TopTop

പുകവലിക്കുന്ന പെണ്‍കുട്ടി പ്രണയത്തിന് അര്‍ഹയല്ലാത്ത നിങ്ങളുടെ സദാചാര മൂല്യത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് 96

പുകവലിക്കുന്ന പെണ്‍കുട്ടി പ്രണയത്തിന് അര്‍ഹയല്ലാത്ത നിങ്ങളുടെ സദാചാര മൂല്യത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് 96
തകർന്നു പോയ പ്രണയങ്ങളേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. കേൾക്കാതെ പോയ മനോഹരഗാനം പോലെയാണത്. ഗന്ധർവന്റെ കിന്നരത്തിലെ സ്വരം മധുരതരമാകുന്നത് നാമത് കേൾക്കാത്തതു കൊണ്ടാണ്. സഫലമാകാത്ത പ്രണയങ്ങളെല്ലാം അവസാനിക്കാത്ത പ്രണയങ്ങളാണ്. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല ജീവിതത്തിലും അത് അങ്ങനെത്തന്നെയാണ്.

ജർമ്മൻ എഴുത്തുകാരനായ ഗ്യെഥെയുടെ വിഷാദ മുഗ്ധമായ ഒരു നോവലുണ്ട്. 'സോറോസ് ഓഫ് യംഗ് വെർതർ'. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു യുവതിയോട് വെർതർ എന്ന ചെറുപ്പക്കാരന് തോന്നുന്ന പ്രണയത്തിന്റെ കഥയാണത്. അവന്റെ ഹൃദയം അവളോടുള്ള പ്രണയം കൊണ്ട് മധുരിച്ചു. അവൾക്കും അവനെ ഇഷ്ടമായിരുന്നു. എന്റെ സുഹൃത്ത് എത്ര നല്ലവൻ എന്ന് അവൾ അവനെയോർത്ത് അഭിമാനിച്ചു. എന്നാൽ അവന്റെ ഹൃദയയത്തിൽ പൂക്കുന്ന പ്രണയത്തിന്റെ വാകമരം അവൾ കണ്ടതേയില്ല. ഒടുവിലാപ്രണയത്തിന്റെ കദനം താങ്ങാനാകാതെ ആ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു.

പ്രണയനഷ്ടം പ്രണയിക്കുന്നവരെ മാത്രമല്ല അവരുടെ ചുറ്റുമുള്ളവരെയും വിഷാദത്തിലാക്കുന്നു. വെർതറുടെ ദുഃഖം തങ്ങളുടെ ദു:ഖമായിക്കണ്ട് ആത്മഹത്യ ചെയ്ത യുവാക്കൾ നിരവധിയായിരുന്നു അക്കാലത്ത്. ആത്മഹത്യ ചെയ്യുന്ന നേരത്ത് വെർതർ ധരിച്ചിരുന്ന വസ്ത്രം ധരിക്കുന്നത് യൂറോപ് മുഴുവൻ ഒരു ഫാഷനായിത്തീർന്നു. സഫലമായ പ്രണയം പ്രണയിനികളുടേത് മാത്രമാണ്. എന്നാൽ തകർന്നു പോയ പ്രണയമോ? എല്ലാവരുമാണ് അതിന്റെ അവകാശികൾ.

ബംഗാളി എഴുത്തുകാരനായ ബിമൽ മിത്രയ്ക്കുണ്ട് അങ്ങനെയൊരു കഥാപാത്രം. അദ്ദേഹത്തിന്റെ 'വിലയ്ക്കു വാങ്ങാം' എന്ന നോവലിലെ ദീപാങ്കുർ സെൻ. സതിയോടുള്ള പ്രണയം കാരണം അയാൾ അവളുടെ ഭർത്താവിനെ പോലും ആഴത്തിൽ സ്നേഹിച്ചു. അയാളുടെ കടങ്ങൾ മുഴുവൻ സ്വന്തം അധ്വാനം കൊണ്ട് വീട്ടി. ജീവിതകാലം മുഴുവൻ അവിവാഹിതനായിക്കഴിഞ്ഞു.

