TopTop
Begin typing your search above and press return to search.

ഒരഞ്ചാറ് കൊല്ലം കഴിയുമ്പോള്‍ ഇവിടെ ബാറും അഞ്ചാറ് ഹോട്ടലുകളും കൂടി കാണാം; ഒരു 'ഭക്തൻ' പറയുന്നത് കേള്‍ക്കുക

ഒരഞ്ചാറ് കൊല്ലം കഴിയുമ്പോള്‍ ഇവിടെ ബാറും അഞ്ചാറ് ഹോട്ടലുകളും കൂടി കാണാം; ഒരു
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അഞ്ചാറ് വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ബാറും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹോട്ടലുകളുമെല്ലാം വരുമെന്നാണ് ശബരിമല സംരക്ഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന അഭിജിത്ത് പയ്യന്നൂര്‍ പറയുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ താന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്നും ഇയാള്‍ പറയുന്നു. കൂടാതെ തങ്ങള്‍ പോലീസിനെയല്ല, പോലീസ് തങ്ങളെയാണ് മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ശബരിമലയെക്കുറിച്ച് ഒന്നുമറിയാത്ത ജസ്റ്റിസ് ദീപക് മിശ്ര സംസ്ഥാന സര്‍ക്കാര്‍ എഴുതിക്കൊടുത്തതനുസരിച്ചാണ് വിധി പ്രഖ്യാപിച്ചതെന്ന് ജനം ചാനലിനോടും സോഷ്യല്‍ മീഡിയയിലൂടെയും അറിയിച്ചു. കല്യാണം കഴിഞ്ഞ ഒരു സ്ത്രീയ്ക്കും നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതമെടുക്കാന്‍ സാധിക്കില്ല എന്നിങ്ങിനെ പോകുന്നു അഭിജിത്തിന്റെ ന്യായീകരണങ്ങള്‍. സമരം ചെയ്യുന്നതിനെക്കുറിച്ചുള്ള ഇയാളുടെ ന്യായീകരങ്ങളുടെ പൂര്‍ണരൂപം താഴെ.

നാമജപ യാത്ര നടക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ശബരിമലയുടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് തോന്നി ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ലീവ് എടുത്താണ് ഇവിടെ വന്നിരിക്കുന്നത്. താന്‍ വന്ന സമയത്ത് ഇവിടെ വലിയ പ്രശ്ങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും നാമജപയാത്രയുമായി ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കുറെ ചേച്ചിമാരും ഇവിടെ അടുത്തുള്ള ചേച്ചിമാരും അനുഭാവം പ്രകടിപ്പിച്ച് വന്നു. എന്നാല്‍ പതിനേഴാം തിയതി ഉച്ചയ്ക്ക് ഒരു പത്ത് പതിനൊന്ന് മണിയായപ്പോഴേക്കും പോലീസുകാര്‍ വന്ന് ഈ സ്ത്രീകളോട് ഇനിയും പിരിഞ്ഞ് പോയില്ലെങ്കില്‍ വനിതാ പോലീസുകാരെക്കൊണ്ട് തല്ലിക്കുമെന്ന് പറഞ്ഞു. അതോടെ സ്ത്രീകളെല്ലാം പെട്ടെന്ന് ഒഴിഞ്ഞുപോയി. നാമജപ യാത്രയില്‍ പങ്കെടുക്കുന്നവരെ വളഞ്ഞിട്ട് തല്ലുന്ന ഒരു സമീപനമായിരുന്നു പോലീസുകാരില്‍ നിന്നും അന്നുണ്ടായത്. പോലീസുകാരാണ് തല്ല് തുടങ്ങിയതും പോലീസുകാരാണ് കല്ലെറിഞ്ഞതും. വെറുതെ നിര്‍ത്തിയിട്ടിരുന്ന വണ്ടികള്‍ വരെ പോലീസുകാര്‍ അന്ന് അടിച്ചു തകര്‍ത്തിരുന്നു. ആരുടെയും കാലിലൊന്നുമല്ല തല്ലിയിരുന്നത് അരയ്ക്ക് മുകളിലേക്കാണ് തല്ലിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ജീവനും കൊണ്ട് ഓടുകയായിരുന്നു. അക്രമിച്ച് വഴ്ത്തുക എന്ന ഉദ്ദേശം മാത്രമാണ് പോലീസിനെന്ന് അന്ന് മനസിലായി.

