TopTop

ഒറ്റ കെഎസ്‌യുക്കാരനും എബിവിപിക്കാരനും ഞങ്ങളെ മർദ്ദിച്ചിട്ടില്ല; എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

ഒറ്റ കെഎസ്‌യുക്കാരനും എബിവിപിക്കാരനും ഞങ്ങളെ മർദ്ദിച്ചിട്ടില്ല; എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി
യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ബിരുദ വിദ്യാർത്ഥിയെ ക്യാംപസിലെ തന്നെ നേതാക്കൾ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ വ്യാപക വിർശനങ്ങളുയരുമ്പോൾ എസ്എഫ്ഐയുടെ നടപടികൾ‌ക്കെതിരെ തുറന്നടിച്ച്  സിപിഐ വിദ്യാർഥിസംഘടനയുടെ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ. ഇടത് ഐക്യത്തിനുവേണ്ടി ശരീരം കൊണ്ടു സഹിക്കാൻ ഇനി ഞങ്ങളെക്കിട്ടില്ലെന്നും എഐഎസ്എഫ് നേതാവായ ശുഭേഷ് സുധാകരൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര മർദ്ദനത്തിന് ഇരയായി 123 ദിവസം ഗുരുതര പരുക്കുമായി ആശുപത്രിയിൽ കിടന്ന വ്യക്തി കൂടിയാണ് ശുഭേഷ്. ഏക സംഘടനാവാദം ഉയർത്തി കലാലയങ്ങളിൽ എസ്എഫ്ഐ തേർവാഴ്ചയാണ് നടത്തുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ താൻ ഒരിക്കൽ പോലും യൂണിവേഴ്സിറ്റി കോളേജിൽ കയറിയിട്ടില്ലെന്ന് ശുഭേഷ് വ്യക്തമാക്കുന്നു.

മൂന്നു പതിറ്റാണ്ടായി ഗുണ്ടായിസവും ക്രിമിനൽ വാഴ്ചയുമാണു യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്നത്. കോളജ് യൂണിയനിലേക്കു മത്സരിക്കാനൊരുങ്ങിയ ഞങ്ങളുടെ കൂട്ടത്തിൽപെട്ട മണിമേഖല എന്ന വിദ്യാർഥിനിയെ കയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നാലെ അവിടെ പഠിപ്പിക്കില്ലെന്നു അവർ പ്രഖ്യാപിച്ചപ്പോൾ അക്കാര്യം സംസാരിക്കാൻ അവിടെ പോയിരുന്നു. എന്നാൽ അകത്തേക്ക് പ്രവേശിക്കാൻ പോലും അനുവദിച്ചില്ലെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പറയുന്നു. മണിമേഖലയെ പൂട്ടിയിട്ടു മർദിക്കുന്നെന്ന വിവരമറിഞ്ഞ് കഴിഞ്ഞ ഡിസംബർ 2നു കോളജിലെത്തിയ അരുൺ എന്ന പ്രവർത്തകന് നേരിടേണ്ടിവന്ന ദുരനുഭവും ശുഭേഷ് പങ്കുവയ്ക്കുന്നുണ്ട്.

കവാടത്തിനു പുറത്തുനിന്ന് മണിമേഖല മത്സരിക്കില്ലെന്നും തുറന്നുവിടണമെന്നും അരുൺ പറഞ്ഞു. അപ്പോൾ സംസാരിക്കാമെന്നു പറഞ്ഞ് അകത്തേക്കു വിളിച്ചുകൊണ്ടുപോയി. മുണ്ടും ഷർട്ടും ഉരിഞ്ഞ് അടിവസ്ത്രം മാത്രമാക്കി സഹോദരസംഘടനക്കാർ അവനെ ക്രൂരമായി മർദ്ദിക്കുകയാണ് ഉണ്ടായത്. ജീവനുംകൊണ്ട് ഓടിയ അരുൺ പുറത്തുകണ്ട പൊലീസ് ജീപ്പിൽ അഭയം പ്രാപിച്ചു. നാണംമറയ്ക്കാൻ സീറ്റിൽ വിരിച്ചിരുന്ന ടർക്കി ആ പാവം എടുത്തുടുത്തു. മനുഷ്യപ്പറ്റില്ലാത്ത എസ്ഐ അത് പറിച്ചുമാറ്റുകയായിരുന്നു. പൊതുമുതൽ നശീകരണത്തിനു കേസെടുക്കേണ്ടിവരും എന്നായിരുന്നു ഇതിനുള്ള മറുപടി. സിപിഐ കൂടി ഭാഗമായ പിണറായി വിജയന്റെ എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് ഇത്തരമൊരു സംഭവമെന്നും ശുഭേഷ് പറയുന്നു.

