TopTop
Begin typing your search above and press return to search.

മോദി കണ്ണന്താനത്തിന് മിശിഹയായിരിക്കാം: പക്ഷെ ന്യൂനപക്ഷ സമൂഹത്തിന് പറയാനുള്ളത് മറ്റൊന്നാണ്‌

മോദി കണ്ണന്താനത്തിന് മിശിഹയായിരിക്കാം: പക്ഷെ ന്യൂനപക്ഷ സമൂഹത്തിന് പറയാനുള്ളത് മറ്റൊന്നാണ്‌

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് ഒരു മലയാളി പാസ്റ്ററും കുടുംബവും പോലീസ് കസ്റ്റഡിയിലായിരുന്നു. മീററ്റിലെ മവാനയില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോഴാണ് പാസ്റ്റര്‍ കെ വി അബ്രഹാമും സംഘവും പിടിയിലായത്. സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ പരാതിയെ തുടര്‍ന്നാണ് യോഗി സര്‍ക്കാരിന്റെ പോലീസ് ഒരു വയസ് പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയും യുപി കേഡറിലെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരണ്‍ വഴി ഇവരെ മോചിപ്പിക്കുകയുമായിരുന്നു.

ഈ സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ണന്താനത്തിന്റേതായി പുറത്തു വരുന്ന മറ്റൊരു വാര്‍ത്ത കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തെ എല്ലാ ബിഷപ്പുമാര്‍ക്കും കത്തയച്ചിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ എല്ലാ ബിഷപ്പുമാര്‍ക്കുമുള്ള ക്രിസ്മസ് ആശംസയാണ് കത്തെങ്കിലും ലക്ഷ്യം അഞ്ച് മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് വ്യക്തം. 9.5 കോടി ശുചിമുറികള്‍, 5.8 കോടി പാചകവാതക കണക്ഷനുകള്‍, പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം, പിന്നോക്ക വിഭാഗങ്ങള്‍ക്ക് 30 കോടി ബാങ്ക് അക്കൗണ്ടുകള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, 2.63 കോടി വീടുകളില്‍ സൗജന്യ വൈദ്യുതി, 12 രൂപയ്ക്ക് രണ്ട് ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ്, 300 രൂപയ്ക്ക് എല്‍ഐസി പദ്ധതി, സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 2022 ആകുമ്പോഴേക്കും വീടുകള്‍ എന്നിങ്ങനെയാണ് കത്തില്‍ വിവരിച്ചിരിക്കുന്ന മോദി ഭരണത്തിന്റെ നേട്ടങ്ങള്‍. മോദിയുടെയും ക്രിസ്തുവിന്റെയും പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്യാനും കണ്ണന്താനം മറന്നിട്ടില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന ഏതുകാര്യവും തനിക്ക് ചെയ്യുന്നതാണെന്ന ക്രിസ്തുവചനം കണ്ണന്താനം എടുത്തുകാട്ടിയിട്ടുണ്ട്. ഈ കത്തുകളിലെ വിവരങ്ങള്‍ അറിയുമ്പോള്‍ ക്രിസ്തു ജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ണന്താനം മറന്നു പോയെന്ന് തോന്നുന്നു. ഈ കത്ത് ബിഷപ്പുമാര്‍ പള്ളികളില്‍ ഇടയലേഖനമായി വായിക്കുമെന്ന് കണ്ണന്താനം സ്വപ്‌നം കാണുന്നുണ്ടാകും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്തീയ സഭകളെ ഒപ്പം നിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണ് ഈ കത്തുകള്‍. അതേസമയം മതപരിവര്‍ത്തനമെന്നും മതപ്രചരണമെന്നും പറഞ്ഞ് ഈ വിഭാഗങ്ങളെ സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദ്ദിക്കുന്നതിനെ കുറിച്ച് കണ്ണന്താനം ഓര്‍ക്കുന്നില്ല. കൊടുങ്ങല്ലൂരില്‍ മതപ്രചരണം നടത്തിയെന്ന് ആരോപിച്ച് മൂന്ന് മതപ്രചാരകരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഭീഷണിപ്പെടുത്തിയത് ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ്. ഇവരെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഇതില്‍ പ്രായമുള്ള പാസ്റ്ററുടെ വയറ്റില്‍ കുത്തിപ്പിടിക്കുകയും ചെറുപ്പക്കാരില്‍ ഒരാളെ അടിക്കുകയും ചെയ്യുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കയറി കളിക്കേണ്ടെന്നും ഹിന്ദു ഭവനങ്ങളില്‍ കയറി മതപ്രചരണം നടത്തേണ്ടെന്നുമാണ് ഭീഷണി. കൂടാതെ ഇവരുടെ കൈവശമുള്ള ചെറുലേഖനങ്ങള്‍ ഭീഷണിപ്പെടുത്തി കീറി കളയിക്കുന്നുമുണ്ട്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-28 പ്രകാരം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഇതിന്റെ പരസ്യമായ ലംഘനമാണ് സംഘപരിവാര്‍ കൊടുങ്ങല്ലൂരില്‍ നടത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുണ്ടായാല്‍ അവര്‍ ഹിന്ദുക്കളെ രാജ്യത്ത് നിന്നും പുറത്താക്കുമെന്നും മതം പ്രചരിപ്പിക്കുന്നവരെ തല്ലി കാലൊടിക്കണമെന്നുമൊക്കെയുള്ള ആഹ്വാനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കൊടുങ്ങല്ലൂരിലാണെങ്കില്‍ മതപ്രചരണം നടത്തിയവരെ മര്‍ദ്ദിച്ചത് പോരായിരുന്നു എന്ന അഭിപ്രായമാണ് ഉയര്‍ന്നത്.