കഴിഞ്ഞ ഒരു വര്‍ഷമൊഴിച്ച് എല്ലാവര്‍ഷവും മാലയിട്ട് അച്ഛന്റെ കൂടെ വന്ന് അയ്യപ്പസ്വാമിയെ തൊഴാറുണ്ട്. അതിനാലാണ് ഈ സമരത്തോട് ഇത്രയേറെ താല്‍പര്യം തോന്നിയത്. 18ന് വൈകിട്ട് വരെ ഞങ്ങള്‍ നിലയ്ക്കല്‍ ക്യാമ്പിലാണ് കഴിഞ്ഞത്. എന്നാല്‍ ഇന്നലെ രാവിലെ വന്നിട്ട് ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് പോലീസ് അവിടെ നിന്നും പുറത്താക്കി. ഒരു ചായകുടിച്ച് തിരിച്ചുവന്നപ്പോള്‍ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണമെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പോലീസ് പറഞ്ഞത്. കൂടെയുണ്ടായിരുന്ന ഒരു ചേട്ടനെ കല്ലെറിഞ്ഞവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്ന് പറഞ്ഞ് അവര്‍ വിരട്ടി.

അതോടെ ഞങ്ങള്‍ പത്തനംതിട്ട ബസ് സ്റ്റോപ്പിലേക്ക് പോയി. രാത്രി മുഴുവന്‍ അവിടെ തങ്ങി ഇന്ന് രാവിലെ പമ്പയിലേക്ക് വന്നു. ഇവര്‍ കാണാതെ ഒളിച്ചും പാത്തുമാണ് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. പമ്പയില്‍ വന്ന് കെട്ട് നിറച്ച് മല കയറാന്‍ തയ്യാറെടുത്തപ്പോള്‍ പോലീസുകാര്‍ വന്നിട്ട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. ഞാന്‍ കണ്ണൂരെന്നും കൂടെയുള്ളയാള്‍ പാറശാലയെന്നും പറഞ്ഞപ്പോള്‍ ഞങ്ങളുടെ ബാഗുകള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. ഇരുമുടി കെട്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അനുവദിച്ചില്ല. അതില്‍ തൊടാന്‍ പറ്റില്ല. അതില്‍ തൊട്ടാല്‍ കേരള പോലീസ് കണ്ട കളിയൊന്നുമായിരിക്കില്ല പിന്നെയുണ്ടാകുകയെന്ന് കൂടെയുണ്ടായിരുന്ന മറ്റ് സ്വാമിമാര്‍ പറഞ്ഞു. അതോടെ ഇരുമുടിക്കെട്ട് തൊടുന്ന പരിപാടി അവര്‍ നിര്‍ത്തി.

അതേസമയം മലകയറുമ്പോഴെല്ലാം പോലീസുകാര്‍ക്ക് എങ്ങനെയും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നായിരുന്നു. അയ്യപ്പഭക്തന്മാരെ മനഃപൂര്‍വം അപമാനിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം നടത്തിയത്. ഇന്ന് ഇവിടെ മൊത്തത്തില്‍ ഞങ്ങള്‍ കണ്ടത് ഇതാണ്. ഇവിടെ വന്നതിന് ശേഷം കണ്ടുമുട്ടിയവര്‍ക്കെല്ലാം പറയാനുള്ളത് ഇക്കാര്യമാണ്. നെയ്‌ത്തേങ്ങയും അത്യാവശ്യ വസ്തുക്കളുമാണ്. അതിലെന്താണ് ഇത്ര പരിശോധിക്കാനുള്ളതെന്ന് ഒരു പിടിത്തവുമില്ല. വരുന്നവരെല്ലാം പറയുന്നത് ഇതാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍പ്പന്‍ സ്വാമിക്ക് കഞ്ചാവ് വരെ കൊണ്ടുകൊടുക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതൊന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ്. ഇവിടെ നിന്നും തിരികെയാണ് എന്തെങ്കിലും കൊണ്ടുപോകുന്നത്.

