൽ പോകാൻ ഒരുമ്പെട്ട വാർത്ത ഞായറാഴ്ച്ച പതിപ്പിന് വേണ്ടിയായിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് വഴിയുണ്ടായത്. അങ്ങനെ ജങ്കിപുരിലെ സുഹൃത്ത് വഴി ബീഡി ഗ്രാമങ്ങളിലെത്തി. അതൊരു വിവാഹമോചന കഥയായിരുന്നു. ആയിരം ബീഡി തെറുക്കാൻ കഴിയാത്തതിനാൽ, തെറുപ്പിൽ, നൂറ് രൂപ പോലും തികയ്ക്കാൻ കഴിയാത്ത സ്ത്രീകൾ അക്കാരണത്താൽ മാത്രം വിവാഹമോചനത്തിന് നിർബന്ധിക്കപ്പെടുന്നതായിരുന്നു വാർത്ത. ഗ്രാമങ്ങളിലെ വര്‍ധിച്ച വിവാഹമോചന കണക്കാണ് ആ വാർത്ത തേടി പോകാൻ കാരണം. പക്ഷേ ആ വാർത്താ ഉദ്ദേശം നടന്നില്ല. നിരാശപ്പെട്ട് തിരികെ മടങ്ങേണ്ടിവന്നു.

ബംഗ്ലാദേശ് അതിർത്തിഗ്രാമങ്ങളിൽ ചിലരുടെ പേരുവിവരങ്ങൾ കിട്ടി. നേരത്തെ പറഞ്ഞുവെച്ചതിനാൽ സുഹൃത്തിനൊപ്പം ബൈക്കിൽ പോയി പലരോടും സംസാരിക്കാൻ ശ്രമം നടത്തി. വീടിന്റെ പിന്നാമ്പുറത്ത് ഒര് വട്ടോറത്തിൽ ബീഡി ഇലയിട്ട് അവർ തെറുത്ത് കൂട്ടുന്നത് കണ്ടു. കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടു. പക്ഷേ മുഖദാവിൽ ചില സത്യങ്ങൾ സ്ഥിരീകരിക്കാൻ അവർ വിസമ്മതം പ്രകടിപ്പിച്ചു. അവരുടെ അവസ്ഥ അതായിരുന്നു. തുറന്നു സമ്മതിക്കാൻ വയ്യാത്ത അത്രമേൽ സാഹചര്യങ്ങളുടെ സമ്മർദ്ദം അവരെ പൊതിഞ്ഞു. മുഖം മറച്ച സാരിത്തലപ്പുകൾക്കിടയിൽ വലപ്പോഴും ഉയർത്തുന്ന മുഖങ്ങളിൽ നിന്ന് ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടായി. വിവാഹമോചനം തുടർക്കഥയാണെങ്കിലും അക്കാര്യത്തോട് പ്രതികരിക്കാൻ അവർ വിസമ്മതിച്ചു. കൂരയിലെ മുപ്പതുമുക്കോടി വ്യസനങ്ങളെ നാഴിക കൊണ്ട് നിർധാരണം ചെയ്ത് ബീഡി തെറുത്ത പലരും വേഗതയുടെ കാലപ്രയാണത്തിൽ പരാജയപ്പെട്ട് നിർബന്ധിത വിവാഹമോചനത്തിലേക്ക് പോയിരുന്നു. പക്ഷേ സാഹചര്യങ്ങളുടെ സമ്മർദ്ദം അത് തുറന്ന് പറയുന്നതിൽ നിന്ന് അവരെ വിലക്കി. ഒപ്പമുണ്ടായിരുന്ന പുരുഷൻമാരും പള്ളിയുടെ സമ്മർദ്ദവും അവിടെ വലിയ വിസമ്മതത്തിന്റെ പൂട്ടിടുന്നത് കണ്ടു. ഭയത്തിന്റെ കവചം മുഖത്തും ശരീരത്തിലും ഇട്ട് മറച്ചുനടക്കുന്ന ആ കുടിലുകളിലെ സ്ത്രീകൾ ഇക്കാര്യം ചോദിച്ചപ്പോൾ മുഖം കൂടുതൽ താഴ്ത്തി. മാധ്യമനൈതികത എന്ന 'പഴഞ്ചൻ' ഏർപ്പാടിന്റെ 916 പരിശുദ്ധിയിൽ വിശ്വസിച്ചിരുന്നതിനാൽ 90 ശതമാനം വിവരം ലഭിച്ചിട്ടും ആ വാർത്ത ഉപേക്ഷിച്ചു.

