UPDATES

ട്രെന്‍ഡിങ്ങ്

പ്രളയത്തിനിടയില്‍ കൈക്കൂലി; അമ്പതിനായിരം രൂപയ്ക്ക് പുറമെ രണ്ട് പാക്കറ്റ് ‘റസ്‌കും’ കൊണ്ടുപോരെയെന്ന് കൃഷി ഓഫീസര്‍

കാസറഗോഡ് വച്ച് മൂന്ന് സെന്റ് കൃഷിഭൂമി കരഭൂമിയാക്കാന്‍ വന്ന വ്യക്തിയോട് കൈക്കൂലി ആവശ്യപ്പെട്ട വിവാദവും ഇവര്‍ക്കെതിരെയുണ്ട്.

കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ് പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും സന്നദ്ധസംഘടനകളും പൊതുജനങ്ങളും കൈകോര്‍ത്ത് നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഇതിനിടയിലും കൈക്കൂലി വാങ്ങി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുകയാണ് ചിലര്‍. അത്തരത്തിലൊരാളെ കഴിഞ്ഞദിവസം കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി എന്‍ രാജന്‍ പിടികൂടി.

കൃഷി ഭൂമി കരഭൂമിയാക്കി മാറ്റുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ചെങ്ങനാശേരി കൃഷി ഓഫീസര്‍ വസന്തകുമാരിയാണ് അറസ്റ്റിലായത്. അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസറാണ് വസന്തകുമാരി. ഭൂമി രേഖകളില്‍ നിന്നും മാറ്റിനല്‍കുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നാണ് ചെങ്ങനാശേരി സ്വദേശിയായ പ്രവാസിയോട് വസന്തകുമാരി ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ സ്ഥലമുടമ വിസമ്മതിച്ചു. ഇതോടെ അമ്പതിനായിരം ആയാലും മതിയെന്നായി ഇവര്‍. അതുതന്നെ രണ്ട് തവണയായി നല്‍കിയാലും മതിയെന്നും പറഞ്ഞു. തുടര്‍ന്നാണ് സ്ഥലമുടമ വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകളുമായി സ്ഥലമുടമയുടെ ബന്ധു വസന്തകുമാരിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഓഫീസില്‍ വരണ്ട മറ്റ് ജീവനക്കാര്‍ കാണുമെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഒന്നാം നിലയിലെ ഓഫീസില്‍ നിന്നും താഴത്തെ നിലയിലേക്കുള്ള പടികള്‍ ഇറങ്ങി വന്ന് വസന്തകുമാരി 25000 രൂപ കൈപ്പറ്റി. ഇത് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി. പിന്നീട് കൃഷി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 50000 രൂപയും ഫയലുകളില്‍ വ്യാപകമായ കൃത്രിമവും കണ്ടെത്തി.

താന്‍ ബേക്കറി നടത്തുകയാണെന്ന് സ്ഥലമുടമ വസന്തകുമാരിയോട് പറഞ്ഞിരുന്നു. ഇതോടെ ആദ്യ ഗഡു കൈക്കൂലിക്കൊപ്പം രണ്ട് പാക്കറ്റ് റസ്‌കും കൊണ്ടുവരാന്‍ ഇവര്‍ ആവശ്യപ്പെട്ടു. സ്ഥലമുടമയുടെ ബന്ധു രണ്ട് പാക്കറ്റ് റസ്‌കും ഇവര്‍ക്ക് കൈമാറിയിരുന്നു. തന്റെ സഹായത്തിനായി ഒരു സ്ത്രീയെ വസന്തകുമാരി സ്വന്തം നിലയ്ക്ക് നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം നല്‍കിയിരുന്നത് വസന്തകുമാരിയായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫീസിലെ ഫയലുകള്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളേജ് ഫീസ് അടയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്നാണ് വസന്തകുമാരി പറയുന്നത്.

കൊല്ലം സ്വദേശിയായ ഇവര്‍ കാസറഗോഡ് നഗരസഭയില്‍ കൃഷി ഓഫീസറായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ചെങ്ങാനാശേരിയിലേക്ക് സ്ഥലം മാറ്റമായത്. കാസറഗോഡ് വച്ച് മൂന്ന് സെന്റ് കൃഷിഭൂമി കരഭൂമിയാക്കാന്‍ വന്ന വ്യക്തിയോട് കൈക്കൂലി ആവശ്യപ്പെട്ട വിവാദവും ഇവര്‍ക്കെതിരെയുണ്ട്. അന്ന് പരാതിക്കാരിയെ സ്വാധീനിച്ചാണ് കേസ് ഒതുക്കിയത്. വസന്തകുമാരി നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും വിജിലന്‍സ് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെയും ഇവരുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, അതിനുശേഷവും നിര്‍ബാധം കൈക്കൂലി വാങ്ങുന്നത് ഇവര്‍ തുടര്‍ന്നു വരികയായിരുന്നു.

also read:തിരുവനന്തപുരത്ത് നിന്നും ഇനിയും ലോഡ് പോകും; ദുരിതത്തില്‍ പെട്ട മനുഷ്യര്‍ക്കായി മാത്രമല്ല, മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