കൊടുങ്ങല്ലൂരിലെ സംഭവമുണ്ടായി അഞ്ച് ദിവസത്തിന് ശേഷം കണ്ണന്താനത്തിന്റെ സ്വന്തം സ്ഥലമായ തിരുവല്ലയ്ക്ക് സമീപം കവിയൂരിലും സമാനമായ അക്രമമുണ്ടായി. തിരുവല്ല സ്വദേശികളായ വൃദ്ധരായ രണ്ട് പാസ്റ്റര്‍മാരാണ് ഇത്തവണ അക്രമത്തിന് ഇരയാത്. ക്യാന്‍സര്‍ രോഗികളെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഭവന സന്ദര്‍ശനം നടത്തിയ പിഎം കുരുവിള, പിഎം മത്തായി എന്നിവരെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. കാരുണ്യ ക്യാന്‍സര്‍ കെയര്‍ മിനിസ്ട്രി എന്ന ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തകരായിരുന്നു ഇവര്‍. കവിയൂര്‍ ഇനി കാലുകുത്തിയാല്‍ തട്ടിക്കളയുമെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണി. കവിയൂര്‍ പഞ്ചായത്തിലെ മാക്കാട്ടി കവലയില്‍ ജൂണ്‍ 14ന് ആയിരുന്നു സംഭവം. മദ്യത്തിനും മയക്കുമരുന്നിനും എതിരായ ലഘുലേഖകള്‍ പാസ്റ്റര്‍മാരില്‍ നിന്നും പിടിച്ചുവാങ്ങി ഇവര്‍ കീറിക്കളയുകയും ചെയ്തു. ഇത്തരം കൂറ സാധനങ്ങളുമായി ഒരു വീട്ടിലും കയറിപ്പോകരുതെന്ന് ഇവരെ താക്കീത് ചെയ്യുന്നത് അന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. കൂടാതെ പ്രായമായവരായത് കൊണ്ട് തല്ലാതെ വിടുന്നുവെന്നും ഇവര്‍ പറയുന്നു.

2015 ഫെബ്രുവരി 3ന് ഒറ്റപ്പാലത്ത് വച്ച് പാസ്റ്റര്‍മാര്‍ ക്രൂരമായ മര്‍ദ്ദനത്തിനാണ് ഇരയായത്. ഭാരതപ്പുഴ കണ്‍വെന്‍ഷന്റെ നോട്ടീസ് വിതരണം ചെയ്യാനെത്തിയ വി സി തങ്കച്ചന്‍, പി കെ മോഹനന്‍, ജോമോന്‍, സത്യന്‍ അകമ്പാടം എന്നിവരെ ഒറ്റപ്പാലത്തിന് സമീപം മായന്നൂരില്‍ വച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പഴയന്നൂര്‍ പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ പത്ത് മാസത്തിനകം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായത് 600 ആക്രമണങ്ങളാണെന്ന് ചില പഴയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉള്‍പ്പെടുന്നു. 2015ല്‍ ബംഗാളില്‍ 70കാരിയായ കന്യാസ്ത്രിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവമായിരുന്നു ഇതില്‍ ഏറ്റവും ക്രൂരം. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്കാലയളവില്‍ മാത്രം ക്രിസ്ത്യന്‍ മുസ്ലിം സമുദായത്തില്‍ നിന്നും നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ക്രിസ്തുമത വിശ്വാസികള്‍ വന്‍തോതില്‍ അക്രമിക്കപ്പെടുകയും ആരാധനാലയങ്ങള്‍ വീടുകള്‍ തുടങ്ങിയവ നശിപ്പിക്കപ്പെടുകയും ചെയ്തു.