പാമ്പാടി നെഹ്റു കോളജിലെ മാനേജ്മെന്റിന്റെ ഇടിമുറിക്കെരിതിരെ സമരം ചെയ്തവരാണ് എസ്എഫ്ഐയും എഐഎസ്എഫും. ഇടിമുറികൾ തകർത്ത് ജനാധിപത്യത്തിന്റെ കാറ്റ് കടത്തിവിടുമെന്നു പ്രഖ്യാപിച്ച എസ്എഫ്ഐക്കാണ് യൂണിവേഴ്സിറ്റി കോളജിൽ സ്വന്തമായി ഇടിമുറിയുള്ളത്. സർവകലാശാലാ തിരഞ്ഞെടുപ്പിനു പത്രിക സമർപ്പിക്കാൻ പോയപ്പോൾ കേട്ട അസഭ്യവർഷം ഞങ്ങളാരും ജീവിതത്തിൽ മറക്കില്ലെന്നും ശുഭേഷ് പറയുന്നു.

എസ്എഫ്ഐക്ക് എഐഎസ്എഫിനോടുള്ള വിരോധത്തിന് കാരണമെന്താണെന്ന് അറിയില്ല. അത് അവരാണ് വ്യക്തമാക്കേണ്ടത്. ഞങ്ങൾ ദുർബലരാണെന്നാണു സ്ഥിരം കളിയാക്കുന്നത്. ദുർബലരെങ്കിൽ വെറുതെ വിട്ടുകയല്ലേ ചെയ്യേണ്ടത്. ഇന്നേവരെ ഒറ്റ കെഎസ്‌യുക്കാരനും ഞങ്ങളെ മർദിച്ചിട്ടില്ല. ഒരു എബിവിപിക്കാരനും അതു ചെയ്തിട്ടില്ല. അവരുടെ രാഷ്ട്രീയത്തോടു യോജിപ്പില്ലെന്നു കരുതി ഇല്ലാത്തതു പറയാൻ പാടില്ലെന്നും ശുഭേഷ് വ്യക്തമാക്കുന്നു. കനയ്യകുമാറിന്റെ സംഘടനയായ ഞങ്ങളാണ് ഇടതിന്റെ യഥാർഥ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് എന്ന ഈഗോയാകാം അല്ലെങ്കിൽ ഇടതുപക്ഷത്തിന്റെ കുത്തകാവകാശം അവർക്കാണെന്നു തെളിയിക്കാനാകാം ഈ വിരോധത്തിന് പിന്നില്‍. എന്നാൽ ഇടത് ഐക്യത്തിനുവേണ്ടി ശരീരം കൊണ്ടു സഹിക്കാൻ ഇനി എഐഎസ്എഫിനെ കിട്ടില്ലെന്നും ശുഭേഷ് വ്യക്തമാക്കുന്നു.

യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടു തിരുത്തലിനുള്ള സൂചനകൾ എസ്എഫ്ഐ നൽകിയതിൽ വിശ്വാസമില്ല. അധ്യാപകരെ അപമാനിച്ച മഹാരാജാസിൽ, വിക്ടോറിയയിൽ, കാസർകോട് നെഹ്റു കോളജിൽ ഒന്നും എസ്എഫ്ഐ തിരുത്തൽ വരുത്തിയിട്ടില്ല. കോട്ടയം സിഎംഎസ്, തലശ്ശേരി ബ്രണ്ണൻ, കൊല്ലം എസ്എൻ, ആലപ്പുഴ എസ്ഡി ഇവിടെയെല്ലാം എഐഎസ്എഫുകാർ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടിരുന്നു. യൂണിറ്റുകളില്ലാത്തയിടത്ത് അതു രൂപീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച കാലത്തായിരുന്നു ഇത്.

ദേശീയ അധ്യക്ഷനെ സംസ്ഥാനനേതൃത്വത്തിനു വിലയില്ലാത്തത് ഇതുവരെ മുസ്‌ലിംലീഗിൽ മാത്രമായിരുന്നു. അതാണിപ്പോള്‍ എസ്എഫ് ഐയിൽ നടക്കന്നതെന്നും ശുഭേഷ് കുറ്റപ്പെടുത്തുന്നു. യുണിവേഴ്സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവിടുമെന്നു വ്യക്തമാക്കിയ ദേശീയ പ്രസിഡന്റ് വി.പി.സാനുവിനെ തിരുത്താനാണ് സംസ്ഥാന നേതൃത്വം ആദ്യം ശ്രമിച്ചത്. ‌യൂണിവേഴ്സിറ്റി കോളജിനു മുന്നിലുള്ള സംസ്കൃത കോളജിലെ ഞങ്ങളുടെ ആഷിഖ്, കുത്തേറ്റ അഖിലിനെപ്പോലെ ആശുപത്രിയിലാണ്. ഇതെല്ലാം നോക്കുമ്പോൾ എത്ര യൂണിറ്റുകൾ കൂടി എസ്എഫ്ഐ പിരിച്ചുവിടണമെന്നും ശുഭേഷ് ചോദിക്കുന്നു.നിപയെ തുരത്തിയ സംഘത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി; നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സ് അനീഷയ്ക്ക്


Next Story

Related Stories