TopTop
Begin typing your search above and press return to search.

ബെഗുൺ കൊദാറിലെ പ്രേതങ്ങള്‍ നിശ്ചലമാക്കിയ റെയില്‍വേ സ്റ്റേഷന്‍; സന്താള്‍ ഗ്രാമങ്ങളിലെ അറിയാക്കഥകള്‍, ഇരുട്ട്, പേടികള്‍

ബെഗുൺ കൊദാറിലെ പ്രേതങ്ങള്‍ നിശ്ചലമാക്കിയ റെയില്‍വേ സ്റ്റേഷന്‍; സന്താള്‍ ഗ്രാമങ്ങളിലെ അറിയാക്കഥകള്‍, ഇരുട്ട്, പേടികള്‍

വാർത്ത തേടിയും അല്ലാതെയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടത്തിയ സഞ്ചാരങ്ങളിൽ കണ്ടറിഞ്ഞ മനുഷ്യ പാർപ്പുകളെക്കുറിച്ചുള്ള ഓർമ്മയും വിചാരവുമാണിത്. ശമനമില്ലാതെ അലഞ്ഞ ദേശങ്ങളിൽ കണ്ട അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളുടെ അടര്. അവരുടെ സ്നേഹലാഞ്ചനകളെ, ദയാവായ്പിനെ, അഗാധവ്യസനങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം. ബംഗാളിലും നാഗാലാൻഡിലും ഉത്തർപ്രദേശിലുമെല്ലാം മാധ്യമപ്രവർത്തകനായിരുന്ന വി.എസ്. സനോജിന്റെ യാത്രാനുഭവ പരമ്പര തുടരുന്നു. ആദ്യഭാഗം ഇവിടെ വായിക്കാം: കെടുതികളോട് മല്ലിടാൻ കൈവേഗം കൊണ്ടൊരു ഉസൈൻ ബോൾട്ട് കളി; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബീഡി ഗ്രാമങ്ങളിലൂടെ

ഭാഗം- 2

സന്താൾ കുടിലുകൾക്കപ്പുറത്തെ നീണ്ടുപരന്ന വയലുകളും അതിനെ വളഞ്ഞ വന്യമായ ആരണ്യകങ്ങളും ചൂഴുന്നയിടത്തെ ആ പ്രേതകഥയ്ക്ക് എന്ത് സംഭവിച്ചുകാണും? ഓർക്കാറുണ്ട്, വരണ്ട ഭാവമുള്ള ഒരു ദേശത്തിന്റെ പൊരുളും പുരാവൃത്തവും തേടി ഒരിക്കൽ പോയത്. ഒരു കഥ കാലങ്ങളോളം നിശ്ചലമാക്കിയ റെയിൽവേ സ്റ്റേഷൻ തേടിയുള്ള പോക്ക്. രാശിയില്ലാത്ത സ്ഥലം എന്ന പറച്ചിൽ തൊട്ട് ഇരുട്ട് വീഴുമ്പോൾ വന്നലയ്ക്കുന്ന നിലവിളിയൊച്ചകളെക്കുറിച്ചുള്ള പേച്ചുകൾ മനുഷ്യരുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയ ഗ്രാമം. ഓരോരുത്തർക്കും പറയാൻ ഓരോ കഥകൾ. ആധാരസംഭവം ഒന്ന്, വാമൊഴിയാഖ്യാനങ്ങൾ പത്ത്, കേൾക്കുമ്പോൾ നൂറ്. കഥകളും ഉപകഥകളും പ്രേതങ്ങളെ പോലെ ആ ബംഗാൾ ഗ്രാമത്തിൽ ഗതികിട്ടാതെ അലഞ്ഞു. ഏതാണ്ട് നാല്പതുവർഷത്തോളം നിശ്ചലാവസ്ഥയിൽ കിടക്കേണ്ടിവന്ന തീവണ്ടി സ്റ്റേഷൻ. ഇരമ്പിയാര്‍ത്ത തീവണ്ടികളുടെ ലോഹസ്വരങ്ങള്‍ക്കൊപ്പം നിലവിളികളുയരുന്ന രാത്രികളെക്കുറിച്ചുള്ള ഭാഷ്യങ്ങൾ. പ്ലാറ്റ്‌ഫോമില്ല. സ്ഥിരം ജീവനക്കാരോ വൈദ്യുതിയോ ഇല്ല. ജോലിക്ക് വരാൻ ആരും തയ്യാറല്ലായിരുന്നുവെന്ന് റെയില്‍വേ തന്നെ പറഞ്ഞിരുന്നയിടം. സന്ധ്യ പൊലിഞ്ഞാൽ പിന്നെ പുലരും വരെ ട്രെയിനിന് സ്റ്റോപ്പില്ല. നിർത്തിയാലും ഇറങ്ങാനോ കേറാനോ ആരും വരില്ല. ആകെയുള്ളത് സ്റ്റേഷൻ കെട്ടിടവും ഒഴിഞ്ഞ ടിക്കറ്റ് കൗണ്ടറും. തൊട്ടരികിൽ പ്രേതഭവനം പോലെ തോന്നിപ്പിക്കുന്ന ബ്രിട്ടീഷുകാർ പണിത ഔട്ട്ഹൗസ്. ഇതായിരുന്നു ബെഗുൺ കൊദാർ സ്റ്റേഷന്റെ നാല് പതിറ്റാണ്ടിലെ രാപ്പകലുകൾ.

