Top

'വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ..'; മായാനദിക്കെതിരായ പ്രചരണത്തെക്കുറിച്ച് ആഷിഖ് അബു

വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരുകൂട്ടരും പ്രകാശഭരിതമായ ചിന്തകളുമായി കഴിയുന്ന മറ്റൊരു കൂട്ടരും സമൂഹ മാധ്യമങ്ങളില്‍ ഉണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. തനിക്കും തന്റെ പുതിയ ചിത്രമായ മായാനദിക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ പരാമര്‍ശിച്ചാണ് സംവിധായകന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആഷിഖ് അബുവിനെ ഒരു കൂട്ടര്‍ ഹാഷിഷ് അബു എന്ന് വിളിക്കുന്നണ്ടല്ലോയെന്ന് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ, ലാത്തികള്‍ വീശിയടിക്കട്ടേ എന്ന പഴയകാല മുദ്രാവാക്യവും ആഷിഖ് പരാമര്‍ശിച്ചു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ആഷിഖിന്റെ പരാമര്‍ശം. താന്‍ ചെയ്തിട്ടുള്ളവതില്‍ ഏറ്റവും വലിയ രാഷ്ട്രീയ സിനിമയാണെന്ന് ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ പറഞ്ഞിരുന്നതായും ആഷിഖ് കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി പ്രവചിക്കാന്‍ സാധ്യത കുറഞ്ഞ നടനായതിനാലാണ് ടൊവിനോയെ മായാനദിയിലെ കഥാപാത്രം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തതെന്നും ആഷിഖ് പറഞ്ഞു.

നമ്മുടെ പ്രേക്ഷകര്‍ പൊളിറ്റിക്കലി മോറലൈസ്ഡ് ആണ്. മലയാള സിനിമയുടെ ആത്മാവ് എന്ന് വിളിക്കാന്‍ പാകത്തിന് ഒരു പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. അവര്‍ സിനിമ കാണുകയും സിനിമയെക്കുറിച്ച് എഴുതുകയും വിമര്‍ശിക്കുകയുമെല്ലാം ചെയ്യും. മഹാരാജാസില്‍ പഠിക്കുമ്പോള്‍ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. അന്ന് വിളിച്ച മുദ്രാവാക്യമാണ് 'വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ ലാത്തികള്‍ വീശിയടിക്കട്ടേ' എന്നത്. അക്കാലം മുതല്‍ വിമര്‍ശനങ്ങളില്‍ പതര്‍ച്ച തോന്നുന്നില്ല. ഫേസ്ബുക്കില്‍ സ്ത്രീകളെ ചീത്തവിളിക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും വര്‍ഗ്ഗീയത എഴുതുകയും ചെയ്യുന്നവര്‍ കുറവാണ്. എന്റെ പരിചയത്തില്‍ അത്തരം ആള്‍ക്കാര്‍ ഇല്ല. അങ്ങനെ ചെയ്യുന്നവരുടെ പ്രശ്‌നങ്ങളും ആനന്ദവും വേറെയാണ്. അവര്‍ നമ്മെ സ്വാധീനിക്കുകയെന്ന് പറയുന്നത് നമുക്ക് വളരെ ദുഃഖകരമായ കാര്യമാണ്.

http://www.azhimukham.com/cinema-sanal-kumar-sasidharan-appreciate-mayanadi-and-aashiq-abu/

കസബയെക്കുറിച്ചുള്ള പാര്‍വതിയുടെ അഭിപ്രായം വളരെ സ്വതന്ത്രമാണ്. ഐഎഫ്എഫ്‌കെയില്‍ അവര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തിന്റെ ചര്‍ച്ച തന്നെ സിനിമയിലെ സ്ത്രീകളുടെ പ്രാതിനിധ്യം എന്നതായിരുന്നു. ഒരിക്കലും പാര്‍വതി നടത്തിയത് വ്യക്തിപരമായ പരാമര്‍ശമല്ല, സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. സ്വാഭാവികമായും മമ്മൂക്ക ഫാന്‍സ് എന്നുപറയുന്ന ആളുകള്‍ക്ക് അത് പ്രശ്‌നമായി. ഒരു സ്ത്രീ സംസാരിക്കുമ്പോള്‍ പ്രത്യേകിച്ചും വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ സംസാരിക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഈ വിധത്തില്‍ പ്രതികരിക്കുന്നത്.

മായാനദിയിലെ ലിപ് ലോക്ക് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ എന്തിനാണെന്നാണ് മനസിലാക്കിയാല്‍ ആരും അതിനെ സ്ത്രീ വിരുദ്ധമെന്ന് വിളിക്കില്ല. ആ രംഗങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ആളുകള്‍ മനസിലാക്കേണ്ടത്. അത്തരം രംഗങ്ങള്‍ അനാവശ്യമാണെന്ന് വന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ അത് പറയും. എന്നാല്‍ ഈ സിനിമയെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അങ്ങനെ പറഞ്ഞിട്ടില്ല. ലിപ് ലോക്ക് സ്ത്രീവിരുദ്ധമാണെന്ന് പറയുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories