Top

അഭിമന്യു വധം: തിരച്ചില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും; അന്വേഷണ സംഘത്തില്‍ അഴിച്ചുപണി

അഭിമന്യു വധം:  തിരച്ചില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും; അന്വേഷണ സംഘത്തില്‍ അഴിച്ചുപണി
മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിക്ക്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മഹാരാജാസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് അടക്കമുള്ള പ്രതികളെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ പ്രതികള്‍ സംസ്ഥാനം വിട്ടേക്കാമെന്ന് സാധ്യകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ സ്വാധീന മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരു, മംഗളൂരു, മൈസൂരു, കുടക് മേഖലകളില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധനകള്‍ നടത്തി. അതേസമയം നിലവില്‍ പ്രതിപട്ടികയിലുള്ള ആറു പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണെന്ന് വ്യക്തമായതായും അധികൃതര്‍ പറയുന്നു.
അതിനിടെ അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അനന്തലാലിനെ മാറ്റി, കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ചുമതല ഉന്നത തലത്തിലേക്ക് കൈമാറിയിട്ടുള്ളത്.

എന്നാല്‍ കൊലപാതകത്തില്‍ 15 പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുമ്പോഴും ഇതില്‍ മുന്നു പേരെ മാത്രമാണ് പോലിസിന് പിടികൂടാനായിട്ടുള്ളത്. ഇതിനിടെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വടുതല സ്വദേശി മുഹമ്മദിന്റെ കുടുംബം വീടുപൂട്ടി ഒളിവില്‍ പോയിട്ടുണ്ട്. ഇവര്‍ എത്താനിടയുള്ള മേഖലകളിലും പോലിസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

നിലവിലെ വിവരങ്ങള്‍ അനുസരിച്ച് മുന്ന് തലത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമത്തില്‍ നേരിട്ടു പങ്കെടുത്തെവര്‍ക്കായുള്ള അന്വേഷണത്തിനായി പ്രധാന സംഘം തിരച്ചില്‍ നടത്തുമ്പോള്‍, കൊലപാതകത്തിന് ശേഷം പ്രതികളുമായി ബന്ധപ്പെട്ടവരെ കണ്ടത്തെുന്നതിനും, സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിക്കുന്നതിനായി മറ്റു രണ്ട് സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അതേസമയം എറണാകുളത്തെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിവരുന്ന പരിശോധനകള്‍ ജില്ലയില്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എസ്ഡിപിഐ നേതാക്കളുട കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ചു വരികയാണ്. 36 ഓളം നേതാക്കളുടെ ഫോണ്‍ ഡാറ്റകള്‍ പരിശോധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി നടപ്പാക്കിയ അരും കൊലയെന്ന നിലയില്‍ കേസില്‍ യുഎപിഎ ചുമത്താനുള്ള സാധ്യതയും അധികൃതര്‍ ആരായുന്നുണ്ട്. യുഎപിഎ ചുമത്താന്‍ ഉതകുന്ന ശക്തമായ തെളുവുകള്‍ കേസിലുണ്ടെന്നും ഉന്നത പോലിസ് വൃത്തങ്ങള്‍ പ്രതികരിച്ചു. സംസ്ഥാന പോലിസ് മേധാവി കൊച്ചിയില്‍ നേരിട്ടെത്തി പ്രതികളെ ചോദ്യം ചെയ്യതടക്കം ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുണ്ടെന്ന് വ്യക്തമായതോടെ പോലിസ് അന്വേഷണത്തിന് സമാന്തരമായി എന്‍ഐഎ സംഘവും നടപടികളുമായി രംഗത്തുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപി ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇതു വരെ കരുതല്‍ തടങ്ങലിലുള്ളത്. സംഘടനകളുടെ നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ഈ പട്ടികയിലുണ്ട്. ഇവരുടെ ഫോണ്‍ വിവരങ്ങളും പോലിസ് ശേഖരിക്കുന്നുണ്ട്. എറണാകുളം ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിത്താണ് ഇത്തരത്തില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഹാജാസ് കോളജില്‍ വച്ച് എസ്എഫ്ഐ നേതാവും വിദ്യാര്‍ഥിയുമായ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇടുക്കി വട്ടവട സ്വദേശിയാണ് കൊല്ലപ്പെട്ട അഭിമന്യു.

Next Story

Related Stories