ബംഗാളിലെ സന്താൾ ഗ്രാമങ്ങളിലൊന്നാണ് ബെഗുൺ കൊദാർ. വഴുതനങ്ങാ (ബേഗൻ/ബേഗൂൺ) പാടങ്ങളുടെ പരപ്പാണ് പേരിന് കാരണം. പാടത്തിനപ്പുറം റാഞ്ചിയിലേക്ക് നീളുന്ന വിസ്തൃത വനമേഖല. ഗ്രാമീണരുടെ വാക്ക് സ്വരൂപിച്ചെടുത്ത വിവരം ചേര്‍ത്ത് എങ്ങനെ തുന്നിയാലും ഒരു പ്രേതകഥ മുടിയഴിച്ചിട്ട് നില്‍ക്കുന്ന ഗ്രാമം. അങ്ങനെ, കേട്ടറിവുകളുടെ ആത്മാവുതേടി ഒരു മഞ്ഞുകാലത്ത് പ്രേതഭാവനയുടെ കഥാസരിത് സാഗരത്തിലേക്ക് ഒരുമ്പെട്ടിറങ്ങി.

ശൈത്യം യാതൊരു സൗമനസ്യത്തിനും വഴങ്ങാതിരുന്ന രാത്രി, ബംഗാളി അറിയാവുന്ന ഫോട്ടോഗ്രാഫർ സുഹൃത്തിനെയും കൂട്ടി കൊല്‍ക്കത്തയില്‍ നിന്ന് 300 കിലോമീറ്റർ ട്രെയിൻ യാത്ര. പുലർച്ചെ പുരുലിയ സ്റ്റേഷനിൽ ഇറങ്ങി. നല്ല ഹോട്ടലുകളില്ല. നല്ലൊരു മുറി അസാധ്യമായ ആഗ്രഹമാണ് പുരുലിയയിൽ അന്ന്. വൃത്തിയോട് ഒരുതരത്തിലും സമരസപ്പെടാത്ത മുറികൾ. പക്ഷേ മുറിയെടുത്ത് കഷ്ടിച്ച് കുറച്ചുസമയം കഴിച്ചുകൂട്ടി. ഒന്ന് ഫ്രഷായെന്ന് വരുത്തി, ടാക്സിയെടുത്തു, റാഞ്ചിയിലേക്ക് നീളുന്ന തീവണ്ടിപ്പാളത്തിനരികിലെ മൺപാതയിലൂടെ ടാക്സി പിന്നെയും ഏറെ ഓടി. പാളത്തിനപ്പുറമിപ്പുറം ജാര്‍ഖണ്ഡും ബംഗാളും. രണ്ട് ദേശങ്ങളുടെ കലഹത്തിനും വർത്തമാനങ്ങൾക്കുമിടയിൽ ഒസായ് നദിയുടെ മെലിഞ്ഞ സഞ്ചാരം. മഞ്ഞുകാലത്ത് നദി ഒഴുകുകയല്ല തപ്പിത്തടഞ്ഞ് നടക്കുകയാണെന്ന് തോന്നിപ്പോകും. ഒടുവിൽ സ്ഥലമെത്തി. കണ്ടപ്പോൾ പശ്ചാത്തലത്തിന് ശരിക്കും യക്ഷിക്കഥ ചേരുമെന്ന് ബോധ്യമായി. പരിസരം വിജനം.

