ട്രെന്‍ഡിങ്ങ്

‘ചങ്ക്’ തകര്‍ന്നെന്ന് ഞങ്ങള്‍ കരുതട്ടോ? ചോദ്യം പിണറായിയോടാണ്

Print Friendly, PDF & Email

പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ പതിനേഴ് മാസത്തെ ഭരണകാലയളവിനിടയില്‍ പ്രതിച്ഛായയെ ഇത്രമാത്രം ബാധിച്ച ഒരു വിവാദം ഉണ്ടായിട്ടില്ല

A A A

Print Friendly, PDF & Email

കായല്‍ നികത്തിയതിന്റെയും ഭൂമി കയ്യേറിയതിന്റെയും റിസോര്‍ട്ടിലേക്കുള്ള വഴിക്കും പാര്‍ക്കിംഗിനുമായി പാടം നികത്തിയതുമായുള്ള നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ‘ഇരട്ടച്ചങ്കന്‍’ എന്ന് ആരാധകര്‍ വീരാരാധനയോടെ അറിയപ്പെടുന്ന പിണറായി വിജയന്റെ മന്ത്രിസഭയിലുള്ള ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഏറെ ദിവസങ്ങളായി രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമാണ്. ഭരണപക്ഷ, പ്രതിപക്ഷ ഭേദമില്ലാതെ തോമസ് ചാണ്ടിക്കെതിരെ തിരിഞ്ഞപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മും തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കുകയായിരുന്നു. ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന എന്‍സിപിയുടെ നിലപാടിനൊപ്പം നില്‍ക്കുകയാണ് സിപിഎം ചെയ്തത്. മുന്നണി മര്യാദയെന്ന ന്യായമാണ് അന്നെല്ലാം സിപിഎമ്മും പിണറായിയും ആവര്‍ത്തിച്ചത്.

അപ്പോഴും എല്‍ഡിഎഫില്‍ തോമസ് ചാണ്ടിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് സിപിഐയും പ്രത്യേകിച്ചും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായിരുന്നു. അതിന്റെ ഫലമാണ് ആലപ്പുഴ ജില്ല കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ആദ്യം കോടതിയെ സമീപിച്ച തോമസ് ചാണ്ടി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയത്. ആരോപണ വിധേയരായ ലേക്പാലസ് റിസോര്‍ട്ട് കമ്പനിയുടെ ഭാഗം കേള്‍ക്കാന്‍ കളക്ടര്‍ തയ്യാറായില്ലെന്നതാണ് മന്ത്രിയുടെ മുഖ്യപരാതി. എന്നാല്‍ മന്ത്രി തന്റെ തന്നെ സര്‍ക്കാരിനെ ചോദ്യം ചെയ്തിരിക്കുകയാണെന്നാണ് ഈ ഹര്‍ജിയെ കോടതി വിലയിരുത്തുന്നത്. ഇതോടെ ചങ്ക് തകര്‍ന്ന അവസ്ഥയിലാണ് പിണറായി എന്ന് പറയേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇതേ ഹര്‍ജി പരിഗണിച്ചപ്പോഴും സര്‍ക്കാരിനെയും മന്ത്രിയെയും കോടതി വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ആദ്യമായി തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്നു. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള വികാരം ആദ്യമായി പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഫലിക്കുകയായിരുന്നു ഇവിടെ. അതോടെ പന്ത്രണ്ടിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചാണ്ടിയുടെ രാജിക്കാര്യം പരിഗണിക്കുമെന്ന സാഹചര്യം വന്നു. ഈ ദിവസങ്ങളിലെല്ലാം മാധ്യമങ്ങള്‍ ചാണ്ടിയുടെ രാജി ഉടനെന്ന പ്രതീക്ഷയുമായി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ എന്‍സിപി ഒറ്റയ്ക്കാകുന്ന സാഹചര്യമാണ് ഉണ്ടായത്. അതേസമയം എന്‍സിപി പൂര്‍ണമായും മന്ത്രിക്കൊപ്പം നിലനില്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടിയിലെ മറ്റൊരു എംഎല്‍എയായ എകെ ശശീന്ദ്രന്‍ ഹണീട്രാപ് കേസില്‍ കുരുങ്ങി മന്ത്രിസ്ഥാനം രാജിവച്ചതോടെ മന്ത്രിയായ തോമസ് ചാണ്ടിയും രാജിവയ്‌ക്കേണ്ട സാഹചര്യം വന്നാല്‍ തങ്ങള്‍ക്ക് ആകെയുള്ള മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ആശങ്ക തന്നെയാണ് മുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ടിട്ടും എന്‍സിപിയെ കടുംപിടിത്തത്തിന് പ്രേരിപ്പിക്കുന്നത്. മുന്നണി യോഗത്തില്‍ സിപിഎം, സിപിഐ നേതാക്കള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ എന്‍സിപി ഒഴികെയുള്ള ഘടകകക്ഷികള്‍ നിശബ്ദത പാലിച്ചു. രാജിയില്ലെന്ന നിലപാടാണ് ആ മുന്നണി യോഗത്തിന് ശേഷവും എന്‍സിപി ആവര്‍ത്തിച്ചത്. എന്നാല്‍ രാജിക്കാര്യം മുഖ്യമന്ത്രിയ്ക്ക് വിടുകയെന്ന തന്ത്രപൂര്‍വമായ നിലപാടാണ് എല്‍ഡിഎഫ് യോഗം സ്വീകരിച്ചത്.

സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി ആ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ

പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ പതിനേഴ് മാസത്തെ ഭരണകാലയളവിനിടയില്‍ പ്രതിച്ഛായയെ ഇത്രമാത്രം ബാധിച്ച ഒരു വിവാദം ഉണ്ടായിട്ടില്ല. സിപിഎമ്മിലെ തന്നെ ഇ പി ജയരാജനും എന്‍സിപിയിലെ എകെ ശശീന്ദ്രനും വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും അവര്‍ വളരെ വേഗം തന്നെ രാജിവച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ കാത്തു. അതേസമയം തോമസ് ചാണ്ടിയുടെ കാര്യത്തില്‍ അഴിമതിക്കെതിരെ ആഞ്ഞടിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കടുത്ത തീരുമാനവും എടുക്കാന്‍ തയ്യാറാകുന്നില്ലെന്നത് അപഹാസ്യകരമാണ്. തീരുമാനമെടുക്കാനുള്ള അധികാരം എന്‍സിപി ഉള്‍പ്പെടുന്ന എല്‍ഡിഎഫ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയിട്ടും ആ തീരുമാനം എന്‍സിപി തീരുമാനിക്കട്ടെയെന്ന നാണംകെട്ട നിലപാടാണ് പിണറായിയുടെ ഭാഗത്തു നിന്നുമുണ്ടായത്. തോമസ് ചാണ്ടിയ്‌ക്കെതിരെ പലകോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനമുയര്‍ന്നപ്പോഴും പിണറായി നിശബ്ദനായിരുന്നുവെന്നത് ഇവിടെ ശ്രദ്ധേയമാണ്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ യാത്രയായ ജനജാഗ്രത യാത്രയില്‍ സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കിയ യാത്ര കുട്ടനാട്ടില്‍ എത്തിയപ്പോള്‍ ഈ വിഷയത്തില്‍ പരസ്യമായി ചാണ്ടി നടത്തിയ പരാമര്‍ശങ്ങളാണ് ആദ്യമായി പിണറായിയെ പ്രകോപിപ്പിച്ചത്. ഇനിയും നികത്തുമെന്നാണ് യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോള്‍ സിപിഐയെയും ജനങ്ങളെയും വെല്ലുവിളിച്ച് ചാണ്ടി പ്രസംഗിച്ചത്. ‘താന്‍ എങ്ങനെയും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നോക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കരുത്’ എന്നായിരുന്നു പിണറായി മന്ത്രിയെ ‘ശാസിച്ചത്’. അതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗം തന്നെയായ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് മന്ത്രി കോടതിയെ സമീപിച്ചത്. അതോടെ ചാണ്ടിയെ സംരക്ഷിക്കുന്ന പ്രസ്താവനകളും പിണറായി അവസാനിപ്പിച്ചു.

വന്നു വന്ന് ചാണ്ടിയെ പുറത്താക്കണമെങ്കിലും മുഖ്യമന്ത്രിക്ക് എന്‍സിപിയുടെ അനുമതി വേണോ?

2016ല്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കുട്ടനാട്ടില്‍ മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും അതും ജലവകുപ്പ് തന്നെ ലഭിക്കുമെന്നും പ്രഖ്യാപിച്ച വ്യക്തിയാണ് ശതകോടീശ്വരന്‍ കൂടിയായ തോമസ് ചാണ്ടി. അല്‍പ്പം താമസിച്ചെങ്കിലും ജലവകുപ്പിനോളം പ്രധാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. എന്‍സിപിയില്‍ നിന്നും ശശീന്ദ്രന്‍ മന്ത്രിയായപ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം താന്‍ മന്ത്രിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അന്ന് അതിനെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്തയാളാണ് നമ്മുടെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിക്ക് നേരത്തെ തന്നെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാമായിരുന്നു. മുന്നണി മര്യാദ എന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കണക്കിലെടുത്താല്‍ മുന്നണി യോഗത്തിന് ശേഷം ആ പ്രതിസന്ധി അവസാനിച്ചതാണ്. നിലവിലെ സാഹചര്യങ്ങള്‍ മുന്നണിയിലെ ഒരു പാര്‍ട്ടിയ്ക്കും മന്ത്രിയ്ക്കും മനസിലായില്ലെങ്കില്‍ അല്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ കടുത്ത തീരുമാനമെടുക്കേണ്ടി വരും. ഇനിയും അതിന് തയ്യാറാകാതിരിക്കുന്നതിലൂടെ സ്വയം പ്രതിക്കൂട്ടിലേക്ക് കയറി നില്‍ക്കുകയാണ് ശത്രുക്കള്‍ പോലും ഇരട്ടച്ചങ്കന്‍ എന്ന് വിശേഷിപ്പിക്കുന്ന പിണറായി.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