UPDATES

ട്രെന്‍ഡിങ്ങ്

വനിതാ മതിലിന്റെ പിറ്റേന്ന് മറുകണ്ടം ചാടി വെള്ളാപ്പള്ളിയും സി.പി സുഗതനും; ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് നിരാശാജനകം’

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍. വിശ്വാസികളെ വേദനിപ്പിച്ച് ഒളിച്ചും പാത്തും യുവതികളെ പ്രവേശിപ്പിച്ചത് ശരിയായ കാര്യമല്ല എന്ന് സിപി സുഗതന്‍

വനിതാ മതില്‍ വിജയിപ്പിച്ച് ഒരു ദിവസത്തിനുള്ളില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതനും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍. വിശ്വാസികളെ വേദനിപ്പിച്ച് ഒളിച്ചും പാത്തും യുവതികളെ പ്രവേശിപ്പിച്ചത് ശരിയായ കാര്യമല്ല എന്ന് സിപി സുഗതനും അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി വനിതാ മതില്‍ സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാനും സി പി സുഗതന്‍ ജോയിന്റ് കണ്‍വീനറുമായിരുന്നു. നവോത്ഥാന സംരക്ഷണാര്‍ഥം നടത്തിയ വനിതാ മതിലിനും സര്‍ക്കാരിനും ഒപ്പം നിന്ന ഇരുവരും യുവതീ പ്രവേശന വിഷയത്തില്‍ തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

യുവതീ പ്രവേശനത്തിന് ശേഷം ഇത് സംബന്ധിച്ച് വെള്ളാപ്പള്ളിയോട് അഭിപ്രായം തേടിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. തനിക്ക് ഇപ്പോള്‍ ഇത് സംബന്ധിച്ച് ഒന്നും പറയാനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയായിരുന്നു. “രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ്. അല്ലാതെ ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ പോലീസ് യുവതികളെ കയറ്റിയത് വേദനാജനകമാണ്” എന്ന് അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

യുവതീ പ്രവേശനം നടന്ന് മണിക്കൂറുകള്‍ക്കകം സി പി സുഗതന്‍ തന്റെ ഫേസ്ബുക്കില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ പോസ്റ്റിട്ടിരുന്നു. ഈ വിഷയത്തിലുള്ള തന്റെ എതിര്‍പ്പ് വീണ്ടും വ്യക്തമാക്കുകയാണ് സുഗതന്‍. “ഒളിച്ചും പാത്തും പോവേണ്ട ഇടമല്ല ശബരിമല. ശബരിമലയില്‍ എത്തിയിരുന്ന സ്ത്രീകളെ തടയാന്‍ നിന്നയാളാണ് ഞാന്‍. എന്നാല്‍ പിന്നീട് ഭക്തയുവതികള്‍ കയറാന്‍ ചെന്നാല്‍ തടയില്ല എന്ന ഹിന്ദുപാര്‍ലമെന്റും ഞാനും തീരുമാനിച്ചിരുന്നു. പക്ഷെ അതിനര്‍ഥം ഒളിച്ചു പാത്തും യുവതികളെ പ്രവേശിപ്പിക്കണ്ട സ്ഥലമാണ് ശബരിമല എന്നതല്ല. ഇത്തരത്തിലൊരു നാടകം ആവശ്യമില്ലാത്തതായിരുന്നു. ഒളിച്ച് പോവുക എന്നത് കുറ്റകൃത്യമാണ്. അതും രണ്ട് സ്ത്രീകളുടെ മനസന്തോഷത്തിന് വേണ്ടിയിട്ട് ദശലക്ഷം വരുന്ന ഭക്തരുടെ വികാരവും വിശ്വാസവും വ്രണപ്പെടുത്തിയത് എന്തിനായിരുന്നു. നവോത്ഥാന മതിലില്‍ പങ്കെടുത്തത് ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനല്ല. നവോത്ഥാനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്; സാംസ്‌കാരിക ഭദ്രത, സത്യസന്ധത, ഭാരതീയ ദര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള മൂല്യങ്ങള്‍ എല്ലാമാണ്. അതെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് അവ സംരക്ഷിക്കാനായി വനിതാ മതില്‍ നടത്തിയതില്‍ സന്തോഷമേയുള്ളൂ. അതുകൊണ്ടാണ് അതില്‍ പങ്കെടുത്തതും. പക്ഷെ നവോത്ഥാന നായകരാരും അസത്യ പ്രസ്താവനകള്‍ നടത്തുന്നവരായിരുന്നില്ല. വനിതാ മതിലില്‍ 25 ലക്ഷം പേരെ ഹിന്ദു പാര്‍ലമെന്റും എസ്എന്‍ഡിപി, കെപിഎംഎസ് സമുദായ സംഘടനകളുമാണ് കൊണ്ടുവന്നത്. ആ ഞങ്ങളെ വിഡ്ഢികളാക്കാന്‍ പറ്റില്ല. വനിതാ മതില്‍ ചരിത്ര വിജയമായിരുന്നു. അത് ആഘോഷിക്കാനുള്ള അവസരം പോലും യുവതീപ്രവേശനം ഇല്ലാതാക്കി. വനിതാ മതില്‍ ചരിത്രപരമായ പോസിറ്റീവ് എനര്‍ജി ക്രിയേറ്റ് ചെയ്തപ്പോള്‍ രണ്ട് യുവതികളെ അവിടെക്കയറ്റി അത് നെഗറ്റീവ് എനര്‍ജിയാക്കി. ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. പിന്നെ ഇത് ആര് ചെയ്തു, എങ്ങനെ സംഭവിച്ചു എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ- സുഗതന്‍ അഴിമുഖത്തോട് പറഞ്ഞു.

വനിതാ മതിലില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാക്കി എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ പങ്കുവച്ചത്. വനിതാ മതിലില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയും പരിപാടി വിജയമാക്കുകയും ചെയ്ത സമുദായ സംഘടനകളും ഹിന്ദുപാര്‍ലമെന്റ് തുടങ്ങിയ ഘടകങ്ങളും സര്‍ക്കാരിനെ പിന്തുണയ്ക്കും എന്നതായിരുന്നു പൊതുവെ കണക്കുകൂട്ടല്‍. എന്നാല്‍ നവോത്ഥാന സംഘടനകളുടെ യോഗം ചേര്‍ന്ന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ സമിതി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ ശബരിമല വിഷയത്തില്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നും പ്രസ്താവിച്ചിരുന്നു. ഇതേ നിലപാട് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, കൂടെ നിന്ന സംഘടനകളില്‍ ചിലതെങ്കിലും മറുകണ്ടം ചാടുമ്പോള്‍ വെട്ടിലാവുന്നത് സര്‍ക്കാരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