UPDATES

സിനിമ

എന്താണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും? സംവിധായകന്‍ ജിസ് ജോയുമായുള്ള അഭിമുഖം

സണ്‍ഡേ ഹോളിഡേ ഒക്കെ പോലെ ആസിഫിന്റെ ഓര്‍ത്തിരിക്കപ്പെടുന്ന ഒരു സിനിമ ആവും വിജയ് സൂപ്പറും പൗര്‍ണ്ണമിയും

വെറും രണ്ട് സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച സംവിധായകന്‍ ആണ് ജിസ് ജോയ്. അതിനും മുന്നേ അല്ലു അര്‍ജ്ജുന്റെ ശബ്ദമായി മലയാളി മനസ്സില്‍ ഇടം നേടിയ അദ്ദേഹം വളരെ വര്‍ഷമായി പരസ്യ രംഗത്തും സജീവമാണ്. ഒട്ടനവധി പരസ്യ ചിത്രങ്ങളുടെ പരിചയവുമായി വന്നാണ് 2013ല്‍ ബൈസൈക്കിള്‍ തീവ്സ് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ സണ്‍ഡേ ഹോളിഡേ എന്ന രണ്ടാമത്തെ സിനിമയിലൂടെ തന്റെ വിജയം അദ്ദേഹം അരക്കിട്ട് ഉറപ്പിക്കുകയും ഒപ്പം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാക്കി ആ സിനിമയെ മാറ്റുകയും ചെയ്തു. തന്റെ മൂന്നാമത്തെ സിനിമ വിജയ് സൂപ്പറും പൗര്‍ണ്ണമിയുമായി ഈ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും വരുമ്പോള്‍ ഒരു വിജയത്തിനപ്പുറം മറ്റൊന്നും ഉറ്റുനോക്കുന്നുമില്ല പ്രേക്ഷകര്‍. ജിസ് ജോയ് എന്ന സംവിധായകനെയും തന്റെ സിനിമകളെയും കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം:

എന്താണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും?

വിജയ് സൂപ്പറും പൗര്‍ണ്ണമിയും വളരെ കൊമേര്‍ഷ്യല്‍ ആയ ലൈറ്റ് വെയ്റ്റഡ് ആയ ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍റ്റൈനെര്‍ ആണ്. സണ്‍ഡേ ഹോളീഡേ പോലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും റിലാക്‌സ്ഡ് ആയി ഇരുന്ന് എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന ഒരു കുഞ്ഞ് സിനിമ. ആസിഫ് അലിക്കൊപ്പം ഐശ്വര്യ ലക്ഷ്മിയാണ് നായിക വേഷത്തില്‍, ഒപ്പം ബാലു വര്‍ഗീസ്, സിദ്ദിഖ്, കെ പി എ സി ലളിത, മായ മേനോന്‍, അജു വര്‍ഗീസ് അങ്ങനെ ഒരുപാട് പേര്‍ അഭിനയിക്കുന്നുണ്ട്. സി ഐ എ എന്ന സിനിമയ്ക്ക് ശേഷം രണദീവ് ക്യാമറ ചെയ്യുന്ന സിനിമയാണ്. പ്രിന്‍സ് ജോര്‍ജ് എന്ന പുതിയ ആളാണ് സംഗീത സംവിധാനം.

2019ല്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ആണ്, ടെന്‍ഷന്‍ ഉണ്ടോ?

ഇല്ല അങ്ങനെ ടെന്‍ഷന്‍ ഒന്നുമില്ല. അങ്ങനെ പറയുന്നത് ഓവര്‍ കോണ്‍ഫിഡന്‍സ് കൊണ്ടും അല്ല. നമ്മള്‍ ചെയ്യാനുള്ളത് മാക്‌സിമം നന്നായി ചെയ്തിട്ടുണ്ട് എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്. ഇനി പ്രേക്ഷകര്‍ ആണ് തീരുമാനിക്കേണ്ടത്.

മൂന്ന് സിനിമകളിലും നായകന്‍ ആസിഫ് അലിയാണ്, അറിയാതെ സംഭവിച്ചതാണോ? അതോ വര്‍ക്ക് ചെയ്യാനുളള കംഫേര്‍ട്ട് കൊണ്ടാണോ ?

ആസിഫ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്, അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമകളുടെ വിഷയങ്ങള്‍ എല്ലാം അയാള്‍ക്കറിയാം. ഈ സിനിമയുടെ കഥ വന്നപ്പോള്‍ ആസിഫിന് ചെയ്യാന്‍ കഴിയുന്ന വേഷം ആയി തോന്നി. കഥ പറഞ്ഞപ്പോള്‍ ആസിഫിനും ഇഷ്ടമായി. പിന്നെ തീര്‍ച്ചയായും ആസിഫിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഏറ്റവും കംഫേര്‍ട്ട് ആയിട്ടുള്ള കാര്യമാണ്. സണ്‍ഡേ ഹോളിഡേ ഒക്കെ പോലെ ആസിഫിന്റെ ഓര്‍ത്തിരിക്കപ്പെടുന്ന ഒരു സിനിമ ആവും വിജയ് സൂപ്പറും പൗര്‍ണ്ണമിയും.