പോലീസിന്റെ അക്രമമാണ് എടുത്തു പറയേണ്ടത്. എന്നിട്ട് മാധ്യമങ്ങളും പോലീസും പറഞ്ഞു പരത്തിയിരിക്കുന്നത് ഭക്തന്മാര്‍ അങ്ങോട്ട് പോയി ആക്രമിച്ചുവെന്നാണ്. അതിനാല്‍ പോലീസുകാര്‍ തല്ലിയോടിച്ചുവെന്നാണ്. അക്രമമുണ്ടാക്കിയത് പോലീസുകാര്‍, അക്രമം തുടങ്ങിയതും പോലീസുകാര്‍. ഇതൊന്നും ആര്‍ക്കും അറിയേണ്ട ആവശ്യമില്ല. ഇതൊന്നും ഒരു മാധ്യമങ്ങളും പറയുന്നു പോലുമില്ല. ഇവിടേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീകളെ ഞങ്ങള്‍ എതിര്‍ത്തു. അത് നാമജപ യാത്ര നടത്തിയാണ് എതിര്‍ത്തത്. എന്നാല്‍ ഏഷ്യാനെറ്റ് ഇന്ന് കൊടുത്തിരിക്കുന്നത് തെറിവിളിച്ചുകൊണ്ടാണ് അത് ചെയ്തതെന്നാണ്. നാമജപയാത്രക്കിടയില്‍ തെറിവിളിക്കുന്നത് ഞാനെവിടെയും കേട്ടില്ല.

ആര്‍എസ്എസുകാര്‍ ഗുണ്ടകളെയിറക്കിയെന്ന വാര്‍ത്തയൊക്കെ തെറ്റാണ്. ആര്‍എസ്എസുകാരുടേതായി പ്രചരിക്കുന്ന ചിത്രവും തെറ്റാണ്. നാമജപ ഘോഷയാത്രയ്ക്ക് വന്നവര്‍ കൃത്യമായി അവിടെയിരുന്ന് ഭജന ചൊല്ലുക മാത്രമാണ് ചെയ്തത്. അക്രമം ചെയ്തത് പോലീസുകാരും എട്ട് ഡിവൈഎഫ്‌ഐക്കാരുമാണ്. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഈ എട്ടുപേരെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ ഞങ്ങള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇവര്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളവരെല്ലെന്ന് വ്യക്തമായത്. ഇവരാണ് പോലീസിനെതിരെ കല്ലെറിഞ്ഞത്. സംഘപ്രവര്‍ത്തകരുടെ രീതി തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കുകയെന്നതാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാര്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ഞങ്ങള്‍ അവരെ നല്ലത് പോലെ മര്‍ദ്ദിച്ച് പോലീസിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഈ വാര്‍ത്തയൊന്നും എവിടെയും കണ്ടില്ല.

സ്ത്രീകളെ തടഞ്ഞുകൊണ്ട് ഞങ്ങള്‍ തെറിവിളിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇവിടെ ഇന്ന് തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള സ്വാമിമാര്‍ വന്നിട്ടുണ്ട്. ഞങ്ങളിവിടെയിരുന്നു നാമം ജപിക്കുന്നതും ഗീതം ചൊല്ലുന്നതും എല്ലാവരും കേള്‍ക്കുന്നുണ്ട്. ഇതിനിടയിലെവിടെയാണ് തെറിയുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. കാവി തുണി മുഖത്ത് കെട്ടിയ ഒരുപാട് പേര്‍ ഇവിടെയുണ്ടാകും. എന്നാല്‍ കാവിയെന്ന് പറഞ്ഞാല്‍ കേരളത്തിലെ വിവരമില്ലാത്ത എല്ലവരും കരുതുന്നത് ആര്‍എസ്എസ് എന്നാണ്. ഞാനും എന്റെ കൂടെയുണ്ടായിരുന്ന ആളും ഒരു ബസിനടുത്ത് നില്‍ക്കുമ്പോള്‍ കാവി തുണി മുഖത്ത് കെട്ടിയ കുറച്ചുപേര്‍ വന്ന് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. കുറെപ്പേര്‍ ബസിന് കല്ലെറിഞ്ഞുവെന്നും ബസിന്റെ പുറകുഭാഗത്ത് മാത്രമാണ് ഒന്നും പറ്റാതിരുന്നതെന്നും പറഞ്ഞു. ഇവര്‍ വേഗം ബസിന്റെ പിന്‍ഭാഗത്തേക്ക് പോയി അവിടെ മുഴുവന്‍ തല്ലിത്തകര്‍ത്തു. പോലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ഇത്. കുറച്ചെങ്കിലും ഉത്തരവാദിത്വമുള്ളവരായിരുന്നു ആ പോലീസുകാരെങ്കില്‍ ഈ പിള്ളാരെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ആ ഉത്തരവാദിത്വം അവര്‍ കാണിച്ചില്ല.