തുർക്കി എഴുത്തുകാരനായ ഓർഹാൻ പാമുഖിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസിലെ നായകനെ ഓർക്കുന്നില്ലേ? കെമാൽ. ഫ്യൂസനോടുള്ള പ്രണയം കൊണ്ട് അയാൾ എന്തൊക്കെയാണ് ചെയ്തത്!? അവളുടെ വിരൽ സ്പർശമുള്ള എല്ലാം അയാൾ ശേഖരിച്ചു. അവൾ കുടിച്ച ചായക്കപ്പ് മുതൽ അവൾ വലിച്ചു തീർത്ത സിഗരറ്റിന്റെ തുണ്ടുകൾ വരെ. ശരാശരി ഇന്ത്യൻ സങ്കൽപ്പത്തിൽ പ്രണയവും പുകവലിയും ഒത്തുപോവുകയില്ല. നമ്മുടെ കാമുകിമാരുടെ പ്രധാന ചുമതല തന്നെ കാമുകന്റെ പുകവലി നിർത്തിക്കലാണ്. പുകവലിക്കുന്ന പെൺകുട്ടിയാവട്ടെ പ്രണയത്തിന് അർഹയുമല്ല. അപ്പോഴാണ് ഒരാൾ തന്റെ കാമുകി വലിച്ചുപേക്ഷിച്ച സിഗരറ്റുകുറ്റികൾ അരുമയോടെ സൂക്ഷിക്കുന്നത്.

96 എന്ന തമിഴ് സിനിമയിലെ പ്രണയത്തിന് ഇതേ ചാരുതയുണ്ട്. പത്താം ക്ളാസ്സിൽ വച്ചാണ് ജാനകിയും രാമചന്ദ്രനും പ്രണയത്തിലാകുന്നത്. അവർ നല്ല കൂട്ടുകാരായിരുന്നു. പിന്നീടെന്നോ അത് പ്രണയമായി. അന്നുമുതൽ അവന് വാക്കുകൾ നഷ്ടപ്പെട്ടു. ഉച്ചരിച്ച വാക്കുകളെല്ലാം വികൃതമായി. എന്നാൽ അവൾക്ക് പരിഭ്രമമേ ഉണ്ടായിരുന്നില്ല. അവളുടെ പാട്ടുകളിൽ കൂടുതൽ മധുരം നിറഞ്ഞു. സംഗീതത്തോടുള്ള ഇഷ്ടം കാരണമാണ് അവളുടെ അപ്പനും അമ്മയും അവൾക്ക് എസ്. ജാനകി ദേവി എന്ന് പേരിട്ടത്. അതു കൊണ്ടാവണം എസ് ജാനകിയുടെ പാട്ടുകളോട് അവൾക്ക് വലിയ കമ്പമായിരുന്നു.

കഠിനമായ പനി പിടിച്ച് അവശയായിട്ടും അധികം അവധിയെടുക്കാതെ അവൾ സ്കൂളിലേക്ക് വന്നത് അവനെയോർത്താണ്. അവളുടെ പിൻ കഴുത്തിൽ ഒട്ടിച്ചുവച്ച രണ്ടു കണ്ണുകൾ പിൻബഞ്ചിൽ ഉണ്ടെന്നും താൻ വന്നില്ലെങ്കിൽ അവയ്ക്ക് നോവുമെന്നും അവൾക്കറിയാമായിരുന്നു. എങ്കിലും വിധി അവരെ വേർപെടുത്തി ദൂരത്താക്കി. ഇപ്പോൾ നീണ്ട 22 വർഷങ്ങൾക്കു ശേഷം 96 ലെ ടെൻത് ബാച്ച് കൂടിച്ചേരുകയാണ്. ജാനകീദേവിയും രാമചന്ദ്രനും ഒരിക്കൽ കൂടി കണ്ടുമുട്ടുന്നു. പ്രണയം വിവാഹത്തിലെത്തിയിരുന്നെങ്കിൽ രണ്ടു പേർക്കും പിരിഞ്ഞു പോകാനുള്ള മതിയായ കാലയളവാണിത്. പണ്ടൊരു രാമചന്ദ്രൻ അയാളുടെ ധർമ്മ പത്നിയായ ജാനകിയെ കാട്ടിലുപേക്ഷിച്ചത് അങ്ങനെയായിരുന്നു. സിനിമയിലെ ജാനകി സിംഗപ്പൂരിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പുള്ള ഒറ്റ രാത്രി അവർ തങ്ങളുടെ ഭൂതകാലത്തിലേക്കും തിരിച്ചും നടത്തുന്ന യാത്രയാണ് ഈ സിനിമയെ മനോഹരമായ ഒരനുഭവമാക്കുന്നത്.

ഒരു ടൂർ ഫോട്ടോഗ്രാഫറായ രാമചന്ദ്രന് പണ്ടെന്നതു പോലെ ഇപ്പോഴും വാക്കുകളിൽ വലിയ പിടുത്തമില്ല. അവ അപൂർണ്ണവും അവ്യക്തവുമാണ് പലപ്പോഴും. അല്ലെങ്കിലും ഒരു ഫോട്ടോഗ്രാഫർക്കെന്തിനാണധികം വാക്കുകൾ. ചിത്രമാണ് അയാളുടെ ഭാഷ. അവൾ അയാളുടെ മനസ്സിൽ പതിഞ്ഞു പോയ ജീവനുള്ള ഒരു ചിത്രം മാത്രമാണ്. അതിൽ നോക്കിയിരുന്ന് മതിമറക്കുകയല്ലാതെ അയാൾക്ക് അധികമൊന്നും ചെയ്യാനില്ല.

ഒരു നിർബന്ധിത സാഹചര്യത്തിൽ അവൾ മറ്റൊരാളെ വിവാഹം ചെയ്തെങ്കിലും രാമചന്ദ്രൻ അവളുടെ ഓർമ്മകളെ പരിണയിച്ച് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നു. ഫ്യൂസനെ പ്രണയിച്ച ആ തുർക്കിക്കാരനില്ലേ, പാമുക്കിന്റെ ഭ്രാന്തൻ കെമാൽ, അയാളെപ്പോലെ ജാനകിയുമായി ബന്ധപ്പെട്ടതെല്ലാം രാമചന്ദ്രൻ തന്റെ പെട്ടിയിൽ അടുക്കി വെക്കുന്നുണ്ട്. അവളുടെ ഓർമ്മകൾ പേറുന്നതെല്ലാം. ഇപ്പോൾ അയാൾക്കു കിട്ടിയിരിക്കുന്നത് രാത്രിമഴയിൽ നനഞ്ഞ അവളുടെ ജീൻസും ടോപ്പുമാണ്.

ബ്രഹ്മചര്യത്തിൽ അധിഷ്ഠിതമാണ് മിക്കപ്പോഴും ഈസ്റ്റേൺ പ്രണയങ്ങൾ. ചാപല്യം കൊണ്ടോ കൗതുകം കൊണ്ടോ തൃഷ്ണ കൊണ്ടോ പോലും അവളെ ഒന്നു തൊട്ടു നോക്കണമെന്ന് അവന് തോന്നിയതേയില്ല. അതിന്റെ പ്രായോഗികതയിൽ സംശയിച്ചാലും തീർത്തും സ്വാഭാവികമായി അത് ചിത്രീകരിക്കുന്നതിൽ സിനിമ വിജയിച്ചു എന്നതിൽ സംശയമില്ല. നമ്മുടെ സദാചാരബോധത്തെ ഒട്ടും പരിക്കേൽപ്പിക്കാതെയാണ് സമ്പൂർണ്ണമായ ഈ പ്രണയ സിനിമ സമാപിക്കുന്നത്.