സണ്‍ഡേ ഹോളിഡേയില്‍ നിന്ന് എത്രത്തോളം വ്യത്യാസം ഉണ്ട് വിജയ് സൂപ്പറും പൗര്‍ണ്ണമിക്കും?

സണ്‍ഡേ ഹോളിഡേ പൂര്‍ണമായും ഒരു ഫാമിലി സിനിമ ആയിരുന്നു. പക്ഷേ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കുറച്ചൂടെ നമ്മുടെ യൂത്തിനെ കൂടി ബേസ് ചെയ്യുന്ന സിനിമയാണ്. ഈ കഥയ്ക്ക് രണ്ട് ട്രാക്കുകള്‍ ഉണ്ട്. അതില്‍ ഒന്ന് ഫാമിലി ഓറിയന്റഡും രണ്ടാമത്തേത് യൂത്ത് ഓറിയന്റഡും ആണ്. പിന്നെ കുറച്ചൂടെ മെച്വര്‍ഡ് ആയിട്ടുള്ള ഒരു പ്രണയം പറയുന്ന കഥ കൂടി ആണ് ഇത്.

താങ്കളുടെ സിനിമകളുടെ കഥപറച്ചില്‍ ഒക്കെത്തന്നെ വളരെ ലളിതമായിട്ടുള്ളതാണ്, എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു രീതി പിന്തുടരുന്നത് ?

നമ്മുടെ പ്രേക്ഷകര്‍ ഇന്നൊരുപാട് മാറിയിട്ടുണ്ട്. അവര്‍ക്ക് റിലാക്‌സ്ഡ് ആയി ഇരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളാണ് കൂടുതല്‍ ഇഷ്ടം. ഒരുപാട് സ്‌ട്രെസ്സിനും പ്രശ്‌നങ്ങള്‍ക്കും ഇടയില്‍ ആയിരിക്കും അവര്‍ ഒരു സിനിമ കാണുന്നത്. അപ്പോ അവര്‍ക്ക് ഒരുപാട് തല പുകച്ചു ചിന്തിക്കേണ്ടി വരാത്ത ലൈറ്റ് ആയിട്ടുള്ള എന്റെര്‍ടെയ്ന്‍ ചെയ്യിക്കാന്‍ കഴിയുന്ന കഥകള്‍ പറയുന്നതാണ് നല്ലത് എന്നാണ് എന്റെ വിശ്വാസം. അത്തരം സിനിമകള്‍ അവര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും കഴിയും. അതുകൊണ്ടാണ് അങ്ങനെ ഒരു കഥപറച്ചില്‍ ഞാന്‍ ഫോളോ ചെയ്യാറുള്ളത്.

സ്വന്തം ജീവിതവുമായി ബന്ധപെടുത്തിയാണോ സിനിമകളിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളത്?

തീര്‍ച്ചയായും ഞാന്‍ കാണുന്നതും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആയിട്ടുള്ള ആള്‍ക്കാരെ ആണ് ഞാന്‍ കഥാപാത്രങ്ങള്‍ ആക്കിയിട്ടുള്ളത്. സണ്‍ഡേ ഹോളിഡേയിലെ ശ്രീനിവാസന്റെ കഥാപാത്രത്തില്‍ കുറെയേറെ ഞാനുണ്ട്. നമ്മുടെ അടുത്ത് കഥ പറയാന്‍ വരുന്ന ആള്‍ക്കാരുടെ ഒക്കെ എക്‌സ്പീരിയന്‍സ് ആണ് ആ കഥാപാത്രത്തിന് കൊടുത്തിട്ടുള്ളത്. അതുപൊലെ അതിലെ സിദ്ദിഖ് ചെയ്ത കഥാപാത്രം എനിക്ക് പേഴ്സണല്‍ ആയി അറിയുന്ന ഒരാളാണ്. അയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു കാണും എന്ന ഒരു ആലോചനയില്‍ നിന്നാണ് നാക്കുട്ടി എന്ന കഥാപാത്രത്തെ ഉണ്ടാക്കിയെടുത്തത്. അയാളെ അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം സംഭാഷണങ്ങളും വരികളും എഴുതുന്ന ഒരാളാക്കി മാറ്റി എന്നേയുള്ളൂ. അങ്ങനെ നമുക്ക് പരിചയം ഉള്ളവരില്‍ നിന്ന് തന്നെയാണ് സിനിമയ്ക്ക് വേണ്ട കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ഒരു കഥ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ ആലോചിക്കാറുള്ളത് എന്താണ് ?

