TopTop
Begin typing your search above and press return to search.

ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ നടനല്ല ദിലീപ്

ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ നടനല്ല ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായത് ഇന്ന് വൈകിട്ടോടെ കേരള സമൂഹത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ആദ്യമായി അറസ്റ്റിലാകുന്ന ചലച്ചിത്ര നടനല്ല ദിലീപ്. ഇവരില്‍ പലരും ചലച്ചിത്ര മേഖലയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ കുത്തനെ മാര്‍ക്കറ്റ് ഇടിഞ്ഞു പോയവരാണ്. ഇതിന് പ്രധാന കാരണം ഇവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ തന്നെ.

കഴിഞ്ഞ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത സോളാര്‍ തട്ടിപ്പ് കേസില്‍ സിനിമ, സീരിയല്‍ നടി ശാലു മേനോന്‍ അറസ്റ്റിലായതാണ് സമീപ കാലത്ത് മലയാള സിനിമയും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ച് സരിത നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും പലരില്‍ നിന്നായി സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോടികള്‍ തട്ടിയെടുത്തപ്പോള്‍ ശാലുവിന് വിനയായത് ബിജുവുമായുള്ള ബന്ധമായിരുന്നു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകളും ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതുമാണ് ശാലുവിന് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

വിസ, പാസ്‌പോര്‍ട്ട് തട്ടിപ്പില്‍ അറസ്റ്റിലായ വിജയകുമാറാണ് ദിലീപിന് മുമ്പ് ക്രിമിനല്‍ കുറ്റത്തിന് അറസ്റ്റിലായ മുന്‍നിര നടന്‍. അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിന് മുമ്പ് ഹവാല പണം തട്ടിപ്പ് കേസിലും, കളമശേരിയില്‍ വച്ച് പണം തട്ടിയെടുത്ത കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യലിനിടെ ബ്ലേഡ് കൊണ്ട് കയ്യിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചും ഇയാള്‍ വാര്‍ത്ത സൃഷ്ടിച്ചു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഉപനായക വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായിരിക്കെയാണ് കേസുകളില്‍ കുടുങ്ങി ഇയാളുടെ സിനിമ ജീവിതം ഏതാണ്ട് അവസാനിച്ചത്.

കൊച്ചിയില്‍ വച്ച് മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയാണ് മറ്റൊരാള്‍. പോണ്‍ വീഡിയോ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടന്‍ സുമന്‍ ആണ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ മറ്റൊരാള്‍. വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തതിന് സീരിയല്‍ നടന്‍ ആദിത്യനും അറസ്റ്റിലായി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് സ്ത്രീകള്‍ക്ക് നേരെ ലൈംഗികഛേഷ്ഠകള്‍ കാണിച്ച കേസില്‍ ടെലിവിഷന്‍ താരം മണികണ്ഠനും അറസ്റ്റിലായത്. ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത ബാവ ഹബീബ് മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ കയ്യില്‍ വിദേശത്തേക്ക് ഹാഷിഷ് കൊടുത്തയയ്ക്കാന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. ഇലക്ട്രോണിക് സാധനങ്ങളുടെ കട നടത്തിയതില്‍ വരുത്തിയ തട്ടിപ്പിന് നടന്‍ സത്താറും അറസ്റ്റിലായിട്ടുണ്ട്. വഞ്ചനാക്കുറ്റമായിരുന്നു ഇദ്ദേഹത്തിനെതിരെ എടുത്തത്.

ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ബെച്ചു റഹ്മാനും ചലച്ചിത്ര താരമായിരുന്നു. പിന്നീട് കള്ളനോട്ട് കേസിലും ഇയാള്‍ പ്രതിയായി. ജൂനിയര്‍ സീരിയല്‍ നടന്‍ അനില്‍കുമാറും ബെഡ്‌റൂം സീന്‍ വാട്ട്‌സ് ആപ്പിലൂടെ പുറത്തുവിട്ട കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സ്ത്രീകളുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ അജിത് 56 പേരുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തവള അജിത്താണെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി വരികയായിരുന്നു ഇയാള്‍.

നടി കാവേരിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നടി പ്രിയങ്കയ്‌ക്കെതിരെയും കേസുണ്ടായിരുന്നു. ഇതുകൂടാതെ നിരവധി ചലച്ചിത്ര താരങ്ങളുടെ പേരുകള്‍ പല ക്രിമിനല്‍ കേസുകളിലും ഉയര്‍ന്നു കേട്ടിട്ടുണ്ട്. ഇവരില്‍ പലരും നിയമനടപടികള്‍ക്ക് വിധേയരായിട്ടില്ലാത്തതിനാല്‍ ആ പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഒരു മുന്‍നിര നായകന്‍ തന്നെ ഒരു ക്രിമിനല്‍ കേസില്‍ അറസ്റ്റിലായത് മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്.


Next Story

Related Stories