സ്ത്രീകൾ തെറുക്കുന്നതിൽ പുറകോട്ട് പോകുന്നത് മുഖ്യകാരണമാക്കി നിരവധി വിവാഹമോചനങ്ങൾ അവിടെയുണ്ടായി. ചിലർ മറ്റൊരു സ്ത്രീയെ കൂടി വീട്ടിലേക്ക് കൊണ്ടുവന്ന് ബഹുഭാര്യാത്വത്തിന്റെ പ്രതിനിധികളുമായി. ഭിന്നാവസ്ഥകൾ. പക്ഷേ ദാരിദ്ര്യത്തേക്കാളേറെ വ്യവസ്ഥിതിയാണ് പ്രശ്നമെന്ന് ഒപ്പം വന്ന സുഹൃത്ത് പറഞ്ഞു. പഴയ വിശ്വാസങ്ങളും സമ്പ്രദായങ്ങളുമെല്ലാം സാമ്പത്തികമില്ലായ്മയക്കൊപ്പം ഇവരുടെ ജീവിതത്തെ കൂടുതൽ താഴ്ത്തിക്കളയുകയാണ് എന്ന് ഏറെക്കാലമായി ഈ മേഖലയിൽ പണിയെടുക്കുന്ന അദ്ദേഹം പറഞ്ഞു. വലിയ വാർത്ത, അതിന് വേണ്ടി പരിശ്രമിച്ച് എത്തിയിട്ടും പരാജയപ്പെട്ട്, വോട്ടിന്റെ പതിവ് ഐറ്റം നമ്പറുമായി ബംഗ്ലാദേശിന്റെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് നിരാശപ്പെട്ട് തിരിച്ചുമടങ്ങി.

അഞ്ച് വർഷത്തിനിപ്പുറം, ഇത് എഴുതുന്നതിനിടെ ഒന്നുകൂടി ചില കാര്യങ്ങൾ ഉറപ്പിക്കാനും മറന്നുപോയത് ചിലത് ഓർത്തെടുക്കാനും വേണ്ടി ഉമർപുരിലെ പഴയ സുഹൃത്തിനെ വിളിച്ചു. ബീഡി തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും നല്ലപോലെ അറിയാവുന്നയാളാണ്. ജംഗിപ്പൂര്‍ മേഖലയിൽ ഹൈവേയോട് ചേർന്ന് കുറെയൊക്കെ വികസനം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് മാറ്റങ്ങളൊക്കെയുണ്ട്. മൊനിഗ്രാമിൽ വൈദ്യുത പ്രസരണത്തിനായി പവർ പ്ലാന്റ് വന്നു. അതൊരു ഉൾഗ്രാമമാണ്. അവിടത്തെ ഭൂമി സർക്കാർ വൈദ്യുതി പദ്ധതിക്കായി എടുത്തു. ഗ്രാമത്തിൽ പുതിയ സർക്കാർ അതിർത്തികൾ സ്ഥാപിക്കപ്പെട്ടു. പക്ഷേ നിരവധി പേർക്ക് അവിടത്തെ പ്ലാന്റിൽ പണി കിട്ടി. ഭഗീരഥി, പത്മയാകുന്ന ഫറാഖ മേഖലയിൽ പുതിയ പാലം വന്നു. പക്ഷേ അതിർത്തി ഗ്രാമങ്ങളിലെ സ്ഥിതി പഴയ പോലെയൊക്കെ തന്നെ- അദ്ദേഹം പറഞ്ഞു.

ആയിരം ബീഡി തെറുത്താൽ ഗ്രാമത്തിലുള്ളവർക്ക് ഇപ്പോ എത്രയാണ് കൂലി എന്ന് ആരാഞ്ഞു. 350-400 രൂപയെങ്കിലുമായിക്കാണും എന്ന് പ്രതീക്ഷിച്ചാണ് ചോദിച്ചത്. അദ്ദേഹം ഫോണിൽ വ്യക്തമായി പറഞ്ഞു,

''നൂറ്റമ്പത് രൂപ''.

Azhimukham Special: മലപ്പുറത്തെ മാറ്റിമറിക്കുന്ന പെണ്‍കുട്ടികള്‍; ശൈശവ വിവാഹ ഇരകളല്ല, പഠിച്ചു മുന്നേറാന്‍ കൊതിക്കുന്ന മിടുക്കികളാണ് അവര്‍


Next Story

Related Stories