പോലീസുകാരുടെ ഒരു വാന്‍ കൊക്കയിലേക്ക് മറിഞ്ഞിരുന്നു. ആ വാനിലുണ്ടായിരുന്നവരെ സഹായിച്ചത് ഞങ്ങളാണ്. ഞങ്ങളെ സംഘം അതാണ് പഠിപ്പിച്ചിരിക്കുന്നത്. അതേസമയം പോലീസുകാര്‍ ഇവിടേക്ക് തിരിഞ്ഞ് പോലും നോക്കിയില്ല. വാന്‍ മറഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഇവര്‍ ആ വാന്‍ പൊക്കിയെടുക്കാന്‍ പോലും തയ്യാറായത്. നമുക്ക് ഉത്തരവാദിത്വപ്പെട്ട സാധനം എങ്ങനെ മറിഞ്ഞതാണെങ്കിലും അതെടുക്കാനല്ലേ നോക്കുക. ഇത് രണ്ട് ദിവസത്തേക്ക് അവര്‍ അതിലേക്ക് തിരിഞ്ഞ് പോലും നോക്കിയില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ നാമജപ യാത്രയ്ക്ക് വന്നവരെ തല്ലുന്നതിലായിരുന്നു.

ഇതിന്റെ പല വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പോലീസ് ട്രെയിനിംഗ് കഴിഞ്ഞെത്തിയവര്‍ വെറുതെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ വരെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്‌ല കാര്‍ വരെ തല്ലിപ്പൊളിച്ചു. പത്തനംതിട്ടയില്‍ നിന്നും വന്ന ഒരു പയ്യന്‍ എനിക്കൊപ്പമുണ്ടായിരുന്നു. അവന്റെ മുട്ടിന് താഴേക്ക് പോലീസുകാര്‍ കല്ലെറിഞ്ഞ് പൊളിച്ചിരിക്കുകയായിരുന്നു. അവന് നിക്കാന്‍ പറ്റാതായപ്പോള്‍ മടങ്ങിപ്പോയി. അവന്റെ പേഴ്‌സ്, ചെരുപ്പ് എന്നിവ പോയി. വണ്ടിയുടെ രണ്ട് ടയറിന്റെയും കാറ്റഴിച്ചു വിട്ടു. ഗ്ലാസ് രണ്ടും പൊട്ടിച്ചു. അവന്‍ നാമജപയാത്രയ്ക്ക് പിന്തുണ അര്‍പ്പിച്ച് വന്നുവെന്നതാണ് ചെയ്ത തെറ്റ്.

എന്റെ അറിവില്‍ ഇതില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ മാത്രമേയുള്ളൂ. ജ്വാലയുടെ അശ്വതി ചേച്ചി. ഞാന്‍ വന്ന വണ്ടിയിലാണ് ചേച്ചിയും വന്നത്. ചേച്ചിയെ ഞാനാണ് നിര്‍ബന്ധിച്ച് തിരിച്ച് വിട്ടത്. അതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അടിയുണ്ടായത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരുമാതിരിപ്പെട്ട എല്ലാവര്‍ക്കും അടി കിട്ടി. ഇവരെല്ലാവരും നാമജപയാത്രയ്ക്ക് പിന്തുണ നല്‍കിയെന്നതാണ് ചെയ്ത കുറ്റം. ഇവരാരും ഒരു അക്രമണത്തിന് വന്നവരല്ല. അങ്ങനെയാണെങ്കില്‍ കയ്യില്‍ ആയുധങ്ങള്‍ കാണില്ലേ? ബസ് കൂലി മാത്രം കൊണ്ട് വന്നവരാണ് ഇവര്‍.