റെയിൽവേ സ്റ്റേഷന് അൽപ്പം അകലെ പ്രൈമറി സ്കൂൾ, അതിന് മുന്നിൽ ഒന്ന് രണ്ട് പെട്ടിക്കട. ഒരു വീടിനോട് ചേർന്ന ചായക്കട, ഇസ്തിരിയിടലും. കണ്ടുമുട്ടിയ പലരുടേയും വാക്കിൽ യക്ഷിക്കഥ ഉറഞ്ഞുനിന്നു. പ്രത്യേകിച്ച് പ്രായമായവരുടെ. പല ഭാവമുള്ള കഥകളാണ് പലർക്കും. സന്താള്‍ കുടികളിലേക്ക് ഏറെ നടക്കാനുണ്ട് സ്റ്റേഷനിൽ നിന്ന്. ബ്രിട്ടീഷ് വാഗണുകൾക്ക് സൗകര്യത്തിന് ഒരിടം മാത്രമായിരുന്നയിടം. തൊട്ടരികെ ബ്രിട്ടീഷ് വിശ്രമകേന്ദ്രം. സന്താള്‍ ഗോത്രറാണി ലൊച്ചന്‍കുമാരി ദേവിയുടെ അഭ്യര്‍ഥന മാനിച്ച് ബ്രിട്ടീഷുകാർ പണിതതാണ് സ്റ്റേഷന്‍ എന്ന് സന്താളുകളും ബിട്ടീഷ് രാജവാഴ്ചക്കാലത്ത് ജമീന്ദാര്‍മാരുടെ വഴുതനപ്പാടത്ത് അന്നത്തെ ഭൂപ്രഭുക്കളുടെ അഭ്യര്‍ഥനപ്രകാരം പണികഴിച്ചതാണ് സ്റ്റേഷനെന്ന് മഹാതോ വിഭാഗക്കാരും വിശ്വസിക്കുന്നു. വിശ്വാസവും കേട്ടറിവും മാത്രം ശരിയെന്ന് വിശ്വസിക്കുന്നവരും നാടോടിക്കഥ മാത്രമെന്ന് പറയുന്നവരുമുണ്ട്. അന്ധവിശ്വാസത്തിന്റെ അച്ചിൽ വാർത്ത വാക്കുകൾ കൂടുതലായി കേട്ടു, അപൂർവ്വം ചിലരത് തള്ളിക്കളഞ്ഞു. ഏതായാലും ഒരു പ്രേതകഥ മുപ്പതോളം ഗ്രാമങ്ങളാൾ ചുറ്റപ്പെട്ട ബെഗുൺ കൊദാറിന്റെ ഒരേയൊരു സഞ്ചാരസാധ്യതയെ ഏറെക്കാലം നിശ്ചലമാക്കി എന്നതിൽ സംശയമില്ല.

1960-കളിലാണ് ഇപ്പോഴത്തെ രൂപത്തിൽ സ്റ്റേഷനുണ്ടാക്കിയത്. അക്കാലത്ത് സ്റ്റേഷൻ മാസ്റ്ററും നൈറ്റ് വാച്ച്മാനുമുണ്ടായിരുന്നു. സ്റ്റേഷനിലെ ആദ്യകാല ജീവനക്കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണ് പ്രേതകഥ തുടങ്ങാന്‍ കാരണമെന്ന് ചിലർ. ഒരു സ്‌റ്റേഷന്‍ മാസ്റ്റര്‍ പണ്ട് തന്റെ രാത്രി വികൃതികള്‍ക്കായി സൃഷ്ടിച്ച കഥയാണിതെന്ന് വേറൊരാൾ. രാത്രിസഞ്ചാരങ്ങള്‍ക്ക് വിഘ്‌നം വരാതെയിരിക്കാൻ ഏതായാലും മാസ്റ്ററെ കഥ കാത്തു. സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് ഒപ്പം വരുന്ന സ്ത്രീകളുടെ ചിരി അങ്ങനെ യക്ഷിയുടെ പൊട്ടിച്ചിരിയായിരിക്കാം. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാളത്തില്‍ മൃതദേഹങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ പ്രേതസഞ്ചാരകഥയ്ക്ക് തിടംവെച്ചു. അവിടത്തെ നൈറ്റ് വാച്ച്മാനും ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദുരൂഹമരണങ്ങള്‍ ചിലതുണ്ടായി. നിലവിളികൾ രാത്രിയിൽ പലയിടങ്ങളിൽ കേള്‍ക്കാറുണ്ടായിരുന്നുവെന്നു പലരും പറഞ്ഞു പ്രചരിപ്പിച്ചു അക്കാലത്ത്. അതോടെ ഭീതി പകർച്ചവ്യാധിയായി. വിജനത കൂടി. ആരും വരാതായതോടെ നഷ്ടത്തിലായ സ്റ്റേഷന്‍ കൗണ്ടർ റെയിൽവേ പൂട്ടി.

എല്ലാവരുടേയും കഥകൾ കേട്ടു. റെയില്‍വേ ജീവനക്കാരന്‍ പ്രേതകഥയുണ്ടാക്കി പ്രചരിപ്പിച്ച് ട്രാൻസ്ഫർ മേടിച്ചുപോയി എന്നതാണ് പഞ്ചായത്ത് അംഗമായ സ്കൂൾ മാഷിന്റെ പക്ഷം. പേടി അസാന്മാര്‍ഗിക സംഘങ്ങൾ മുതലെടുത്തു. മറ്റെവിടെയെങ്കിലും കൊല്ലപ്പെടുന്നവരെ പാളത്തില്‍ കൊണ്ടുവന്നിടും. അതോടെ എന്തു ശബ്ദം കേട്ടാലും ആരും രാത്രി അങ്ങോട്ട് ചെല്ലാതായി. വിദ്യാഭ്യാസമില്ലായ്മയും അജ്ഞതയുമാണ് പ്രശ്നമെന്നും മാഷ്. പ്രേതകഥയുടെ കൂട്ടുണ്ടായെങ്കിലും റിയല്‍ എസ്റ്റേറ്റ് കച്ചവടം ശക്തമാണ്. ബ്ലേഡ് മാഫിയയും ഗ്രാമങ്ങളില്‍ സജീവമാണ്. പലരുടെയും കൃഷിഭൂമി നഷ്ടപ്പെട്ടു. പ്രേതകഥ കൊണ്ട് ചില ഗ്രാമീണർ ഭൂമി വിറ്റു മറ്റിടങ്ങളിലേക്ക് പോയി. ഇത് സൗകര്യമാക്കി ധാരാളം സ്വകാര്യകമ്പനികള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. 2010-ല്‍ ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും അഞ്ച് പഞ്ചായത്തംഗങ്ങളെയും മാവോവാദികള്‍ വെടിവെച്ചുകൊന്ന ബാഗ്ബിന്ദ തൊട്ടടുത്താണ്. ഒമ്പതുപേരുടെ ജീവനെടുത്ത നെതായ് കൂട്ടക്കൊല നടന്നതും അടുത്തുതന്നെ. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ് ബാങ്കുരയിലെ പല മേഖലകളും. ജാല്‍ദയും കോട്‌സിലയുമാണ് അയല്‍ സ്റ്റേഷനുകള്‍. ജാല്‍ദ, മാവോവാദികളുടെ റെഡ് സോണായിരുന്നു. അത്തരം ആസൂത്രണങ്ങൾക്കും ബെഗുൺ കൊദാറിന്റെ വന്യവിജനത ഗുണം ചെയ്തിരിക്കാം. ബെഗുൺ കൊദാറിന്റെ പ്രേതകഥയും ഗ്രാമ്യഭീതിയും പലര്‍ക്കും പലതരത്തിലാണ് സൗകര്യമുണ്ടാക്കിയതെന്ന് ചുരുക്കം.

