TopTop
Begin typing your search above and press return to search.

മൊബൈല്‍ ഫോണ്‍ ഒളിവില്‍ തന്നെ; കുറ്റപത്രവുമായി പൊലീസ് കോടതിയിലേക്ക്

മൊബൈല്‍ ഫോണ്‍ ഒളിവില്‍ തന്നെ; കുറ്റപത്രവുമായി പൊലീസ് കോടതിയിലേക്ക്

ഏറെ അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും എല്ലാം നടത്തിയിട്ടും ഇതുവരെ കണ്ടെത്താനാകാത്ത ആ പ്രധാന തൊണ്ടി മുതലിനെ ഒഴിവാക്കി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രവുമായി കോടതിയിലേക്കു പോകാന്‍ ഒടുവില്‍ പൊലീസ് തീരുമാനം. അന്വേഷണ സംഘം ഇതിനായി നിയമോപദേശം തേടിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം മികച്ച രീതിയില്‍ തന്നെ മുന്നേറിയെന്നു പറയാമെങ്കിലും ആ ഫോണ്‍, അതെവിടെ പോയി എന്നു കണ്ടെത്താന്‍ മാത്രം കേരള പൊലീസിന്റെ പ്രാഗത്ഭ്യം മതിയാകാതെ വരികയാണെന്ന സംശയം ബാക്കി നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ നീക്കം. ഫോണ്‍ നശിപ്പിച്ചെന്ന പള്‍സര്‍ സുനിയുടെ വാദം അംഗീകരിക്കേണ്ടി വരികയാണ് പൊലീസിന്. അതല്ലെങ്കില്‍ ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നും അതു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സമ്മതിക്കണം. രണ്ടാമത് പറഞ്ഞതിനു തന്നെയാണ് സാധ്യതയെങ്കിലും അതൊരു സംഘടിതശ്രമത്തിന്റെ ഭാഗമാണെന്നും സുനിയുടെ ഒറ്റയ്ക്കുള്ള നീക്കമൊന്നുമല്ലെന്നും പൊലീസിന് അറിയാം. പക്ഷേ പലരേയും ചോദ്യം ചെയ്തിട്ടും അതെവിടെ എന്നു മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല.

മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പറയുന്നത്. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ തന്റെ ജൂനിയറായ അഡ്വ. രാജു ജോസഫിന്റെ കൈവശം ഏല്‍പ്പിച്ചുവെന്നു പറഞ്ഞു. രാജു ജോസഫിനെ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ നശിപ്പിച്ചതായി പറഞ്ഞു. രാജു ജോസഫും പ്രതീഷ് ചാക്കോയും കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരാണ്.

ഫോണ്‍ ആരുടെ കൈവശം ഉണ്ടെന്നറിയാന്‍ ദിലീപിനോട് തന്നെ പൊലീസ് പലവട്ടം ചോദിച്ചതായി വിവരമുണ്ട്. അവിടെ നിന്നും ഉത്തരം കിട്ടാത്തതുകൊണ്ട് സംശയപ്പട്ടികയില്‍ ഉള്ള കാവ്യ മാധാവനെയും നാദിര്‍ഷായേയും ചോദ്യം ചെയതു. അപ്പോഴും ഫോണ്‍ കാണാമറയത്ത് തന്നെ നിന്നു.

ഒട്ടും നിസ്സാരക്കാരനല്ല ഈ ഫോണ്‍. കേസിലെ ഏറ്റവും നിര്‍ണായക തെളിവാണ്. ഇതില്ലാതെ കോടതിയിലേക്ക് ചെന്നാല്‍ തങ്ങള്‍ക്കുണ്ടാകുന്ന തിരിച്ചടി ചെറുതല്ലെന്ന് അന്വേഷണസംഘത്തിനു നന്നായി അറിയാം. പ്രത്യേകിച്ച് ദിലീപിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. നടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്നും ക്വട്ടേഷന്‍ നല്‍കിയെന്നുമൊക്കെയാണ് കുറ്റമുള്ളത്. ഇപ്പോള്‍ പള്‍സര്‍ സുനി എന്ന മുഖ്യപ്രതിയുടെ മൊഴിയാണ് നടനെതിരേയുള്ള പ്രധാന തെളിവ്. എന്നാല്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന ഫോണ്‍ ഇല്ലാതിരിക്കുമ്പോള്‍ പ്രതിഭാഗം വക്കീലിന് അതില്‍ പിടിച്ച് കയറാം. ഒരു ക്രിമിനലായ പ്രതിയുടെ വാക്കുകള്‍ മാത്രം വിശ്വസിച്ച് തന്നെ പൊലീസ് മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്ന ദിലീപിന്റെ വാദത്തിന് കാണാനില്ലാത്ത ഫോണും ഒരു പിന്തുണയാകും.

ഇങ്ങനെയൊരു നീക്കം മുന്‍കൂട്ടി കണ്ടിട്ടു തന്നെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നെ നിയമോപദേശം തേടി പൊലീസ് പോയത്. പ്രതികള്‍ സംഘടിതമായി ചേര്‍ന്ന് തൊണ്ടി മുതല്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണന്നു കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കണം. എന്നാലും കോടതിയില്‍ നിന്നുണ്ടാകുന്ന ചോദ്യങ്ങള്‍ അത്രകണ്ട് അനുകൂലവുമാകില്ല.

മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും സാക്ഷി മൊഴികള്‍, അനുബന്ധ തെളിവുകള്‍, മുഖ്യപ്രതികളുടെ കുറ്റസമ്മതം എന്നിവ ശാസ്ത്രയമായി കൂട്ടിയിണക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഫോണ്‍ കിട്ടിയില്ല എന്നതിന്റെ പേരില്‍ കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്ന നിയമോപദേശവും പൊലീസിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാലും അതേ കേസുമായി ബന്ധപ്പെട്ട ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ടെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ടെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നതായി മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയാല്‍ ഇനിയൊരിക്കല്‍ കൂടി ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയില്‍ പോയാല്‍ പ്രോസിക്യൂഷന് തിരിച്ചടി കിട്ടാനും വകയുണ്ട്. എന്നതുകൊണ്ടു തന്നെ ഫോണിനു വേണ്ടി കാത്തിരിക്കാന്‍ പൊലീസ് തയ്യാറാകില്ലെന്നും അനുമാനിക്കാം. സമര്‍പ്പിക്കുന്ന കുറ്റപത്രം ദിലീപിന് ഏറെ നിര്‍ണായകമാണ്. ആദ്യ കുറ്റപത്രത്തില്‍ പതിനൊന്നാം പ്രതിയായിരുന്നു നടന്‍ പുതിയ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. 20 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് നടനുമേല്‍ ചുമത്തിയിരിക്കുന്നതെന്നും അറിയുന്നു.


Next Story

Related Stories