എന്നാൽ ആ തുർക്കിക്കാരന്റെ പ്രണയം തുടങ്ങുന്നത് തന്നെ ഒരു ഭോഗത്തിൽ നിന്നാണ്. തന്റെ പ്രതിശ്രുത വധുവിന് ഒരു തോൾസഞ്ചി വാങ്ങാൻ കയറിയപ്പോഴാണ് സെയിൽസ് ഗേളായ ഫ്യൂസൻ കെമാലിനെ ആകർഷിക്കുന്നത്. അധികനാളുകൾ കഴിയുന്നതിനു മുമ്പുതന്നെ അവർ രതിയിലേർപ്പെടുന്നു. പിരിയാനാവാത്ത വിധം ഞാനീ പെൺകുട്ടിയിൽ ബദ്ധനായിരിക്കുന്നു എന്ന് കെമാൽ തിരിച്ചറിയുന്നത് അപ്പോഴാണ്. മാംസനിബദ്ധമാകുമ്പോൾ മാറ്റുകുറഞ്ഞു പോകുന്നതാണ് ഇന്ത്യൻ പ്രണയങ്ങൾ. മനസ്സിൽ മാത്രമല്ല മാംസത്തിലും രാഗമുണ്ടെന്നാണ് പാശ്ചാത്യ മതം. അവരുടെ സിനിമകളും സാഹിത്യവും അത് മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.

പ്രമേയത്തിൽ വലിയ പുതുമ അവകാശപ്പെടാനില്ല. വാട്സാപ്പ് കൂട്ടായ്മ, ക്ലാസ്സ് റൂം നൊസ്റ്റാൾജിയ, വിദ്യാലയത്തിരുമുറ്റം, ഭൂതകാലക്കുളിര് ഒക്കെത്തന്നെ. എന്നാൽ അവതരണത്തിലെ മികവ് അന്യാദൃശമാണ്. ഇറാനിയൻ സംവിധായകനായ മജീദിയുടെ സിനിമകളിൽ കാണുന്നതുപോലെ ചില ദൃശ്യങ്ങൾ അതുപോലെ ഫ്രെയിം ചെയ്തുവെക്കാം. രാമചന്ദ്രന്റെ ഫ്ളാറ്റിന്റെ വരാന്തയിൽ അഭിമുഖമായി നിൽക്കുന്ന അവരുടെ ദൃശ്യം റോഡിന്റെ മറുവശത്തു നിന്നുള്ള കാഴ്ചയായി അവതരിപ്പിച്ചത് ഈ ചിത്രീകരണവശ്യതയ്ക്ക് മികച്ച ഉദാഹരണമാണ്. രാമചന്ദ്രൻ എന്ന കഥാപാത്രത്തെ വിജയ് സേതുപതി ശരിയായി ഉൾക്കൊണ്ടിട്ടുണ്ട്. തൃഷയും ജാനകിയുടെ ബാല്യം അവതരിപ്പിച്ച പെൺകുട്ടിയും അവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി എന്നതിൽ സംശയമില്ല.

ചുരുക്കത്തിൽ ഭാവബന്ധുരമാണ് ഈ സിനിമ. ഉള്ളിന്റെയുള്ളിലെ കറയില്ലാത്ത ഒരു പ്രണയത്തെക്കുറിച്ചുള്ള സ്വപ്നം ഈ സിനിമ സാക്ഷാത്കരിക്കുന്നുണ്ട്.

https://www.azhimukham.com/cinema-vijay-setupati-trisha-movie-96-review-aparna-writes/

https://www.azhimukham.com/film-superb-romatic-movie-96-review-by-subeesh/

Next Story

Related Stories