UPDATES

ട്രെന്‍ഡിങ്ങ്

അനില്‍ ആന്റണി പഴയ കിങ്ങിണിക്കുട്ടനല്ല; പോരിനിറങ്ങുന്നതിന് മുന്‍പ് ശശി തരൂരിനോടെങ്കിലും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കാര്യം തിരക്കണമായിരുന്നു

അനിലും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസലും ഇത് ആദ്യമായല്ല തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നത്‌

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഡിജിറ്റല്‍ മുഖം നല്‍കാന്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. മക്കള്‍ രാഷ്ട്രീയം സംസ്ഥാന ദേശീയ തലങ്ങളില്‍ കോണ്‍ഗ്രസിന് പുതുമയല്ലാത്തതിനാല്‍ തന്നെ ഇതൊരു അപൂര്‍വ സംഭവമൊന്നുമല്ല. മുമ്പ് കെ കരുണാകരന്റെ മകനും ഇപ്പോള്‍ എംഎല്‍എയുമായ കെ മുരളീധരനെ രാഷ്ട്രീയത്തിലിറക്കിയപ്പോള്‍ അന്ന് അതിനെ ശക്തിയുക്തം എതിര്‍ത്ത വ്യക്തി ആന്റണിയാണ്. അന്ന് ആന്റണിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്.

മുരളീധരന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവിന് ഈ നേതാക്കള്‍ തടയിടാന്‍ ശ്രമിച്ചെങ്കിലും ശബരീനാഥിനെ പോലുള്ള ചില നേതാക്കളുടെയെങ്കിലും വരവിന് കാര്യമായ എതിര്‍പ്പുകളൊന്നുമുണ്ടായില്ല. ജി കാര്‍ത്തികേയന്‍ മരിച്ചതിന് പിന്നാലെയുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ശബരീനാഥിന്റെ വരവ് ഗുണം ചെയ്യുമെന്ന നിലപാടാണ് അന്ന് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ജോര്‍ജ്ജ് ഈഡന്റെ മകന്‍ ഹൈബി ഈഡന്‍, ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്, കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് നേതാവ് സത്യശീലന്റെ മകന്‍ സബിന്‍ സത്യന്‍, തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവി എന്നിവരും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ നേതാക്കളുടെ മക്കളാണ്. എന്നാല്‍ ഇവര്‍ക്കൊക്കെ കെ എസ് യു, എന്‍ എസ് യു തുടങ്ങിയ പാരമ്പര്യങ്ങളുമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം കെ സി അബുവിന്റെ മകള്‍ ശോഭിതയുടെ രാഷ്ട്രീയ പ്രവേശനം ശക്തമായി എതിര്‍ക്കപ്പെടുകയും ചെയ്തു. കാരണം മുന്‍ രാഷ്ട്രീയ പരിചയമില്ല എന്നതായിരുന്നു.

ഇപ്പോള്‍ ആന്റണിയുടെ മകന്‍ എതിര്‍ക്കപ്പെടുന്നതും അതേ കാരണത്താലാണ്. കെ എസ് യു, എന്‍ എസ് യു, യൂത്ത് കോണ്‍ഗ്രസ് ഇവയിലൊന്നും മുന്‍നിരയിലെത്താതെ പെട്ടെന്ന് ഒരു ദിവസം അനില്‍ രാഷ്ട്രീയത്തിലെത്തുന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്. അതും ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പോലൊരു സുപ്രധാന പദവിയില്‍ നേരിട്ടാണ് കേരള രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. കേരളത്തിലെ ഒരു പദവി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് ഗൂഢാലോചനായാണെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് അനില്‍ എന്ന് ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ മറക്കുന്നു എന്നതാണു മറിച്ചുള്ള വിശദീകരണം. അല്ലെങ്കില്‍ അവര്‍ക്ക് അത് അറിയാത്തതായിരിക്കും. കാരണം കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായാണ് ഇദ്ദേഹം നിര്‍വഹിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി നവമാധ്യമങ്ങളില്‍ നടത്തിയ പ്രചരണത്തിലൂടെയാണ് അനില്‍ ശ്രദ്ധിക്കപ്പെട്ടത്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലാണ് അന്ന് അനിലിനൊപ്പമുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് കോണ്‍ഗ്രസിന് വേണ്ടി സൈബര്‍ തന്ത്രങ്ങളൊരുക്കിയതെന്നാണ് പറയപ്പെടുന്നത്. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. അനിലിന്റെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്ന ശശി തരൂരിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.

കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ പ്രചരണത്തിന്റെ ചുമതലയും കോണ്‍ഗ്രസ് നേതൃത്വം ഇവരെ തന്നെ ഏല്‍പ്പിച്ചത് അതിനാലാണ്. അധികാരം പിടിക്കുമെന്ന് ഉറപ്പിച്ച ബിജെപിയെ പിടിച്ചുകെട്ടാന്‍ അത് സഹായിച്ചുവെന്ന് പറയേണ്ടതില്ലല്ലോ? രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും ഈ സംഘത്തിനായിരുന്നു ഡിജിറ്റല്‍ പ്രചരണത്തിന്റെ ചുമതല.

കേരളത്തില്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെത്തുമ്പോഴാണ് അനില്‍ ഫൈസലിനെ പരിചയപ്പെടുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ഫൈസല്‍ എംബിഎ നേടിയത്. സിലിക്കണ്‍വാലിയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഇവര്‍ക്കൊപ്പം ഡിജിറ്റല്‍ പ്രചരണത്തിനുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവികാരം എതിരായിരുന്നിട്ടും ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതിനാലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആ സാങ്കേതിക വിദ്യയാണ് അനിലും കൂട്ടരും ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അഗ്രഗണിയനായ പ്രശാന്ത് കിഷോര്‍ ഉപയോഗിക്കുന്നതിലും മികച്ച തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ചാണക്യനാണെങ്കിലും പ്രശാന്ത് രാഷ്ട്രീയത്തില്‍ സജീവമല്ല. തനിക്ക് പണം നല്‍കുന്ന ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി തന്ത്രങ്ങള്‍ ഒരുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അനിലിനും അത്തരത്തിലാകാം. ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അടുത്ത തവണ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാം. കാരണം അദ്ദേഹം സജീവ പ്രവര്‍ത്തകനല്ല. അതിനാല്‍ തന്നെയായിരിക്കും ആന്റണിയെ പോലൊരു മുതിര്‍ന്ന നേതാവിന്റെ മകന്റെ ഈ കഴിവിനെ സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് ഒരു പദവി നല്‍കി ക്ഷണിച്ചിരിക്കുന്നത്.

കേരളത്തില്‍ സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ പിന്നിലാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തിന് എല്‍ഡിഎഫിനെ സഹായിച്ചതില്‍ ഒരു വലിയ പങ്ക് സോഷ്യല്‍ മീഡിയയ്ക്കുണ്ട്. അതുപോലെ ദിനംപ്രതി സ്വാധീനം വര്‍ധിപ്പിക്കുന്ന ബിജെപിയും സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് അനിലിന്റെയും സംഘത്തിന്റെയും വരവ് എത്രമാത്രം സഹായകരമാകുമെന്നാണ് ഇനി അറിയാനുള്ളത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