ഇരുപതോളം ഗ്രാമങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശത്തെ വികസനത്തിന് സ്റ്റേഷന്‍ വലുതാവേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങിയ കാലത്താണ് അവിടെ ചെന്നത്. സ്റ്റേഷന് ശാപമോക്ഷത്തിന്റെ നാളുകളായിരുന്നു. മരിച്ചുവെന്ന് കരുതിയ സ്‌റ്റേഷന് തെല്ല് ജീവന്‍ വെച്ചുതുടങ്ങിയ കാലം. അപ്പോൾ പോലും പുറംലോകത്തിന്റെ മാറ്റങ്ങള്‍ കാര്യമായി അറിയാത്ത മട്ടായിരുന്നു ഗ്രാമത്തിന്. രാത്രി പതിവുപോലെ സ്‌റ്റോപ്പില്ലയെങ്കിലും ആത്മവിശ്വാസവും യുക്തിയും കൊണ്ട് ഗ്രാമീണര്‍ കഥയെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഒമ്പത് തവണ എം.പിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ബസുദേവ് ആചാര്യ ജയിച്ച മണ്ഡലത്തിലാണ് ബെഗുണ്‍ കൊദാര്‍. സ്‌റ്റേഷന് ജീവന്‍ വെപ്പിച്ചത് ബസുദേവ് ആചാര്യയാണ്. പല ഘട്ടത്തിലും അദ്ദേഹം സ്റ്റേഷന് വേണ്ടി ആവുന്നതും ചെയ്തു. ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാർ ബസുദേവ് ആചാര്യയുടെ ആവശ്യപ്രകാരം ആവുംവിധം ബോധവത്ക്കരണം നടത്തിയിരുന്നു. പക്ഷേ ഭയത്തിന് കുറവുമുണ്ടായില്ല. നന്ദിഗ്രാം സംഭവത്തോടെ ഗ്രാമീണർ കൂട്ടത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു. ബോധവത്ക്കരണവും തീർന്നു. മമത യുഗത്തിൽ തൃണമൂലിന്റെ മുണ്‍മുണ്‍ സെന്‍ 2014 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാങ്കുര പിടിച്ചു. കരുത്തനായിരുന്ന ബസുദേവ് കീഴടങ്ങി. ആചാര്യയും മമതയും ലാലുവും സ്റ്റേഷന്റെ ജാതകം മാറ്റാൻ ശ്രമിച്ചിരുന്നു പലവട്ടം. പക്ഷേ ഏറെക്കാലം അന്ധവിശ്വാസം പ്രതിബന്ധമായി നിലനിന്നു.

മമത ബാനർജി റെയിൽ മന്ത്രിയായപ്പോഴാണ് ടിക്കറ്റ് കൗണ്ടർ വീണ്ടും തുറന്നത്. സ്റ്റേഷന്‍ വീണ്ടും സജീവമാക്കാന്‍ മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വന്നു. കരാറടിസ്ഥാനത്തില്‍ ടിക്കറ്റ് നല്‍കാൻ ആളെ വെച്ചു, പേര് ദോലു മഹാതോ, ദോലുവിനെ കണ്ടു സംസാരിച്ചു. അയാൾ ദൂരെ കോട്‌സില ജങ്ഷനില്‍ പോയി ടിക്കറ്റ് വാങ്ങി വന്ന് കൗണ്ടറിൽ വിൽക്കും. ദിവസം 100 മുതല്‍ 200 വരെ ടിക്കറ്റ് പോകും. കമ്മീഷന്‍ വ്യവസ്ഥയിലാണ് ദോലുവിന് കാശ്. ഒരു ടിക്കറ്റിന് ഒരു രൂപ ദോലുവിന് കമ്മീഷന്‍. അഞ്ചേമുക്കാലിന്റെ ഹാട്ടിയ-റാഞ്ചി പാസഞ്ചറാണ് ലാസ്റ്റ് ട്രെയിന്‍. അതുപോയാല്‍ കൗണ്ടർ പൂട്ടും.

കഥ കേട്ട് കൊൽക്കത്തയിൽ തിരിച്ചെത്തി, കോഴിക്കോട് മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന സുഭാഷ് ചന്ദ്രനെ വിളിച്ചു. നമുക്ക് വീശി കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഇന്ത്യൻ റെയിൽവേ പ്രേതകഥ ഒരു ഞായറാഴ്ച്ച പ്രസിദ്ധീകരിക്കപ്പെട്ടു. ബെഗുൺ കൊദാറിന്റെ ഇപ്പോഴത്തെ അവസ്ഥയറിയില്ല. അതന്വേഷിച്ച് ഇനിയൊരു യാത്ര സാധ്യമാണോ എന്നുമറിയില്ല. പക്ഷേ നാൽപത് വർഷത്തോളം വിലസിയ ഒരു പ്രേതകഥയെ 'സ്വസ്ഥമായി അലയാന്‍' ആ നാട്ടുകാര്‍ ഇനി സമ്മതിക്കില്ലെന്ന്‌ ആ മഞ്ഞുകാലയാത്ര ബോധ്യപ്പെടുത്തി.


Next Story

Related Stories