കല്ലെറിഞ്ഞതും അക്രമണമുണ്ടാക്കിയതും പോലീസാണ്. എന്നാല്‍ ശരീരം വേദനിച്ചാല്‍ ആരായാലും പ്രതികരിക്കില്ലേ? അത്രയുമേ ഞങ്ങളും ചെയ്തിട്ടുള്ളൂ. ദേഷ്യം വന്നപ്പോള്‍ ഞങ്ങളും പ്രതികരിച്ചു. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഈ പോലീസുകാര്‍ തന്നെ എല്ലാ പിന്തുണയും കൊടുത്ത് ആളുകളെ കയറ്റുന്നുണ്ട്. അക്രമണ സാധ്യതയുണ്ട് അതിനാല്‍ ശബരിമലയിലേക്ക് ആളെ കയറ്റാന്‍ പാടില്ലെന്ന് മന്ത്രി വിളിച്ചുപറഞ്ഞതിന് പിന്നാലെയാണ് ഐജി ഒരു പെണ്ണിനെ കൂട്ടി പതിനെട്ടാം പടിയുടെ അടുത്തെത്തിയത്. അതിനാലാണ് ഞങ്ങള്‍ തടഞ്ഞത്. മന്ത്രിയുടെ വാക്കിന് പോലും വിലകല്‍പ്പിക്കുന്നില്ലെന്നതിന്റെ അര്‍ത്ഥമെന്താണ്?

നാമജപ ഘോഷയാത്രയ്‌ക്കെത്തുന്നവരെയും ഹിന്ദുമതവിശ്വാസികളെയും മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഹിന്ദുവെന്നത് ഒരു മതമല്ല, സിന്ധൂനദി സംസ്‌കാരമാണ്. ഈ സംസ്‌കാരത്തെ പൂര്‍ണമായും കേരളത്തില്‍ നിന്നും തുടച്ചു നീക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നൈഷ്ടിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍. എന്നാല്‍ അയ്യപ്പന് രണ്ട് ഭാര്യമാരുണ്ടെന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വേറെ ചിലര്‍ പറയുന്നുണ്ടായിരുന്നു പുറകിലൂടെ മറ്റൊരു പതിനെട്ടാം പടി കെട്ടണമെന്നും അതിലൂടെ സ്ത്രീകളെ കടത്തിവിടണമെന്നും. ഇതെന്താ പാര്‍ക്ക് വല്ലതുമാണോ?

ഇനി ഇവര്‍ സ്ത്രീകളെ കയറ്റാന്‍ തന്നെയാണെങ്കില്‍ ഒരു അഞ്ചാറ് വര്‍ഷം കഴിഞ്ഞ് ശബരിമലയില്‍ ഒരു ബാറും അഞ്ചാറ് ഹോട്ടലും അഞ്ചാറ് ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂടി കാണാം. അവര്‍ക്കും ജീവിക്കണമല്ലോ? പൊതുസ്ഥലമാണ് ഇതെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ പൊതുസ്ഥലത്ത് എല്ലാ പാവപ്പെട്ടവന്മാര്‍ക്കും കടന്നുവരാന്‍ പറ്റുമല്ലോ? ആലപ്പുഴയിലും തിരുവനന്തപുരത്തുമൊക്കെയുള്ളതുപോലെ അപ്പോള്‍ ഇവിടെയും ബാറും ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റും കൊണ്ടുവരാം.