മണിപ്പൂരില്‍ പാസ്റ്റര്‍ക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത് 2016 ഒക്ടോബറിലാണ്. എച്ച്‌ഐവി ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന താമസസ്ഥലത്തെത്തിയാണ് പാസ്റ്ററെയും കുടുംബത്തെയും ചിലര്‍ മര്‍ദ്ദിച്ചത്. തൗബല്‍ ജില്ലയിലെ കാക്ചിങ്ങിലെ ചില്‍ഡ്രന്‍സ് റിഹാബ് സെന്ററിലാണ് ആക്രമണം നടന്നത്. പാസ്റ്റര്‍ വിനൂഷ് മാത്യു ജോണ്‍(44), ഭാര്യ ഇന്ദിര ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തില്‍ 60 കുട്ടികളാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിനെതിരെ പലപ്പോഴും ആക്രമണവുമുണ്ടായിരുന്നു.

ഏകദേശം ഇതേ കാലത്ത് തന്നെയാണ് കര്‍ണ്ണാടകയിലെ രണ്ട് സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ഹൈന്ദവ മതമൗലിക വാദികളുടെ ആക്രമണമുണ്ടായത്. ഷിമോഗയില്‍ പാസ്റ്റര്‍ ഡിനായേല്‍ ക്രമീകരിച്ച ഏകദിന മീറ്റിങ്ങിലാണ് അതിക്രമമുണ്ടായത്. പ്രാര്‍ത്ഥനായോഗവും അതിനോടനുബന്ധിച്ച് ചുറ്റുവട്ടത്തുള്ള ഭവനങ്ങളില്‍ ബൈബിളും സുവിശേഷ ലേഖകളും വിതരണം ചെയ്തപ്പോള്‍ ഒരുപറ്റം സുവിശേഷ വിരോധികളെത്തി പാസ്റ്ററെയും വിശ്വാസികളെയും കയ്യേറ്റം ചെയ്യുകയും ബൈബിളുകളും ലഘുലേഖകളും നശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ തന്നെ പരാതി നല്‍കുകയും ഭദ്രാവതി പേപ്പര്‍മില്‍ പോലീസ് സ്ഥലത്തെത്തി പാസ്റ്ററെയും 14 വിശ്വാസികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് ഒരാഴ്ച മുമ്പ് ധാര്‍വാഡില്‍ പ്രാദേശികമായി സംഘടിപ്പിച്ച കൃഷിമേളയില്‍ ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ മിനിസ്ട്രി ഒരു സ്റ്റാള്‍ ഇട്ടിരുന്നു. ഇവിടെ ഗുഡ് ന്യൂസ് ബൈബിള്‍ മേളയില്‍ പങ്കെടുക്കാനെത്തിയവരെ കൃഷിമേളയുടെ വാളണ്ടിയേഴ്‌സും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കൈയ്യേറ്റം ചെയ്തത്. ബൈബിളും ലഘുലേഖകളും നശിപ്പിക്കുകയും ചെയ്തു.

2014 മുതലുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മുകളില്‍ പറഞ്ഞതൊന്നും ഒന്നുമല്ലന്ന് കാണാം. ഇസ്ലാം മത വിശ്വാസികള്‍ പശുവിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ ക്രിസ്തീയ വിശ്വാസികള്‍ മതപ്രചരണത്തിന്റെ പേരിലാണ് ആക്രമിക്കപ്പെടുന്നത്. മോദിയുടെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് ബിഷപ്പുമാര്‍ക്ക് കത്തെഴുതിയ കണ്ണന്താനത്തിന് ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ നേരിടുന്ന ഇത്തരം അക്രമങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? മോദിക്ക് മുമ്പുള്ള കാലത്തും സമാനമായ ആക്രമണങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതോടെയാണ് ഇത് ക്രമാധീതമായി വര്‍ധിച്ചത്. പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലുന്ന രാജ്യത്ത് അവരെ പ്രീണിപ്പിക്കാനുള്ള ഇത്തരം കത്തുകളുമായി ഇനിയും കണ്ണന്താനം ഇറങ്ങും. അവരുടെ വോട്ടുണ്ടെങ്കിലാണല്ലോ അധികാരത്തിലേറാനാകാന്‍ സാധിക്കൂ. എന്നാല്‍ ഈ സ്‌നേഹം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമാകുമെന്ന് പ്രത്യേകം ഓര്‍ക്കണം.


Next Story

Related Stories