Top

ടോം വടക്കന് ശേഷം കോൺഗ്രസിന്റെ മലയാളി ശബ്ദം; ആരാണ് ഡോ. ഷമ മുഹമ്മദ്?

ടോം വടക്കന് ശേഷം കോൺഗ്രസിന്റെ മലയാളി ശബ്ദം; ആരാണ് ഡോ. ഷമ മുഹമ്മദ്?
കോൺഗ്രസ് വക്താക്കളിൽ ഒരാളായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന റിപ്പോർട്ടുകളിൽ ഒന്ന്. തൃശൂര്‍ സ്വദേശിയായ ടോം വടക്കൻ പാർട്ടി വിട്ടതിന് പിറകെ കോൺഗ്രസിന്റെ മലയാളി ശബ്ദമാവുകയാണ് ഷമ മുഹമ്മദ്. ടോം വടക്കൻ പാർട്ടി വിട്ടത് കേരളത്തിലെ മാധ്യമങ്ങൾ പാനൽ ചര്‍ച്ചക്കെടുത്തപ്പോൾ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചും പാർട്ടി നിലപാടുകൾ വ്യക്തമാക്കിയും രംഗത്തെത്തിയത് ഡോ. ഷമയായിരുന്നു. അധികാരത്തിന് വേണ്ടി മാത്രമാണ് ടോം വടക്കന്‍റെ പാർട്ടി മാറ്റമെന്നായിരുന്നു ഷമയുടെ പ്രധാന ആരോപണം. മോദിക്കെതിരെ ഇത്രകാലം തെറി പറഞ്ഞുനടന്ന ഒരു മനുഷ്യനാണ് ഇപ്പോൾ മാറ്റിപ്പറയുന്നത്. മുപ്പത് വർഷം നിലനിന്ന പ്രത്യയശാസ്ത്രം പെട്ടെന്ന് ഒരു ദിവസം എങ്ങനെ മാറാനായെന്നും അവർ ചോദിച്ചു. ടോം വടക്കൻ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പാർട്ടി മാറിയതെന്നുമായിരുന്നു ഷമയുടെ ആരോപണം.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ഇടപെടൽ കാര്യക്ഷമാക്കുക ലക്ഷ്യമിട്ടായിരുന്നു
2018 ഡിസംബർ 31 ന് കോൺഗ്രസ് അധ്യക്ഷൻ പുതിയ 10 അംഗ പുതിയ കോൺഗ്രസ് വക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇതിലാണ് ഡോ. ഷമ മുഹമ്മദും ഉൾപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിലെ കാര്യക്ഷമായ ഇടപെടലുകളായിരരുന്നു മലയാളിയായ ഡോ. ഷമ മുഹമ്മദിന് പാർട്ടി ദേശീയ തലത്തിലേക്കുള്ള വാതില്‍ തുറന്നത്. മുസ്ലീം പാരമ്പര്യം പിന്തുടരുകയും ഹിന്ദു സംസ്കാരത്തെ സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തി എന്ന മത നിരപേക്ഷ നിലപാടുകളായിരുന്നു ഷമയ്ക്ക് നിർണായകമായത്. ഇതിന് പിറകെയാണ് എഐസിസി ദേശീയ വക്താവ് സ്ഥാനത്തേക്ക് എത്തുന്നത്.

മാഹി സ്വദേശിയാണ് ഷമ മുഹമ്മദ്. മാധ്യമപ്രവർത്തക, ദന്തഡോക്ടർ എന്നീ നിലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അവർ. ദീർഘകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായിരുന്നു അവർ. മാഹിയിലെ കല്ലാപുതിയ വീട്ടില്‍ ജനിച്ച അവർ കുവൈത്തിലായിരുന്ന വളർന്നത്. കണ്ണൂരിലെ താണ സ്വദേശിയാണ് പിതാവ്. മാതാവ് മാഹി സ്വദേശിയും. കുവൈത്ത് യുദ്ധകാലത്താണ് ഷമയുടെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയത്.

കോഴിക്കോട് പ്രോവിഡൻസ് കോളേജ്, കണ്ണൂർ എസ്.എൻ. കോളേജിൽ എന്നിവി‍ടങ്ങളിൽ പഠിച്ചിട്ടുള്ള ഷമ മംഗലാപുരം യെനപ്പോയ ഡെന്റൽ കോളേജിൽനിന്നാണ് ബി.ഡി.എസ് ബിരുദം സ്വന്തമാക്കുന്നത്. ഇതിന് ശേഷം കണ്ണൂർ, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ ദന്തഡോക്ടറായി ജോലി ചെയ്തു. പിന്നീടായിരുന്നു മാധ്യമ രംഗത്തേക്കുള്ള കടന്നുവരവ്. സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി ജോലി നോക്കുകയും പിന്നീട് ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവർത്തിച്ചു. അനാഥരായി നഗരത്തിലെത്തുന്ന പെൺകുട്ടികളുടെ അഭയകേന്ദ്രമായിരുന്നു ആശാനിവാസ്. നിലവിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം പുണെയിലെ കൊറെഗാവ് പാർക്കിലാണ് താമസം.  ഇറ്റാലിയൻ സ്വദേശിയും മാര്‍ക്കറ്റിംഗ് വിദഗ്ദ്ധനുമായ സ്റ്റഫാനോ പെല്ലെയാണ് ഡോ. ഷമ മുഹമ്മദിന്റെ ഭർത്താവ്.


Next Story

Related Stories