ഏതൊരു കഥയും ആലോചിച്ച് തുടങ്ങുന്നത് അതില്‍ എത്രത്തോളം ഫ്രഷ്നെസ്സ് ഉണ്ടെന്ന് നോക്കിയിട്ടാണ്. ഇപ്പോ ബൈസൈക്കിള്‍ തീവ്സ് എന്ന സിനിമയില്‍ സൈക്കിള്‍ മോഷ്ടിക്കുന്ന കുറേ കള്ളന്മാരുടെ കഥയായിരുന്നു. അതുവരെ നമ്മള്‍ കണ്ടിട്ടുള്ളത് മീശ പിരിച്ച് കിണ്ടി മോഷ്ടിക്കുന്ന മാധവനെ പോലുളള കള്ളന്മാരുടെ കഥകള്‍ ആയിരുന്നു. അതുപോലെ വീടുകള്‍ തോറും കയറി ഇറങ്ങി സാധനങ്ങള്‍ വില്‍ക്കുന്ന രണ്ട് പേരുടെ കഥ അതിന് മുന്നേ പറഞ്ഞിട്ടുള്ളതായി എനിക്ക് അറിവില്ല. കൂടാതെ ആ വിഷയങ്ങള്‍ക്ക് എത്രത്തോളം റെലവന്‍സ് ഉണ്ട്, നമുക്കിടയില്‍ അതിന് എത്രത്തോളം സ്വീകാര്യത ലഭിക്കും എന്നൊക്കെ നോക്കിയതിന് ശേഷം ആണ് ഒരു വിഷയം സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നത്.

തിരകഥ എഴുതുമ്പോള്‍ തന്നെ പാട്ടുകള്‍ക്കുള്ള സന്ദര്‍ഭങ്ങള്‍ അനുസരിച്ചു വരികളും മനസ്സില്‍ തെളിയുന്നത് കൊണ്ടാണോ ഗാനരചയിതാവിന്റെ വേഷവും ഏറ്റെടുക്കുന്നത് ?

ശരിക്കും എനിക്ക് കിട്ടുന്ന സ്പേസ് എക്സ്പ്ലോര്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. നമ്മള്‍ ഒരുപാട് ആഗ്രഹിച്ചു നടന്ന ഒരു ഇടമാണ് സിനിമ. അപ്പോ അവിടെ അതിനുളള ഒരു ഭാഗ്യം ലഭിക്കുമ്പോ ഞാന്‍ അത് ഉപയോഗിക്കുന്നെന്നേ ഉളളൂ. പാട്ടെഴുത്ത് ഞാന്‍ ഒരുപാട് മോഹിച്ച ഒരു അവസരം ആണ്. പിന്നെ അതുപൊലെ കഥയിലെ സിറ്റുവേഷന്‍ മറ്റൊരു രചയിതാവിന് പറഞ്ഞു മനസ്സിലാക്കി എനിക്ക് വേണ്ടത് കണ്ടെത്താനുള്ള ബുദ്ധിമുട്ടൊക്കെ ഓര്‍ത്തിട്ടാണ് ഞാന്‍ തന്നെ പാട്ടുകള്‍ എഴുതുന്നത്.

നമ്മുടെ സിനിമകള്‍ അവയുടെ കണ്ടന്റ് കൊണ്ടും അവതരണ രീതി കൊണ്ടും ഒക്കെ ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അതിനെ കുറിച്ച് എന്താണ് അഭിപ്രായം ?

വളരെ നല്ല ഒരു കാര്യമാണ് അത് കാരണം ഇന്ന് നമ്മുടെ സിനിമകള്‍ക്ക് അന്യദേശങ്ങളില്‍ പോയി കൈയ്യടികള്‍ നേടാന്‍ ഭാഷ പ്രശ്‌നമല്ലാതായിരിക്കുന്നു. ലിജോയുടെ ഈ മ യൗ എന്ന സിനിമ ഏത് നാട്ടില്‍ കൊണ്ട് കാണിച്ചാലും കൈയ്യടികള്‍ ഉയരും. അതുപൊലെ മായനദിയും സുഡാനിയും ആദാമിന്റെ മകന്‍ അബുവും ഒക്കെ നമ്മുടെ നാട്ടില്‍ നിന്നുളള സിനിമകള്‍ ആണെന്നതില്‍ നമുക്ക് അഭിമാനിക്കാം. മലയാള സിനിമയില്‍ എന്നും വിപ്ലവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ ജി ജോര്‍ജ് സാറിന്റെയും പത്മരാജന്റെയും ഭരതന്റെയും ഒക്കെ ചിത്രങ്ങള്‍ പണ്ടും അന്യദേശങ്ങളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിക്കാട്ടിയ സിനിമകള്‍ തന്നെയാണ്. എന്നാല്‍ ഇടകാലത്ത് അതിന് ഒരു കുറവുണ്ടായി. പക്ഷേ ഇപ്പോ വീണ്ടും നമ്മുടെ മലയാള സിനിമ ലോകശ്രദ്ധ പിടിച്ചു പറ്റുന്നു.അത് ഇനി വരുന്നവര്‍ക്കും തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

അല്ലു അര്‍ജ്ജുന്റെ ശബ്ദമായി ആണ് മലയാളികള്‍ക്ക് താങ്കളെ പരിചയം. അദ്ദേഹവുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ?

അദ്ദേഹവുമായി നല്ല ഒരു സൗഹൃദം സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ ഒരു സിനിമയുടെയും ടീസറോ പോസ്റ്ററോ ഒന്നും അദ്ദേഹത്തിന് അയച്ചു കൊടുത്തിട്ട് കാണണമെന്നോ ഷെയര്‍ ചെയ്യണമെന്നോ ആവിശ്യപെട്ടിട്ടില്ലാ. സൗഹൃദങ്ങള്‍ വേറെ സിനിമ വേറെ.

വമ്പന്‍ തമിഴ് റിലീസുകളുടെ കൂടെയാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും റിലീസ് ചെയ്യുന്നത്, ശരിക്കും ഒരു വലിയ റിസ്‌ക് അല്ലേ എടുക്കുന്നത്?

നമ്മള്‍ ഡിസംബറില്‍ ഈ സിനിമ റീലീസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു ഒടിയന്‍, പ്രേതം 2, പ്രകാശന്‍, അച്ചുതന്‍, എന്റെ ഉമ്മാന്റെ പേര്, മാരി 2, സീറോ ഒക്കെ ഉണ്ട് അതുകൊണ്ട് ഇപ്പോ വേണ്ട അടുത്ത മാസം മതി എന്ന്. ഇപ്പോള്‍ ഈ ആഴ്ച റിലീസ് ചെയ്യാതെ ഞാന്‍ വീണ്ടും വെയിറ്റ് ചെയ്യുവാണേല്‍ അടുത്താഴ്ച മിഖായേല്‍ ഉണ്ട്. അതുകഴിഞ്ഞ് പ്രണവിന്റെ പടം ഉണ്ട്. അതിന്റെ അടുത്താഴ്ചകളില്‍ ദിലീപേട്ടന്റെയും പ്രിഥ്വിരാജിന്റെയും ഒക്കെ പടങ്ങള്‍ ഉണ്ട്. നമ്മള്‍ ഇങ്ങനെ മാറ്റി വച്ചുകൊണ്ട് ഇരുന്നാല്‍ പടം റിലീസ് ചെയ്യാനേ പറ്റില്ല. ഉദാഹരണത്തിന് സണ്‍ഡേ ഹോളിഡേ എന്ന സിനിമ ഇറങ്ങുന്നത് ദിലീപേട്ടന്‍ അറസ്റ്റില്‍ ആവുന്ന സമയത്താണ്. അന്ന് പലരും പറഞ്ഞു ഇപ്പോ ഇറക്കരുത് ഓടില്ല എന്ന്. ഞങ്ങള്‍ തീയേറ്റേഴ്‌സ് ഒക്കെ നേരത്തേ ബുക്ക് ചെയ്തിരുന്നതിനാല്‍ അപ്പോ തന്നെ ഇറക്കണമായിരുന്നു. കൂടാതെ ആ സമയം ഒപ്പം തീയേറ്ററില്‍ ഉണ്ടായിരുന്നത് പ്രിഥ്വിരാജിന്റെ ടിയാന്‍ എന്ന വലിയ സിനിമ ആയിരുന്നു. എന്നിട്ടും സണ്‍ഡേ ഹോളീഡേ ഓണത്തിനും ക്രിസ്മസിനും വരെ തീയേറ്ററില്‍ ഉണ്ടായിരുന്നു. അപ്പോ അതില്‍ നിന്ന് മനസിലാക്കേണ്ടത് ഒരു സിനിമ അത് നല്ലതാണേല്‍ ഏത് സമയത്ത് ഇറക്കുന്നു എന്നത് ഒരു പ്രശ്‌നമല്ല. അതേസമയം ഒരു മോശം സിനിമ ആണേല്‍ തീര്‍ച്ചയായും അതിന്റെ തിരിച്ചടി ഉണ്ടാകും.

അടുത്ത പ്രൊജക്റ്റ് ?

അടുത്ത് കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന സിനിമയാണ്. അതിന്റെ കഥ ബോബി സഞ്ജയുടെതാണ്. തിരകഥ ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ അതിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള ആലോചനയിലാണ്.

നവ്നീത് എസ് കെ

നവ്നീത് എസ് കെ

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