വിധി പ്രഖ്യാപിച്ച ദീപക് മിശ്രയോട് ജനം ടിവിയും സോഷ്യല്‍ മീഡിയയിലൂടെയും പലരും എന്ത് അടിസ്ഥാനത്തിലാണ് ഈ വിധിയെന്ന് ചോദിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞത് തനിക്കൊന്നുമറിയില്ലെന്നും തങ്ങള്‍ക്ക് എഴുതി കിട്ടിയതനുസരിച്ചാണ് വിധി പ്രഖ്യാപിച്ചതെന്നുമാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം ഇതുവരെയും ശബരിമലയില്‍ പോയിട്ടില്ലെന്നും തനിക്ക് ശബരിമലയെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് എഴുതിത്തന്നിട്ടുള്ള കാര്യത്തിന് അനുസരിച്ചുള്ള വിധിയാണ് ഞങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലക്കെതിരെ കേസ് കൊടുത്ത അഞ്ച് സ്ത്രീകള്‍ കാവിക്കൊടിയും പിടിച്ച് നടക്കുന്നവരാണെന്നാണ് മറ്റൊരു ആരോപണം. ഈ പറയുന്ന സ്ത്രീകള്‍ക്ക് ആര്‍എസ്എസുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ല. അതിലൊരു ചേച്ചി താന്‍ ശബരിമലയില്‍ പോകില്ലെന്നും ഈ ഹര്‍ജി കൊടുത്തത് തെറ്റായി പോയെന്നുമാണ്. ശബരിമലയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് അവര്‍ താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് പറഞ്ഞത്. ശബരിമലയെക്കുറിച്ച് ഇന്നുവരെ അന്വേഷിക്കാത്ത ആളുകള്‍ എന്തെങ്കിലും പറയും. അതുകേട്ടുകൊണ്ട് ഓരോരുത്തരും തുള്ളാന്‍ നില്‍ക്കും അതാണ് ഇതുവരെ ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്.

കണ്ണൂരില്‍ ഒരു പെണ്‍കുട്ടി മാലയിട്ടതിനെക്കുറിച്ച് ചിലര്‍ പറയുന്നു. ആ പെണ്‍കുട്ടി പറഞ്ഞതില്‍ തെറ്റുണ്ട്. വിയര്‍പ്പ്, മലം, മൂത്രം തുടങ്ങിയവ പോകുന്നത് പോലെ മാത്രമാണ് ആര്‍ത്തവ രക്തം പോകുന്നത് എന്നാണ്. കല്യാണം കഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് 41 ദിവസത്തെ വൃതമെടുക്കാന്‍ ഒരു വിധത്തിലും കഴിയില്ല. അങ്ങനെ 41 ദിവസം വൃതമെടുക്കണമെങ്കില്‍ അവള്‍ ഗര്‍ഭപാത്രം ഇല്ലാത്ത സ്ത്രീയായിരിക്കണം. ആ പെണ്‍കുട്ടി ഗര്‍ഭപാത്രമുള്ള സ്ത്രീയും കോളേജ് അധ്യാപികയുമാണ്. അവള്‍ ആര്‍ത്തവ രക്തത്തെ ഒരു മൂല്യമില്ലാത്ത വസ്തുവായിട്ടാണ് കാണുന്നത്. എന്നാല്‍ ഞങ്ങള്‍ അയ്യപ്പഭക്തന്മാര്‍ ഉള്ളിടത്തോളം കാലം അക്രമമില്ലാതെ തന്നെ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി അവരെ പിന്തിരിപ്പിക്കും. ഇതുവരെ വന്നിട്ടുള്ളവരെയെല്ലാം ഞങ്ങളങ്ങനെയാണ് മടക്കിയയച്ചത്. ഇവിടെ വന്ന ഒരു ചേച്ചിയുടെ ഇരുമുടിക്കെട്ടില്‍ വിസ്പറിന്റെ കവര്‍ കണ്ടെത്തിയത് ഞങ്ങള്‍ അയ്യപ്പഭക്തന്മാരല്ല, പോലീസുകാരാണ്. അതുകൊണ്ട് തന്നെ ഹിന്ദു എന്ന സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.https://www.azhimukham.com/opinion-how-bjp-president-ps-sreedharan-pillai-ignites-communal-issues-on-sabarimala-women-entry-written-by-arun/

https://www.azhimukham.com/trending-how-you-can-recognize-the-age-of-a-women-who-enter-sabarimala/

https://www.azhimukham.com/newsupdate-govt-wont-harm-devotees-believes-cm-pinarayi-sabarimala-womensentry-nilakkal-pamba-protest/

Next Story

Related Stories